ജെ.ഡി.(യു) എന്‍.ഡി.എ വിട്ടു

Sun, 16-06-2013 02:48:00 PM ;

പാറ്റ്ന: ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) വിടാന്‍ ജനതാദള്‍ (യുണൈറ്റഡ്) [ജെ.ഡി.(യു)] തീരുമാനിച്ചു. ഞായറാഴ്ച പാറ്റ്നയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. ഇതോടെ ബീഹാറില്‍ 17 വര്‍ഷം നീണ്ട ജെ.ഡി.(യു)-ബി.ജെ.പി സഖ്യത്തിനും അവസാനമായി.

 

രാവിലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ച അടിയന്തര മന്ത്രിസഭായോഗത്തില്‍ ബി.ജെ.പിയുടെ 11 മന്ത്രിമാര്‍ പങ്കെടുത്തില്ല. ഉച്ചതിരിഞ്ഞ് രണ്ടിന് ഗവര്‍ണ്ണര്‍ ഡി.വൈ. പാട്ടീലിനെ കണ്ട നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസ പ്രമേയത്തിന് അനുമതി തേടി. സഭയില്‍ 122 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് ആവശ്യം. 118 അംഗങ്ങളുള്ള ജെ.ഡി.(യു)വിനെ അഞ്ച് സ്വതന്ത്രര്‍ പിന്തുണയ്ക്കുന്നുണ്ട്.

 

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ബി.ജെ.പി ഏല്‍പ്പിച്ചതോടെയാണ്‌ ഇരുകക്ഷികളും തമ്മിലുള്ള സഖ്യത്തില്‍ വിള്ളല്‍ വീണത്. മോഡിക്ക് മതേതരത്വത്തോട് പ്രതിബദ്ധതയില്ലെന്ന് ജെ.ഡി.(യു) ആരോപിക്കുന്നു.

 

ഞായറാഴ്ച രാവിലെ ബീഹാറിലെ ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാര്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡിക്ക് രാജിക്കത്തുകള്‍  കൈമാറിയതായാണ് വിവരം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് വൈകുന്നേരം മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്.

 

ജെ.ഡി.(യു) നേതാവ് ശരദ് യാദവ് എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനം രാജിവെക്കും.

Tags: