ഐപിഎല്‍ : മുംബൈ ഇന്ത്യന്‍സിന് ജയം

Mon, 27-05-2013 12:45:00 PM ;

കൊല്‍ക്കത്ത: വിവാദങ്ങളുടെ കളിക്കളത്തില്‍ മങ്ങിപ്പോയ ഐപിഎല്‍ മത്സരങ്ങല്‍ക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് കന്നിക്കിരീടം സ്വന്തമാക്കി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കിയത്. ചെന്നൈ സുപ്പര്‍ കിങ്ങ്സിനെ 23 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയത്.

ആദ്യം ടോസ് നേടി ബാറ്റ് ചെയ്ത  മുംബൈ 20 ഓവറില്‍ ഒന്‍പതിന് 148 റണ്‍സെടുത്തു പുറത്തായി. എന്നാല്‍ ചെന്നൈക്ക് 20ഓവറില്‍ ഒന്‍പതിന് 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ ഓവറില്‍ തന്നെ മൈക്ക് ഹസിയെയും സുരേഷ് റൈനയെയും മുംബൈയുടെ ലസിത് മലിംഗ പുറത്താക്കി. ഹര്‍ഭജന്റേയും മിച്ചല്‍ ജോണ്‍സന്റേയും ബാളിംഗ് ചെന്നൈയെ വീണ്ടും കുരുക്കിലാക്കി.

മുംബൈ ഇന്ത്യന്‍സിന്റെ കൈറണ്‍ പൊള്ളാര്‍ഡ് ആണ് മാന്‍ ഓഫ് ദി മാച്ച്. സീസണിലെ മൂന്നാം അര്‍ധശതകമാണ് വിന്‍ഡീസ് താരം പൊള്ളാര്‍ഡ് നേടിയത്. 60 റണ്‍സ് എടുത്ത പൊള്ളാര്‍ഡ് 37 റണ്‍സ് എടുത്ത റായ്ഡും ആണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്കെത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ നായകന്‍ ധോണി 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും ചെന്നൈയെ രക്ഷിക്കാന്‍ ആയില്ല

 രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ ആണ് ഐപിഎല്ലിലെ മികച്ച യുവതാരം. അതേ സമയം ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാണെന്നും സച്ചിന്‍ പ്രഖ്യാപിച്ചു. ഫെയര്‍ പ്ലേ അവാര്‍ഡ്‌ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനു ലഭിച്ചു.

Tags: