സീതാറാമിന് ഒരുഗ്രൻ വേക്കൻസി

Glint Guru
Thu, 30-06-2016 12:15:30 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കന്‍ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ സരസം പുരോഗമിക്കുക.


പണിക്കൻ: നമസ്കാരം.

കരുണാകരൻ: ഹ ഹ ഹ ആരിത് പണിക്കനോ. നമ്മളയൊക്കെ അറിയുവോ.

പ: ഈയുള്ളവനെ ചെറുതാക്കരുത്.

ക: പണിക്കൻ ഈയുള്ളവനെയല്ലെ ചെറുതാക്കാറ്.

പ: അസാധ്യമാണേ അത്.

ക: അതിരിക്കട്ടെ പണിക്കൻ പറയൂ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ. എങ്ങനെയുണ്ട് നമ്മുടെ ഭരണമൊക്കെ?

പ: താഴത്തെയാണോ അതോ മുകളിലത്തേയോ?

ക: താഴത്തേം മുകളിലത്തേം ചേർത്തങ്ങു പറഞ്ഞോ പണിക്കാ.

karunakaran

 

പ: അതിപ്പോ രണ്ടും ഒരുപോലെയാന്നാ കേൾക്കുന്നേ. നമ്മുടെ വിജയൻ സഖാവ് മോദിക്കു പഠിക്കുന്നുവെന്നു വിശ്വസനീയമായ റിപ്പോർട്ടുകൾ പ്രവഹിക്കുന്നതായി അങ്ങയുടെ അരുമ ശിഷ്യന് അഭിപ്രായമുണ്ട്.

ക: ഓ, എനിക്ക് ശിഷ്യന്മാരൊക്കെയുണ്ടോ. അത് പുതിയ അറിവാണല്ലോ.

പ: അരുമകൾ യഥേഷ്ടം അങ്ങേയ്ക്കുണ്ടായിരുന്നല്ലോ. wink

ക: പണിക്കന്റെ നർമ്മത്തിനൊന്നും ഒട്ടും കുറവില്ലല്ലോ.

ക: ആട്ടെ, നമ്മുടെ പ്രസ്ഥാനത്തിന്റെ അവസ്ഥയെങ്ങനെ?

പ: മെച്ചമാണ്. ഒമ്പതിൽ കൂടുതലുണ്ട്. ഒമ്പതിൽ കൂടുതലുണ്ടെങ്കിൽ നിരാശപ്പെടേണ്ടതില്ലെന്നാണ് ആന്റണിയദ്ദേം പറഞ്ഞിട്ടുള്ളത്.എന്തായാലും അദ്ദേം ഇപ്പോ തല പുകയ്ക്കുകയാന്നാ കേട്ടത്. അവിടുത്തെ തല പ്രസിദ്ധമാണല്ലോ. എന്തേലും കത്തുന്നുണ്ടോ ആവോ. indecision

ക: അതിനെന്തിത്ര പുകയ്ക്കാൻ. നമ്മുടെ പാർട്ടിക്ക് ഒരു മിടുക്കൻ വർക്കിംഗിനെ കണ്ടു പിടിച്ച്, മൂപ്പരെ ഇറക്കി കളിപ്പിച്ചാ പോരെ.

പ: അതിനിപ്പോ പറ്റിയ ആരാ ഉള്ളത്?

ക: നോക്കിയാ കാണാൻ പറ്റും.

പ: പ്രശ്നം അതു തന്നെ.

ക: എന്ത് പ്രശ്നം.

പ: നോട്ടപ്പിശക്. അതിരിക്കട്ടെ അവിടുത്തെ മനസ്സിൽ ആരാണാവോ?

ക: സാക്ഷാൽ രാമൻ തന്നെ.

പ: അയ്യോ! തല വല്ലാതാകുന്നല്ലോ. അങ്ങയുടെ ആ വിദ്യക്ക് കുറവൊന്നും വന്നിട്ടില്ലല്ലോ!!

ക: ഏതു വിദ്യ?

പ: ആൾക്കാരെ തലചുറ്റിക്കുന്ന സൂത്രപ്പണി. blush

ക: ഒന്നു നോക്കി നോക്കൂ പണിക്കാ. പെട്ടിക്കു പുറത്തു ചിന്തിച്ചു നോക്കൂ. ഈ കഷ്ട-നഷ്ട കാലത്തിനിടയ്ക്കും നമ്മുടെ പഴയ പാർട്ടി നേട്ടമുണ്ടാക്കിയതെവിടെയാ?

പ: ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലല്ലോ അങ്ങുന്നെ

ക: ഒരു ക്ലൂ തരാം. വംഗന്മാര്‍.

പ: പരീക്ഷിക്കരുത്. ആരെയും ഈയുള്ളവൻ വങ്കന്മാരായി കാണാറില്ല. വിശേഷിച്ചും അങ്ങയുടെ പാർട്ടിയിൽ.

ക: ഓ, എടോ ഇപ്പോ താനാ വങ്കനായത്. എടോ ഞാൻ വംഗദേശത്തെയാണുദ്ദേശിച്ചത്. അവിടെ നമ്മടെ പാർട്ടി നേട്ടമുണ്ടാക്കീല്ലെ. ആരാ അതൊപ്പിച്ചുകൊടുത്തത്?

പ: അതു നമ്മുടെ യച്ചൂരി സഖാവല്ലേ.

 

ക: അപ്പോ ഈ കഷ്ടകാലത്ത് ആരെക്കൊണ്ടാ അത്രയും ഗുണമുണ്ടാക്കിയത്.

പ: എന്നുവെച്ചാൽ സീതാറാം.

ക: അതേടോ. മൂപ്പരെ ഒന്നു മയത്തിനു കൂടെ കൂട്ടിയാ മതി.ആള് നല്ല ഉശിരനാ. പാർട്ടിക്കിപ്പോ വേണ്ടത് ഉശിരല്ലേടോ. enlightenedenlightenedenlightened

പ: അയ്യോ അതു പെട്ടിക്കുപുറത്തെയല്ല, പത്തായത്തിനു പുറത്തെ ചിന്തയായിപ്പോയല്ലോ. അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ സംഘടിത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയല്ലയോ. അദ്ദേഹത്തിനെ... surprisesurprise

ക: എടോ മൂപ്പരുടെ അവസ്ഥയിപ്പോ അവരുടെ പാർട്ടിയിൽ നമ്മുടെ അവസ്ഥപോലയാ. എടോ ദേശീയ പാർട്ടിയൊക്കെ പണ്ടാരുന്നടോ. ഇപ്പോ അത് കേരളാ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേടോ. ഇപ്പോ കേരളത്തിൽ ആരാടോ പത്രക്കാരെ കാണുന്നത്. ഹിമാലയന്‍ ബ്ലണ്ടർ കാണിച്ചെന്നു നമ്മുടെ ബസു സഖാവ് കുറ്റപ്പെടുത്തിയ കാരാട്ടല്ലേടോ. ഇപ്പോ മൂപ്പര് വർക്കിംഗ് ജനറൽ സെക്രട്ടറി പോലല്ലേടോ.

പ: എന്നാലും സീതാറാം യെച്ചൂരിയെയൊക്കെ കോൺഗ്രസ്സിന്റെ....

ക: ഒരെന്നാലുമില്ലടോ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കോൺഗ്രസ്സുകാരനാടോ നമ്മുടെ സീതാറാം. മുൻപും നമ്മുടെ പാർട്ടീടെ തലപ്പത്ത് ഒരു സീതാറാം വന്നിട്ടില്ലേടോ. ഈ സീതാറാമാണെങ്കിൽ വർണ്ണപ്രശ്നവുമില്ല. ഇപ്പോ മൂപ്പര് ഏതാണ്ട് നമ്മുടെ രാഹുൽ മോന്റെ അവസ്ഥയിലാണവിടെ. പക്ഷേ നമ്മുടെ പാർട്ടിയിലേക്കു വന്നാ മൂപ്പര് ഉഷാറാക്കും.

പ: അവിടുന്ന് പറയുന്നത് ശരിയാ. വംഗനാട്ടിൽ അദ്ദേഹം കൈവച്ചതോടെ നമ്മുടെ പാർട്ടിക്ക് ജീവൻ വീണുകിട്ടി. ശരിയാ. അദ്ദേഹത്തിനെ എങ്ങനേലും ഒന്നു കൊണ്ടുവരാൻ പറ്റുവെങ്കി... പക്ഷേ, മൂപ്പർക്ക് ഒരു താത്വികം വേണം.

ക: എടോ അതെളുപ്പമല്ലേ. മോദിമൂപ്പർക്കെതിരെ ഗുസ്തി പിടിക്കേണ്ടത് ഇപ്പോ രാജ്യത്തിന്റെ ആവശ്യം. അതിന് മസിലുവയ്ക്കാൻ പറ്റിയ ശേഷിക്കുന്ന കോലം കോൺഗ്രസ്സിന്റേതല്ലാതെ ഏതിനാടോ ഉള്ളത്. അത്രയും മതി. മാത്രവുമല്ല, മൂപ്പര് സ്വന്തം നിലയ്ക്ക് ഉഗ്രൻ തത്വം കൊണ്ടുവന്നോളും. അതാണ് ടിയാന്റെ മിടുക്ക്. ആ മിടുക്കല്ലേടോ നമ്മുടെ പാർട്ടിക്ക് വേണ്ടതും. എന്തായാലും മൂപ്പർക്ക് പറ്റിയ വേക്കൻസിയാ ഉള്ളത്. കൊച്ചുമോനും അമ്മയ്ക്കും ഇപ്പോഴുള്ള അവസ്ഥയിൽ സുഖമായി വാഴാനും കഴിയും. എന്താടോ, താനിവിടെങ്ങുമില്ലേടോ?

പ: ഈയുള്ളവൻ ഒരു നിമിഷം സ്വപ്നത്തിലേക്ക് പോയിപ്പോയി. സീതാറാമിന്റെ ഖാദിയിലുള്ള നിൽപ്പും വാക്കുകൊണ്ടുള്ള അമ്പെയ്ത്തും. laugh

Tags: