ആന്റണിയുടെ ആദര്‍ശ വിക്ഷേപണം

Glint Guru
Fri, 04-07-2014 02:45:00 PM ;
വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

കുഞ്ഞുപണിക്കൻ: നമസ്കാരം ലീഡർജി

ലീഡർ: നമസ്കാരം പണിക്കാ. എന്താ പതിവില്ലാത്ത ഒരു ജീ.

കു: ആന്റണിജീയുടെ ചില ജീ കാണുമ്പോൾ...

ലീ: ഹഹഹ. നിങ്ങളുടെയൊക്കെ ആദർശമല്ലേ. ആദർശം കൊണ്ട് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടവരെപ്പറ്റി ചരിത്രകാരന്മാർ പുസ്തകം ധാരാളം രചിച്ചിട്ടുണ്ട്. പണിക്കനൊരു ശ്രമം നടത്തൂ, ആദർശം കൊണ്ട് എങ്ങനെ സ്ഥാനമാനങ്ങൾ നേടാം. വേണമെങ്കിൽ എങ്ങനെ രാജ്യത്തെ പ്രഥമപൗരനുമാകാം.

ak antony

കു: ലീഡർ. ഇക്കാര്യം ആരോടും ദയവുചെയ്ത് സൂചിപ്പിക്കരുത്. ഉഗ്രൻ വിഷയമാ പുസ്തകരചനയ്ക്ക്. ചൂടപ്പം പോലെ പോകും. ഇത്തിരി കാശിനാവശ്യമുള്ള സമയമാ. ആദർശം കൊണ്ട് ഉന്നതങ്ങളിലെത്തിയ ആന്റണി. ഗാന്ധിക്കുപോലും കഴിയാത്ത കാര്യം. അഭിനവ ഗാന്ധിയെന്ന് രാഷ്ട്രപതി പ്രണാബ് ജി തെരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് വെറുതേയല്ല അല്ലേ.

ലീ: അതിരിക്കട്ടെ, എന്താണ് അദ്ദേഹത്തിന്റെ പുതിയ ആദർശവിക്ഷേപണം?

കു: ഉഗ്രൻ പ്രയോഗം. ലീഡറുടെ നിരീക്ഷണനില വല്ലാതെ ഉയർന്നിരിക്കുന്നു.

ലീ: നിങ്ങൾക്ക് തോന്നുന്നതാ അത്. അദ്ദേഹത്തെ കേരളത്തിൽ വേണ്ടവിധം നിരീക്ഷിച്ച വ്യക്തി ഈയുള്ളവനേ ഉള്ളു. ആദർശത്തിന്റെ വെളിച്ചത്തിൽ നിങ്ങൾക്ക് കാണാൻ കഴിയാതിരുന്നതിന് ഞാനെന്തുചെയ്യാനാ. എടോ പണിക്കാ, ഞാൻ വിക്ഷേപം എന്നുദ്ദേശിച്ചത് വെറുതേയല്ല.

കു: ബോധ്യമായി. അതായത് അദ്ദേഹം വിക്ഷേപിച്ച എല്ലാ ആദർശങ്ങളും അദ്ദേഹം ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിയിട്ടുണ്ടെന്ന്. അല്ലേ.

ലീ: ബലേ ഭേഷ്, പണിക്കാ. പണിക്കന്റെ പവറിപ്പോഴും പഴയതുപോലുണ്ട്. കൊള്ളാം. അതിരിക്കട്ടെ ഇപ്പോഴത്തെ പുതിയ വിക്ഷേപണമെന്താ?

കു: കോൺഗ്രസ്സിന്റെ ന്യൂനപക്ഷ പ്രീണനമാണ് ഭൂരിപക്ഷത്തെ കോൺഗ്രസ്സിൽ നിന്നും അകറ്റിയതെന്നാണ് അദ്ദേഹം വിക്ഷേപിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ കേന്ദ്രൻ സുഹൃത്തുക്കളെല്ലാം അത് നിഷേധിക്കുകയും കേരളത്തിലെ പശ്ചാത്തലത്തിലാണ് ആന്റണി പറഞ്ഞതെന്നുമൊക്കെയാണ് പ്രതികരിച്ചിരിക്കുന്നത്. ദില്ലിയിൽ കുറച്ചുനാളത്തേക്ക് വലിയ പണിയില്ലാത്തതു കാരണം അദ്ദേഹത്തിനു കേരളത്തിൽ വല്ല താൽപ്പര്യവും കയറിയിട്ടുണ്ടോ ആവോ എന്നറിയാൻ ഒരു പൂതി.

ലീ: എടോ പണിക്കാ ഞാൻ കരുതിയത് തന്റെ പവറിന് കുഴപ്പമൊന്നുമില്ലെന്നാ. അത് തിരുത്തേണ്ടി വരുമെന്നു തോന്നുന്നു.

കു: പത്തുമുപ്പതു ചാനലുകൾ ദിവസവും കാണുന്നതാ. പവറ് കുറഞ്ഞാൽ അത്ഭുതമില്ല. അദ്വാനിജി ആന്റണിജിയുടെ പ്രസ്താവനയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.

ലീ: ഞാനറിഞ്ഞടോ അതൊക്കെ. അദ്വാനിജി വേറൊരു കാര്യവും കൂടി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വോട്ടും അവർക്ക് കിട്ടിയിട്ടുണ്ടെന്നും അവരുടെ വിശ്വാസം നേടണമെന്നുമൊക്കെ.

കു: അപ്പോ ആന്റണിജിയുടെ ഒടുവിലത്തെ വിക്ഷേപണം വളരെ കേമമാകാനാണ് സാധ്യത അല്ലേ.

ലീ: എടോ, കണ്ടില്ലേ കേന്ദ്രസുഹൃത്തുക്കളെല്ലാം തള്ളിപ്പറഞ്ഞില്ലേ ആന്റണിയെ. ആരാണ് താങ്ങായി വന്നത്? അദ്വാനിജിയും കൂട്ടരും. പണിക്കാ ഒന്ന് ഭാവനയിൽ കണ്ടുനോക്കിയേ.

കു: വ്വ്.കാണുന്നുണ്ട്. ആ ഉപഗ്രഹത്തിന്റെ പേര് പിടികിട്ടി.

ലീ: എന്താടോ അത്. പറേടോ

കു: ന്യൂനപക്ഷാദർശോപഗ്രഹം.

ലീ: ഗംഭീരം. പണിക്കാ. ഗംഭീരം. ന്യൂനപക്ഷ പ്രീണനത്തിനെതിരെ പറഞ്ഞുകൊണ്ട് ബി.ജെ.പിക്കു വേണമെങ്കിൽ ന്യൂനപക്ഷത്തെ കൂട്ടുപിടിക്കാൻ പറ്റിയ ആൾ തന്നെ ന്യൂനപക്ഷക്കാരനായ ആന്റണി. അദ്ദേഹത്തിന്റെ ന്യൂനപക്ഷമേ രാഷ്ട്രപതി ഭവനിൽ താമസമാക്കാതെയുളളു. എന്തായാലും ഉപഗ്രഹം മംഗൾയാൻ പോലെ യാത്ര തിരിച്ചിരിക്കുന്നു. അത് ഭ്രമണപഥത്തിൽ തന്നെ ചെല്ലും. സംശയം വേണ്ടാ. പണിക്കാ വേഗം തുടങ്ങിക്കോ രചന. തന്റെ തലവാചകം ഗംഭീരം.

Tags: