വത്തിക്കാന്‍സിറ്റി: 120 കോടി വരുന്ന കത്തോലിക്കാ വിശ്വാസികളുടെ ആത്മീയാചാര്യനായ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചൊവ്വാഴ്ച വത്തിക്കാനില്‍ തുടങ്ങുന്നു. സഭയിലെ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ തങ്ങള്‍ക്കിടയില്‍നിന്ന് സഭയുടെ 266-ാമത്തെ പാപ്പയെ തിരഞ്ഞെടുക്കും. സെന്റ്പീറ്റേഴ്‌സ് ബസലിക്കയ്ക്ക് അരികെയുള്ള സിസ്‌റ്റൈന്‍ ചാപ്പലില്‍ രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.
ചൊവ്വാഴ്ച പകല്‍ നടക്കുന്ന കുര്‍ബ്ബാനയ്ക്ക് ശേഷം ഉച്ച തിരിഞ്ഞാണ് ആദ്യ വോട്ടെടുപ്പ്. അതില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വോട്ടെടുപ്പ് തുടരും. ദിവസം രണ്ട് വട്ടം വോട്ടെടുപ്പ് നടക്കും. മൂന്നില്‍ രണ്ടു പേര്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ അടുത്ത മാര്‍പാപ്പയാകും. സ്വന്തം പേര് ബാലറ്റില്‍ രേഖപ്പെടുത്താനാവില്ല.
പത്തു മണിക്കൂര്‍ മുതല്‍ മൂന്നു വര്ഷം വരെ നീണ്ട ചരിത്രമുണ്ട്, സിസ്‌റ്റൈന്‍ ചാപ്പലിലെ തിരഞ്ഞെടുപ്പുകള്‍ക്ക്. എന്നാല്‍ സമീപ കാലത്തെ അനുഭവങ്ങള്‍ സൂചനയാണെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകംതന്നെ സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയര്‍ന്നേക്കാം. പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടു എന്നതിന്റെ അടയാളമാണിത്.
കര്‍ദിനാള്‍മാരില്‍ 60 പേര്‍ യൂറോപ്പില്‍നിന്നാണ്. വടക്കേ അമേരിക്ക (14), ലാറ്റിന്‍ അമേരിക്ക (19), ആഫ്രിക്ക (11), ഏഷ്യ (10), ഓഷ്യാനിയ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു പ്രാതിനിധ്യം. ഇന്ത്യയില്‍നിന്ന് അഞ്ച് കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടുള്ളത്. ഇതില്‍ കേരളത്തില്‍നിന്നുള്ള മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബസേലിയോസ് മാര്‍ ക്ലിമീസും ഉള്‍പ്പെടുന്നു. ശാരീരികഅവശതകളെത്തുടര്‍ന്ന് ബെനഡിക്ട് പതിനാറാമന്‍ ഫെബ്രുവരി 18ന് സ്ഥാനമൊഴിഞ്ഞതിനാലാണ് പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നത്.