ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിനു വധശിക്ഷ

Fri, 01-03-2013 03:45:00 PM ;

ധാക്ക: വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവിനെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചു. 1971ലെ യുദ്ധത്തില്‍ പാക്പക്ഷം ചേര്‍ന്നതടക്കം എട്ട് കുറ്റങ്ങള്‍ക്കാണ്  ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ (73) ശിക്ഷിച്ചത്. വിധിയില്‍ പ്രതിഷേധിച്ച് ബംഗ്ളാദേശില്‍ ഉടലെടുത്ത കലാപത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു.  

 

ഈ കേസില്‍ ശിക്ഷിക്കപെടുന്ന മൂന്നാമത്തെയും ഏറ്റവും മുതിര്‍ന്നതുമായ ജമാഅത്തെ നേതാവാണ്‌  ദെല്‍വാര്‍ ഹുസൈന്‍. നേരത്തെ  അബുല്‍കലാം ആസാദിനെ വധശിക്ഷയ്ക്കും അബ്ദുള്‍ഖാദര്‍ മൊല്ലയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. കൊലപാതകം, കൊള്ളിവെപ്പ്, ബലാത്സംഗം, ബലംപ്രയോഗിച്ചുള്ള മതംമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ദെല്‍വാര്‍ ഹുസൈനെതിരെ ചുമത്തിയിരിക്കുന്നത്.  

 

ഇതിനിടെ വിധിയെ അനുകൂലിച്ചും പ്രതികള്‍ക്ക് കനത്തശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടും തലസ്ഥാനമായ ധാക്കയിലെ ഷഹ്ബാങ് ചത്വരത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പ്രകടനം നടത്തി.
 

മുപ്പത് ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായും കണക്കാപ്പെടുന്ന വിമോചനയുദ്ധത്തില്‍ കുറ്റകൃത്യങ്ങള്‍ വിചാരണചെയ്യാന്‍ 2010-ല്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് പ്രത്യേക ട്രൈബ്യൂണലിന് രൂപം നല്‍കിയത്.  എന്നാല്‍ പാകിസ്ഥാനില്‍ നിന്നു സ്വാതന്ത്ര്യം എന്ന ആവശ്യത്തോട്  ജമാഅത്തെ ഇസ്ലാമി  അനുകൂലിച്ചിരുന്നില്ല.

Tags: