Skip to main content

ഫ്രാന്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇമ്മാനുവല്‍ മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മറീന്‍ ലേ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ടുപേര്‍ നേരിട്ട് ഏറ്റുമുട്ടിയ രണ്ടാം ഘട്ടത്തില്‍ മാക്രോണിന് 66 ശതമാനവും ലേ പെന്നിന് 34 ശതമാനവും വോട്ടാണ് ലഭിച്ചത്. 

 

39-കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ അഞ്ചാം റിപ്പബ്ലിക്കില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആകും. ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കര്‍ ആയിരുന്ന മാക്രോണ്‍ ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതേസമയം, 2014 മുതല്‍ രണ്ട് വര്‍ഷം ഫ്രാന്‍സിന്റെ സാമ്പത്തിക-വ്യവസായ മന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം മന്ത്രിസ്ഥാനം രാജിവെച്ച് ‘മുന്നോട്ട്’ എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

 

ഫ്രാന്‍സിലെ രണ്ട് പ്രമുഖ മുഖ്യധാരാ പാര്‍ട്ടികളായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ലെ പെന്നിന്റെ നാഷണല്‍ ഫ്രന്റ് ആകട്ടെ അതിതീവ്ര ദേശീയവാദ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന പാര്‍ട്ടിയാണ്. മറ്റ് പാര്‍ട്ടികള്‍ രണ്ടാം ഘട്ടത്തില്‍ ലെ പെന്നിനെതിരെ വോട്ട് ചെയ്യാന്‍ ആഹ്വാനം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മാക്രോണിന്റെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു.