Skip to main content

യു.എസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ജയസാധ്യത വര്‍ധിപ്പിക്കാനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്‍റണിനെ പരാജയപ്പെടുത്താനുമുള്ള നടപടികള്‍ക്ക് റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ‘ഉത്തരവിട്ടതായി’ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

 

യു.എസിലെ ജനാധിപത്യ പ്രക്രിയയിലുള്ള ജനവിശ്വാസം ഇടിക്കുക, മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായിരുന്ന ക്ലിന്‍റണിനെ അപകീര്‍ത്തിപ്പെടുത്തുക, അതുവഴി ക്ലിന്‍റണിന്‍റെ ജയസാധ്യത ദുഷ്കരമാക്കാനും ജയിച്ചാല്‍ തന്നെയും പ്രസിഡന്റ് പദവിയില്‍ തുടരുന്നത് ബുദ്ധിമുട്ടുള്ളതാക്കാനും ലക്ഷ്യമിട്ട് ഒരു ‘സ്വാധീന പ്രചാരണത്തിന്’ പുടിന്‍ ഉത്തരവിട്ടതായാണ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തുവിട്ട വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. നിഗമനങ്ങളില്‍ തങ്ങള്‍ക്ക് ‘അതിയായ വിശ്വാസമുണ്ടെന്നും’ റിപ്പോര്‍ട്ട് പറയുന്നു.

 

എന്നാല്‍, ഈ നിഗമനങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അവയടങ്ങുന്ന വിശദമായ വിശകലന റിപ്പോര്‍ട്ട് അതീവ രഹസ്യ രേഖയായി മുദ്ര കുത്തിയിരിക്കുകയാണ്.