Skip to main content
പാരീസ്

 

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ റുമാനിയയുടെ സിമോണ ഹാലെപ്പിനെ പിന്‍തള്ളി റഷ്യയുടെ മരിയ ഷറപ്പോവ കിരീടം നേടി. ശനിയാഴ്ച നടന്ന ഫൈനലില്‍ നാലാം സീഡായ സിമോണ ഹാലെപിനെ 6-4, 6-7, 6-4 എന്ന സ്‌കോറില്‍ മറികടന്നാണ് റഷ്യന്‍ താരം റോളണ്ട് ഗാരോസിന്റെ റാണിയായത്. 2012-ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ഏഴാം സീഡുമായ ഷറപ്പോവയുടെ കരിയറിലെ അഞ്ചാമത്തെ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ യു.എസിന്റെ സെറീന വില്യംസിനോടാണ് ഷറപ്പോവ തോറ്റത്.

 

ആദ്യ സെറ്റ് ഷറപ്പോവയും രണ്ടാം സെറ്റ് ഹാലെപ്പും നേടിയതോടെ ഫൈനൽ നിർണായകമായ മൂന്നാം സെറ്റിലേക്ക് കടക്കുകയായിരുന്നു.
ആദ്യ സെറ്റ് 6 - 4 നാണ് ഷറപ്പോവ നേടിയത്. 4 - 4 എന്ന നിലയിൽ തുല്യനിലയിൽ നിന്നശേഷം രണ്ട് സെറ്റ് പോയിന്റുകൾ തുടർച്ചയായി നേടുകയായിരുന്നു ഷറപ്പോവ. രണ്ടാംസെറ്റിൽ ഹാലെപ്പ് ഇതേ നാണയത്തിൽ തിരിച്ചടിച്ചു. 4 - 4 ന് തുല്യ നിലയിൽ നിന്നശേഷം ഹാലെപ്പ് മരിയയുടെ സർവ് ബ്രേക്ക് ചെയ്തു.

 

മൂന്നാം സെറ്റില്‍ ഉജ്വലമായി പൊരുതിയെങ്കിലും നിര്‍ണായക സമയത്തെ പിഴവുകള്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടാനുള്ള ഹാലെപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. കരിയറില്‍ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയ ഹാലെപ്പിനെ തന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ഷറപ്പോവ എതിരിട്ടത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായ ഹാലെപ് ലോക റാങ്കിങ്ങില്‍ അന്‍പത്തിയേഴാം സ്ഥാനത്തായിരുന്നു.

 

ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സിലെ ഹെവിവെയ്റ്റ് ഫൈനലില്‍ ഒമ്പതാം കിരീടത്തിനായി ലോക ഒന്നാം സ്ഥാനക്കാരന്‍ റാഫേല്‍ നഡാല്‍ സെര്‍ബിയയുടെ രണ്ടാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ നേരിടും. 42-ാം തവണയാണ്  ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.