അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ നേട്ടങ്ങളോടും തന്റെ രാജ്യത്തിനും ലോകത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളോടുമുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മണ്ടേലയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി. യുണൈറ്റഡ് നേഷന്‍സ് നെല്‍സണ്‍ റോഹിലാല മണ്ടേല പ്രൈസ് എന്ന പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള പ്രമേയം പൊതുസഭ വ്യാഴാഴ്ച ഏകകണ്ഠമായി സ്വീകരിച്ചു.
നേരത്തെ ജൂലൈ 18 നെല്‍സണ്‍ മണ്ടേല അന്താരാഷ്ട്ര ദിനമായി പൊതുസഭ പ്രഖ്യാപിച്ചിരുന്നു. വര്‍ണ്ണവിവേചനത്തിനെതിരെയും നെല്‍സണ്‍ മണ്ടേലയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ച അഭിമാനകരമായ ചരിത്രമുള്ള പൊതുസഭ ഈ അവാര്‍ഡിലൂടെ മണ്ടേലയുടെ ജീവിതകാലത്തെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിന് അര്‍ത്ഥപൂര്‍ണമായി കാല്‍വെയ്പ് നടത്തിയിരിക്കുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതിനുള്ള നിബന്ധനകള്‍ ആറു മാസത്തിനകം പൊതുസഭയുടെ അധ്യക്ഷനുമായി കൂടിയാലോചിച്ച് തയ്യാറാക്കാന്‍ പ്രമേയം സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. ഈ നിബന്ധനകള്‍ 2014 നവംബര്‍ 30-നകം പൊതുസഭ സ്വീകരിക്കണം.