ദക്ഷിണ സുഡാനില്‍ ബോറില്‍ യു.എന്‍ അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യന്‍ സൈനികരടക്കം 40-ഓളം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ വംശീയ കലാപങ്ങളെ തുടര്‍ന്ന് യു.എന്‍ താവളത്തില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നവരാണ് കൊല്ലപ്പെട്ടത്. 350 ഓളം വരുന്ന അക്രമികള്‍ നിവേദനം നല്‍കാനെന്ന വ്യാജേനയാണ് യു.എന്‍ താവളത്തില്‍ കടന്നത്. ക്യാമ്പിനകത്ത് കടന്ന ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് യു.എന്‍ അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് യു.എന്‍ സേനാംഗങ്ങള്‍ പ്രത്യാക്രമണം നടത്തി അക്രമികളെ ഓടിക്കുകയായിരുന്നു. ഡിസംബറില്‍ ദഷിണാ സുഡാനില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് യു.എന്‍ താവളത്തില്‍ 5000-ത്തോളം പേരാണ് അഭയം തേടിയിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടത്. 10 ലക്ഷത്തിലധികം പേരാണ് വാസസ്ഥലം ഉപേക്ഷിച്ച് പോയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടായ ആക്രമണത്തില്‍ സമാധാനസേനയിലെ അഞ്ച് ഇന്ത്യന്‍ സൈനികരും ഡിസംബറിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരും ഇവിടെ കൊല്ലപ്പെട്ടിരുന്നു.