എല്‍.ടി.ടി.ഇയെ പരാജയപ്പെടുത്തിയ യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര സംഘം അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കി. വോട്ടെടുപ്പില്‍ നിന്ന്‍ ഇന്ത്യ വിട്ടുനിന്നു. യു.എസ് ആണ് പ്രമേയം അവതരിപ്പിച്ചത്.
23 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 12 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ഇന്ത്യയടക്കം 12 രാജ്യങ്ങള്‍ വിട്ടുനിന്നു. പ്രമേയം പ്രശ്നപരിഹാര ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതിനാണ് കൂടുതല്‍ സാധ്യതയെന്ന്‍ ഇന്ത്യ പറഞ്ഞു. നടപടി അനാവശ്യമായ ഇടപെടലാണെന്നും അപ്രായോഗികമാണെന്നും യു.എന്നിന്റെ ജനീവ ഓഫീസുകളിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ദിലീപ് സിന്‍ഹ ചര്‍ച്ചയില്‍ പറഞ്ഞു.
ഇതാദ്യമായാണ് ശ്രീലങ്കന്‍ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന്‍ വിട്ടുനില്‍ക്കുന്നത്. 2009-ലും 2012-ലും 2013-ലും കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയങ്ങളെ ഇന്ത്യ പിന്തുണച്ചിരുന്നു. എന്നാല്‍, ഈ പ്രമേയങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ശ്രീലങ്കയിലെ മനുഷ്യാവകാശ സ്ഥിതി ‘അന്വേഷിക്കാനും വിലയിരുത്താനും നിരീക്ഷിക്കാനും’ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മഷീണറെ ചുമതലപ്പെടുത്തുന്ന ഇത്തവണത്തെ പ്രമേയം ദേശീയ പരമാധികാരത്തിന്‍മേലുള്ള അനാവശ്യമായ ഇടപെടലാണെന്ന് ഇന്ത്യ കരുതുന്നതായി സിന്‍ഹ പറഞ്ഞു.