എൺപത്തിയാറാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഗ്രാവിറ്റി ഏഴ് പുരസ്‌കാരങ്ങള്‍ നേടി. സ്റ്റീവ് മക്‌ക്വീൻ സംവിധാനം ചെയ്ത ട്വൽവ് ഇയേഴ്സ് എ സ്ളേവ് എന്ന സിനിമ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
ഡാലസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മാത്യു മെക്കോണഹേ മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ബ്ലൂ ജാസ്മിനിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ കെയ്റ്റ് ബ്ലാന്‍ഷെ സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്കാരം ലുപിതാ ന്യോങ് നേടി. ട്വൽവ് ഇയേഴ്സ് എ സ്ളേവ് എന്ന സിനിമയിലെ അഭിനയമാണ് ലുപിതയെ അവാർഡിന് അർഹയാക്കിയത്. ഡാലസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജറേഡ് ലെറ്റോ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി.
ഗ്രാവിറ്റിയുടെ സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണ്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. 11 ഓസ്‌കര്‍ നോമിനേഷനുകളാണ് ഗ്രാവിറ്റിക്കു ലഭിച്ചിരുന്നത്. മികച്ച സംവിധാനം, ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, ചിത്രസംയോജനം, വിഷ്വല്‍ ഇഫക്ട്‌സ്, ശബ്ദസംയോജനം, ശബ്ദമിശ്രണം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഇത്തവണ ഗ്രാവിറ്റി സ്വന്തമാക്കിയത്.
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ ദ ഗ്രേറ്റ് ബ്യൂട്ടി കരസ്ഥമാക്കി. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ദ ഫ്രോസണും, മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം മിസ്റ്റര്‍ ഹബ്ലോറ്റും നേടി. ദി ഗ്രേറ്റ് ഗാറ്റ്‌സ് ബി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് കാതറിന്‍ മാര്‍ട്ടിന്‍ വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ നേടി. റോബിന്‍ മാത്യൂ, അഡ്രുയിത്ത ലീ എന്നിവര്‍ മികച്ച ചമയത്തിനുള്ള ഓസ്‌കാര്‍ കരസ്ഥമാക്കി. ഹീലിയം ആക്ഷന്‍ ഹ്രസ്വ ചിത്രത്തിനുള്ള ഓസ്‌കാര്‍ കരസ്ഥമാക്കി. ദ ലേഡി ഇന്‍ നമ്പര്‍ 6: മ്യൂസിക് സേവ്ഡ് മൈ ലൈഫ് മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചര്‍ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം 20 ഫീറ്റ് ഫ്രം സ്റ്റാര്‍ഡം എന്ന സിനിമയും കരസ്ഥമാക്കി.