ന്യൂഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നൃത്തംചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തിരികെ നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാന്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചു.
സിന്ധുനദീതട നാഗരികതയുടെ ശേഷിപ്പുകളിലൊന്നായി സിന്ധിലെ മോഹന്‍ജെദാരോയില്‍നിന്ന് ലഭിച്ച പ്രതിമക്ക് 4500 വര്‍ഷം പഴക്കമുണ്ട്. 1926-ല്‍ പുരാവസ്തുഗവേഷകര്‍ ഇത് കണ്ടെത്തി. 10.8 സെ.മീ നീളത്തില്‍ വെങ്കലത്തിലാണ് പ്രതിമ നിര്‍മിച്ചിട്ടുള്ളത്.
1946-ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ സര്‍ മോര്‍ട്ടിമര്‍ വീലര്‍ ഒരു പ്രദര്‍ശനത്തിനുവേണ്ടി ന്യൂഡല്‍ഹിയിലേക്ക് നൃത്തംചെയ്യുന്ന പെണ്‍കുട്ടിയുടെ പ്രതിമയും പ്രീസ്റ്റ് കിങ്, ഫാസ്റ്റിങ് ബുദ്ധ എന്നീ പ്രതിമകളും കൊണ്ടുവരികയായിരുന്നു. 1947-ലെ വിഭജനത്തിനുശേഷം മറ്റ് രണ്ട് ശില്‍പങ്ങളും പാകിസ്താനിലേക്ക് തിരികെ കൊണ്ടുപോയി.
മുന്‍ പാക് പ്രധാനമന്ത്രി ബേനസീറിന്റെ മകനും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ബിലാവല്‍ ഭൂട്ടോ മോഹന്‍ജെദാരോയില്‍ സിന്ധുത്സവം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഈ മേളയിലേക്കാണ് പ്രതിമ കൊണ്ട് പോകുന്നത്.