Skip to main content
ഇസ്താംബുള്‍

syria protest

 

പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെതിരെ പോരാടുന്ന സിറിയയിലെ പ്രതിപക്ഷ കക്ഷികള്‍ വെള്ളിയാഴ്ച തുര്‍ക്കിയിലെ ഇസ്താംബുളില്‍ യോഗം ചേരുന്നു. അടുത്ത ആഴ്ച ആരംഭിക്കുന്ന ജനീവയില്‍ ആരംഭിക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതിപക്ഷമായ സിറിയന്‍ ദേശീയ സഖ്യത്തിനിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം.

 

യോഗത്തിന് മുന്നോടിയായി പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ ജനുവരി 21-ന് സ്വിറ്റ്സര്‍ലന്‍ഡിലെ നഗരത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ദേശീയ സഖ്യം തയ്യാറാകണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അഭ്യര്‍ഥിച്ചു.  യു.എസ്, റഷ്യ എന്നീ രാജ്യങ്ങളുടെ മുന്‍കൈയില്‍ ഐക്യരാഷ്ട്രസഭയാണ് ചര്‍ച്ചയ്ക്ക് വേദിയൊരുക്കുന്നത്.

 

രണ്ടാം ജനീവ ചര്‍ച്ച എന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന സമാധാന ചര്‍ച്ച സിറിയയില്‍ മൂന്ന്‍ വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ്‌ സംഘടിപ്പിക്കുന്നത്. 2011 മാര്‍ച്ച് മുതല്‍ ഇതിനകം 1.3 ലക്ഷം പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇരുപത് ലക്ഷം പേര്‍ക്ക് രാജ്യവും  65 ലക്ഷം പേര്‍ക്ക് വീടും  വിടേണ്ടി വന്നു.

 

എന്നാല്‍, പ്രസിഡന്റ് അസാദ് രാജിവേക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഏതാനും പ്രതിപക്ഷ കക്ഷികള്‍ നവംബറില്‍ പറഞ്ഞിരുന്നു. സഖ്യത്തിലെ പ്രധാന കക്ഷിയായ സിറിയന്‍ ദേശീയ കൌണ്‍സിലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് എതിരായ നിലപാടിലാണ്. സഖ്യത്തിലെ 120 കക്ഷികളില്‍ 44 പേരും ഇതിനകം ചര്‍ച്ചകളില്‍ നിന്ന്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, മുന്നുപാധികളോടെ ചര്‍ച്ചയ്ക്കില്ലെന്ന് സിറിയന്‍ സര്‍ക്കാറും വ്യക്തമാക്കിയിരിക്കുകയാണ്.

 

ഇരുവിഭാഗത്തിനും സ്വീകാര്യമായ വ്യക്തികളാണ് ചര്‍ച്ചയിലൂടെ രൂപീകരിക്കാനുദ്ദേശിക്കുന്ന ഇടക്കാല സര്‍ക്കാറില്‍ ഉണ്ടാകൂ എന്ന്‍ കെറി പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് അസാദ് അധികാരത്തില്‍ തുടര്‍ന്നേക്കുമെന്ന പ്രതിപക്ഷത്തിന്റെ ഭയങ്ങളെ തുടര്‍ന്നാണ് കെറിയുടെ ഈ പ്രസ്താവന.   

 

സമാധാന ചര്‍ച്ചയിലേക്ക് പ്രതിനിധികളെ അയച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിന് നല്‍കുന്ന സഹായം ചുരുക്കുമെന്ന് യു.എസും യു.കെയും മുന്നറിയിപ്പ് നല്‍കിയതായി സിറിയന്‍ പ്രതിപക്ഷ നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

അതിനിടെ, സിറിയയിലേയും ഇറാനിലേയും നയതന്ത്ര പ്രതിനിധികളുമായി റഷ്യ വ്യാഴാഴ്ച ചര്‍ച്ച നടത്തി.