Skip to main content
ഇസ്ലാമാബാദ്

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് കടലില്‍ പുതിയ ദ്വീപ്‌ രൂപപ്പെട്ടു. ഗ്വാദര്‍ തീരത്തിനടുത്താണ് പുതിയ ദ്വീപ് രൂപപ്പെട്ടത്. 100 അടി ഉയരവും 200 അടി വീതിയുമുള്ളതാണ് ദ്വീപ്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 350 പേര്‍ മരിച്ചതായാണ് കണക്ക്. സെപ്റ്റംബര്‍ 24-നാണ് ഭൂകമ്പം ഉണ്ടാകുന്നത്.

ബലൂചിസ്‌ഥാന്‍ തീരത്ത്‌ 15 വര്‍ഷത്തിനിടെ ഇതു മൂന്നാംതവണയാണ്‌ ഇത്തരമൊരു പ്രതിഭാസം ഉണ്ടാകുന്നത്‌. ചെറുദ്വീപ്‌ കാണാന്‍ നിരവധിപ്പേരാണ്‌ തീരത്തു തടിച്ചുകൂടുന്നത്‌. ഭൂകമ്പം നാശം വിതച്ച മേഖലകളില്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും തെരച്ചില്‍ തുടരുകയാണ്‌. ഉള്‍പ്രദേശങ്ങളില്‍ പലയിടങ്ങളിലും ഇന്നലെയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്‌. ഗുരുതരമായി പരുക്കേറ്റവരെ ഹെലികോപ്‌ടര്‍ വഴി കറാച്ചിയില്‍ എത്തിക്കാനാണു ശ്രമം.

നിരവധി ആശുപത്രികളും സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളുമടക്കം കേടുപാടുണ്ടായതായി സ്‌ഥലവാസികള്‍ പറഞ്ഞു.