ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി പി.എം.എല്‍.എന്‍ നേതാവ് നവാസ് ശരീഫ് ബുധനാഴ്ച സ്ഥാനമേറ്റു. മൂന്നാം തവണയാണ് നവാസ് ശരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ വരുന്നത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് ശരീഫിനു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഊര്‍ജക്ഷാമവും പരിഹരിക്കുമെന്നും ആഭ്യന്തര തീവ്രവാദം ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും സത്യപ്രതിജ്ഞാച്ചടങ്ങിന് ശേഷം നവാസ് ശരീഫ് പറഞ്ഞു. ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എസ്സിനോട് ആവശ്യപ്പെടുമെന്നും ശരീഫ് പാര്‍ലിമെന്റിനെ അറിയിച്ചു.
മെയ് 11-നു നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 342 അംഗങ്ങളില്‍ 180-ലേറെ പാകിസ്ഥാന്‍ മുസ്ലിംലീഗ് പ്രതിനിധികളാണ്. ശരീഫിനോപ്പം 20-ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.