Skip to main content

പെഷവാര്‍: പാകിസ്താന്റെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് പെഷവാര്‍ ഹൈക്കോടതി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുകയോ പാക് പ്രദേശങ്ങളില്‍ ആക്രമണം നടത്തുകയോ ചെയ്യുന്ന ഡ്രോണുകള്‍ വെടിവച്ചിടാന്‍ പാക് സര്‍ക്കാരിനും സൈന്യത്തിനും ഭരണഘടനാപരമായി അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

 

ഫാറ്റ മേഖലയില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതിന് സര്‍ക്കാരിനും സൈന്യത്തിനും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നാല് ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട രണ്ടംഗ ബഞ്ച്. യു.എസ് ചാര ഏജന്‍സി സി.ഐ.എയും യു.എസ് അധികാരികളും നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ലംഘനവും യു.എന്‍ ചാര്‍ട്ടര്‍, യു.എന്‍ പൊതുസഭാ പ്രമേയം, ജെനീവ കണ്‍വെന്‍ഷന്‍ എന്നിവക്കെതിരെയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നീതിന്യായ കോടതിക്കോ ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്ന പ്രത്യേക ട്രൈബ്യൂണലിനോ വിചാരണ ചെയ്യാവുന്ന യുദ്ധക്കുറ്റമാണിതെന്നു കോടതി വ്യക്തമാക്കി.

 

ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ സിവിലിയന്‍ മരണങ്ങള്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ യു.എസ് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കോടതി പറഞ്ഞു. ഡ്രോണ്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് സ്വതന്ത്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറലിന് പരാതി നല്‍കാനും കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.