ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്സ് രാജ്ഞി ബിയാട്രിക്സ് സ്ഥാനമൊഴിഞ്ഞു. മകനും കിരീടാവകാശിയുമായ വില്ല്യം അലക്സാണ്ടര്‍ രാജ്യത്തിന്റെ പുതിയ തലവനായി സ്ഥാനമേറ്റു. 46 കാരനായ വില്ല്യം യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാധികാരിയും 123 വര്‍ഷത്തിനിടെ നെതര്‍ലാന്‍ഡ്സില്‍ അധികാരമേല്‍ക്കുന്ന രാജാവുമാണ്.
ഭരണഘടനാപരമായ രാജാധിപത്യം നിലനില്‍ക്കുന്ന നെതര്‍ലാന്‍ഡ്സില്‍ 33 വര്‍ഷം രാജ്യത്തിന്റെ മേധാവിയായി ഇരുന്നതിനു ശേഷമാണ് ഓറഞ്ച് രാജ കുടുംബത്തിലെ ബിയാട്രിക്സ് ‘പുതിയ തലമുറ’ക്ക് വേണ്ടി വഴിമാറിയത്. തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ രാജകീയ കൊട്ടാരത്തില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പതിനായിരങ്ങള്‍ കൊട്ടാരത്തിന് മുന്നിലെ ഡാം ചത്വരത്തില്‍ ഒത്തുകൂടി. ഇംഗ്ലണ്ടിലെ കിരീടാവകാശി ചാള്‍സ് രാജകുമാരന്, സ്പെയിനിലെ കിരീടാവകാശി ഫിലിപ്പ് രാജകുമാരന്, ജപ്പാനിലെ കിരീടാവകാശി മസാകോ രാജകുമാരി എന്നിവരടക്കം 2000 ത്തില്‍ അധികം അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.
ബോസ്റ്റണ്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയത്. 2009ല്‍ രാജ്ഞിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു.