ന്യൂയോര്‍ക്ക്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിന്റെ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായ ആരോപണം ഐക്യരാഷ്ട്ര സഭ അന്വേഷിക്കുന്നു. സിറിയക്ക് പുറത്ത് യു.എന്‍. ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരണം തുടങ്ങിയതായി യു.എന്‍ വക്താവ് അറിയിച്ചു. രാജ്യത്തിനകത്ത് അന്വേഷകര്‍ക്ക് പ്രവേശനം നല്‍കണം എന്നാവശ്യപ്പെട്ട് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അസ്സാദിനെഴുതിയിട്ടുണ്ട്.
വടക്കന്‍ നഗരമായ അലെപ്പോയ്ക്ക് സമീപം നടന്ന ഒരു ഏറ്റുമുട്ടലില്‍ രാസായുധം പ്രയോഗിച്ചതായി സര്‍ക്കാര്‍ സൈന്യവും വിമതരും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. ഇത് യു.എന്‍. അന്വേഷിക്കണമെന്ന് അസ്സാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യവ്യാപകമായ അന്വേഷണം അനുവദിക്കണം എന്ന സെക്രട്ടറി ജനറലിന്റെ ആവശ്യം സിറിയ അംഗീകരിച്ചിട്ടില്ല.
പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും ഇസ്രായേലും സിറിയ രാസായുധം പ്രയോഗിച്ചതായി തെളിവുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഇവ മതിയായ തെളിവുകള്‍ അല്ലെന്ന് രാസായുധ നിരോധന സംഘടന അറിയിച്ചു. 188 രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള ഈ സംഘടനയാണ് 1997ല്‍ നിലവില്‍ വന്ന രാസായുധ കണ്‍വെന്‍ഷന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. സിറിയന്‍ അധികൃതര്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.
അതേസമയം, യു.എസ്സ്. പ്രസിഡന്റ് ബരാക് ഒബാമ രാസായുധ പ്രയോഗം സംബന്ധിച്ച് സിറിയക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ യു.എസ്സ്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച തെളിവ് പ്രാഥമിക വിലയിരുത്തല്‍ ആണെന്ന് പറഞ്ഞ ഒബാമ സിറിയയില്‍ സൈനിക ഇടപെടല്‍ തല്‍ക്കാലം ഉണ്ടാവില്ലെന്ന് സൂചിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സിറിയയില്‍ പടിഞ്ഞാറന്‍ സൈനിക നടപടി തള്ളിക്കളഞ്ഞു.