ശോകം മാത്രമല്ല, രോഗവും മാറ്റും അശോകം

Glint staff
Thu, 23-03-2017 09:45:00 PM ;

saraca asoca  

 

രോഗം അതെന്തായാലും ശോകം വരുത്തും. പ്രകൃതിയുമായുളള താളത്തിന് പിഴ വരുമ്പോഴാണ് അവ രോഗമായി പ്രത്യക്ഷപ്പെടുക. സ്ത്രീകളില്‍ എന്തെങ്കിലും ചെറിയ വ്യതിയാനങ്ങള്‍ വരുമ്പോള്‍ തന്നെ അത് പ്രകടമാകുക അവരുടെ ആര്‍ത്തവ ചക്രത്തിലാണ്. അതില്‍ വരുന്ന മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും അവരെ ശോകത്തിലാക്കുന്നുവെന്ന് എടുത്തു പറയേണ്ടതില്ല. അതിനാല്‍ ഒരു പക്ഷേ സ്ത്രീകളുടെ കൂട്ടുകാരിയാണ് അശോക മരം. അതിന്റെ അര്‍ഥം തന്നെ ശോകമില്ലാത്തത്. എന്നുവെച്ചാല്‍ ശോകത്തെ അകറ്റുന്നത്. ഇന്ന് സ്ത്രീയും പുരുഷനും നേരിടുന്ന ഒട്ടേറെ രോഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ശമനം വരുത്താന്‍ സഹായിക്കുന്നതാണ് അശോകം. അതിന്റെ വേരുമുതല്‍ പൂവരെ. അതിന്റെ തണലനുഭവിക്കുന്നതും പൂ കാണുന്നതു പോലും ഉന്മേഷദായകമാണ്. കൂട്ടത്തില്‍ ഓര്‍ക്കാം ലങ്കയില്‍ സീതയെ പാര്‍പ്പിച്ചത് അശോകത്തിന്റെ ചുവടിലാണ്.

 

അശോകത്തിന്റെ സിദ്ധികള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. അശോകാരിഷ്ടം ഏവര്‍ക്കുമറിവുള്ളതാണല്ലോ. ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം, കഠിനമായ വേദന എന്നിവയ്‌ക്കെല്ലാം ഉദാത്തമായ ഔഷധമാണ്.  നല്ല കടും നിറത്തിലുള്ള അശോകപ്പൂവ് അരിപ്പൊടിയില്‍ അരച്ചു ചേര്‍ത്ത് കരിപ്പട്ടിയോ ശര്‍ക്കരയോ ചേര്‍ത്തു കുറുക്കുണ്ടാക്കി കഴിക്കുന്നത് രക്തശുദ്ധിക്കും ത്വക്ക് രോഗ ശമനത്തിനും ഉത്തമമാണ്. ആര്‍ത്തവാനുബന്ധ രോഗങ്ങളെയും മാറ്റാന്‍ ഈ കുറുക്ക് പര്യാപ്തമാണ്. ഇതിനെല്ലാം പുറമേ ഈ കുറുക്ക് കഴിക്കുന്നത് സൗന്ദര്യവര്‍ധകവുമാണ്. അതില്‍ തെല്ലും സംശയം വേണ്ടാ.

 

നാല് ഔണ്‍സ് അശോകമരത്തൊലി, നാല് ഔണ്‍സ് പാല്‍,16 ഔണ്‍സ് വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ച് മൂന്നു ഭാഗമാക്കി കാലത്തും ഉച്ചയ്ക്കും വൈകുന്നേരം സേവിക്കുക. മാസമുറ തുടങ്ങി നാലാം ദിവസം മുതല്‍ ഒരാഴ്ച വരെ ഈ കഷായം കഴിക്കാവുന്നതാണ്. അശോകത്തൊലി കൊണ്ടുള്ള കഷായം വച്ച് വായില്‍ കൊണ്ടാല്‍ വ്രണങ്ങള്‍ മാറും. ദഹനക്കുറവ്, വിശപ്പില്ലായ്മ, പുളിച്ചു തികട്ടല്‍ എന്നിവയ്ക്കും അശോകത്തൊലിക്കഷായം ഉത്തമാണ്. അശോകത്തൊലിക്കഷായത്തില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ സ്വരഭേദം ശമിക്കും. അതുപോലെ അശോകത്തൊലി കാടിയില്‍ അരച്ചു തേച്ചാല്‍ മാറാതെ കിടക്കുന്ന നീര് മാറിക്കിട്ടും. അശോകപ്പൂ കല്‍ക്കനരച്ച് കാച്ചിയ വെളിച്ചണ്ണ കുട്ടികളിലെ ചോറിക്കും കരപ്പനും പുറമേ പുരട്ടാന്‍ അത്യുത്തമമാണ്. ഉണങ്ങിയ അശോകപ്പൂവ് അരച്ച് തൈരില്‍ സേവിച്ചാല്‍ പഴകിയ അര്‍ശസ്സിനും ശമനമുണ്ടാകും. അശോകക്കുരുവിന്റെ ചൂര്‍ണം കരിക്കിന്‍ വെള്ളത്തില്‍ അരച്ചുകഴിച്ചാല്‍ മൂത്രതടസ്സം ഇല്ലാതാവും. അശോകത്തിന്റെ തൊലി ചതച്ചുപിഴിഞ്ഞു നീരെടുത്ത് പുരട്ടുന്നത് പഴുതാര കുത്തിയതിനും ഉത്തമം.

 

ഇന്ത്യ, ശ്രീലങ്ക, ബര്‍മ്മ എന്നിവിടങ്ങളില്‍, സമുദ്രനിരപ്പില്‍ നിന്നും 750 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെട്ടു വരുന്ന ഒരു നിത്യ ഹരിത പൂമരമാണ്‌ അശോകം. സറാക്കാ അസോകാ (Saraca asoca) എന്നാണ് അശോകത്തിന്റെ രാസ നാമം. കേരളത്തിന്റെ പ്രകൃത്തിയില്‍ ആര്‍ത്തുല്ലസിച്ചു വളരുന്ന, എക്കാലത്തും പൂപിടിക്കുന്ന ഒന്ന്‍. ഇതിന്റെ അരി വീണ് അതില്‍ നിന്നാണ് തൈയ്യുണ്ടാവുക. തെല്ലും പരിചരണം ആവശ്യമില്ലാത്തതുമാണ്. കാണുന്നതു പോലും ശോകത്തെ ഇല്ലാതാക്കും. ഈ കൊടിയ വേനലില്‍ അശോകത്തണലില്‍ നില്‍ക്കുമ്പോഴറിയാം അശോകം ഉഷ്ണശോകത്തെ എങ്ങനെ ശമിപ്പിക്കുന്നുവെന്ന്. അല്‍പ്പം മുറ്റമോ സ്ഥലമോ ഉളള വീട്ടുകാര്‍ക്ക് നിഷ്പ്രയാസം വച്ചു പിടിപ്പിക്കാവുന്നതാണ് അശോകം. ഒന്നുമില്ലെങ്കിലും ഓരോ തവണ കാണുമ്പോഴും അശോകം എന്നോര്‍ക്കുന്നതു തന്നെ മനസ്സിനും ശരീരത്തിനും ഉന്മേഷമാണ്.

Tags: