പരസ്യവിപണിയിലെ ആയുര്‍വേദം

ഡോ. വരുണ്‍ നടരാജന്‍
Fri, 24-02-2017 02:30:15 PM ;

 

കഷായം, ഗുളിക, ചൂര്‍ണ്ണം, വടകം തുടങ്ങി വിവിധ തരത്തിലാണ് ആയുര്‍വേദത്തില്‍ ഔഷധയോഗങ്ങളെ ഉപയോഗിക്കുന്നത്. ഇതില്‍ പല യോഗങ്ങളും സാധാരണ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ളതുമാണ്. ഒരിക്കലും ഒരു വ്യക്തിയോ സ്ഥാപനമോ പരസ്യങ്ങള്‍ നല്‍കിയത് കൊണ്ട് വന്ന പ്രചാരമല്ല അത്. ജനങ്ങളുടെ അനുഭവങ്ങളിലൂടെയാണ് ഓരോന്നും പ്രചാരം നേടിയത്. ആയുര്‍വേദത്തില്‍ രോഗി, വൈദ്യര്‍, ഔഷധം, പരിചാരകര്‍ എന്നിങ്ങനെ പാദചതുഷ്ടയം വിവരിക്കുന്നുണ്ട്. ഈ പാദചതുഷ്ടയം എല്ലാം മികച്ചതാണെങ്കില്‍ ചികിത്സ വേഗം ഫലിക്കും.

 

ഇന്ന്‍ നാം കാണുന്ന പ്രവണത വൈദ്യര്‍ക്കൊന്നും പ്രാധാന്യം നല്‍കാതെ രോഗശമനത്തിനായുള്ള ഔഷധങ്ങള്‍ വിപണി കീഴടക്കുന്നതാണ്. കാലികമായ മാറ്റം നല്ലതാണെങ്കിലും ശാസ്ത്രീയമായ അടിത്തറയെ മാറ്റത്തിന് വിധേയമാക്കിയാല്‍ ശാസ്ത്രത്തിന്റെ നിലനില്‍പ്പ്‌ തന്നെ അവതാളത്തിലാകും. എന്തെല്ലാം മാറിയാലും നമ്മുടെ ശരീരഘടനയുടെ ശാസ്ത്രം മാറാതെ നില്‍ക്കും.

 

പരസ്യങ്ങള്‍ കണ്ട് അതിന് പുറകെ പായുന്ന ഒരു ജനത നമുക്കിടയില്‍ ഉണ്ട്. അവരില്‍ ഭൂരിഭാഗവും വഞ്ചിതരാകുകയാണ്. എന്നാല്‍, ഇവര്‍ വീണ്ടും അടുത്ത പരസ്യത്തിനു പിന്നാലെ പോകുന്നു എന്നത് തികച്ചും വേദനാജനകമാണ്. രോഗം എന്താണെന്നോ ഔഷധം എന്താണെന്നോ അറിയാതെ വൈദ്യനിര്‍ദ്ദേശമില്ലാതെ മരുന്ന് വാങ്ങിക്കഴിക്കാന്‍ ഇന്ന്‍ മലയാളി തയ്യാറാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ആയുര്‍വേദ ലേബലില്‍ മരുന്ന് കച്ചവടം നടത്താമെന്ന് പല കച്ചവടക്കാരും വിതരണക്കാരും ചിന്തിക്കുന്നു. എന്നാല്‍, ഈ അടുത്ത കാലത്താണ് തൊടുപുഴയില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ആയുര്‍വേദ ലേബലിലുള്ള ഉല്‍പ്പന്നം വാങ്ങിക്കഴിച്ച യുവാവ് മരണമടഞ്ഞ വാര്‍ത്ത വന്നത്. അതുപോലെതന്നെ, നമ്മുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പല സ്ഥലങ്ങളിലും ഇത് തുടര്‍ക്കഥയാണ്. നിരക്ഷരായ ജനങ്ങള്‍ പലരും ആയുര്‍വേദ ശാസ്ത്രമെന്ന് തെറ്റിദ്ധരിച്ച് ഇതെല്ലാം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

 

ഈ പരസ്യ അതിപ്രസരം തടയാന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കില്ല. കാരണം, ഇന്ന്‍ മാദ്ധ്യമങ്ങളില്‍ നല്ലൊരു ശതമാനം പരസ്യവും ആയുര്‍വേദ മരുന്ന്‍ കമ്പനികളുടെയാണ്. ഇതിനെല്ലാം തടയിടാന്‍ മാജിക് റെമഡീസ് ആക്റ്റ് നിലവിലുണ്ട്. എന്നാല്‍, അതിലെ സാങ്കേതിക പിഴവുകള്‍ മൂലമോ അല്ലെങ്കില്‍ നിയമം ലംഘിച്ചോ ആണ് മിക്ക പരസ്യവും വരുന്നത്. ഒരിക്കലും അലോപ്പതി ഔഷധങ്ങള്‍ ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കാന്‍ നിലവിലുള്ള നിയമസംവിധാനം അനുവദിക്കില്ല. അധികൃതര്‍ എത്രയും വേഗം തന്നെ പൊതുജനാരോഗ്യ രംഗത്ത് ഉണ്ടായിരിക്കുന്ന ഈ വിപത്ത് മനസിലാക്കി അതിനെ പ്രതിരോധിക്കാന്‍ തയ്യാറാകണം.

 

ആയുര്‍വേദത്തെ ഏത് രീതിയിലും നാശത്തിലേക്ക് നയിക്കുകയാണ് ഈ പരസ്യങ്ങള്‍ ചെയ്യുന്നത്. ലോകത്തിന് ഇന്ത്യയുടെ സംഭാവനകളില്‍ ഒന്നായ ആയുര്‍വേദം ഇന്ന്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. എന്നാല്‍, കൊല്ലം ജില്ലയിലെ ഒരു സ്കൂളില്‍ ഈയിടെ നടത്തിയ സര്‍വേയില്‍ പത്ത് ശതമാനത്തില്‍ താഴെ കുട്ടികള്‍ മാത്രമേ ആയുര്‍വേദം ഉപയോഗിക്കുന്നുള്ളൂ എന്ന്‍ കണ്ടെത്തിയിരുന്നു. നമ്മുടെ പാരമ്പര്യ സ്വത്തായ ആയുര്‍വേദം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്‌. വരും തലമുറയെങ്കിലും പരസ്യത്തില്‍ പെട്ട് വഞ്ചിതരാകാതിരിക്കാനും ശരിയായ ബോധവല്‍ക്കരണം ആവശ്യമാണ്. വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമായ ഔഷധങ്ങള്‍ കഴിക്കാവൂ എന്നത് പ്രധാനമാണ്.


കൊല്ലം നല്ലിലയിലുള്ള ഡോ.പി.നടരാജന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ആയുര്‍വേദ ഭിഷഗ്വരനാണ് വരുണ്‍. Ph: 9495379008         

Tags: