കലാസംവിധാനത്തിലെ കൈപ്പിഴ

പി.കെ ശ്രീനിവാസന്‍
Thursday, October 16, 2014 - 3:00pm

 

സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് കലാസംവിധാനം. സിനിമയുടെ രംഗങ്ങളിൽ 'റിച്ച്‌നസ്' നിലനിർത്തണമെങ്കിൽ കലാസംവിധായകന്റെ സാമീപ്യം കൂടിയേ തീരൂ. അതാണ് പഴയ വിശ്വാസം, അല്ലെങ്കിൽ സങ്കൽപ്പം. ഓരോ രംഗവും കലാസംവിധായകനുമായി ആലോചിക്കാതെ ചിത്രീകരിക്കാത്ത സംവിധായകർ മലയാളത്തിലുണ്ടായിരുന്നു. ഒരിക്കൽ മദ്രാസിലെ മലയാള സിനിമയുടെ സെറ്റുകളിൽ കലാസംവിധായകൻ അനിവാര്യമായിരുന്നു. എന്നാൽ സിനിമാസെറ്റിൽ ആശാരിപ്പണി ചെയ്യുന്നവനാണ് കലാസംവിധായകൻ എന്ന ധാരണയും അന്നൊക്കെ പടർന്നിരുന്നു. സംവിധായകന്റെ നിർദ്ദേശപ്രകാരം മേശയും കസേരയും പിടിച്ചിടുക, ഭിത്തിയിൽ പെയിന്റടിക്കുക, നായികയുടെ ഉറക്കറയിൽ ചിത്രങ്ങൾ സ്ഥാപിക്കുക, പാട്ട്-സ്വപ്ന രംഗങ്ങളിൽ പ്ലാസ്റ്റിക് പൂക്കൾ കെട്ടിത്തൂക്കുക തുടങ്ങിയ സുകുമാരകലകളാണ് കലാസംവിധായകന്റെ പരിധിയിൽപ്പെടുന്ന ചെയ്തികളെന്ന് കോടമ്പാക്കത്ത് പാടിപ്പതിഞ്ഞ കാലത്താണ് കേരളത്തിന്റെ കലാപാരമ്പര്യമറിഞ്ഞ ചിലർ കടന്നുവരുന്നത്. എസ്. കൊന്നനാട്ട്, പി.എൻ മേനോൻ, എസ്. രാധാകൃഷ്ണൻ (ആർകെ), ഭരതൻ തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. ചിത്രകലയോടുളള അഭിനിവേശവും നിറങ്ങളോടുള്ള അകമഴിഞ്ഞ ആരാധനയുമാണ് സിനിമയെ നെഞ്ചിലേറ്റാൻ വിധി അവരെ കോടമ്പാക്കത്തേക്ക് നിയോഗിച്ചത്. അതാകട്ടെ സിനിമയുടെ ദൃശ്യസമന്വയങ്ങൾക്ക് നിമിത്തവുമായി.

 

 

എന്നാൽ നിരുപവദ്രവമായ ചില കാര്യങ്ങൾ കലാസംവിധായന്റെ നട്ടെല്ലൊടിക്കുമെന്നു പറയാനാണ് ഈ കുറിപ്പ്. കലാസംവിധാനരംഗത്ത് സൗമ്യനായി നിന്നുകൊണ്ടു ബഹളങ്ങളില്ലാതെ നിരവധി പുതുമകൾ സൃഷ്ടിച്ച കലാകാരനാണ് ആർകെ എന്നറിയപ്പെടുന്ന എസ്. രാധാകൃഷ്ണൻ. നല്ലൊരു ചിത്രകാരനായ ആർകെ പഠിക്കുന്ന കാലത്തുതന്നെ വാരികകളിലും വാരാന്തപ്പതിപ്പുകളിലും കഥകൾക്കും നോവലുകൾക്കും ചിത്രീകരണം നടത്തിക്കൊണ്ടു ശ്രദ്ധേയനായിത്തീർന്നിരുന്നു. പി. പത്മരാജന്റെ നക്ഷത്രങ്ങളേ കാവൽ ഉൾപ്പെടെയുള്ള നോവലുകൾക്കുവേണ്ടി കുങ്കുമം വാരികയിൽ രാധാകൃഷ്ണൻ വരച്ചിട്ട ചിത്രങ്ങൾ ചരിത്രത്തിന്റെ രേഖകളായി മാറി.

 

പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾക്കുവേണ്ടി രാധാകൃഷ്ണൻ കലാസംവിധായകനായി. ഡിജിറ്റൽ കാലത്തിനുമുമ്പ് നിരവധി ചിത്രങ്ങളില്‍ അത്തരത്തിലുള്ള പരീക്ഷണങ്ങൾ ആവിഷ്കരിക്കാനും അവ വിജയിപ്പിക്കാനും ആർകെക്ക് കഴിഞ്ഞു. ബേബിയുടെ ലിസ പോലുള്ള ഹൊറർ ചിത്രങ്ങൾക്ക് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പോരുന്ന വിധത്തിലുള്ള സീനുകൾ വിഭാവനംചെയ്യാൻ രാധാകൃഷ്ണനായി. ആ ചിത്രത്തിന്റെ വൻവിജയത്തിനു കാരണം കലാസംവിധാനത്തിലെ ട്രിക്കുകളായിരുന്നു. ശങ്കരൻനായരുടെ മദനോൽസവം, വിഷ്ണുവിജയം തുടങ്ങിയ അനേകം ചിത്രങ്ങളുടെ കലാസംവിധായകൻ മാത്രമല്ല പ്രധാന സംവിധാനസഹായിയും ആർകെ ആയിരുന്നു.

 

കലാസംവിധാനത്തിൽ നിന്ന് സംവിധാനത്തിലേയ്ക്കും ആർകെ കടന്നു. കമലഹാസനെ നായകനാക്കി അന്തിവെയിലിലെ പൊന്ന് സംവിധാനം ചെയ്ത ആർകെ തുടർന്ന് ഫുട്ബാള്‍, നിമിഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. മയിൽപ്പീലി എന്ന ചിത്രം പൂർത്തിയാക്കാനായില്ല. സംവിധാനത്തിൽ നിന്നു പിന്തിരിഞ്ഞ ആർകെ കലാസംവിധാനത്തിലും പരസ്യഡിസൈനിംഗിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലം. അരവിന്ദൻ ഉൾപ്പെടെയുള്ള സംവിധായകർ കലയുടെ കാര്യത്തിൽ ആർകെയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക പതിവായിരുന്നു. നല്ലൊരു ചിത്രകാരൻ കൂടിയായ ആർകെ നിരവധി പെയിന്റിംഗുകൾ വരച്ചു പ്രദർശിപ്പിച്ചു.

 

കലാസംവിധാനത്തിനിടയിൽ വ്യക്തികളുടെ പോർട്രയിറ്റുകൾ വരയ്ക്കുന്ന ഏർപ്പാടും ആർകെക്കുണ്ട്. ഈ കലാകാരന്റെ പോർട്രയിറ്റുകൾ പലയിത്തും ശ്രദ്ധേയമായ കാലമായിരുന്നു എൺപതുകൾ. പാലായിൽ നിന്നുവന്ന ഒരു ചലച്ചിത്രനിർമ്മാതാവിനു സമ്പന്നനായിരുന്ന തന്റെ അപ്പന്റെ പടം വരച്ച് വീടിന്റെ വിശാലമായ സന്ദർശകമുറിയിൽ വയ്ക്കണമെന്ന മോഹം. അപ്പന്റെ ചരമവാർഷികത്തിനു അതു സ്ഥാപിക്കാനും തീരുമാനിക്കുന്നു. അതിനായി അയാൾ സമീപിച്ചത് തനിക്കു പരിചയമുള്ള പോർട്രയിറ്റ് സ്പെഷലിസ്റ്റായ ആർകെയേയും. ആർകെ ആകട്ടെ അന്ന് ചിത്രങ്ങളുടെ പരസ്യഡിസൈനിംഗിൽ മുഴുകുന്ന കാലവും. അതുവരെയുള്ള തലവെട്ടിയൊട്ടിക്കൽ പരസ്യങ്ങളിൽ നിന്നു വ്യത്യസ്തമായ മറ്റൊരു രീതി ആവിഷ്കരിച്ചത് രാധാകൃഷ്ണനായിരുന്നു എന്നു കോടമ്പാക്കത്തെ വിളക്കുകാലുകൾ പോലും അടക്കം പറഞ്ഞിരുന്നു. എന്തായാലും നിർമ്മാതാവിന്റെ അപ്പന്റെ പടം വരച്ചുകൊടുക്കാനുള്ള ദൗത്യം ആർകെ ഏറ്റെടുക്കുന്നു.

 

പൊതുവേ ആർകെ അൽപം ഉഴപ്പൻ പ്രകൃതക്കാരനാണെന്ന് ചലച്ചിത്രപ്രവർത്തകർക്കറിയാം. തിരക്കിനിടയിൽ പോർട്രയിറ്റിന്റെ വര പൂർത്തിയാക്കാനായില്ല. ചലച്ചിത്രനിർമ്മാതാവാകട്ടെ ഇടയ്ക്കിടെ വന്നു വരച്ചു തീരാത്ത ചിത്രത്തിന്റെ ഭംഗി നോക്കി സംതൃപ്തനായി മടങ്ങും. സമ്പന്നനായ അപ്പന്റെ സർവസ്വഭാവവും ചിത്രത്തിൽ പ്രതിഫലിപ്പിക്കാൻ ആർകെക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് നിർമ്മാതാവ് വിശ്വസിച്ചു. മാത്രമല്ല, പാലാക്കാരെ ഭയപ്പെടുത്തിയിട്ടുള്ള മീശയും തുറിച്ച കണ്ണുകളും ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ ചിത്രകാരൻ ശ്രദ്ധിച്ചിരിക്കുന്നു. അപ്പന്റെ തടിയൻ ശരീരവും തന്റേടം നിറഞ്ഞ നോട്ടവും ചിത്രകാരൻ കണ്ടിട്ടുണ്ടാവില്ല. പക്ഷേ താൻ കൊടുത്ത ചെറിയൊരു ഫോട്ടോയിൽ നിന്ന് ഇതൊക്ക ഇയാൾ എങ്ങനെ വരച്ചൊപ്പിച്ചുവെന്നും നിർമ്മാതാവ് അത്ഭുതപ്പെടാതിരുന്നില്ല. പോർട്രയിറ്റിന്റെ ഏതാണ്ട് എൺപതു ശതമാനം പണിയും  കഴിഞ്ഞിരുന്നെങ്കിലും നിർമ്മാതാവിനു കൊടുക്കാൻ സമയമായില്ല എന്നായിരുന്ന ആർകെയുടെ വിനീതമായ തോന്നൽ. അതിനാൽ ചിത്രം മുക്കാലിയിൽത്തന്നെ തൂങ്ങിക്കിടന്നു.

 

അക്കാലത്താണ് ആർകെയുടെ ശിഷ്യരിൽ പ്രധാനിയായ കലാസംവിധായകൻ കെ.കെ സുധാകരൻ തന്റെ നേതൃത്വത്തിൽ നടക്കുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പ്രമാണിയായ ഒരുവന്റെ ചിത്രം പരതി നടക്കുന്നത്. രാധാകൃഷ്ണൻ സ്ഥലത്തില്ലാത്തതിനാൽ ചോദിക്കാതെ തന്നെ പാലാക്കാരൻ അച്ചായന്റെ ചിത്രം വടപളനി വാഹിനി സ്റ്റുഡിയോയിലെ സെറ്റിലെത്തി. ചിത്രത്തിന്റെ അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ അച്ചായന്റെ ചിത്രം വീണ്ടും മുക്കാലിയിലെത്തി. ഇതൊന്നുമറിയാത്ത ആർകെ താമസിയാതെ ചിത്രം പൂർത്തിയാക്കി നിർമ്മാതാവിനു കൊടുക്കുകയും ചെയ്തു.  

 

പക്ഷേ മാസം രണ്ടു കഴിഞ്ഞപ്പോൾ അതാ വരുന്നു ആർകെയുടെ ശനിദശ. പാലായിൽ നിന്ന് നിർമ്മാതാവിന്റെ നേതൃത്വത്തിൽ വമ്പിച്ചൊരു റൗഡിസംഘം ചെന്നൈയിൽ ആർകെയുടെ വീട് വളഞ്ഞു. അവർക്ക് വഞ്ചകനായ ആർകെയോടു പ്രതികാരം തീർക്കണം. തന്റെ അപ്പന്റെ പ്രൗഢിയെ കളങ്കപ്പെടുത്തിയ ചിത്രകാരനെ തുറുങ്കിലടയ്ക്കണമെന്നാണ് നിർമ്മാതാവ് ആക്രോശിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിൽ തന്റെ അപ്പനെ കൊള്ളക്കാരനും തെമ്മാടിയുമായി ചിത്രീകരിച്ചിരിക്കുന്നു. ആരാണ് ഇതംഗീകരിച്ചുകൊടുക്കുക? നായകൻ ആ ചിത്രത്തിൽ നോക്കി പറയുന്ന കാര്യങ്ങൾ സ്നേഹസമ്പന്നനായ ഒരു മകനു കേട്ടിരിക്കാനാകുമോ? ചിത്രം പൂർണമായി കാണാനുള്ള ശേഷിയില്ലാതെയാണ് അയാൾ തിയേറ്റർ വിട്ടതും ചെന്നൈയ്ക്ക് സംഘം ചേർന്ന് വണ്ടികയറിയതും. ചിത്രത്തിൽ വില്ലന്റെ അച്ഛന്റെ ഫോട്ടോയുടെ സ്ഥാനത്ത് തൂങ്ങിക്കിടന്നത് നിർമ്മാതാവിന്റെ അപ്പന്റെ പോർട്രയിറ്റ്! അരുമ ശിഷ്യൻ സുധാകരൻ വരുത്തിവച്ച വിന. കോടമ്പാക്കത്തെ ആർകെയുടെ വീട് യുദ്ധക്കളമാകാൻ പോകുന്നു! ആർകെയുടെ ചില സുഹൃത്തുക്കൾ ഇടപെട്ടതിനാൽ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചില്ല. 

 

സമാധാനപ്രിയനായ ആർകെയുടെ നിസ്സഹായത മനസ്സിലാക്കിയ നിർമ്മാതാവും സംഘവും അരിശത്തോടെ സുധാകരനെ അന്വേഷിച്ചിറങ്ങി. കോടമ്പാക്കത്തെ സർവ സ്റ്റുഡിയോകളും അരിച്ചുപെറുക്കിയിട്ടും ആ കലാസംവിധായകന്റെ പൊടിപോലും കിട്ടിയില്ല. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ സുധാകരൻ ചാലക്കുടിയിലേക്ക് വണ്ടി കയറിയിരുന്നു.

 

പിൻകുറി:  ഇന്നത്തെ ടിവി പരമ്പരകളിൽ ഭിത്തികളിൽ ഫോട്ടോകൾ തൂങ്ങിയാൽ താരങ്ങൾ പ്രതിഫലം കൂടുതൽ ചോദിച്ചെന്നു കരുതണമെന്ന് ഒരു സുഹൃത്തു പറഞ്ഞപ്പോൾ മറ്റൊരു ഫോട്ടോപുരാണം മനസ്സിലെത്തി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു തെലുങ്ക് ചിത്രത്തിന്റെ സെറ്റിൽ പ്രായമുള്ള മുത്തശ്ശന്റെ ചിത്രം വേണം. നായകന്റെ മുത്തശ്ശനാകാൻ പറ്റിയ 'ഫിഗറാ'യിരിക്കണം. മുത്തശ്ശൻ വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയി. നരച്ച താടിയും പക്വത തോന്നിപ്പിക്കുന്ന മുഖവുമൊക്കെ മുത്തശ്ശന്റെ ചിത്രത്തിനു വേണമെന്നാണ് സംവിധായകന്റെ നിർദ്ദേശം. കലാസംവിധായകന്റെ സഹായി എത്ര അന്വേഷിച്ചിട്ടും അത്തരത്തിലൊരു ഫോട്ടോ കിട്ടിയില്ല. ഒടുവിൽ തൊഴിൽ നഷ്ടപ്പെടുമെന്നായപ്പോൾ സഹായി നേരേ ബർമ്മാ ബസ്സാറിലെ ഫോട്ടോ ഫ്രെയിം കടകളിൽ കയറിയിറങ്ങി. അതാ ഒരുഗ്രൻ ചിത്രം! സംവിധായകന്റെ മനസ്സിലിരിപ്പ് ഇതുതന്നെ. ചിത്രം സെറ്റിലെത്തിച്ചു. സംവിധായകനു പെരുത്തു ഇഷ്ടവുമായി. അതുവച്ചു ചിത്രം പൂർത്തിയാക്കി. അന്നൊക്കെ തെലുങ്ക് ചിത്രങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുമായിരുന്നു. ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിലുമെത്തി. നായകന്റെ ഭിത്തിയിൽ തൂങ്ങുന്ന മുത്തശ്ശന്റെ ചിത്രം കണ്ട മലയാളിപ്രേക്ഷകർ അന്തംവിട്ടു. സാക്ഷാൽ ശ്രീനാരായണഗുരു!


മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.

Tags: