ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുമ്പോള്‍

Glint Staff
Thursday, March 17, 2016 - 5:14pm

 

 

സ്വന്തം ശക്തി പോലും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയിലേക്ക് സി.പി.ഐ.എം മാറുന്ന കാഴ്ചയാണ് സ്ഥാനാർഥി നിർണ്ണയത്തിലെ പാർട്ടിയുടെ പരിഗണനകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പൊതുവെ ആലപ്പുഴ ജില്ലയിലേയും പ്രത്യേകിച്ചും കായംകുളത്തേയും ചെങ്ങന്നൂരിലേയും സ്ഥാനാർഥി നിർണ്ണയം. മതേതര സ്വഭാവമുള്ള സി.പി.ഐ.എം നേതാക്കളാണ് ഡോ. ടി.എം തോമസ് ഐസക്കും ജി. സുധാകരനുമൊക്കെ. എന്നാൽ, സ്ഥാനാർഥി നിർണ്ണയത്തിന്റെ കാര്യം വരുമ്പോൾ ഇവരടക്കമുള്ളവര്‍ ക്രിസ്ത്യാനിയും നായരും മുസ്ലീമുമൊക്കെ ആവുന്നു. ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുമ്പോള്‍ ആര്‍ക്കും പക്ഷെ, ഇണ്ടലില്ല, സി.പി.ഐ.എമ്മില്‍.

 

ആലപ്പുഴ ജില്ലയിലെ സി.പി.ഐ.എം മത്സരിക്കുന്ന ആറു മണ്ഡലങ്ങളിൽ നാലെണ്ണത്തിൽ സ്ഥാനാർഥികൾ തർക്കരഹിതമായി പ്രഖ്യാപിക്കപ്പെട്ടു. ആലപ്പുഴയില്‍  തോമസ് ഐസക്ക്, അമ്പലപ്പുഴയിൽ ജി. സുധാകരൻ, അരൂരിൽ എ.എം ആരിഫ്, സംവരണ മണ്ഡലമായ മാവേലിക്കരയിൽ ആര്‍. രാജേഷ്. നാല് സീറ്റിന്റെ കാര്യം കഴിഞ്ഞപ്പോഴാണ് ആലപ്പുഴയിൽ സ്ത്രീകൾക്കും ഈഴവർക്കും പ്രാതിനിധ്യം ആയിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. കായംകുളം സീറ്റിൽ അതിനാൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയിൽ ഈഴവ സമുദായത്തിൽ പെട്ട വനിതയെ നിർത്താൻ തീരുമാനിച്ചു. അങ്ങനെയാണ് കായംകുളത്ത് രജനി ജയദേവ് സ്ഥാനാർഥിയാകുന്നത്.

cpim flag

 

ഒരു വെടിയ്ക്ക് ഒന്നിലേറെ പക്ഷികള്‍ വീഴുന്ന ഒരു നീക്കമായി പാര്‍ട്ടിയ്ക്കകത്ത് മാറിയിരിക്കുകയാണ് ഇത്. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം വി.എസ് പക്ഷക്കാരനും നിലവിലെ എം.എല്‍.എയുമായ സി.കെ സദാശിവനെ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. നിലവില്‍ സി.പി.ഐ.എം പ്രതിനിധിയായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റാണെങ്കിലും എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുകയും ഇപ്പോള്‍ എന്‍.ഡി.എ ഘടകകക്ഷിയുമായ ബി.ഡി.ജെ.എസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന്റെ സഹോദരഭാര്യ കൂടിയാണ് രജനി. ജില്ലയിലെ നേതൃത്വത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണ് രജനിയുടെ ഈ ബന്ധുത്വം. ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന്‍ കടുത്ത എതിര്‍പ്പും പരസ്യമായി ഉയര്‍ന്നു.

 

g sudhakaranആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയുടെ നിയന്ത്രണം കയ്യടക്കിയിരിക്കുന്ന ജി. സുധാകരനാണ് രജനിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്നും ഇതിലൂടെ അമ്പലപ്പുഴയിലെ തന്റെ വിജയത്തിന് എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുകയുമാണ് സുധാകരന്‍ ചെയ്യുന്നതെന്നുമാണ് ആരോപണം. സി.പി.ഐ.എം സംസ്ഥാന നേതൃത്വം രജനിയെ മാറ്റിയാല്‍ പോലും എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിന്റെ പിന്തുണ അമ്പലപ്പുഴയില്‍ സുധാകരന്‍ ഈ നീക്കത്തിലൂടെ ഉറപ്പിച്ചതായി കരുതാം. ബി.ജെ.പി നിയമസഭയില്‍ സീറ്റ് നേടുന്നത് തടയാന്‍ സി.പി.ഐ.എം അരയും തലയും മുറുക്കുന്നതിനിടയിലാണ് ബി.ജെ.പി സഖ്യകക്ഷിയോട് ഈ മൃദുസമീപനം ആലപ്പുഴയിലെ നേതൃത്വം സ്വീകരിക്കുന്നത്.  

 

ബി.ജെ.പിയുടെ പി. ശ്രീധരൻ പിള്ള മത്സരിക്കുന്ന ചെങ്ങന്നൂരിൽ ശക്തിയായ ത്രികോണ മത്സരമാണ് ജില്ലാ നേതൃത്വം കാണുന്നത്. ബി.ജെ.പിയുടെ ശ്രീധരൻ പിള്ളയും യു.ഡി.എഫിന്റെ പി.സി വിഷ്ണുനാഥും നായർ സമുദായത്തിൽ പെട്ടവരായതിനാൽ ക്രിസ്ത്യാനികൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഇടതുപക്ഷത്തുനിന്ന് ഒരു ക്രിസ്ത്യാനി മത്സരിച്ചാൽ ജയസാധ്യത ഉണ്ടെന്നാണ് ജില്ലാ കമ്മറ്റി വിലയിരുത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറി സജി ചെറിയാനെ ജില്ലാ കമ്മറ്റി അവിടേക്ക് സഥാനാർഥിയായി നിർദ്ദേശിക്കപ്പെടുകയും ചെയ്തു. എന്നാൽ സംസ്ഥാനക്കമ്മറ്റി മൂന്നു നായർ സമുദായക്കാർ തമ്മിൽ മാറ്റുരയ്ക്കട്ടെ എന്ന തീരുമാനമെടുത്തു. അങ്ങനെയാണ് കെ.കെ. രാമചന്ദ്രൻ നായർ അവിടെ ഇടതുപക്ഷ സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടത്.

 

സി.പി.ഐ.എം എന്ന പാര്‍ട്ടിയ്ക്ക് കേരള സമൂഹത്തില്‍ ഇനി നിര്‍വ്വഹിക്കാനുള്ളത് എന്ത് ദൗത്യമാണ് എന്ന ലളിതമല്ലാത്ത ചോദ്യം ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒരിക്കല്‍ക്കൂടി ഉയര്‍ത്തുന്നുണ്ട്.

 

കേരളത്തിൽ മതതരത്വം എപ്പോഴും ഉച്ചരിക്കുകയും വർഗ്ഗീയതയ്‌ക്കെതിരെയും  നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും സന്ധിയില്ലാ സമരം ചെയ്യുമെന്ന് ആണയിട്ടുകൊണ്ടുമിരിക്കുന്നത് സി.പി.ഐ.എമ്മാണ്. ആ പാർട്ടി സ്ഥാനാർഥി നിർണ്ണയ കാര്യം വന്നപ്പോൾ രാഷ്ട്രീയ ഘടകങ്ങളെയൊക്കെ അവഗണിച്ചുകൊണ്ട് സമുദായത്തെ ആധാരമാക്കിയ കാഴ്ചയാണ് ആലപ്പുഴയിൽ കണ്ടത്. ഈ മാനദണ്ഡം ആലപ്പുഴയിൽ മാത്രമായി ഒതുങ്ങുന്നുമില്ല. എറണാകുളത്ത് ലത്തീന്‍ കത്തോലിക്കാ സഭയാണ് ഫലത്തില്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ കത്തോലിക്കാ സഭയുടെ സ്ഥാനാര്‍ഥിയെ ഇടുക്കി ലോകസഭാ തെരഞ്ഞെടുപ്പ് മാതൃകയില്‍ പാര്‍ട്ടി പിന്തുണക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. സംസ്ഥാനത്തെ സീറ്റു നിർണ്ണയത്തിൽ സാമുദായിക ഘടകം എത്രത്തോളം സി.പി.ഐ.എമ്മില്‍ ശക്തമായിരിക്കുന്നു എന്ന്‍ ഇവ ചൂണ്ടിക്കാട്ടുന്നു.

 

ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് കപടനാട്യം. തെരഞ്ഞെടുപ്പ് വിജയം എന്ന ഒറ്റ യുക്തിയില്‍ വിരോധാഭാസങ്ങള്‍ സാധാരണമാകുന്ന രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഇതില്‍ പുതുമ തോന്നാനില്ലെങ്കിലും സി.പി.ഐ.എം എന്ന പാര്‍ട്ടിയ്ക്ക് കേരള സമൂഹത്തില്‍ ഇനി നിര്‍വ്വഹിക്കാനുള്ളത് എന്ത് ദൗത്യമാണ് എന്ന ലളിതമല്ലാത്ത ചോദ്യം ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒരിക്കല്‍ക്കൂടി ഉയര്‍ത്തുന്നുണ്ട്. ഇതേ സമീപനം സ്വീകരിച്ച കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ ഫലം ഒരു സൂചനയാണെങ്കില്‍ സി.പി.ഐ.എമ്മിന് അധികം വൈകാതെ തന്നെ ഈ ചോദ്യത്തെ ഗൗരവമായി നേരിടേണ്ടി വരും.   

Tags: