മറ്റുള്ളവരെ കൈകാര്യം ചെയ്യാനുള്ളതിന്റെ വ്യാകരണവഴി

Glint Guru
Fri, 22-07-2016 03:10:27 PM ;

 

ഏഴു വർഷത്തോളം പ്രവൃത്തിപരിചയമുള്ള ഐ.ടി പ്രൊഫഷണൽ. ഒരു വൻകിട അന്താരാഷ്ട്ര കമ്പനിയിലെ മെച്ചപ്പെട്ട ഉദ്യോഗം ഉപേക്ഷിച്ച് താരതമ്യേന പുതുതായ ഒരു തദ്ദേശീയ കമ്പനിയിൽ ജോലിക്കു ചേർന്നു. തീർച്ചയായും ഈ എഞ്ചിനീയറുടെ താൽപ്പര്യമേഖലയും കൂടുതൽ മെച്ചപ്പെട്ട ശമ്പളവുമാണ് ആ തീരുമാനത്തിലേക്ക് ഇദ്ദേഹത്തെ നയിച്ചത്. ശമ്പളത്തേക്കാളുപരി താൽപ്പര്യമേഖല ലഭിച്ചതിനാൽ. പോരാത്തതിന് അയൽ സംസ്ഥാനത്തു നിന്നുമാറി കേരളത്തില്‍ തന്റെ തന്നെ വീട്ടിൽ നിൽക്കുകയും ചെയ്യാം. ധാരാളം കരാറുകൾ ഈ പുതിയ കമ്പനിക്കു കിട്ടുന്നുണ്ട്. ആഴ്ചയിൽ അഞ്ചു ദിവസം ജോലി. എല്ലാം കൊണ്ടും വളരെ യോജിച്ച സാഹചര്യങ്ങൾ. അദ്ദേഹം നാട്ടിലേക്കെത്തിയപ്പോൾ പലരും കൗതുകരൂപേണ കളിയാക്കുകയുണ്ടായി. കാരണം, പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയുളള അദ്ദേഹം നന്നായി തടിച്ചിട്ടാണ് നാട്ടിലെത്തിയിരിക്കുന്നത്. അതുവരെ പ്രവൃത്തിച്ചിരുന്ന ബഹുരാഷ്ട്രക്കമ്പനിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ യഥേഷ്ടം ഭക്ഷണവും സൗജന്യമായി ലഭ്യമായിരുന്നു. അതും നക്ഷത്ര ഹോട്ടലിലേതിനു സമാനമായ ഭക്ഷണം. നാട്ടിലെത്തി അധികം താമസിയാതെ തന്നെ അദ്ദേഹം ശോഷിച്ചു തുടങ്ങി. അതും അമ്മ പാചകം ചെയ്യുന്ന ഭക്ഷണം കഴിച്ചിട്ടും.

 

നാട്ടിൽ ജോലി ചെയ്ത് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഭക്ഷണം കഴിക്കാൻ തന്നെ ബുദ്ധിമുട്ടുപോലെ തോന്നിത്തുടങ്ങി. ദഹനക്കേടായിരിക്കുമെന്നു കരുതി നാടൻ പ്രയോഗങ്ങളും അത്യാവശ്യം ഗ്യാസിനുളള മരുന്നുമൊക്കെ പ്രയോഗിച്ചുകൊണ്ട് ജോലിക്കുപോക്ക് തുടർന്നു. അധികം കഴിയുന്നതിനു മുൻപുതന്നെ അദ്ദേഹത്തിന് ഛർദ്ദിയും വയറിളക്കവും പിടിപെട്ടു. ഏത് ഭക്ഷണം കഴിച്ചാലും ഛർദ്ദിക്കുന്ന അവസ്ഥ. ആരോഗ്യവും നഷ്ടപ്പെട്ടു. ഓഫീസിൽ പോക്കും മുടങ്ങിത്തുടങ്ങി. അദ്ദേഹം താമസിക്കുന്ന നഗരത്തിലെ മുന്തിയ ആശുപത്രിയിലെത്തി വിദഗ്ധമായ പരിശോധനകൾ നടത്തി. എൻഡോസ്‌കോപ്പി ഉൾപ്പടെ. പ്രത്യോകിച്ച് രോഗമൊന്നുമില്ല. മാനസിക സമ്മർദ്ദം മൂലമാണ് ഈ രോഗലക്ഷണങ്ങളെന്ന് ഡോക്ടർ വിധിയെഴുതി. ഛർദ്ദിയും വയറിളക്കവും ഉണ്ടാവുമ്പോൾ അതു നിയന്ത്രിക്കാനുള്ള മരുന്നും കൊടുത്തു. അതുകൊണ്ടും അവിവാഹിതനായ ഈ യുവ പ്രൊഫഷണലിന്റെ രോഗത്തിന് കുറവുണ്ടായില്ല. രോഗമൊന്നുമില്ല എന്നറിഞ്ഞതിലുള്ള സമാധാനം തെല്ലൊരു ആശ്വാസമായി.

 

ഛർദ്ദിയ്ക്കും വയറ്റിളക്കത്തിനുമുള്ള അലോപ്പതി മരുന്ന്‍ കൂടുതൽ അവശതയിലേക്ക് നയിച്ചതിനാൽ അദ്ദേഹം ആയുർവേദ ഡോക്ടറെ അഭയം പ്രാപിച്ചു. ആ ഡോക്ടറും കണ്ടെത്തിയ രോഗകാരണം ഇദ്ദേഹത്തിന്റെ മാനസിക സമ്മർദ്ദമാണ്. അതിനാൽ മാനസമിത്രം ഗുളിക ഉൾപ്പടെയുള്ള മരുന്നും പഥ്യങ്ങളും നിർദ്ദേശിച്ചുകൊണ്ടുള്ള ചികിത്സ ആരംഭിച്ചു. അതാവട്ടെ ലീവെടുത്തും. ലീവിലാണെങ്കിലും അദ്ദഹത്തിന് ഇടവിട്ട് ഓഫീസിൽ നിന്ന് വിളികൾ വന്നുകൊണ്ടിരുന്നു. ഓരോ പ്രോജക്ടുകൾ തീർക്കുന്നതു സംബന്ധിച്ച്. ഇദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ചിലരും സമാനമായ മാനസിക സമ്മർദ്ദം നേരിടുന്നുണ്ട്. അതിനാൽ അവരും ഇദ്ദേഹത്തെ വിളിച്ച് പ്രൊജക്ട് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും പ്രൊഡക്ട് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും തങ്ങളുടെ ലീഡിനോട് പറയേണ്ട കാര്യങ്ങളും ഇദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നിരുന്നാലും വിശ്രമമെടുത്തുകൊണ്ട് വീട്ടിലിരുന്നുള്ള മരുന്നുകഴിപ്പ് അദ്ദേഹത്തിൽ ചില അനുകൂല മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്.

 

ഓഫീസിൽ നിന്നുള്ള സഹപ്രവർത്തകനുമായുള്ള സംഭാഷണത്തിനു ശേഷം അദ്ദേഹം കുറേ നേരം ആലോചനയിൽ മുഴുകി. എന്നിട്ട് ഉള്ളിൽ നിന്ന് അറിയാതെ പൊന്തിവന്നവണ്ണം അദ്ദേഹം ചോദിച്ചു, 'എങ്ങിനെയാണ് ആൾക്കാരെ ഹാൻഡിൽ ചെയ്യുക'. ആ ചോദ്യം കേട്ട മാത്രയില്‍ അറിയാതെ പൊട്ടിച്ചിരി വന്നുപോയി. കാരണം ലോകോത്ഭവം മുതൽ മനുഷ്യർ നേരിടുന്ന പ്രശ്നമാണ്. അത് പല രൂപത്തിൽ വീട്ടിലും നാട്ടിലും മനുഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്നു. വ്യക്തികൾ തമ്മിലും രാജ്യങ്ങൾ തമ്മിലും രാജ്യത്തിനകത്തും എല്ലാമുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണവും അതു തന്നെ. ആ പൊട്ടിച്ചിരി കണ്ട് അദ്ദേഹം സഗൗരവം പറഞ്ഞു, തമാശയായി ചോദിച്ചതല്ലെന്ന്. അതു കേട്ടപ്പോൾ ചിരി കൂടുകയാണ് ചെയ്തത്. അപ്പോൾ ഉത്തരമായി ഇവ്വിധം ചിരിച്ചാൽ ആൾക്കാരെ കൈകാര്യം ചെയ്യാവുന്നതേ ഉള്ളു എന്ന് മറുപടി നൽകി. അതും അദ്ദേഹത്തിന് തമാശയായി തോന്നി. ശരിയാണ് കാരണം അദ്ദേഹം ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നത്തിന്റെ കാരണത്തിന്റെ മേൽ നിന്നുകൊണ്ടാണ് ആ ചോദ്യം ഉന്നയിച്ചത്. അപ്പോൾ യുവാവിനോട് ചില ചോദ്യങ്ങൾ ചോദിച്ചു.

 

ചോദ്യം: ഇപ്പോൾ ആരെയാണ് ഹാൻഡിൽ ചെയ്യേണ്ടത്?

ഉത്തരം: ഓഫീസിൽ തന്നെ. ഞങ്ങളുടെ ലീഡിന്റെ കാര്യം .

ചോ: ഇപ്പോൾ അടിയന്തര പ്രശ്നമെന്താണ്?

ഉ: നാൽപ്പതു ദിവസം കൊണ്ട് തീർക്കേണ്ട പ്രൊജക്ട് വെറും പതിനഞ്ചു ദിവസം കൊണ്ട് തീർക്കണമെന്ന് ആവശ്യപ്പെടുന്നു. അയാൾക്ക് പറയുന്ന കാര്യം മനസ്സിലാകുന്നില്ല. അത്രയും പെട്ടന്നു പ്രൊജക്ട് തീർത്താൽ ബഗ്ഗുകൾ ഉണ്ടാകും. എത്ര പറഞ്ഞിട്ടും അതു മനസ്സിലാകുന്നില്ല. ഒരു പ്രൊഡക്ട് എപ്പോഴും വിജയകരമായി പൂർത്തിയാകുന്നത് അതിന്റെ ഡിസൈൻ കുറ്റമറ്റതാകുമ്പോഴാണ്. അതു പറഞ്ഞിട്ട് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. ബഗ്ഗുകൾ ഉണ്ടായിക്കോട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.

ചോ: അദ്ദേഹം പറയുന്ന മാതിരി പതിനഞ്ചു ദിവസം കൊണ്ട് പ്രൊജക്ട് തീർക്കാൻ പറ്റുമോ?

ഉ: അതു പറ്റും. പക്ഷേ ബഗ്ഗുകൾ ഉറപ്പായും ഉണ്ടാകും.

ചോ: അദ്ദേഹത്തിന് അതു മനസ്സിലാകാത്തതല്ലേ പ്രശ്നം. ഏതു കാര്യവും മനസ്സിലാകണമെങ്കിൽ അതു ബോധ്യമാകേണ്ടേ. ഭാഷയുടെ കാര്യം പോലെ കാര്യങ്ങൾ മനസ്സിലാകുന്നതിനും ഒരു ഭാഷയുണ്ട്. അദ്ദേഹം ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ?

ഉ: അയാൾ പറയുന്നത് ശരിയല്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്തത്.

ചോ: അദ്ദേഹം മാനേജ്‌മെന്റിന്റെ ആവശ്യമല്ലേ ഉന്നയിക്കുന്നത്?

ഉ: അതേ. ഞങ്ങളും മാനേജ്‌മെന്റിനു വേണ്ടിത്തന്നെയാണ് കാര്യങ്ങൾ പറയുന്നത്.

ചോ: അദ്ദേഹത്തിന് അതു മനസ്സിലാകുന്നില്ല. നിങ്ങളുടെ ഭാഷ അഥവാ സംഭാഷണ വ്യാകരണം അദ്ദേഹത്തിന് സ്വീകാര്യമാകുന്നില്ല. അദ്ദേഹത്തിന്റെ നിങ്ങൾക്കും മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ ആ സ്ഥാപനത്തിലെ നിലനിൽപ്പും കയറ്റവുമൊക്കെ റിസൾട്ടുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ എത്രയും പെട്ടന്ന് അതുണ്ടാക്കാൻ നിർബന്ധിക്കുന്നു. മാനേജ്‌മെന്റിനും അതായിരിക്കും താൽപ്പര്യം. കുറഞ്ഞ സമയം കൊണ്ട് പ്രൊഡക്ടുകൾ നൽകി കൂടുതൽ കരാറുകൾ നേടുകയും അതുവഴി കൂടുതൽ വരുമാനം ഉണ്ടാക്കുകയും ചെയ്യുക. ആ ഉദ്ദേശ്യത്തോടെയാകും നിങ്ങളെ കൂടുതൽ ശമ്പളം തന്ന് ജോലിയിൽ എടുത്തത്. അല്ലാതെ നിങ്ങൾ പറയുന്നതു പോലെ ജോലി ചെയ്യാനാണോ?

ഉ: അതല്ല. എന്നിരുന്നാലും അറിയാവുന്ന കാര്യം ബോധപൂർവ്വം ചെയ്യാതിരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നതും പ്രൊഫഷന് യോജിച്ചതാണോ?

ചോ: ഉത്തരം, അല്ല എന്നതു തന്നെ. ഇപ്പോൾ പ്രശ്നം നിങ്ങൾക്ക് പരസ്പരം സ്വീകരിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന് നിങ്ങൾ എന്തു പറഞ്ഞാലും അതു മുട്ടാപ്പോക്ക് ന്യായം പറയുന്നതായി അനുഭവപ്പെടുന്നു. അതിനു പുറമേ അദ്ദേഹത്തിന് നിങ്ങൾ പറയുന്ന വശം അറിയില്ല എന്നുകൂടി സ്ഥാപിക്കുമ്പോൾ അദ്ദേഹത്തിന് പണി അറിയില്ല എന്നുകൂടി നിങ്ങൾ സമർഥിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ടാകും. നിങ്ങളെ അദ്ദേഹത്തിന് സ്വീകാര്യമാക്കുക എന്നതാണ് ആദ്യം വേണ്ടത്.

ഉ: അതിനെന്താണ് വഴി?

ചോ: അതിനൊരു വഴിയേ ഉള്ളു. ഈ ലോകത്ത് ആരു വിചാരിച്ചാലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമേ ഉള്ളു. മറ്റൊരാളെ ശരിയാക്കുക അല്ലെങ്കിൽ നമ്മൾ വിചാരിച്ചപോലെ നേരേയാക്കുക. നിങ്ങൾ ശരിയാണെന്നു ഉറച്ചു വിശ്വസിക്കുകയും മറ്റേയാൾ തെറ്റാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതിനാലാണത് സംഭവിക്കുന്നത്. അത് നിങ്ങളുടെ പ്രശ്നമാണ്. അതൊരു രോഗം പോലുള്ള അവസ്ഥയാണ്. നമ്മളും ശരിയായിരിക്കാം. മറ്റുള്ളവരും ശരിയായിരിക്കാം. നമ്മൾ ശരിയാണെന്നു തോന്നുന്ന പക്ഷം നാം ചെയ്യുന്നത് മറ്റുളളവരെ തള്ളിക്കളയലാണ്. ആരാണ് അത് സ്വീകരിക്കുന്നത്? വിശേഷിച്ചും നിങ്ങളുടെ മാനേജരാകുമ്പോൾ.

ഉ:അതു ശരിയാണ്.

ചോ: അതു തിരിച്ചറിയുന്നുവെങ്കിൽ സംഗതി എളുപ്പമാണ്. നമ്മൾക്ക് മാറ്റാവുന്ന ഒരാളേ ഉള്ളു. അതു നമ്മളെത്തന്നെയാണ്. അദ്ദേഹം പറയുന്നതും ഒന്നു ശ്രദ്ധിച്ചു നോക്കൂ. അദ്ദേഹവും ഐ.ടി വിദ്യ അറിയാവുന്ന ആളാണ്. അദ്ദേഹത്തോടു മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിനു മാത്രമേ അറിയാവു. ആദ്യം അദ്ദേഹത്തെ നിങ്ങൾ സ്വീകരിക്കുക.

ചോ: അതെങ്ങനെ?

ഉ: ഈ പ്രശ്നം ഏതു സ്ഥാപനത്തിൽ പോയാലും ഉണ്ടാകും. അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ വലിയ എതിർപ്പില്ലാതെ അതുപോലെ ചെയ്തു കൊടുക്കുക. ഒപ്പം ഉണ്ടാകാനിടയുള്ള ബഗ്ഗുകളുടെ കാര്യവും ശ്രദ്ധയിൽ പെടുത്തിയേക്കുക. പറ്റുമെങ്കിൽ അദ്ദേഹം പറയുന്ന സമയത്തിനുള്ളിലോ അതിനുമുൻപോ ചെയ്തു തീർക്കാൻ കഴിയുകയും അദ്ദേഹവുമായുള്ള നിങ്ങളുടെ ഇടപെടൽ സൗഹാർദ്ദപരം ആകുകയും ചെയ്താൽ അതു സാധ്യമാകും. അദ്ദേഹം നിങ്ങളെ സ്വീകരിക്കും. നിങ്ങളെ സ്വീകരിക്കും എന്നു വെച്ചാൽ നിങ്ങൾ പറയുന്നതു സ്വീകരിക്കും എന്നു തന്നെ. ക്രമേണ അദ്ദേഹത്തെ നിങ്ങളുടെ ഭാഗം പറഞ്ഞു മനസ്സിലാക്കുകയും ആ ചിന്താരീതിയിലേക്ക് കൊണ്ടുവന്നാൽ അദ്ദേഹത്തിന് അത് മാനേജ്‌മെന്റിനേയും ബോധ്യപ്പെടുത്താൻ സാധിക്കും. പറയുന്ന സമയത്തിനുള്ളില്‍ പ്രൊജക്ട് തീർക്കുന്ന മാനേജരാണെന്നുളള അവസ്ഥ അദ്ദേഹത്തിന് മാനേജ്‌മെന്റിനു മുന്നിലുണ്ടായാൽ അദ്ദേഹവും മാനേജ്‌മെന്റിന് സ്വീകാര്യനാകും. ഗുണമേൻമയുള്ള പ്രൊഡക്ട് നിർമ്മിക്കുന്ന സ്ഥാപനമായി നിങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനം മാറും. നിങ്ങൾക്കങ്ങനെ നല്ല വിശ്വാസ്യതയും ബ്രാൻഡ് വാല്യുവുമുള്ള കമ്പനിയായി അതിനെ ഉയർത്താനും കഴിയും. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പ്രൊഫഷൻ ഏറ്റവും ഉദാത്തമായ രീതിയിൽ പ്രാവർത്തികമാക്കാൻ പറ്റും. സ്ഥാനത്തിന്റെ കാര്യത്തിലായാലും വരുമാനത്തിന്റെ കാര്യത്തിലായാലും ഉയർച്ചയുണ്ടാകും. ആരോഗ്യവും മെച്ചപ്പെടും.

ചോ: അതു ശരിയാണ്. നമ്മൾ ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ്. അതു നമ്മൾക്കു തന്നെയേ മാറ്റാൻ പറ്റുകയുള്ളു.

ഉ: അപ്പോൾ ആര് ആരെ കൈകാര്യം ചെയ്യണം?

 

അതു കേട്ടപ്പോൾ ആ യുവ പ്രൊഫഷണൽ അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ആ പൊട്ടിച്ചിരി കണ്ടാൽ ആരും പൊട്ടിപ്പൊട്ടിച്ചിരിച്ചുപോകും.