മായാത്ത കാഴ്ചപ്പാടുകൾ

കെ.ജയപ്രകാശ്
Mon, 06-05-2013 04:00:00 PM ;

ഏറെ നാൾ മുൻപ്, മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഗൗരിയമ്മയെക്കുറിച്ച് ജോയി (ജോയി വർഗ്ഗീസ്) എഴുതിയ കുറിപ്പിന്റെ അവസാനഭാഗവും വന്നപ്പോൾ ഞാൻ ജോയിയെ വിളിച്ച് കുറിപ്പുകൾ പുസ്തകമാക്കിയാല്‍ കൊള്ളാമെന്ന്‍ പറഞ്ഞു. ഞായറാഴ്ചയുടെ ആലസ്യത്തില്‍, ഏതോ ഒരു സുഹൃത്തുമായി കഴിഞ്ഞ ആറു ദിവസങ്ങളിലെ പത്രപ്രവർത്തനത്തിന്റെ ക്ഷീണം അലിയിച്ചുതീർക്കുകയായിരുന്നു ജോയി. കുറിപ്പുകൾ തകർപ്പൻ എന്ന് ഞാൻ പറഞ്ഞതിന്റെ ആഹ്ലാദം ജോയിയുടെ ശബ്ദത്തില്‍ നിറഞ്ഞുനിന്നിരുന്നു. 'ജെ.പി, എങ്ങിനെയുണ്ട്, കൊള്ളാമോ സംഗതി? പുസ്തകമാക്കണമെന്ന്‍ എനിക്കും ആഗ്രഹമുണ്ട്. നമുക്ക് നോക്കാം' എന്ന്‍ പറഞ്ഞ് ജോയി ആഘോഷങ്ങളിലേക്കു മടങ്ങി.

 

അപൂർവ്വമായി ആലപ്പുഴയിലെ തെരുവുകളിലെവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോള്‍, കരിയും പുകയും പിടിച്ച, മൊരിഞ്ഞ പരിപ്പുവടയുടെ മണം തങ്ങിനില്‍ക്കുന്ന ഏതെങ്കിലും ചായപ്പീടികയില്‍ ചായ കുടിച്ച് പിരിയുമ്പോഴും, ഫോണില്‍ വിളിക്കുമ്പോഴും ഞാൻ സംഭാഷണം അവസാനിപ്പിക്കുക പുസ്തകത്തെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ടായിരിക്കും. അപ്പോഴൊക്കെ ജോയി പറയും, 'മാതൃഭൂമി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിക്കാമെന്ന്‍ പറഞ്ഞിട്ടുണ്ട്. കുറച്ചുകൂടി സാധനങ്ങൾ കൂട്ടിച്ചേർക്കണം. മൊത്തത്തില്‍ ഒന്നുകൂടി മിനുക്കണം. അത്രയേ വേണ്ടൂ.' ഒന്നും നടന്നില്ല. രണ്ടു വർഷം മുമ്പൊരു ഏപ്രില്‍ ദിവസത്തെ അപരാഹ്നത്തില്‍ ജോയി ജീവിതത്തില്‍ നിന്നുതന്നെ നടന്നുനീങ്ങി.

 

കെ.ആർ ഗൗരി എന്ന രാഷ്ട്രീയക്കാരിയെയല്ല, അമ്പലപ്പുഴ മുതല്‍ അരൂർ വരെ ഗൗരിയമ്മ എന്ന്‍ ആദരവോടും, അഭിമാനത്തോടും വിളിക്കപ്പെടുന്ന അവരിലെ പച്ചയായ മനുഷ്യസ്ത്രീയെ, അമ്മയെ, അവരുടെ നന്മയെയാണ് ജോയി കുറിപ്പുകളിലൂടെ വരച്ചിട്ടത്. മറ്റു വായനക്കാരെപ്പോലെ എന്നേയും ഏറ്റവും അധികം സ്പർശിച്ചത് ജോയിയുടെ കുറിപ്പില്‍ പറഞ്ഞ ഒരു കാര്യമാണ്. ഗൗരിയമ്മ രണ്ടു പ്രാവശ്യം ഗർഭിണിയായതായിരുന്നു. ജനസേവനത്തിന്റെ അൾത്താരയില്‍ തന്റേയും, ടി.വി തോമാസിന്റേയും രക്തത്തില്‍ പിറവികൊണ്ട രണ്ടു കുഞ്ഞുങ്ങളേയും, ഗർഭപാത്രത്തില്‍ നിന്നുതന്നെ ഗൗരിയമ്മ ബലിദാനം നടത്തി. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്താണ് ആദ്യത്തേത്. ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ ആന്ധ്രയില്‍ നിന്ന്‍ അരി എത്തിക്കാൻ മുഖ്യമന്ത്രി ഇ.എം.എസ് ഗൗരിയമ്മയെയാണ് നിയോഗിച്ചത്. ഡോക്ടർമാർ കർശനമായി വിലക്കിയിട്ടും, വകവയ്ക്കാതെ ഗൗരിയമ്മ ആന്ധ്രയിലേക്കു പോയി. അരി കിട്ടി ജനങ്ങളുടെ വിശപ്പടങ്ങിയെങ്കിലും, ഗൗരിയമ്മയുടേയും ടി.വിയുടേയും ആദ്യ സന്തതി അകാലത്തില്‍ അലസിപ്പോയി. അടുത്തത് 1967ലെ രണ്ടാമത്തെ മന്ത്രിസഭാകാലത്ത്. അപ്പോഴും നാട്ടില്‍ പട്ടിണിയായപ്പോൾ അരി എത്തിക്കാനുള്ള നിയോഗം ഗൗരിയമ്മയ്ക്ക്. ആ അലച്ചിലിന്റെ കാഠിന്യം നേരിടാനാകാതെ രണ്ടാമത്തെ കുഞ്ഞും പോയിമറഞ്ഞു.

 

പിറന്നു വീണവരുടെ ജീവൻ നിലനിർത്താൻ പിറക്കാനിരിക്കുന്ന സ്വന്തം കുഞ്ഞിന്റെ ജീവൻ പോയാലും വേണ്ടില്ല എന്നു തീരുമാനിച്ച രാഷ്ട്രീയപ്രവർത്തകയായ ഒരമ്മയെ ലോകരാഷ്ട്രീയ ചരിത്രത്തിന്റെ ഏത് ഏടുകൾ തപ്പിയാലും കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. ഗൗരിയമ്മയുടെ ഈ ത്യാഗത്തെക്കുറിച്ച് വായിച്ചപ്പോൾ ഹൃദയം ഒരുനിമിഷം നിന്നുപോയപോലെ തോന്നി.

 

അടവുകളും അഭ്യാസങ്ങളും കൊണ്ട് എപ്പോഴും അധികാരത്തില്‍ പിടിച്ചിരിക്കുന്ന രാഷ്ട്രീയക്കാരെ മാത്രം പരിചയമുള്ള ഒരു വർത്തമാനകാല പത്രപ്രവർത്തകന്, ജീവിതം ചന്ദനത്തിരിപോലെ എരിച്ചുതീർത്ത പോയതലമുറയിലെ രാഷ്ട്രീയക്കാരില്‍ പെടുന്ന ഗൗരിയമ്മയെ അവിശ്വാസത്തോടും അത്ഭുതത്തോടുമേ കാണാൻ കഴിയൂ. ഗൗരിയമ്മയ്ക്ക് ഇങ്ങനെ ആകാനേ കഴിയൂ. അവരുടെ ആത്മകഥയുടെ ആദ്യഭാഗം വായിച്ചപ്പോൾ ഈ നിഗമനം ഒന്നുകൂടി ഉറച്ചു.

 

കളത്തില്‍പറമ്പില്‍ രാമൻ എന്ന ഈഴവപ്രമാണിയുടെ മകൾ, സമുദായത്തിലെ ആദ്യ നിയമ ബിരുദധാരിണി. വക്കീല്‍പ്പണിയുമായി തുടരുകയായിരുന്നെങ്കില്‍,  ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപയായോ, സുപ്രീം കോടതിയിലെ ന്യായാധിപയായോ ഒക്കെ വിരമിക്കാമായിരുന്നു. നല്ലൊരു കുടുംബജീവിതവും കാണുമായിരുന്നു. മുന്നിലുണ്ടായിരുന്ന സൗഭാഗ്യങ്ങളുടെ റോസാദലങ്ങൾ വിരിച്ച പാതയിലൂടെയല്ല അവർ നടന്നുനീങ്ങിയത്. ഒരുപിടിച്ചോറിനായി, ചേറിലും ചെളിയിലും കരയിലും വെള്ളത്തിലും ജീവിതം മൊരഞ്ഞുതീരുന്നവരുടെ വിമോചനത്തിനായി, വീട്ടിലും നാട്ടിലും അലയടിച്ച ചുവന്ന സങ്കീർത്തനം തീർത്ത ഗോല്‍ഗോത്തായിലൂടെ പീഡനങ്ങളുടെ മരക്കുരിശും ചുമന്നുകൊണ്ടുള്ള ജീവിതയാത്ര അവർ പിടിച്ചുവാങ്ങുകയായിരുന്നു.

 

അനേകായിരങ്ങളെപ്പോലെ ഗൗരിയമ്മയും സ്വന്തം ജീവൻ കൊടുത്തു വളർത്തിയ പ്രസ്ഥാനം അവസാനം അവരെ പടിയടച്ചു പിണ്ഡം വച്ചിട്ടും, പീഡിതരോടുള്ള അവരുടെ കരുണയുടെ ഗംഗാപ്രവാഹം നിലച്ചിട്ടില്ല. മൂന്നു വർഷം മുൻപ്, ഗൗരിയമ്മയെ കാണണമെന്നു പറഞ്ഞ്, സമകാലിക മലയാളത്തിന്റെ സഹപത്രാധിപരായിരുന്ന ഐ.വി ബാബു ആലപ്പുഴയിലെത്തിയപ്പോൾ, ഞാനും ബാബുവും കൂടി ചാത്തനാട്ടുള്ള അവരുടെ വീട്ടില്‍ പോയി. ഞങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ആത്മഗതം പോലെ അവർ പറഞ്ഞുകൊണ്ടിരുന്നു, 'എന്റേയും ടിവിയുടേയും പെൻഷൻ കിട്ടിയിട്ട് എനിക്ക് ജീവിക്കാൻ പറ്റുന്നില്ല. ഈ പട്ടിണിപ്പാവങ്ങളൊക്കെ അരിക്ക് ഇങ്ങനെ വിലകൂടിയാല്‍ എങ്ങിനെ ജീവിക്കും?' ഇതാണ് ഗൗരിയമ്മ.

 

ഒരു വർഷത്തിനു മുൻപ് ദേശാഭിമാനിയിലെ സുധാകരനോടും മാധ്യമത്തിലെ കളർകോട് ഹരികുമാറിനോടുമൊപ്പം അവരെ കാണാൻ പോയിരുന്നു. ജയ്ജി പീറ്റർ ഫൗണ്ടേഷന്റെ അവാർഡ് സമ്മാനിക്കുന്നതിന് ക്ഷണിക്കാനായി. അന്ന്‍ അവരുടെ ആത്മകഥയുടെ രണ്ടാം ഭാഗം എഴുതണമെന്ന്‍ ഞാനവരോട് സൂചിപ്പിച്ചു. ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിന്റെ കഥയാണത്. രാഷ്ട്രീയ കേരളത്തിന്റെ എഴുതാത്ത ചരിത്രവും. 'അത് ഇതുവരെ പറഞ്ഞതുപോലെ പറയാൻ പറ്റത്തില്ല. അടുത്തഭാഗം എഴുതണമെങ്കില്‍ ഒത്തിരി രേഖകൾ വേണം. അതൊക്കെ ആരു സംഘടിപ്പിച്ചുതരും?' ഗൗരിയമ്മയുടെ പരിഭവം.

 

ഒരു വലിയ നിധിയാണ് നഷ്ടപ്പെടാൻ പോകുന്നത്. കേരളരാഷ്ട്രീയത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തെ ഭൂപടം മാറ്റിവരയ്ക്കാൻ കാരണമായ സംഭവങ്ങളാണ് പറയാതെ പോകുന്നത്. കേരളരാഷ്ട്രീയത്തിലെ അറിയപ്പെടാത്ത അദ്ധ്യായം. 'കേരം തിങ്ങും കേരളനാട്ടില്‍ കെ.ആർ ഗൗരി ഭരിച്ചീടും' എന്ന്‍ മുദ്രാവാക്യം മുഴക്കി, അധികാരത്തില്‍ വന്നപ്പോൾ അവരെ തഴഞ്ഞത് സി.പി.ഐ.എമ്മിലെ ഇ.എം.എസ് തന്ത്രമോ, അതോ കമ്യൂണിസത്തിനുപോലും തുടച്ചുമാറ്റാൻ കഴിയാത്ത ജാതിക്കുശുമ്പോ? ഇതുപോലെ ഇപ്പോഴും കേരളത്തിന് ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾക്ക് ഉത്തരം നല്‍കാന്‍, എഴുതപ്പെടാതെ പോകുന്ന അവരുടെ ആത്മകഥയുടെ രണ്ടാം ഭാഗത്തിനു കഴിയുമായിരുന്നു.

 

ഗൗരിയമ്മ പറയുന്ന രേഖകളെല്ലാം സംഘടിപ്പിച്ചാലും, ആ പുസ്തകം പിറന്നുവീഴണമെങ്കില്‍ ജോയിയെപ്പോലെ സഹനവും നിർബന്ധബുദ്ധിയും ഉള്ള ആരെങ്കിലും അതിനു പുറകില്‍ നില്‍ക്കണം. ആത്മകഥയുടെ ആദ്യഭാഗം മാതൃഭൂമി ബുക്‌സിനു കൊടുക്കാം എന്ന്‍ ഗൗരിയമ്മ സമ്മതിച്ചപ്പോൾ അത് അവരെക്കൊണ്ട് എഴുതിപ്പിക്കേണ്ട ബാധ്യത ജോയിക്കായിരുന്നു. ഗൗരിയമ്മ പറയുന്നത് പകർത്താനായി ഓരോ പയ്യന്മാരെ അവരുടെ അടുത്തേക്ക് ജോയി പറഞ്ഞുവിടും. കുറച്ചുദിവസം കഴിയുമ്പോൾ അവർ പേന ജോയിയുടെ കാല്‍ക്കല്‍ വച്ച് നമസ്‌കരിച്ചിട്ട് പറയും, 'പൊന്നു ജോയിച്ചേട്ടാ, സെൻട്രല്‍ ജയിലില്‍ കിടന്നോളാം. ഈ പണി മാത്രം പറയരുത്.' വാർധക്യം മൂലമുള്ള മനസ്സിന്റേയും ശരീരത്തിന്റേയും ബലഹീനത, സ്വന്തം പാർട്ടിയിലെ പ്രശ്‌നങ്ങൾ, മുന്നണിയിലെ അവഗണന, സഹായം ചോദിച്ചെത്തുന്നവരെ സഹായിക്കാൻ കഴിയാത്തതിന്റെ നിസ്സഹായത. ഈ ധർമ്മസങ്കടത്തില്‍ എങ്ങിനെ ആ മനസ്സിന് ജീവതകഥയുടെ ഏടുകൾ ഇറക്കിവയ്ക്കാൻ കഴിയും? ഇതോടൊപ്പം സ്വതേയുള്ള മുൻശുണ്ഠി ആളിക്കത്തും. അതില്‍ കഥയെഴുതാനുള്ള പയ്യന്മാരുടെ ആവേശമെല്ലാം ആവിയാകും. വളരെ പണിപ്പെട്ടാണ് ആത്മകഥയുടെ ഒന്നാം ഭാഗം പൂർത്തിയാക്കിയതെന്ന് ജോയി പറയുകയുണ്ടായി.

 

ആലപ്പുഴയിലെ പത്രപ്രവർത്തനത്തിന്റെ ആദ്യനാളുകളില്‍ വേണു (ദ ഹിന്ദുവിലെ പി.വേണുഗോപാല്‍) വിനോടൊപ്പമാണ് ഞാൻ ഗൗരിയമ്മയെ കാണാൻ പോയിരുന്നത്. ഗൗരിയമ്മയും കൃഷ്ണയ്യരും തമ്മിലുണ്ടായ തർക്കത്തില്‍, ദ ഹിന്ദുവില്‍ പ്രസിദ്ധീകരിക്കാനുള്ള കത്തുകൾ തയ്യാറാക്കാൻ ഗൗരിയമ്മയെ സഹായിച്ചിട്ടുള്ളത് വേണുവാണ്. വേണുവിന്റെ അച്ഛനും ദ ഹിന്ദുവിന്റെ ആലപ്പുഴ ലേഖകനായിരുന്നു. ഇതുകൊണ്ട് ഗൗരിയമ്മയ്ക്ക് വേണുവിനെ വലിയ കാര്യമാണ്. ഗൗരിയമ്മയും വേണുവും തമ്മിലുള്ള സംഭാഷണത്തിലെ കേൾവിക്കാരൻ മാത്രമായിരുന്നു ഞാൻ. അന്നൊക്കെ ഗൗരിയമ്മയുടെ വീട്ടിലായിരുന്നു പത്രസമ്മേളനം വിളിച്ചിരുന്നത്. ഒരു പ്രാവശ്യം ഞങ്ങളെത്തിയപ്പോൾ മറ്റുള്ള പത്രപ്രവർത്തകരാരും വന്നിട്ടില്ല. പല ജയില്‍ അനുഭവങ്ങളും ഗൗരിയമ്മ അന്ന്‍ ഞങ്ങളോടു പറഞ്ഞു. പൂജപ്പുര സെൻട്രല്‍ ജയിലിലായിരിക്കുമ്പോൾ, ഒരു വാർഡൻ ഗൗരിയമ്മയോട് അഹിതമായി എന്തോ പറഞ്ഞു. കൊടുത്തൂ, ഗൗരിയമ്മ അയാൾക്കിട്ടൊരു അടി. ഇത് കണ്ട് മറ്റുള്ള വാർഡന്മാർ ഓടിവന്ന്‍ അവരെ കൂട്ടത്തോടെ മർദ്ദിക്കാൻ തുടങ്ങി. അവസാനം കണ്ണു തുറക്കുമ്പോൾ, മർദ്ദനം മൂലം ശരീരമാസകലം നീരുവച്ച് പൂട്ടിയിട്ടിരിക്കുന്ന സെല്ലില്‍ ഒറ്റയ്ക്ക് കിടക്കുന്നു. സ്വകാര്യ സംഭാഷണങ്ങളില്‍ ഗൗരിയമ്മ, ടി.വിയുടെ മദ്യത്തിനോടും സ്ത്രീകളോടുമുള്ള ആസക്തിയെക്കുറിച്ച് ഒട്ടൊക്കെ സങ്കടത്തോടെ പറയുമായിരുന്നു. പാർട്ടിയിലെ പിളർപ്പ്, തെരഞ്ഞെടുപ്പിലെ തോല്‍വി എന്നിവ ടി.വിയെ നിരാശയിലാഴ്ത്തുകയും കർമ്മരഹിതനാക്കുകയും ചെയ്തു എന്നാണ് ഗൗരിയമ്മയുടെ വിലയിരുത്തല്‍. നിയമസഭാംഗമെന്ന നിലയിലും മുതിർന്ന നേതാവെന്ന നിലയിലും പാർട്ടി ഏല്‍പ്പിച്ച ചുമതലകൾ മൂലം ഗൗരിയമ്മയുടെ ജീവിതം ഈ കാലങ്ങളില്‍ വളരെ തിരക്കേറിയതായിരുന്നു. ഇത് ടി.വിയെ കൂടുതല്‍ ഏകാകിയാക്കി. ടി.വിയുടെ സ്വാധീനങ്ങൾ തന്റെ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് കരുവാക്കാൻ പാർട്ടിയിലെ ഒരു വൈദ്യന്റെ നിലപാടുകൾ നിമിത്തം ടി.വി വഴിമാറി നടന്നപ്പോൾ ടി.വിയും ഗൗരിയമ്മയും ക്രമേണ അകന്നു. പിന്നെ വഴിപിരിഞ്ഞു. അന്ത്യനാളുകളില്‍ ശുശ്രൂഷിക്കാനാണ് ഗൗരിയമ്മ പിന്നെ ടി.വിയുടെ ജീവിതത്തില്‍ കടന്നുചെന്നത്. ശ്രീകൃഷ്ണന്റെ ആരാധകയായ ഗൗരിയമ്മ ഇപ്പോഴും ടി.വിയുമായി പ്രണയത്തിലാണെന്നതാണ് സത്യം.

 

ഗൗരിയമ്മയെ സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കിയ തൊണ്ണൂറുകളുടെ ആദ്യ നാളുകളിലാണ് ഞാൻ ബോംബെയില്‍ നിന്നും ആലപ്പുഴയിലെത്തുന്നത്. അപ്പോഴും പുറത്താക്കലിന്റെയും പുതിയ പാർട്ടി രൂപീകരണത്തിന്റെയും ശബ്ദകോലാഹലങ്ങൾ അടങ്ങിയിരുന്നില്ല. ഇ.എം.എസ് മുതല്‍ താഴോട്ടുള്ള നേതാക്കൾ ഗൗരിയമ്മയെ പാർട്ടിയില്‍ നിന്നു പുറത്താക്കിയതിന്റെ രാഷ്ട്രീയം ആലപ്പുഴ പട്ടണത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും അന്തിനേരങ്ങളില്‍ വലിയ ജനാവലിയോട് വിശദീകരിച്ചിരുന്നു. മറുഭാഗത്താകട്ടെ, ഗൗരിയമ്മയോടൊപ്പമോ അതിലേറെയോ സംഘർഷഭരിതമായ രാഷ്ട്രീയ ജീവിതം നയിച്ച കെ.വേണുവും അജിതയും മറ്റും പുതിയ പാർട്ടിയില്‍ എത്തിയതിന്റെ  ആവേശം. അന്ന്‍ ഗൗരിയമ്മയെ കാണാൻ വടക്കേ ഇന്ത്യയില്‍ നിന്നുപോലും ദളിത്-പിന്നോക്ക സമുദായ രാഷ്ട്രീയ  നേതാക്കന്മാരെത്തിയിരുന്നു. അന്നത്തെ ഒരു സംഭവം ഞങ്ങളുടെ സായാഹ്ന സദസ്സുകളില്‍ കുറേക്കാലം ചിരി പരത്തിയിരുന്നു. ഗൗരിയമ്മയെ കാണാൻ കൻഷിറാം ഒരു വൈകുന്നേരം അവരുടെ വീട്ടില്‍ വന്നു. ഇതറിഞ്ഞ് പത്രപ്രവർത്തകർ അവരുടെ വീട്ടിലേക്കു കുതിച്ചു. അവരുടെ ബഹളം കാരണം കൻഷിറാമുമായി സമാധാനമായി സംസാരിക്കാൻ കഴിയാഞ്ഞതുകൊണ്ട് ഗൗരിയമ്മ പത്രക്കാരെ മതിലിനു പുറത്താക്കി ഗേറ്റടച്ചു. ജയ്ജി (മലയാള മനോരമ ലേഖകനായിരുന്ന ജയ്ജി പീറ്റർ) മാത്രം മുറ്റത്ത് ഇരുട്ടില്‍ പതുങ്ങിനിന്നു. ഗൗരിയമ്മ തിരിച്ച് വീട്ടിനുള്ളിലേക്ക് കയറിപ്പോയപ്പോൾ, വീടിനു മുമ്പിലെ ചെറിയ മാവില്‍ ജയ്ജി കയറിപ്പറ്റി. അകത്തു നടക്കുന്ന സംഭാഷണം വല്ലതും കേൾക്കാൻ പറ്റുമോ എന്നറിയാൻ തല വട്ടം പിടിക്കുന്നതിനിടയില്‍ നിന്ന കൊമ്പുമായി ജയ്ജി താഴെ വീണു. ശബ്ദം കേട്ട് ഗൗരിയമ്മ പുറത്തുവരുന്നതിനിടയില്‍, ജയ്ജി വീണിടത്തുനിന്ന്‍  എഴുന്നേറ്റ് ഓടി വീടിന്റെ മതിലുചാടി കൃത്യം മുന്നിലുള്ള ഓടയില്‍ വീണു. ഞങ്ങളുടെ സായാഹ്ന സദസ്സുകളില്‍ ഈ കഥ ആവർത്തിച്ചപ്പോഴെല്ലാം, റോഡിലാണ് വീണതെന്ന്‍ ഒരു ചമ്മലോടെ ജയ്ജി തിരുത്താറുണ്ടായിരുന്നു. കൂട്ടച്ചിരിയുടെ വെടിക്കെട്ടില്‍ ആരും അത് കേൾക്കാറില്ലായിരുന്നു.

 

വർഗശത്രുക്കളായ കമ്യൂണിസ്റ്റുകാരെ തകർക്കാൻ മലയാള മനോരമ വെച്ച കെണിയില്‍ ഗൗരിയമ്മ വീണുപോയോ എന്ന്‍ എനിക്ക് സംശയമുണ്ടായിരുന്നു. പുറത്താക്കലിന്റെ ആളും ആരവവും ഒഴിഞ്ഞപ്പോൾ, മലയാള മനോരമ ഗൗരി അമ്മയെ പ്രാദേശികത്താളുകളിലെ തെമ്മാടിക്കുഴിയിലേക്ക് തള്ളുമ്പോൾ എന്റെ സംശയം ശരി ആണെന്ന്‍ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

 

ആലപ്പുഴയില്‍ രണ്ട് ഘട്ടങ്ങളിലായി ഒമ്പതു വർഷം ജോലി ചെയ്തങ്കിലും, ഗൗരിയമ്മയ്ക്ക് എന്നെ അറിയില്ല. വാർത്തകൾ സംബന്ധിച്ച് ഈ കാലയളവില്‍ ഞാനവർക്ക് ഫോണ്‍ ചെയ്തിട്ടുള്ളത് രണ്ടോ മൂന്നോ പ്രാവശ്യമായിരിക്കും. കാര്യം മറ്റൊന്നുമല്ല. തൊണ്ണൂറുകളുടെ മധ്യത്തോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ അവരുടെ കാല്‍പ്പാടുകൾ ചെറുതാകാൻ തുടങ്ങിയിരുന്നു. ജെ.എസ്.എസ്സിന് വർത്തമാനകാല രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാതായി. അവസാനം മറ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന്‍ ഒഴിവാക്കിയവർക്ക് ചെന്നു കയറാനുള്ള ഒരു രാഷ്ട്രീയവഴിയമ്പലമായി മാറി, ജെ.എസ്.എസ്.

 

കേരളം ഗൗരിയമ്മയെ വിലയിരുത്തുക അവരുടെ സി.പി.ഐ.എം. അനന്തര കാലഘട്ടം വച്ചായിരിക്കില്ല. ഒരു സമൂഹത്തിന്റെ പുരോഗതിക്ക് ഊർജമാകാൻ സ്വയം ഉരുകിത്തീര്‍ന്ന്‍ പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ കണ്ണീരും കഷ്ടപ്പാടും സ്വന്തം കണ്ണീരും കഷ്ടപ്പാടുമാക്കി മാറ്റിയ, അവരെ വിമോചനത്തിലേക്കു നയിച്ച രാഷ്ട്രീയപ്രവർത്തകയായിട്ടായിരിക്കും കേരളം അവരെ കാണുക. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഒന്നായിക്കണ്ട ഗൗരിയമ്മയെ കള്ളപ്പണത്തിലൂടെയും കള്ളത്തരത്തിലൂടെയും രാഷ്ട്രീയത്തിന്റെ മുൻനിരയിലെത്തിയ ചിലർ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും അവര്‍ രാഷ്ട്രീയത്തില്‍ നക്ഷത്രങ്ങളായിത്തുടരുന്നത് രക്ഷപ്പെട്ടുവന്ന തമോഗർത്തത്തിലേക്കുള്ള കേരളത്തിന്റെ തിരിച്ചുപോക്കിനെയാണ് സൂചിപ്പിക്കുന്നത്.

Tags: