"ഹാന്‍ഡില്‍ വിത്ത് കെയര്‍ " ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-3 )

കെ.ജി ജ്യോതിര്‍ഘോഷ്
Sat, 28-11-2020 04:25:24 PM ;

എന്റെ സുഹൃത്ത് പറയുന്നതു പോലെ ഈ തല കുത്തി നില്‍ക്കുന്നതാണ് സകല ഗുലുമാലുകള്‍ക്കും കാരണം. എന്തിനാണ് ഈ തലകുത്തല്‍. ഉത്തരം കിട്ടാന്‍. എന്തിനാണ് ഉത്തരം കിട്ടുന്നത്? അത് സ്വാതന്ത്ര്യത്തിന്. എന്തിന് സ്വാതന്ത്ര്യം? അതോ , അത് സുഖത്തിന്? അതായത് സുഖമെന്ന അവസ്ഥയിലെത്താന്‍ തലകുത്തി അസുഖാവസ്ഥയില്‍ നില്‍ക്കണം. അങ്ങനെയാണെങ്കില്‍ കേരളത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ട അവസ്ഥ സുഖമാണ്. കാരണം അത്രയ്ക്കാണ്‌ കേരളത്തില്‍ അസുഖം. ജീവിത ശൈലി തന്നെ രോഗത്തെ സൃഷ്ടിക്കുന്നു. ജീവിതശൈലീ രോഗം. ആ പ്രയോഗം എത്ര കണ്ട് ഉചിതമാണെന്ന് അന്വേഷിക്കേണ്ടതാണ്. എന്റെ ഈ വനിതാ സുഹൃത്ത് ചെറുപ്പം മുതലേ തല വല്ലാതെ ഉപയോഗിക്കുന്ന കൂട്ടത്തിലാണ്. പഠനകാര്യത്തിലും ഉന്നതമായ ജോലി സമ്പാദിക്കുന്നതിലും അത് ആ സുഹൃത്തിനെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് പരിചയമായ നാള്‍ മുതല്‍ ഇന്നു വരെ എന്നെങ്കിലും ഈ സുഹൃത്ത് സുഖം അനുഭവിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ എന്റെ നോട്ടത്തില്‍ കുറവാണ്.

ഈ സുഹൃത്തിന്റേത് പ്രേമവിവാഹമായിരുന്നു. പ്രണയകാലത്ത് അടിച്ചു പോളിച്ച് പ്രേമിച്ചവര്‍. എന്നാല്‍ കല്യാണം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും രണ്ടു മാസത്തിനു മുന്‍പുള്ള അവസ്ഥയൊക്കെ മാറി. പൊട്ടലും ചീറ്റലും മാത്രമല്ല, പൊട്ടിത്തെറി വരെയെത്തി കാര്യങ്ങള്‍. ഒരിക്കല്‍ ഒരു രാത്രി ഇവരുടെ വീട്ടില്‍ ചെലവഴിക്കേണ്ടി വന്നു. അന്നു രാത്രി ഉറങ്ങിയില്ലെന്നു പറയുന്നതാകും വാസ്തവം. വീരശൂര പരാക്രമിയുടെ ലക്ഷണമാണായിരുന്നു അന്നും ഈ സുഹൃത്തിന്. എന്റെ പരിചയത്തില്‍ നാസാരന്ധ്രങ്ങളിലൂടെ പൈപ്പിലൂടെ വെള്ളമൊഴുകുന്നതു പോലെ കരയുന്ന ആരെയും എനിക്ക് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. തൂവാല വച്ച് മൂക്ക് തുടയ്ക്കുമ്പോഴാണ് ഈ സുഹൃത്ത് കരയുകയാണെന്ന് അറിയുന്നത്. എന്നാല്‍ അന്നു രാത്രി കണ്ട കരച്ചില്‍ ഭയാനകമായിരുന്നു. അന്നാദ്യമാണ് ആ സുഹൃത്തിന്റെ കണ്ണിലൂടെ നീരൊഴിക്കരയുന്നത് കാണുന്നത്. തകര്‍ന്നുലഞ്ഞ സുഹൃത്തിന്റെ കരച്ചില്‍ അതുവരെ അവരുമായി യുദ്ധത്തിലേര്‍പ്പെട്ട പഴയ കാമുകനും ഭര്‍ത്താവുമായ യുവാവിനെ പോലും അലിയിപ്പിച്ചു കളഞ്ഞു. അന്നത്തെ ആ യുദ്ധം അവസാനിച്ചതും ആ കരച്ചിലിന്റെ ഭീതിതമായ അവസ്ഥയിലൂടെയാണ്. ഭര്‍ത്താവ് മണിക്കൂറുകള്‍ അടുത്തിരുന്ന് ആശ്വസിപ്പിച്ചു. സുഹൃത്ത് കരച്ചില്‍ ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ പറ്റാത്തതു പോലൊരവസ്ഥ. ഒരു ഘട്ടത്തില്‍ അതവര്‍ പറയുകയും ചെയ്തു. തനിക്ക് കരച്ചില്‍ ശ്രമിച്ചിട്ടും നിര്‍ത്താന്‍ പറ്റുന്നില്ലെന്ന്. ഒടുവില്‍ ആശുപത്രിയില്‍ കൊണ്ടുപോയാലോ എന്നു പോലും ഞങ്ങള്‍ ചിന്തിക്കുകയുണ്ടായി. എന്തായാലും എങ്ങനെയോ വെളുപ്പാന്‍കാലമാകാറായപ്പോള്‍ അവര്‍ മയങ്ങി.

അവരുടെ ഭര്‍ത്താവും എന്റെ പ്രിയ കൂട്ടുകാരന്‍ തന്നെ. ഈ അടുത്തകാലത്ത് കണ്ടപ്പോഴും അയാള്‍ അന്നത്തെ കാര്യം ഓര്‍ത്തു. പിന്നീട് ജീവിതത്തില്‍ ഒരിക്കല്‍ പോലും അത്തരമൊരു സാഹചര്യം തന്റെ ഭാഗത്തുനിന്നുണ്ടാക്കിയിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. അതുവരെ പരിചയമില്ലാത്ത വ്യക്തിയെയാണ് അന്ന് അയാള്‍ കണ്ടത്. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ രണ്ടു പേരുടെയും പരുക്കന്‍ മൂലകള്‍ കൂട്ടിമുട്ടി മുനകള്‍ ഒടിഞ്ഞതിന്റെ ശബ്ദമാണ് അന്ന് കണ്ടതും കേട്ടതും. ഒടിഞ്ഞ മൂലകള്‍ ക്രമേണ മൂര്‍ഛ ഇല്ലാതെയായി മിനുസപ്പെട്ടിട്ടുണ്ടാകണം. എങ്കിലും ആണ്‍സുഹൃത്തിന്റെ അവരോടുള്ള എപ്പോഴുമുള്ള പെരുമാററത്തില്‍ ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്നൊരു സമീപനം ഇല്ലേ എന്ന് എന്റെയുള്ളില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. അത് എന്റെ വെറും തോന്നലാണ്. എന്നിരുന്നാലും ഇരുവരുടെയും സാന്നിദ്ധ്യത്തില്‍ വിവാഹത്തിനു മുന്‍പ് എന്തും പറയുന്നതു പോലൊരു സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ എനിക്കും തോന്നാറില്ല. എനിക്ക് തോന്നാത്തതാണോ അതോ എന്റെ പ്രിയ സുഹൃത്തിനെ വേദനിപ്പിക്കുന്നത് നന്നല്ല എന്ന തോന്നല്‍ കൊണ്ടാണോ ഞാനങ്ങനെ പെരുമാറുന്നത്? എനിക്കു തോന്നുന്നു, രണ്ടാമത്തെ കാരണമാണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു.

അവരോടുള്ള കരുതല്‍ കൊണ്ടു തന്നെയാണ് ഞാന്‍ അവര്‍ക്ക് ഉത്തരം നല്‍കാതിരുന്നത്. അവര്‍ക്ക് എന്നോടുള്ള സ്നേഹം കൊണ്ടു തന്നെയാണ് ആ പരിപാടി കണ്ടത്. എന്നാല്‍ അതിലേക്ക് നയിച്ച ഘടകം എന്നോടുള്ള സ്നേഹമല്ല. മറിച്ച് അവരില്‍ ഞാന്‍ നിമിത്തം സ്നേഹം എന്ന വികാരം ഉണര്‍ന്നു. എന്റെ പുസ്തകപ്രകാശനമാണെന്നറിഞ്ഞിട്ടുകൂടി കാണേണ്ട എന്ന തീരുമാനം ആദ്യമുണ്ടായി. എന്നാല്‍ എന്റെ സംഭാഷണവും കഴിഞ്ഞതോടെ ആശയക്കുഴപ്പമായി. എന്റെ പരിപാടി കണ്ടില്ലെങ്കില്‍ എനിക്ക് എന്തു തോന്നും എന്നുള്ള വിചാരം അവരെ അലട്ടില്ല. കാരണം, അതു തുറന്നു പറഞ്ഞാല്‍ എനിക്ക് മനസ്സിലാകുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള ചിന്തയില്‍ അവരില്‍ സ്നേഹം ഉണര്‍ന്നു പെരുകി. സ്നേഹത്തില്‍ മാത്രമേ സ്വീകരിക്കലും ധൈര്യവും ഉണ്ടാവുകയുള്ളു. ആണുങ്ങളിലുള്ളതിനേക്കാള്‍ പെണ്ണുങ്ങളില്‍ ഈ ഘടകം പ്രകൃത്യാല്‍ അധികമാണ്. ആണുങ്ങളെ , വിശേഷിച്ചും ആഭാസന്മാരുടെ ചേഷ്ടകളെയും പെരുമാറ്റരീതികളെയും അനുകരിക്കുന്നതാണ് ലിംഗസമത്വമെന്ന അബദ്ധ ധാരണയെ മാധ്യമങ്ങള്‍ ഏതാണ്ട് ഊട്ടിയുറപ്പിച്ചിട്ടുണ്ട്. അതിന്റെ സ്വാധീനത്തില്‍ നല്ലൊരു ശതമാനം പെട്ടു പോവുകയും ചെയ്യുന്നു. ഈ സുഹൃത്തും അതില്‍ നിന്ന് മുക്തമല്ല.

സ്നേഹത്തിന്റെ ഭാവം എപ്പോഴും മൃദുലമായതിനാല്‍ മൃദുലമായതിനെ ദുര്‍ബലമായി കാണപ്പെടുന്നു. ശക്തിയെ പേശീബലവുമായി ചേര്‍ത്തുവെച്ചും. സ്വാഭാവികമായി അധികാരത്തെയും പേശീബലവുമായി കൂട്ടിക്കാണുന്നു. ബോബിയച്ചന്റെ സ്വരത്തിലെ ഏതോ ഒരു വിന്യാസരീതിയിലൂടെ എന്റെ സുഹൃത്ത് ഇത്രയും നാളറിഞ്ഞത് അവരുടെ ബോസ്സിനെയാണ്. അല്ലാതെ ബോബിയച്ചനെയല്ല. ബോസ്സെന്ന മനുഷ്യനെയല്ല അവര്‍ വെറുത്തത്. ബോസ്സില്‍ പ്രകടമായ ചില സ്വഭാവരീതികളാണ്. ആ സ്വഭാവരീതികളെ അവര്‍ ഈ ബോസ്സിനെ കണ്ടുമുട്ടുന്നതിന് മുന്നേ തന്നെ വെറുത്തു തുടങ്ങിയതും പുറം തള്ളിത്തുടങ്ങിയതും. ഒരുപക്ഷേ അവര്‍ വെറുക്കുന്നത് അധികാരത്തിന്റെ ഭാവത്തെയാകാം. ആ അധികാരത്തെ സ്വീകരിക്കാനും കഴിയുന്നില്ല, എതിര്‍ക്കാനും കഴിയുന്നില്ല. ഈ സംഘട്ടനം ഇപ്പോഴാലോചിക്കുമ്പോള്‍ ഞാന്‍ ഈ സുഹൃത്തിനെ പരിചയപ്പെട്ട നാള്‍ മുതല്‍ അവരിലുണ്ട്. ആ സംഘട്ടനത്തില്‍ നിന്നവരനുഭവിക്കുന്ന വേദനയും തുടര്‍ന്നുണ്ടാകുന്ന രോഷവുമാണ് കാമ്പസ്‌കാലത്ത് അവരെ എസ്.എഫ്.ഐക്കാരിയും ഇപ്പോള്‍ ആക്ടിവിസ്റ്റവസ്ഥയിലേക്കുമെത്തിച്ചതെന്ന് തോന്നുന്നു.

ഉഗ്രപ്രതാപിയായ അച്ഛന്‍. നീതിമാനും സത്യസന്ധനും. ഏവരാലും ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തി. വീട്ടിലുള്ളവരും നാട്ടിലുള്ളവരും ഈ ബഹുമാനത്തെ പേടിയായി കണ്ടിരുന്നുവോ എന്നു സംശയം. ഈ സുഹൃത്തിന്റെ അമ്മ നേര്‍ വിപരീതം. അവരുടെ ലോകം കുടുംബം മാത്രം. കുടുംബത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഇംഗിതം മനസ്സിലാക്കി ജീവിച്ച സ്നേഹനിധിയായ സ്ത്രീ. അച്ഛനെ ആരാധനയും ബഹുമാനവും നാട്ടുകാരെപ്പോലെ അല്‍പ്പം പേടിയുമായിരുന്നു ഈ സുഹൃത്തിന്. അമ്മയെപറ്റി സഹതാപവും. ഈ സുഹൃത്തില്‍ സ്നേഹം നിറഞ്ഞപ്പോള്‍ പേടിയുടെ അകമ്പടിയോടെ വരുന്ന അധികാരം പരാജയപ്പെട്ടു. ബോബിയച്ചന്‍ പങ്കെടുക്കുന്നതായിട്ടുകൂടി ആ പരിപാടി കാണാന്‍ തയ്യാറായി. സ്നേഹം വന്നപ്പോള്‍ ഉള്ളിലുണ്ടായ വികാസത്തിലാണ് ബോബിയച്ചനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. ബോബിയച്ചന്റെ സംഭാഷണം കേട്ടു തുടങ്ങിയപ്പോള്‍ അവര്‍ക്ക് തന്റെ അമ്മയെ ഓര്‍മ്മ വരികയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ആ സുഹൃത്തിന്റെയുള്ളിലെ തന്റെ അച്ഛനും അമ്മയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സമവാക്യം സൃഷ്ടിച്ച സംഘട്ടനത്തില്‍ സ്നേഹത്തിന്റെ മാര്‍ഗ്ഗത്തിലൂടെ അമ്മ വിജയിച്ചു. ആ സ്നേഹമാണ് യഥാര്‍ത്ഥത്തില്‍ ബോബിയച്ചനെ അമ്മയെപ്പോലെ സ്വീകരിക്കാനും അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം അവരില്‍ ജനിപ്പിച്ചതും.

ബോബിയച്ചനെ നെറ്റില്‍ കണ്ടാല്‍ ഭ്രാന്തു പിടിച്ചിരുന്ന സുഹൃത്തിന് നൊടിയിടകൊണ്ട് അദ്ദേഹത്തെ സ്വീകരിക്കാനും കാണണമെന്നു തോന്നാനും അവരുടെ ബോസ്സ് എന്തെങ്കിലും ചെയ്തോ? അതോ ബോബിയച്ചന്‍ എന്തെങ്കിലും ചെയ്തോ? ഇതു വേണമെങ്കില്‍ പഴയ ഞങ്ങളുടെ സൗഹൃദത്തിന്റെ രീതി വച്ച് എനിക്ക് ചോദിക്കാമായിരുന്നു. എന്നാല്‍ ആ ചോദ്യം പോലും അവരെ വല്ലാതെ അലോസരപ്പെടുത്തുകയും അസ്വസ്ഥയാക്കുകയും ചെയ്യുമായിരുന്നു. പ്രിയപ്പെട്ട സുഹൃത്തിന് സുഖകരമായ രീതിയില്‍ പെരുമാറാന്‍ കഴിഞ്ഞില്ലെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്ന അവരെ വിഷമിപ്പിക്കരുതല്ലോ എന്നു കരുതി ഞാന്‍ ചോദിച്ചില്ല. പകരം അവര്‍ക്ക് പരിചയമുള്ള എന്റെ രീതിയില്‍ സംസാരിച്ചു നിര്‍ത്തി. അതുകൊണ്ടു തന്നെ അവര്‍ക്ക് ബോബിയച്ചനോടുള്ള സമീപനം മാറിയതിന്റെ കാരണം ഞാന്‍ മനസ്സിലാക്കിയത് അവരുമായി പങ്കുവയ്ക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. അതേസമയം ബോബിയച്ചനെ നേരില്‍ കാണണമെന്ന് അവരുടെയുള്ളില്‍ ആഗ്രഹം ജനിച്ചത് നിലവിലുള്ള അവരുടെ അവസ്ഥയില്‍ നിന്ന് പുറത്തു ചാടണമെന്നുള്ള തീവ്രമായ ത്വരകൊണ്ടുമാണ്. അതിനാല്‍ തല്‍ക്കാലം ഞാന്‍ പഴയ തര്‍ക്കോവ്സ്‌കിയായി തന്നെ തുടരുന്നതാണ് നല്ലതെന്ന് തോന്നി. ആ സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും പേരിലാണ് ബോബിയച്ചനെ കാണാണമെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടതും. ബോബിയച്ചനെ പരിചയപ്പെടുത്തിക്കൊടുക്കുന്നതാണ് അവരോട് ചെയ്യാവുന്ന സഹായവും.


Part 1 ബോബിയച്ചന്റെ സ്വരം കേട്ടാല്‍ കലിയിളകുന്ന വനിതാ ആക്ടിവിസ്റ്റ് 

Part 2 ആക്ടിവിസ്റ്റിന്റെ ദയനീയമായ ധര്‍മ്മസങ്കടം‌

Tags: