ഈ വനിതാ സുഹൃത്തിനെ വെറുതെ ചൊടിപ്പിക്കുക എന്നത് എന്റെ കൗതുകങ്ങളിലൊന്നാണ്. പുള്ളിക്കാരത്തിക്കും അതിഷ്ടമാണ്. ഞാന്‍ ചൊടിപ്പിച്ചില്ലെങ്കില്‍ ആയമ്മയ്ക്ക് സംഭാഷണത്തില്‍ തൃപ്തിയില്ലാത്തതുപോലെയുമാണ്. കാരണം എന്റെ ഇരുപതുകളുടെ അവസാനം തുടങ്ങിയുള്ള സുഹൃത്താണ്. ലഹരി പദാര്‍ത്ഥങ്ങളുപയോഗിക്കാത്ത എന്റെ അന്നത്തെ ലഹരി എന്നത് തര്‍ക്കമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ കളിത്തറയായിരുന്നു അന്ന് മാതൃഭൂമി പത്രസ്ഥാപനം. ഇത്തരം കൂട്ടായ തര്‍ക്കങ്ങളിലൂടെ പലപ്പോഴും ചില വാര്‍ത്തകളുടെ അവതരണ രീതികളും വശങ്ങളുമൊക്കെ മാറി മറിഞ്ഞ ഒട്ടേറെ സംഭവങ്ങളുണ്ട്. ഇരുപതുകളുടെ തുടക്കത്തില്‍ മാതൃഭൂമിയില്‍ ചേര്‍ന്ന എന്റെ തര്‍ക്കവാസനയ്ക്ക് വളവും വെള്ളവും കിട്ടിയത് ഞങ്ങളുടെ ഗുരുവായിരുന്ന ന്യൂസ് എഡിറ്റര്‍ ടി.വേണുഗോപാലനില്‍ നിന്ന്. വേണുക്കുറുപ്പെന്ന് അറിയപ്പെട്ടിരുന്ന ഞങ്ങളുടെ വേണുവേട്ടന്‍ പുലിയായിരുന്നു. ഏഷ്യാനെറ്റ് ന്യസിന്റെ മുന്‍ ചീഫ് എഡിറ്ററായിരുന്ന ടി.എന്‍.ഗോപകുമാര്‍, ഇപ്പോഴത്തെ ചീഫ് എഡിറ്ററായ എം.ജി.രാധാകൃഷ്ണന്‍, ടി.ശശിമോഹനന്‍, എം.ഹരികുമാര്‍ തുടങ്ങി കാമ്പസ്സില്‍ നിന്ന് നേരിട്ടു മാതൃഭൂമിയിലേക്ക് വന്ന ഞങ്ങളുടെ ഹീറോയായിരുന്നു വേണുവേട്ടന്‍. ആദ്യത്തെ എഡിഷന്റെ ജോലി കഴിഞ്ഞ് ചിലപ്പോള്‍ വേണുവേട്ടന്‍ മൂന്നു നാല് പാക്കറ്റ് സിസേഴ്സ് സിഗറററുമായി എഡിറ്റോറിയല്‍ ഡെസ്‌കിലെത്തും.പത്രനിര്‍മ്മാണ സമയത്ത് ഇദ്ദേഹം മനുഷ്യനാണോ എന്നു പോലും സംശയം തോന്നും. പത്രനിര്‍മ്മാണ സംബന്ധിയായ വിഷയമല്ലാതെ ഒരു സംഗതി പോലും സംസാരിക്കില്ല. സംസാരിച്ചാല്‍ ആ ചങ്ങാതിയുടെ കഥ കഴിയുകയും ചെയ്യും. മിക്കവാറും മൂന്നു പാക്കറ്റും ഞങ്ങള്‍ മിനിട്ടുകള്‍ക്കകം വലിച്ചു തീര്‍ക്കും. പിന്നെ വരവായി വിഷയങ്ങള്‍. ഓരോ ദിവസവും ഓരോന്ന്. ചിലപ്പോള്‍ ശബ്ദകോലാഹലവും ഡസ്‌കിലടിയുമൊക്കെ കേട്ട് അര്‍ദ്ധരാത്രിയില്‍ കമ്പോസിംഗ് സെക്ഷനിലൊക്കെയുള്ളവര്‍ ഓടി വന്നു നോക്കിയിട്ടുണ്ട്. ആ കാലഘട്ടത്തില്‍ തന്റെ ക്യാബിനിലിരുന്ന് രാത്രി കാലങ്ങളില്‍ എഴുതിയ പുസ്തകമാണ് വേണുവേട്ടന്റെ ' അഴീക്കോട് വിമര്‍ശിക്കപ്പെടുന്നു' . അദ്ദേഹത്തിന്റെ തര്‍ക്കവീര്യത്തിന്റെ യുക്തിപാരമ്യത്തില്‍ പിറന്നുവീണത്.
വേണുവേട്ടന്റെ ആ സ്‌കൂളു കൂടിയായപ്പോള്‍ എന്നിലെ താര്‍ക്കികന്റെ ലഹരി കത്തിപ്പടര്‍ന്നു. എഡിറ്റോറിയല്‍ ഡെസ്‌കില്‍ മിക്കപ്പോഴും ഗോപനും ഞാനും തമ്മില്‍ തര്‍ക്കത്തിലായിരിക്കും. അതിനെ പ്രോത്സാഹിപ്പിച്ച് രാധാകൃഷ്ണനും. മിക്കപ്പോഴും പരോക്ഷമായി രാധാകൃഷ്ണന്‍ എന്റെ പക്ഷത്തായിരിക്കും. രാത്രി ഒമ്പതരയ്ക്ക് ഡ്യൂട്ടി കഴിഞ്ഞാലും ഞങ്ങള്‍ രാവിലെ മൂന്നു വരെ ഡസ്‌കില്‍ ചെലവഴിക്കും. തര്‍ക്ക ലഹരി തന്നെ. ഇതിനെത്തുടര്‍ന്ന് എം.ഹരികുമാര്‍ എനിക്ക് തര്‍ക്കോവ്സ്‌കി എന്ന് പേരിട്ടു. മുപ്പതുകളുടെ മധ്യത്തിലെത്തിയപ്പോള്‍ അന്ന് ഫിനാന്‍ഷ്യല്‍ എക്സപ്രസ്സിന്റെ ചുമതലക്കാരനായിരുന്ന അജയന്‍ മേനോന്‍ എനിക്ക് ഉദ്ദണ്ഡശാസ്ത്രികള്‍ എന്ന് പേരിട്ടു. ഞാന്‍ തിരുവനന്തപുരത്ത് തര്‍ക്കോവ്സ്‌കിയായിരുന്നപ്പോഴാണ് ഈ വനിതാ സുഹൃത്തുമായി പരിചയത്തിലാകുന്നത്. അന്ന് എസ്.എഫ്.ഐയുടെ മ്മിണി നേതാവുമാണ് പുള്ളിക്കാരി. നല്ല ഒന്നാം തരം ആക്ടിവിസ്റ്റ്.
കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി ഞാന്‍ താര്‍ക്കോവ്സ്‌കിയുമല്ല ഉദ്ദണ്ഡശാസ്ത്രികളുമല്ല. തര്‍ക്കം നടക്കുന്നിടങ്ങളില്‍ അതില്‍ പങ്കെടുക്കാതെ ,പങ്കെടുക്കാന്‍ തോന്നലില്ലാതെ നില്‍ക്കുന്നതാണ് ലഹരി. നല്ല അസ്സല്‍ നാടകം കാണുന്ന രസത്തില്‍. അതിലൂടെ കാണുന്ന കാഴ്ചകളോ? അത് വിസ്മയം. കാരണം രണ്ടു ലോകങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണല്ലോ നടക്കുന്നത്. ഈ വനിതാ സുഹൃത്ത് ഇടയ്ക്കിടെ വിളിക്കും. ഞങ്ങള്‍ തമ്മില്‍ മറകളൊന്നുമില്ല. ചിലപ്പോള്‍ കരയുകയുമൊക്കെ ചെയ്യും. എന്നിരുന്നാലും എന്റെ പഴയ താര്‍ക്കോവ്സ്‌കിയുടെ ഒരു അംശം പുള്ളിക്കാരത്തിക്ക് ലഭിച്ചില്ലെങ്കില്‍ സംശയമാണ്. ആയമ്മ എന്നോടെന്തെങ്കിലും ഇഷ്ടക്കേട് കാണിച്ചുവോ എന്ന്. അതിന്റെ പേരിലാണോ ഞാന്‍ വളറെ കോള്‍ഡായിട്ട് സംസാരിക്കുന്നതെന്ന്? അതിനാല്‍ ബോധപൂര്‍വ്വം എന്തെങ്കിലും ചില തമാശകള്‍ ഭീഷണിരൂപത്തിലോ , തര്‍ക്ക സ്വഭാവത്തിലോ പറയും. അപ്പോള്‍ ചെറുതായി പ്രകോപിതയാകുകയും സംശയം മാറി സന്തോഷവതിയാവുകയും ചെയ്യും.
ഔദ്യോഗികമായി വഹിക്കുന്ന പദവിയുടെ ബുദ്ധിമുട്ടില്ലായിരുന്നുവെങ്കില്‍ ചാനല്‍ റേറ്റിംഗ് കൂടുന്ന വിധം ചാനലുകാര്‍ക്ക് അവതരിപ്പിക്കാന്‍ പറ്റിയ ആക്ടിവിസ്റ്റുമാണ് ഈ വനിതാസുഹൃത്ത് ഇപ്പോഴും. ഈ ആക്ടിവിസ്റ്റാണ് തന്റെ ഐ.എ.എസ്സുകാരന്‍ ബോസ്സിനെക്കൊണ്ട് പൊറുതി മുട്ടുന്നത്. കാരണം തന്റെ തനിസ്വഭാവത്തില്‍ പെരുമാറാന്‍ പറ്റുന്നില്ല. വേണമെന്നു വിചാരിച്ചാല്‍ ബോസ്സിനെപ്പോലെ ലക്ഷങ്ങളോ കോടികളോ അഴിമതിയിലൂടെ ഉണ്ടാക്കാവുന്ന തസ്തികയിലുമാണ് ഇരിക്കുന്നത്. എന്നാല്‍ തന്റെ ബോസ്സ് കാണിക്കുന്ന അഴിമതിക്ക് ഉന്തല്‍ എന്ന പോലെ തനിക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നു. താന്‍ അഴിമതിക്ക് എതിരെ നിന്നിട്ടും അഴിമതിക്ക് കൂട്ടു നില്‍ക്കേണ്ടി വരുന്ന ഗതികേടാകണം കുറഞ്ഞ രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് അമിത രക്തസമ്മര്‍ദ്ദത്തിലേക്ക് എത്തിച്ചതെന്ന് കരുതിയാല്‍ അത് അതിശയോക്തിയാകില്ല. വല്ലാത്ത എരിപിരി തന്നെ അവര്‍ അനുഭവിക്കുന്നത്. അതിനാല്‍ അത്തരം മേഖലയിലെത്തുമ്പോള്‍ അവ സംബന്ധമായ കാര്യങ്ങളില്‍ ഞാന്‍ കമന്റു പറയാറില്ല. അതിനെ ആധാരമാക്കി തമാശയും പറായറില്ല.
പുസ്തകപ്രകാശനം നടന്ന രാത്രിയിലെ സംഭാഷണം അവസാനിപ്പിക്കാറായപ്പോള്‍ ഉത്തരം അറിയാമായിരുന്നുവെങ്കിലും ഉപ്പേരി ഡയലോഗ് കേള്‍ക്കാനായി ഞാന്‍ ചോദിച്ചു, ' എന്നിട്ടെന്തു പറ്റി, പരിപാടി ലൈവ് സ്ട്രീമിംഗ് കാണാമെന്ന് വിചാരിച്ചത്' .
' സത്യം പറഞ്ഞാ ഞാന്‍ കുറേ ആലോചിച്ച ശേഷമാ ജോയിന്‍ ചെയ്തത്. എന്തൊരു സമ്മര്‍ദ്ദമാ ഞാനനുഭവിച്ചതെന്നറിയുമോ? എങ്കിലും മാസ്‌കില്‍ ആ അച്ചനെ കണ്ടപ്പോള്‍ അസ്‌കിതയില്‍ ചെറിയൊരു കുറവുണ്ടായി. അച്ചന്‍ പ്രസംഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് മാസ്‌ക് അഴിച്ച രംഗമുണ്ടല്ലോ. അതു കണ്ടപ്പോ എനിക്ക് ഏതാണ്ട് പോലെ തോന്നി. താങ്കളുടെയും രണ്‍ജിയുടെയും മോന്തയാണെങ്കിലോ കെട്ടിപ്പൊതിഞ്ഞും വച്ചിരിക്കുന്നു. ശ്ശൊ, സംസാരിച്ചു തുടങ്ങിയപ്പോ. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. നമുക്ക് മുന്നോട്ട് പോണ്ടേ എന്ന അച്ചന്റെ ആ ചോദ്യമുണ്ടല്ലോ. എന്റെ അമ്മയെയാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. താങ്കള്‍ക്ക് താങ്ക്സ് പറയുന്നത് ശരിയല്ല. എന്നാലും തോന്നിപ്പോവുന്നു.'
' അതെന്തിന്'
' താങ്കളുടെ ആ പരിപാടി ഇല്ലായിരുന്നെങ്കിലും തന്നോട് കാണണമെന്ന് ഭീഷണിപ്പെടുത്തിയതും കൊണ്ടല്ലേ ഞാനതു കണ്ടത്'
' ആണോ?'
' പിന്നല്ലാതെ'
' ഏയ് ഒരിക്കലുമല്ല. ഒരു കാരണവശാലും അല്ല'
' അതെന്തു ലോജിക്കാ'
' താങ്കളിപ്പോഴും എസ്.എഫ്.ഐക്കാരിയായി തുടരുന്നതുകൊണ്ടാ അതു മനസ്സിലാകാത്തത്'
' വേണോങ്കി ആ മീശ നോവലിലെ തെറി വിളിച്ചോ. പക്ഷെ എന്നെ എസ്.എഫ്.ഐക്കാരിയെന്നോ കമ്മ്യൂണിസ്റ്റുകാരിയെന്നോ വിളിച്ച് ആക്ഷേപിച്ചേക്കരുത്. അതു ഞാന്‍ പറഞ്ഞേക്കാം. അതിരിക്കട്ടെ എനിക്കെങ്ങനെയാ പുസ്തകത്തിന്റെ കോപ്പി കിട്ടുക.'
' അതെനിക്ക് തോന്നേണ്ടെ. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ആ പരിപാടി കാണാനിടയായതെന്നും കേട്ടാലറയ്ക്കുന്ന ബോബിയച്ചനെ ഇഷ്ടപ്പെടാനും കാരണമെന്നു പറ.പുസ്തകത്തിന്റെ കോപ്പി ഞാന്‍ താങ്കള്‍ക്ക് അയച്ചു തരാം. വാങ്ങണമെന്നുദ്ദേശ്യമുണ്ടെങ്കില്‍ jyothirghosh.com ലോഗിന്‍ ചെയ്താല്‍ മതി.'
' അതിനിനി താങ്കള്‍ തല കുത്തി നിന്നാലും വേറെ കാരണം കണ്ടെത്താന്‍ പറ്റില്ല.'
' ഈ തല കുത്തി നിര്‍ത്തി നോക്കുന്നതു കൊണ്ടാ അതറിയാന്‍ കഴിയാത്തത്. സാധാരണ രീതിയില്‍ ബലം പിടിക്കാതെ നിന്നാല്‍ പിടികിട്ടുന്ന ഉത്തരമേ ഉള്ളു'
തുടരും....
Part 1 ബോബിയച്ചന്റെ സ്വരം കേട്ടാല്‍ കലിയിളകുന്ന വനിതാ ആക്ടിവിസ്റ്റ്