പതിനാലുവർഷത്തെ ഗൾഫ് അനുഭവത്തിനുശേഷം നാട്ടിൽ പഠിക്കാനെത്തുന്ന കൗമാരക്കാരൻ. നാടായ കേരളവുമായുള്ള പരിചയം വർഷത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടു വർഷത്തിലൊരിക്കൽ വരുമ്പോഴുളളത്. ഒമ്പതാം ക്ലാസ്സുമുതൽ പഠിത്തം നാട്ടിലാക്കാനാണ് എത്തിയിരിക്കുന്നത്. സമർഥൻ. ആവശ്യത്തിലേറെ പക്വത. കാര്യങ്ങൾ ഗ്രഹിക്കാനുള്ള ഉഗ്രശേഷി. കാണുന്നതിലൊക്കെ കൗതുകം. ആ കൗതുകം തന്നെയാണ് ഈ കൗമാരക്കാരന്റെ ഗ്രാഹ്യശേഷിക്ക് കാരണമായി നിലകൊള്ളുന്നതും. പക്ഷേ ടിയാന്റെ എല്ലാ ശേഷിയും പക്വതയും ധൈര്യവും ചോർന്നുപോകുന്ന നിമിഷമുണ്ട്. ഏതു നേരവും തന്നെ അക്രമിച്ചേക്കാവുന്ന ജീവിയെ കാണുമ്പോൾ. ആ ജീവിയാകട്ടെ കേരളത്തിൽ ധാരാളവും. ആ ഭീകരജീവിയാണ് പാറ്റ.
സ്വാഭാവികമായി രാത്രിയാണ് പാറ്റഭീകരൻ രാക്ഷസരെ പോലെ സ്വൈരവിഹാരത്തിനിറങ്ങുക. പതിനാലുകാരൻ ഉറങ്ങാൻ കിടക്കുന്ന മുറിയുടെ മുന്നിലോ അകത്തോ എങ്ങാനും പാറ്റരാക്ഷസനെ കണ്ടാൽ ഇദ്ദേഹത്തിന്റെ കണ്ണിലെ സ്വതവേ ഉള്ള തിളക്കം വിട്ട് ഭ്രമാത്മകമാകും. വീടിനു ചുമരുകളുള്ളതിനാൽ മാത്രമാണ് ഈ ഭീകരജീവിയിൽ നിന്ന് ഇദ്ദേഹത്തിന് പതിനാറടി അകലം പാലിക്കാൻ കഴിയാത്തത്. പിന്നിലെ ഭിത്തിയിൽ ചാരിനിന്നുകൊണ്ട് ഇദ്ദേഹം മുതിർന്നവരെ വിളിക്കും. ആദ്യാനുഭവത്തിൽ മുതിർന്നവർ കരുതി ഇദ്ദേഹത്തിന് എന്തോ വൻ അപകടം സംഭവിച്ചുവെന്ന്. അദ്ദേഹം കിടക്കുന്ന മുറിയിൽ ഈ പാറ്റരാക്ഷസൻ ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് ടിയാൻ കിടക്കാൻ പോകുന്നത്. രാത്രിയെങ്ങാനും ഈ ഭീകരൻ വന്ന് ആക്രമിക്കുമോ എന്ന സംശയത്തോടെയാണ് കിടപ്പും.
മുതിർന്നവർ പാറ്റയെ കാലുകൊണ്ട് തട്ടി ദൂരേക്ക് തെറിപ്പിക്കുന്നതും ആട്ടിപ്പായിക്കുന്നതുമൊക്കെ വൻ വീരാരാധനയോടെന്നപോലെയാണ് ഈ കൗമാരക്കാരൻ നോക്കി നിൽക്കുന്നത്. മുതിർന്നവർ ഇതിനെ ലാഘവത്തോടെ കൈകാര്യം ചെയ്തുകൊണ്ട് എന്തിനാണിങ്ങനെ പേടിക്കുന്നതെന്ന്‍ ഇദ്ദേഹത്തോടു ചോദിച്ചപ്പോൾ ആദ്യം വന്ന മറുപടി 'Dangerous' അഥവാ അപകടകരം എന്നായിരുന്നു. അതു പറയുമ്പോൾ ആ കുട്ടിയുടെ ഭീതി മുഴുവൻ മുഖത്ത് പ്രകടം.
പാറ്റജി അല്ലറ ചില്ലറ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കാറുണ്ട്. അതിന്നു തുടങ്ങിയതല്ല. പണ്ടു മുതലേ തുടങ്ങിയതാണ്. മൂപ്പരുടെ ജാതിയാണെങ്കിൽ മനുഷ്യനേക്കാൾ മുൻപേ ഇവിടെയെത്തിയ ചങ്ങാതിയുമാണ്. അങ്ങനെയിങ്ങനെയൊന്നും മൂപ്പരെ ഉന്മൂലനം ചെയ്യാനും പറ്റുകയില്ല. പെയിന്റിനകത്തു വീണാൽ അതുപോലും ആഹാരമാക്കി ഉന്മേഷത്തോടെ കേറിപ്പോരും. പണ്ടൊക്കെ വലിയ അടച്ചുറപ്പുള്ള സംവിധാനങ്ങളില്ലാതിരുന്നാൽ തുണി സൂക്ഷിക്കുന്ന കാലിപ്പെട്ടികളിലും അലമാരകളിലുമൊക്കെ ഈ ചങ്ങാതി കേറി തുണി നശിപ്പിക്കുന്ന ഏർപ്പാടൊക്കെ ഉണ്ടായിരുന്നു. പാറ്റ നക്കുക എന്നായിരുന്നു അതിനെ പറഞ്ഞിരുന്നത്. ചിലപ്പോൾ ഈ നക്കൽ പ്രയോഗം ഉറക്കത്തിൽ ആൾക്കാരുടെ മേലും നടത്തിയെന്നിരിക്കും. പാറ്റ നക്കൽ ഒരു പ്രയോഗമായിപ്പോലും അതിനാൽ പ്രചാരത്തിലുണ്ട്. അല്ലാതെ പാറ്റ ആരെയെങ്കിലും കൊന്നതായിട്ടോ മരിക്കാനിടയായതായ എന്തെങ്കിലും രോഗം പരത്തിയതായിട്ടോ ഒന്നും ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പരിമിതജ്ഞാനം. ഈ ദോഷമകറ്റാൻ പാറ്റഗുളിക പ്രയോഗം നടത്തുക സാധാരണമായിരുന്നു. ഇപ്പോഴും പാറ്റഗുളിക ഉണ്ടെന്നാണറിവ്. എന്തായാലും പാറ്റ കയറാത്ത വീടാണെങ്കിൽ ആ വീടിന് സാരമായ എന്തോ കുഴപ്പമുണ്ടെന്നു കരുതാവുന്നതാണ്. അതിനർഥം പാറ്റയെ വളർത്തുമൃഗങ്ങളെ പോലെ വളർത്തണമെന്നല്ല. തൂത്തുതുടച്ച് വീട് വൃത്തിയാക്കുക, ശ്രദ്ധിക്കപ്പെടാത്ത മൂലകൾ വീട്ടിൽ ഉണ്ടാകാതിരിക്കുക, അടുക്കളയിൽ സാധാനങ്ങൾ തുറന്നു വയ്ക്കാതിരിക്കുക, പലവ്യഞ്ജനങ്ങൾ അടച്ചു വയ്ക്കുക എന്നീ പരിപാടികൾ ചെയ്താൽ പാറ്റ വിഹാരം കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. ഒരർഥത്തിൽ മടിയില്ലാതെ ശ്രദ്ധയോടെ ജീവിക്കുന്നതിനും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിനുമുളള ഓർമ്മപ്പെടുത്തലാണ് ഈ പാറ്റക്കാരണവർ.
പതിനാലുകാരന്റെ കണ്ണു തള്ളിക്കൊണ്ടുള്ള വിവരണം ഇങ്ങനെ: ' ഇതിനെ കൊല്ലണം. അല്ലെങ്കിൽ ഭയങ്കര അപകടമാ. അതിഭയങ്കരമായ പകർച്ചവ്യാധികൾ പിടിപെടും. ഇതിനെ തൊടുകയോ നമ്മുടെ ദേഹത്തു വന്നിരിക്കുകയോ ചെയ്താൽ നമ്മളിലേക്കു ഭയങ്കരം വിഷം കയറും. അതു ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാക്കും.' എവിടെനിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്നാരാഞ്ഞപ്പോൾ ഉത്തരം പെട്ടെന്നായിരുന്നു. ടിവിയിൽ വരുന്ന പരസ്യമാണ് ഈ കൗമാരക്കാരൻ ഉദ്ധരിച്ചത്. ശരിയാണ്, ടിവിയിൽ വരുന്ന പരസ്യത്തിൽ പാറ്റയെക്കാണുമ്പോൾ പേടിച്ചരണ്ട് വിരണ്ട് മാറുന്നതുപോലെയായിരുന്നു ഈ കൗമാരക്കാരനും പെരുമാറിയത്.
പാറ്റയെ കൊല്ലാനായി ഉപയോഗിക്കുന്ന വിഷസ്പ്രേ അപകടകരമാണോ എന്നു കൗമാരക്കാരനോടു ചോദിച്ചപ്പോൾ അത്രയും വിഷമടിക്കാതെ ഇതു ചാവില്ലെന്നും ഭയങ്കര പ്രതിരോധശേഷിയാണിതിനെന്നുമായിരുന്നു മറുപടി. വളരെ പ്രതിരോധശേഷിയുള്ള പാറ്റയെ കൊല്ലാനുപയോഗിക്കുന്ന വിഷം ശ്വസിച്ചാൽ അതു മനുഷ്യനും ദോഷമാകില്ലേയെന്ന ചോദ്യത്തിന് ആ നിഷ്‌കളങ്കനായ കുട്ടിക്ക് മറുപടിയില്ലായിരുന്നു. ഒരു ജീവിയെ കൊല്ലുമ്പോൾ ജീവനെയാണ് നശിപ്പിക്കുന്നത്. ആ അംശം ജീവൻ നമ്മളിലും നശിക്കുകയില്ലേ എന്നാവർത്തിച്ചപ്പോൾ ആ കൗമാരക്കാരന്റെ കൗതുകം വീണ്ടും മുഖത്തു ജനിച്ചു. എല്ലാ ദിവസവും കുറേശ്ശെ ഈ വിഷമരുന്നടിച്ച് പാറ്റയെ കൊല്ലുന്നതോടൊപ്പം നമ്മുടെ ജീവനും മെല്ലെ മെല്ലെ ഇല്ലാതായി വരില്ലേ? ജീവന്റെ തോത് നമ്മളിൽ കുറയുമ്പോഴല്ലേ അവ രോഗങ്ങളായി പുറത്തു വരാറുള്ളത്? ഭക്ഷണത്തിലും വായുവിലും ജലത്തിലും എല്ലാത്തിലൂടെയും വിഷം നമ്മുടെ ഉളളിൽ ചെല്ലുന്നുണ്ട്. രാത്രി ഉറങ്ങുമ്പോൾ വലയില്ലാത്ത വീടുകളിൽ കൊതുകിനെ തുരത്താന്‍ വിഷവാതകവിന്യാസമില്ലാതെ പറ്റില്ല. അതിനൊടൊപ്പം പാറ്റയെ കൊല്ലുന്ന വിഷം കൂടെ അടിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന ചോദ്യവും കൂടി വന്നപ്പോൾ കൗമാരക്കാരന് എന്തു പറയണമെന്നറിയാതായി.
പാറ്റവിഷം വിൽപ്പന വർധിപ്പിക്കുന്നതിനായി അത്യാകർഷകമായി ഉണ്ടാക്കിയിട്ടുള്ള നാടകീയ പരസ്യങ്ങളിൽ നിന്ന് സ്വാഭാവികമായാണ് ഈ കുട്ടിയിൽ ഈ പേടി കടന്നു കൂടിയിരിക്കുന്നത്. ഇപ്പോൾ മുതിർന്ന യുവതികളും പാറ്റവിഷപ്പരസ്യത്തിലെ യുവതികളെപ്പോലെ പാറ്റയെക്കണ്ടാൽ പേടിച്ചരണ്ട് ചാടി കട്ടിലിനു പുറത്തു കയറുന്നത് ഫാഷനായിട്ടുണ്ട്. അപൂർവ്വം ന്യൂജെൻ യുവാക്കളിലും ഈ പ്രകടനം കാണുന്നുണ്ട്. പതിന്നാലുകാരൻ പയ്യൻ പ്രകൃതിയിൽ ഓടിച്ചാടി കളിച്ച് എന്തിനേയും നേരിടാനുള്ള ധൈര്യത്തോടെ യൗവ്വനത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. യൗവ്വനത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ ഒരു കുഞ്ഞു പാറ്റയെ കണ്ടു പേടിച്ചുപോയാൽ ഈ കുട്ടി യുവാവാകുമ്പോഴും കുഞ്ഞു സംഭവങ്ങളിൽ പേടിക്കും. കാരണം പേടിയുടെ സോഫ്റ്റ്‌വെയറാണ് ഇത്തരം പരസ്യങ്ങൾ കുട്ടികളിലേക്ക് നിക്ഷേപിക്കുന്നത്. ഒരു സോഫ്റ്റ്‌വെയര്‍ ഇൻസ്റ്റാൾഡായാൽ അത് എല്ലാ തലത്തിലും പ്രവർത്തിക്കും.
ആധുനികമായ ജീവിതാന്തരീക്ഷത്തിലാണ് ഇത്തരം പേടി നിമിഷങ്ങൾ പരസ്യക്കാർ കാണിക്കുക. കാരണം അത്തരത്തില്‍ ജീവിക്കാന്‍ സാമ്പത്തിക ശേഷിയുളളവരാണ് ഇത്തരം ഉൽപ്പന്നങ്ങളുടെ മുഖ്യഉപഭോക്താക്കൾ. ഒരു രാജ്യത്തിന്റെ ഭാവി ഭദ്രമാകുന്നത് ആ രാജ്യത്തിന്റെ യുവ തലമുറയുടെ ധൈര്യത്തിലാണ്. അതില്ലാതെ വരുമ്പോഴാണ് സർവ്വവിധ അടിമത്തങ്ങളും നേരിട്ടും പരോക്ഷമായും ആ രാജ്യത്തെ കീഴടക്കുക. ആ അർഥത്തിൽ നോക്കിയാൽ രാജ്യദ്രോഹകരമാണ് ഭീതിയെ നിക്ഷേപിക്കുന്ന ഇത്തരത്തിലുള്ള പരസ്യങ്ങൾ. ശാരീരികമായും മാനസികമായുമാണ് ഇത്തരം പരസ്യങ്ങൾ ജനത്തെ രോഗഗ്രസ്ഥമാക്കുന്നത്. രാജ്യസ്‌നേഹത്തെ സാമ്രാജ്യത്വാനുഭവത്തിന്റെയും അയൽരാജ്യ ശത്രുതയുടെയും പശ്ചാത്തലത്തിൽ വൈകാരികമാക്കിയതിനാലാണ് യഥാർഥ രാജ്യദ്രോഹനടപടികൾ തിരിച്ചറിയപ്പെടാതെ പോകുന്നത്. മനുഷ്യനു നേരിടാൻ കഴിയാത്ത വെല്ലുവിളികൾ ലോകത്തുണ്ടാവില്ല. അതിനെ നേരിടാൻ വേണ്ടത് പ്രാഥമികമായി ധൈര്യം മാത്രമാണ്.
പേടിയിലാണ് വർത്തമാനകമ്പോളം അതിന്റെ അത്യാദായത്തെ കാണുന്നത്. മാധ്യമങ്ങളും അനുനിമിഷം ജനങ്ങളിലും പ്രത്യേകിച്ച് കുട്ടികളിലുമെല്ലാം ഭീതിയും അശുഭാപ്തിവിശ്വാസവും നിക്ഷേപിക്കുകയും പരത്തുകയും ചെയ്യുന്ന വിധമാണ് പ്രവർത്തിക്കുന്നത്. ഒരുപക്ഷേ അതുമെല്ലാം കാരണം പാറ്റ പകർച്ചവ്യാധിയുൾപ്പടെയുള്ള രോഗങ്ങളെ പരത്തുമെന്ന് പരസ്യങ്ങൾ പറയുമ്പോൾ അവരിൽ നിലകൊള്ളുന്ന ഭീതി അതിന്റെ ഭക്ഷണം പോലെ അതിനെ ഏറ്റുവാങ്ങുന്നു. പേടിയാണ് എല്ലാ തിന്മകളുടെയും ഉറവിടം. ഒരു ക്യൂ തെറ്റിക്കുന്നതും വാഹനങ്ങൾ അപകടകരമായി മറികടക്കുന്നതും തുടങ്ങി വൻ അഴിമതി വരെ എല്ലാത്തിന്റെയും ആധാര സോഫ്റ്റ്‌വെയറായി പ്രവർത്തിക്കുന്നത് പേടിയാണ്. ഈ പേടിയാണ് ഇന്ത്യയെന്ന മഹാരാജ്യം അടിമത്തത്തിലേക്ക് വഴുതിവീഴാൻ കാരണമായത്. ഈ പേടിയെ മെല്ലെ അനായാസമായി ഇല്ലാതാക്കുന്ന പ്രക്രിയയായിരുന്നു അഹിംസയിലൂടെ ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യസമരത്തിലേക്കുണർത്തി മഹാത്മാഗാന്ധി പ്രാവർത്തികമാക്കിയത്. അതിനാൽ പേടിയെ വളർത്തുന്ന ഏതൊരു നടപടിയും ഗാന്ധിനിന്ദയാണ്. അല്ലാതെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ ആരെങ്കിലും അറിവില്ലാതെ ചെരിപ്പിട്ടു കയറുന്നതോ പ്രതിമയെ അവഹേളിക്കുന്നതോ ഒന്നുമല്ല ഗാന്ധിനിന്ദ. അതിനെ നിന്ദയായി കാണുന്നതും പേടിയിൽ നിന്നുള്ള കാഴ്ചപ്പാടുകൊണ്ടാണ്. കാരണം പേടി അജ്ഞതയുടെ സന്തതിയാണ്. ഗാന്ധിയെ തത്വത്തിൽ അറിയാതെ രൂപത്തിലൂടെ അറിയുന്ന അജ്ഞതയാണ് അവിടെ സംഭവിക്കുന്നത്.