പ്രൊഫസർ വിചാരകേന്ദ്രം

Glint Guru
Sat, 25-02-2017 02:39:15 PM ;

 

പ്രൊഫഷണൽ കോളേജ് പ്രൊഫസറായ വനിത. അവരുടെ സഹപാഠിയായ പ്രിയപ്പെട്ട കൂട്ടുകാരി കുറേ നാളത്തെ ഇടവേളയ്ക്കു ശേഷം വിളിക്കുന്നു. പ്രൊഫസറും കുടുംബവും താമസിക്കുന്ന കോളേജ് കാമ്പസ്സിനു സമീപത്തുകൂടെ പോകുന്നുവെന്നും തിരിച്ചുവരുമ്പോൾ സുഹൃത്തിനെ കാണാൻ കയറുന്നതാണെന്നും. ഉച്ചയ്ക്കാണ് കൂട്ടുകാരി വിളിക്കുന്നത്. സന്ധ്യയായതോടെ പ്രൊഫസർക്ക് അക്ഷമയായി. കൂട്ടുകാരിയേയും കുടുംബത്തേയും കാണാൻ കാത്തിരുന്ന് അവർ മുഷിഞ്ഞു. മൊബൈൽ ഫോണിൽ വിളിച്ചുനോക്കിയപ്പോൾ പ്രതികരണമില്ല. ചിലപ്പോൾ സ്വിച്ച് ഓഫ് ചെയ്തതായും കേട്ടു. ഒടുവിൽ രാത്രി ഒമ്പതു മണിയോടടുപ്പിച്ച് സുഹൃത്ത് പ്രൊഫസറുടെ വീട്ടിലെത്തി. പ്രകടിപ്പിക്കാൻ പറ്റാത്ത വിധം പ്രൊഫസറുടെ സന്തോഷം. എന്തു പറയണം, എന്തു ചോദിക്കണം എന്നൊന്നുമറിയാതെ.

 

സുഹൃത്തും കുടുംബവും എത്തി സ്വീകരണമുറിയിൽ ഇരുന്നതോടെ, അവരെ ഫോണിൽ കിട്ടാതെ വന്നപ്പോൾ വിചാരിച്ചത് പ്രൊഫസര്‍ വിവരിക്കുകയായി. അവർ പറഞ്ഞു: ഞാൻ വൈകീട്ട് അഞ്ചു മണിമുതൽ നിങ്ങളെ വിളിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടേയും ഫോണിൽ മാറിമാറി വിളിച്ചു. അപ്പോൾ രണ്ടുപേരുടേയും ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി പ്രതികരണം. ഞാൻ വിചാരിച്ചു നിങ്ങൾ ഏതോ ഉൾപ്രദേശത്തേക്ക് എവിടെയെങ്കിലും പോയതായിരിക്കുമെന്ന്. എന്നാലും നിങ്ങൾ തിരികെപോകുമ്പോൾ കയറും എന്നു പറഞ്ഞതിനാൽ നിങ്ങൾ വല്ലാതെ ദൂരെയെങ്ങും പോയിക്കാണത്തില്ലെന്നും വിചാരിച്ചു. കാരണം ഇവിടെനിന്നു മൂന്നു മണിക്കൂർ ദൂരത്ത് ഏതു ദിശയിൽ പോയാലും റേഞ്ച് ഉള്ള സ്ഥലങ്ങളാണല്ലോ. പിന്നെ ഒരേഴുമണിയോടടുപ്പിച്ച് ഞാൻ നിങ്ങളെ ഒരുപാട് വിളിച്ചു. ഒരു എട്ടരമണിയായപ്പോൾ ഞാൻ വിചാരിച്ചു ഇനി നിങ്ങൾ വരില്ലെന്ന്. എന്റെ പിടിയിൽ പെട്ടാൽ വൈകുമെന്ന് കണ്ട് ഇവിടെ കയറാതെ പോയിക്കാണുമെന്ന് വിചാരിച്ചു. പിന്നേയും ഞാൻ വിചാരിച്ചു നിങ്ങൾ വിളിച്ചു പറഞ്ഞിട്ട് അങ്ങിനെ ചെയ്യാനിടവരുമോ. എങ്കിലും നീ പറഞ്ഞില്ലേ പറ്റുമെങ്കിൽ കയറുമെന്ന്. അപ്പോ ഞാൻ വിചാരിച്ചു നിങ്ങൾ കയറാൻ തീർച്ചപ്പെടുത്തിക്കാണില്ലെന്ന്. അതുകൊണ്ടാണല്ലോ പറ്റുമെങ്കിൽ എന്നു പറഞ്ഞതെന്ന്. പിന്നേയും ഞാൻ വിചാരിച്ചു, നീ ഉപേക്ഷ വിചാരിച്ചാലും പുള്ളിക്കാരൻ വിചാരിക്കാനിടയില്ലല്ലോ എന്ന്. പിന്നെ ഞാൻ വിചാരിച്ചു, ഇവിടുത്തെ പുള്ളിക്കാരൻ ഇവിടില്ലാത്തതുകൊണ്ട് പിന്നെ ഉള്ളപ്പോഴെങ്ങാനും കയറാമെന്ന് കരുതി പോയതായിരിക്കുമെന്ന് വിചാരിച്ചു. ഹായ്, അതിന് ഞാൻ നീ വിളിച്ചപ്പോ പുള്ളിക്കാരൻ ഇവിടില്ലാത്ത കാര്യം പറഞ്ഞില്ലല്ലോ എന്നോർത്തത് അപ്പോഴാ. അപ്പോ അതിനും സാധ്യതയില്ലല്ലോ. അപ്പോ ഞാനങ്ങറുപ്പിച്ച്  നിങ്ങൾ കയറണ്ടായെന്ന് ഉറപ്പിച്ച് പോയിക്കാണുമെന്ന്. ഞാൻ വിളിക്കുമ്പോ ബുദ്ധിമുട്ട് പറയാൻ മിനക്കെടെണ്ടല്ലോ എന്നു കരുതി രണ്ടുപേരും ഒന്നിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്തതായിരിക്കുമെന്ന്. അങ്ങനെ നീണ്ടുപോയി വൈകുന്നേരം അവരുടെ സുഹൃത്തിന്റെ പ്രഖ്യാപിത വരവ് താമസിച്ചപ്പോഴുണ്ടായ വിചാരം. പക്ഷേ ഒമ്പതു മണിയായപ്പോൾ ആ വിചാരങ്ങളെല്ലാം അബദ്ധമായിരുന്നു എന്നു വ്യക്തമായി. ഫോൺ സ്വിച്ച് ഓഫ് ആയി കണ്ടതിനു പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായതുമില്ല.  അവരുടെ രണ്ടുപേരുടേയും ഫോൺ റേഞ്ചിൽ തന്നെയായിരുന്നു. ഒരു പക്ഷേ ഈ പ്രൊഫസറുടെ ഫോണായിരിക്കാം റേഞ്ചിനു പുറത്തുണ്ടായിരുന്നത്.

 

ഓരോ വിചാരത്തിനും അവർ ഓരോ തരം വികാരം അനുഭവിച്ചിട്ടുണ്ടാകും. ഓരോ വിചാരവും ഓരോ ചിന്തകൾ. അതനുസരിച്ച് അവരുടെയുള്ളിൽ രാസപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടാകും. പ്രിയപ്പെട്ട സുഹൃത്ത് തന്നെ കാണാൻ വരുമെന്ന് പറഞ്ഞപ്പോൾ തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവർ വരുന്നതെന്ന് പ്രൊഫസർ അറിഞ്ഞു. അത് തനിക്കു കിട്ടുന്ന ശ്രദ്ധ. ആ ശ്രദ്ധയുടെ അഭാവം പ്രൊഫസർ അറിയുന്നുണ്ടാകും. അതിന്റെ പേരിലാണ് തന്നെ കാണാൻ തന്റെ കൂട്ടുകാരി വരുമെന്നു പറഞ്ഞപ്പോൾ അവർ ആഹ്ലാദത്തിലായത്. സുഹൃത്ത് വൈകിയപ്പോൾ അവരുടെ മനസ്സ് അസ്വസ്ഥമായി. തനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്ന സന്തോഷം നഷ്ടമാകുമോ എന്ന ആശങ്ക അവരെ പിടികൂടി. ആ ആശങ്ക ഓരോ ചിന്തകൾക്ക് കൽപ്പന നൽകി. ആ ഓരോ ചിന്തയും ശ്രദ്ധിച്ചാൽ ഒന്നു മനസ്സിലാകും താൻ കബളിക്കപ്പെട്ടോ എന്നുള്ള തോന്നലാണ് അതിന്റെ അടിത്തട്ടിൽ അഥവാ അവരുടെ ഉപബോധമനസ്സിൽ  പ്രവർത്തിച്ചിരിക്കുന്നത്. അങ്ങനെ ആകാതിരിക്കാൻ അവർ ആഗ്രഹിക്കുകയും അതേസമയം അങ്ങനെ ആകുമോ എന്ന സംശയത്താൽ വേട്ടയാടപ്പെടുകയും ചെയ്യുന്നു.

 

ഇത് ഈ സുഹൃത്തിന്റെ വരവിന്റെ കാര്യത്തിൽ മാത്രം സംഭവിച്ചതല്ല. അവരുടെ ചിന്താഘടനയുടെ പ്രഭവസ്ഥാനം ആ വിധമായിരിക്കുന്നു. അതിന്റെ കാരണം അവരുടെ ഉള്ളിൽ ഉണങ്ങാതെ തുടരുന്ന മുറിവുകളാണ്. മുറിവുള്ളവർ എപ്പോഴും ചെറിയ ആശ്വാസത്തിനായി ശ്രമിക്കും. മുറിഞ്ഞ് വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാൽ കിട്ടുന്ന ആശ്വാസം പോലെ. മുറിവുകൾ എപ്പോഴും ഇത്തരം ആശ്വാസങ്ങൾക്കേ കാത്തിരിക്കൂ. കാരണം മുറിവില്ലാത്ത അവസ്ഥയുടെ സുഖം മുറിവിന് അറിയാൻ കഴിയില്ല. മുറിവിനെ സംബന്ധിച്ച് സുഖം എന്നത് മുറിവിൽ നിന്നുണ്ടാവുന്ന അൽപ്പാശ്വാസമാണ്. അത് ശീലമായാൽ കുറേക്കഴിയുമ്പോൾ ഇത്തരം അൽപ്പാശ്വാസങ്ങളെ സുഖമായി ധരിക്കാൻ തുടങ്ങി അതുറപ്പിക്കും. ആ സുഖത്തെ സന്തോഷമായും തെറ്റിദ്ധരിക്കും. അതിനാൽ ഇത്തരം അൽപ്പാശ്വാസങ്ങളെ പൊതുവേ സുഖവും സന്തോഷവുമായി ധരിക്കുന്ന പൊതു അവസ്ഥ കൈവരുന്നു.

 

ഈ ഘടകമാണ് ഓരോ നിമിഷവും അവരുടെ ചിന്തകളെ നിയന്ത്രിക്കുന്നത്. അതിനാൽ ലോകത്ത് എന്തു നടന്നാലും അത് തന്റെ ആശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞൊടിയിടകൊണ്ട് അളന്നുനോക്കിയാണ് ഓരോ ചിന്തകളും ജന്മമെടുക്കുന്നത്. കയറുമെന്ന് പറഞ്ഞിട്ട് കയറുന്നില്ലെന്ന് തന്നോട് വിളിച്ചുപറയാനുള്ള ധൈര്യം സുഹൃത്തിനില്ലെന്ന് ഈ പ്രൊഫസർ തന്നെ പറയുമ്പോൾ അവർക്കറിയാം അവർ എങ്ങിനെയായിരിക്കും പെരുമാറുക എന്ന്. കേൾക്കുന്ന  തന്റെ സുഹൃത്തിന് സുഖകരമായ വിധമായിരിക്കില്ല എന്ന് അവർക്ക് തന്നെ നല്ല നിശ്ചയം. സുഹൃത്താണെങ്കിൽ ദൂരെ നിന്നാണെങ്കിലും അടുത്തുനിന്നാണെങ്കിലും ഓരോ ബന്ധപ്പെടലും അവശേഷിപ്പിക്കേണ്ടത് സുഖമാണ്. ഒരുപക്ഷേ തന്റെ സുഹൃത്ത് പോയ സ്ഥലത്തുനിന്ന് മടങ്ങിവരുമ്പോൾ കയറിയില്ലെന്നിരിക്കിട്ടെ. സൗഹൃദം ദൃഢമാണെങ്കിൽ രണ്ടുപേർക്കും പരിഭവമുണ്ടാകില്ല. അസൗകര്യം ഉണ്ടായതിനാലാകും സുഹൃത്ത് കയറാതിരുന്നതെന്ന് അവർ മനസ്സിലാക്കും. അതു നന്നായി എന്നു അവർ അറിയിക്കുകയും ചെയ്യും. സുഹൃത്ത് ബുദ്ധിമുട്ടാതിരിക്കുന്നതാണ് ഏത് സുഹൃത്തിന്റേയും ആഗ്രഹമായി മാറേണ്ടത്. അവിടെയാണ് ഉപാധികളില്ലാത്ത സൗഹൃദം  ശക്തമാകുന്നത്.

 

ഇതിനർഥം ഈ പ്രൊഫസർക്ക് തന്റെ സുഹൃത്തിനോട് സ്‌നേഹമില്ലെന്നല്ല. അവരിലൂടെ ഇവർ തന്റെ സന്തോഷം പ്രതീക്ഷിക്കുന്നു. അങ്ങനെയുള്ള സുഹൃത്തുക്കളുടെ സുഹൃത്തുക്കൾക്ക് ചെയ്യാവുന്നത് തങ്ങളുടെ ഈ സുഹൃത്തുക്കളെ ഇടയ്ക്കിടെ വിളിക്കുകയും കാണുകയും ചെയ്യുക എന്നുള്ളത് തന്നെ. കാരണം അവർ സന്തോഷം അനുഭവിക്കുന്ന നിമിഷങ്ങളാണത്. ഏറ്റവും അടുത്തവരിൽ നിന്ന് അവർ സ്‌നേഹക്കമ്മി അനുഭവിക്കുന്നു. കമ്മിയുണ്ടായാൽ അതു നികത്തുക സ്വാഭാവികം. അവരും ആ ശ്രമം നടത്തുന്നുണ്ട്. പക്ഷേ ഓരോ ശ്രമം നടത്തുമ്പോഴും കമ്മി കൂടുന്നതായി അവർ അറിയുന്നുണ്ടാകും. കമ്മി കൂടുന്ന ഗതി ആരും തന്നെ കമ്മി കൂട്ടാനുള്ള ശ്രമങ്ങളിൽ നിന്നും പിന്മാറും. അതേസമയം തന്നിൽ കമ്മി സൃഷ്ടിക്കുന്നവർ തന്നെയാണ് തന്റെ സമ്പാദ്യമെന്നും ഇവർ അറിയുന്നുണ്ട്. അവിടെയാണ് അവ്യക്തതയുടെ വിളനിലം. ആ വിളനിലത്തിൽ തഴച്ചുവളുന്ന കളകളാണ് അവരുടെ ഉള്ളിൽ സദാ സംഭവിച്ചുകൊണ്ടിരിക്കുന്ന ചിന്തകൾ. അത് ശീലമായതും. കളകൾ തഴച്ച് ഇടതിങ്ങിവളർന്ന് തിമിർത്താൽ അതിനുള്ളിൽ വളരുന്ന വിളയുടെ അവസ്ഥ ദയനീയം. കളപറിക്കലും പണിപ്പെട്ടതു തന്നെ. കളകൾ പൂത്തും കായ്ച്ചും വീണ്ടും തഴയ്ക്കുമ്പോൾ ഇവയാണ് യഥാർഥ വിളയെന്ന് ഇതിന്റെയുടമ ധരിച്ചുവശായെന്നുമിരിക്കും. അവിടെ നിന്നാണ് യാഥാർഥ്യങ്ങൾ കൺമുന്നിൽ കാണുമ്പോഴും വിചാരം വിചാരിക്കുന്നത് വിശ്വസിക്കാൻ ചിലർ നിർബന്ധിതരാകുന്നത്. അതുകൊണ്ടാണ് ഇങ്ങനെയുള്ളവർ മിക്കപ്പോഴും കൂടുതൽ സംസാരിക്കുന്നതും. അതുകൊണ്ടാണ് ഈ പ്രൊഫസർ തന്റെ സുഹൃത്തിനെ കണ്ടപ്പോൾ നിർത്താതെ താൻ വിചാരിച്ചത് എന്തെല്ലാമെന്ന് നിഷ്‌കളങ്കതയുടെ അകമ്പടിയോടെ വിവരിച്ചത്.  ഓരോ ചിന്തയുടേയും തൂണ് പേടിയാണെന്നുള്ളതും കാണാൻ കഴിയും. അതായത് മുറിവ് വേദനിക്കുമോ എന്ന പേടി.

 

കൂടെയുളളവരെ പെട്ടന്ന് ശുണ്ഠി പിടിപ്പിക്കാനും ഈ പ്രൊഫസർക്ക് കഴിഞ്ഞെന്നിരിക്കും. കാരണം മുമ്പിലുള്ള യാഥാർഥ്യത്തെ കാണാതെ തന്റെ വിചാരത്തിൽ കണ്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുനിമിഷം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. സ്വാഭാവികമായും അത് വിപരീതഫലങ്ങളെ സൃഷ്ടിക്കും. മറ്റുള്ളവർ ഇതായിരിക്കും ഉദ്ദേശിച്ചതെന്ന് സ്വയം ഉദ്ദേശിച്ച് അതനുസരിച്ച് ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്താലുണ്ടാകുന്ന അശകൊശ ചിന്തനീയം. കൂടെയുള്ളവർ ശുണ്ഠി പിടിക്കുമ്പോൾ താൻ വിചാരിച്ചത് ഇന്നതാണെന്നും അതിനാലാണ് താൻ പറഞ്ഞതോ ചെയ്തതോ തെറ്റിപ്പോയതെന്നും അത് ബോധപൂർവ്വമുണ്ടായ തെറ്റല്ലെന്നും അവർ പറഞ്ഞ് സമർഥിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അത് ആത്മാർഥമായ ശ്രമവുമാണ്. എന്നാൽ യാഥാർഥ്യം കണ്ടിട്ടും കണ്ടില്ലെന്ന് പറഞ്ഞ് സ്വയം ഇഷ്ടപ്രകാരം ചെയ്തുവെന്ന് കരുതുന്ന കൂടെയുള്ളവർ അത് അപ്പടി അത് വിഴുങ്ങാൻ തയ്യാറാകില്ല. തന്റെ നിഷ്‌കളങ്കകതയെ ആരും കാണുന്നില്ലെന്ന് ആത്മാർഥമായി ഇവർ വിലപിക്കും. അതു ശരിയുമാണ്. അതാണ് അവർക്ക് അനുനിമിഷം ഏറ്റുകൊണ്ടിരിക്കുന്ന മുറിവും അതിന്റെ വായ് വലുതായിക്കൊണ്ടിരിക്കുന്നതും. കൂടെയുളളവർ ഇതറിയാത്ത പക്ഷം ഇങ്ങനെയുളളവർ വിപരീത വ്യക്തിത്വങ്ങളാണെന്ന് മുദ്രകുത്തും. വിപരീത വ്യക്തിത്വങ്ങൾ എന്തു പറഞ്ഞാലും വിപരീതാത്മകം. വിപരീതാത്മകത്തെ സ്വീകരിക്കുക സാധൂകരണമുള്ളതല്ല. അതിനാൽ ഓരോ തവണ ഇവർ വായ് തുറക്കുമ്പോഴും അവർ തിരസ്‌കരിക്കപ്പെടുന്നു. വീണ്ടും വീണ്ടും മുറിവുകൾ. ഓരോ മുറിവും ഓരോ കളയുടെ തടം. അതാണ് വിചാരകേന്ദ്രം.

Tags: