വിചാരിച്ച കാര്യം നടന്നിട്ടും തൃപ്തി അനുഭവിക്കാൻ കഴിയാതെ പോകുമ്പോൾ

Glint Guru
Mon, 16-01-2017 03:53:27 PM ;

source

 

ഉറക്കപ്രിയനായ, മധ്യവയസ്സിലേക്ക് എത്തിനോക്കുന്ന യുവാവ്. ഒരു പ്രധാനപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. ഏതാനും റിപ്പോർട്ടുകൾ ചെയ്തു തീർക്കണം. ഒടുവിൽ അവസാനത്തെ തിങ്കളാഴ്ചയെത്തി. ഞായാറാഴ്ച പുറത്തൊക്കെ പോയിട്ട് വന്ന് അവശേഷിക്കുന്ന പണിയിൽ ഏർപ്പെട്ടു. രാത്രിയിൽ ഏകദേശം പന്ത്രണ്ട് കഴിഞ്ഞപ്പോൾ പണികളെല്ലാം പൂർത്തിയാക്കി. അതി ഗംഭീരമായി തന്നെ. ഒടുവിൽ റിപ്പോർട്ട് വായിക്കുകയും ചില സൗന്ദര്യവത്ക്കരണവും കൂടി വരുത്തിയതിനു ശേഷവും യുവാവ് ഒന്നു രണ്ടു തവണ കൂടി റിപ്പോർട്ട് ഓടിച്ചു നോക്കി. കുഴപ്പമില്ല. എന്നുമാത്രമല്ല, വിചാരിച്ചതിലും ഗംഭീരവുമായിരിക്കുന്നു. അതാസ്വദിക്കാനാണെന്നു തോന്നുന്നു അദ്ദേഹം അത് ആവർത്തിച്ചു നോക്കിയത്. ഒടുവിൽ അത് ഗൂഗിൾ ഡോക്കുമെന്റിലേക്ക് പകർത്തുകയും ഒപ്പം അതിന്റെ പ്രിന്റൗട്ടും എടുത്തു. എല്ലാം ഭദ്രം. തിങ്കളാഴ്ച രാവിലത്തെ മീറ്റിംഗിൽ അദ്ദേഹത്തിന് ഉഷാറായി അതവതരിപ്പിക്കാം.

 

എല്ലാം കഴിഞ്ഞ് സന്തുഷ്ടനായി അദ്ദേഹം കിടക്കാൻ ഒരുങ്ങുന്ന വേളയിൽ ആത്മഗതമെന്നോണവും കൂടെയുള്ളവർ കേൾക്കാനുമെന്നവണ്ണം പറഞ്ഞു: 'ഹും, എന്തോ പറയാനാ, എന്തു വന്നാലും ഇന്ന് പത്തരയ്ക്ക് മുൻപ് കിടന്നുറങ്ങുമെന്നു നിശ്ചയിച്ചതാ. എന്നിട്ടു കണ്ടില്ലേ, ഇത്രയും നേരമായി. എന്തോ പറയാനാ? വിചാരിക്കുന്ന കാര്യങ്ങൾ ഒന്നും അതുപോലെ നടക്കുന്നില്ല.'

 

അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും വളരെ സന്തോഷത്തിലായിരുന്നു, കാരണം അദ്ദേഹത്തിന്റെ റിപ്പോർട്ട് ഗംഭീരമായി തീർന്നതിൽ. ആ സുഖത്തിലാണ് അവരും കിടക്കാൻ ഒരുങ്ങിയത്. അപ്പോഴാണ് അദ്ദേഹത്തിന്റെ വിലാപം എത്തിയത്. അർധരാത്രി കഴിഞ്ഞതിനാൽ വാക്കുകൾക്കൊക്കെ വ്യാപ്തിയും സാന്ദ്രതയും കൂടും. പറയുന്ന വാക്കുകൾ അതിന്റെ വൈകാരികതയും അർഥവും പരമാവധി ചോർന്നു പോകാതെ കേൾക്കുന്നവരുടെയുള്ളിൽ വീഴും. അദ്ദേഹത്തിന്റെ വിലാപം കേട്ടപ്പോൾ അതുവരെ സന്തോഷം അനുഭവിച്ചുകൊണ്ട് കിടക്കാൻ പോകാൻ നിന്നവർ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ, ഒരു നിമിഷം പ്രത്യേകിച്ചൊന്നും പ്രതികരിക്കാതെ അവരവരുടെ കിടക്കകളിലേക്കു നീങ്ങി.

 

ഈ യുവാവിന്റെ വിചാരിച്ചതു പോലെ നേരത്തേ കിടക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിലാപം കേട്ടാൽ പൊതുവേ പ്രത്യേകിച്ചൊന്നും തോന്നിയെന്നിരിക്കില്ല. കാരണം, മിക്കപ്പോഴും മിക്കവരും കേൾക്കുന്ന വാചകങ്ങളാണിവ. പക്ഷേ ഇവിടെ പ്രകടമായത് ആ യുവാവിനെ നയിച്ചുകൊണ്ടിരിക്കുന്ന ഒരടിസ്ഥാന വികാരമാണ്. എത്ര സന്തോഷമനുഭവിക്കുന്ന നിമിഷമായാലും ഇത്തിരി നോവുകൂടി അതിനൊപ്പം അനുഭവിക്കണമെന്നുള്ളത്. സന്തോഷിക്കാൻ അറിഞ്ഞുകൂടെന്നു ചുരുക്കം. ഉള്ളിലെ ചിന്തകളുടെ കട്ടിയും ബാഹുല്യവുമാണ് തന്റെ സന്തോഷത്തിന് തടസ്സമായി നിൽക്കുന്നതെന്ന് അദ്ദേഹം അറിയുന്നതുമില്ല. വളരെ സന്തോഷമായി ഭാരമില്ലാത്ത മനസ്സുമായി നല്ല പ്രഭാതത്തേയും പിറ്റേ ദിവസത്തേയും ഓർത്ത് ഉറങ്ങാൻ കിടക്കാവുന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷേ വിചാരിച്ചതുപോലെ തനിക്ക് കാര്യങ്ങൾ നീക്കാൻ പറ്റുന്നില്ല. രാത്രി ഉദ്ദേശിച്ച സമയത്ത് ഉറങ്ങാൻ പറ്റാത്തതിനാൽ പിറ്റേ ദിവസം വൈകി എഴുന്നേറ്റെന്നിരിക്കും. അതിനു പുറമേ രാവിലെ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന കാര്യങ്ങൾ പലതും ചെയ്യാൻ കഴിയാതെ വന്നെന്നിരിക്കും. അതൊക്കെ ആലോചിക്കുമ്പോൾ എങ്ങിനെയാണ് വിഷമം വരാതിരിക്കുക. അതിന് സ്വയം കുറ്റപ്പെടുത്തുകയാണ് ഈ യുവാവ്. സ്വയം കുറ്റപ്പെടുത്തുക എന്നുവെച്ചാൽ അൽപ്പം വേദന അനുഭവിക്കുക എന്നർഥം. ഇത് ഇദ്ദേഹത്തിന്റെ മിക്കപ്പോഴുമുള്ള സ്വഭാവം തന്നെ.

 

സ്വയം കുറ്റപ്പെടുത്തുന്ന വ്യക്തിക്ക് അതു ശീലമാണ്. ശീലം സ്വാഭാവികമായി പ്രകടമാകുന്നതാണ്. അല്ലെങ്കിൽ അതിൽ നിന്നു പുറത്തു കടക്കാൻ ബോധപൂർവ്വമായ ആഗ്രഹവും അതനുസരിച്ചുള്ള ശ്രദ്ധയും പ്രവൃത്തിയും വേണം. അല്ലെങ്കിൽ ശീലം ശ്വാസോച്ഛ്വാസം പോലെ സ്വാഭാവികമായി തലപൊക്കിക്കൊണ്ടിരിക്കും. സ്വയം കുറ്റപ്പെടുത്തുന്നവരില്‍ ഏതു സന്തോഷമുള്ള മുഹൂർത്തത്തിലും അറിയാതെ നോവനുഭവിക്കാനുള്ള ത്വര തലപൊക്കും. മറ്റുള്ളവരും ഏതെങ്കിലും വിജയം അനുഭവിക്കുകയോ നേട്ടം ഉണ്ടാക്കുകയോ ഒക്കെ ചെയ്യുന്ന നിമിഷങ്ങൾ വരുമ്പോൾ അവരോടുമുള്ള ഇവ്വിധമുള്ളവരുടെ പ്രതികരണം ഇങ്ങനെയായിരിക്കും. ഏതെങ്കിലും ഒരു ന്യൂനതയോ പോരായ്മയോ ഉയർത്തിക്കാട്ടി ആ സന്തോഷത്തിന്റെ ഒഴുക്കിനെ ഒന്നു മുറിക്കും. സ്വയം കുറ്റപ്പെടുത്തുന്നവർ മാത്രമേ മറ്റുള്ളവരെയും കുറ്റപ്പെടുത്തുകയുള്ളു.

 

ഇങ്ങനെയുള്ളവരുടെ ആത്മവിശ്വാസവും കുറഞ്ഞുകൊണ്ടിരിക്കും. കാരണം എപ്പോഴും ചെറിയൊരു വിഷാദം അവരെ പിന്തുടർന്നുകൊണ്ടിരിക്കും. ചിലർ എല്ലാം മറന്നു ചിരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ദൈവത്തിനെയൊക്കെയൊന്നു വിളിച്ചിട്ട് ചിരിയങ്ങ് നിർത്തിക്കളയും. അധികം ചിരിച്ചാൽ വിഷമിക്കേണ്ടി വരുമെന്ന് ഭയന്നിട്ടാണത്. അതൊരു തോന്നലാണ്. സമൂഹത്തിൽ നിന്ന് വ്യക്തിയുടെ അനുമതിയില്ലാതെ വ്യക്തികൾക്കുള്ളിൽ കുടിയേറി അവിടെയിരുന്നു ഭരിക്കുന്ന തോന്നലുകൾ. ഏതാണ്ട് അത്തരത്തിലുള്ള തോന്നലാണ് ഈ യുവാവിനെക്കൊണ്ടും രാത്രിയിൽ നേരത്തേ കിടക്കാൻ കഴിയാതിരുന്നതിൽ വിലപിപ്പിച്ചത്.

 

താൻ വിചാരിക്കുന്ന കാര്യങ്ങൾ അതുപോലെ നടക്കുന്നില്ലെന്ന തോന്നലും അദ്ദേഹത്തിന്റെ ഉള്ളിൽ അദ്ദേഹം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതു ഉത്തരവാദിത്വവും ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിന്റെ അടിത്തട്ടിൽ ഇതു തന്നെക്കൊണ്ട് പൂർത്തീകരിക്കാൻ കഴിയുമോ എന്ന ചെറു ചിന്ത അദ്ദേഹത്തെ അലട്ടിയേക്കും. ഇവിടെയും അദ്ദേഹം തന്റെ ഉത്തരവാദിത്വം നിറവേറ്റി. എന്നിട്ടും ഇത്തരത്തിലുള്ള വിശ്വാസം അദ്ദേഹത്തെ നയിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് തലേദിവസം രാത്രി വൈകി തീർക്കേണ്ടി വന്നത്. കാരണം തന്നെക്കൊണ്ട് ചിലപ്പോൾ വിചാരിക്കുന്നതു പോലെ ചെയ്ത് തീർക്കാൻ കഴിയില്ലെന്നുള്ള തോന്നലായിരിക്കാം അവസാന നിമിഷം വരെ അത് ചെയ്ത് തീർക്കപ്പെടാതെ അവശേഷിപ്പിച്ചത്. ഇത് കേൾക്കുന്നവരെയും സ്വാധീനിക്കും. വിശേഷിച്ചും പ്രായത്തിൽ കുറഞ്ഞവരെ. വിശ്വാസമുള്ള മുതിർന്നവർ പറയുന്നത് ഇളംപ്രായക്കാരിൽ ചിലരിലെങ്കിലും നല്ല സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട്.

 

ചെറിയ തോതിലാണെങ്കിലും വിഷാദം വന്നു കഴിഞ്ഞാൽ മനസ്സ് കലുഷമാകും. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ മനസ്സ് വളരെ ശാന്തമായിരിക്കേണ്ടതാണ്. ഉറക്കത്തിനും ഉറക്കത്തിലെ സുഖത്തിലൂടെ ശാരീരികവും മാനസികവുമായ ഉണർവ്വിനും ശാന്തമായ ഉറക്കം ആവശ്യമാണ്. ഇവിടെ ഈ യുവാവ് വിചാരിച്ച കാര്യം ഗംഭീരമായി നടപ്പാക്കിയിട്ടും വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ പറ്റുന്നില്ല എന്ന വിഷാദഭാവത്തിലുള്ള ഓർമ്മയോടെ ഉറക്കത്തിലേക്കു പ്രവേശിക്കുമ്പോൾ അദ്ദേഹം അശാന്തമായ ഉറക്കത്തേയും അനാരോഗ്യത്തിലേക്ക് ശരീരത്തെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

 

ഇത്തരത്തിലുള്ള സ്വയം കുറ്റപ്പെടുത്തലുകൾ മിക്കവർക്കും മിക്കപ്പോഴും കേൾക്കേണ്ടി വരും. സ്വയം കുറ്റപ്പെടുത്തുന്നവരുടെയുള്ളിൽ മറ്റൊരു അജണ്ട കൂടി ഒളിഞ്ഞു കിടപ്പുണ്ട്. മറ്റുള്ളവരുടെ അംഗീകാരം അനായാസാം ഒപ്പിച്ചെടുക്കാനുള്ള കുറുക്കു വഴി. സ്വയം കുറ്റപ്പെടുത്തലുകൾ കേൾക്കുന്ന വ്യക്തി അംഗീകരിക്കുകയാണെങ്കിൽ ആ വ്യക്തിയുടെ മുന്നിൽ ഒരു പോരായ്മ ഉയർത്തിക്കാട്ടിക്കാട്ടുകയാണ്. അതിനെ മുൻനിർത്തി തന്നോട് സഹതാപവും സ്‌നേഹവുമൊക്കെ തോന്നൂ എന്നുള്ള അഭ്യർഥനയുമാണത്. അല്ലാത്ത പക്ഷം ഒരു പോരായ്മ ശ്രദ്ധയിൽ പെട്ടാൽ അതെങ്ങനെ സംഭവിച്ചുവെന്നും എന്തുകൊണ്ടാണതുണ്ടായതെന്നും അറിയാൻ കഴിഞ്ഞാൽ അത് ലഭ്യമാക്കുന്ന വിവരങ്ങൾ അമൂല്യമാണ്. അതിന്റെയടിസ്ഥാനത്തിൽ മെച്ചപ്പെട്ട നിലയിൽ സ്വയം സജ്ജമാക്കുന്നതിന് ആ അറിവ് സഹായകമാവുകയും ചെയ്യും. അപ്പോൾ ആ പോരായ്മയെ അവസരമായി ആ വ്യക്തിക്ക് അനുഭവപ്പെടും. ആ അനുഭവത്തിന്റെ  അനുഭൂതിയാണ് അത്തരം ഒരു സന്ദർഭത്തിൽ വ്യക്തിയെ സ്വയം കുറ്റപ്പെടുത്താതിരിക്കുന്നത്. അങ്ങിനെയുള്ളവർ തന്റെ വ്യക്തിപരമായ അറിവിനെ മറ്റുള്ളവരെ അറിയുന്നതിനും മനസ്സിലാക്കുന്നതിനും ഉപയോഗപ്പെടുത്തുകയും ചെയ്യും. അത്തരം വ്യക്തികളിലാണ് എംപതി അഥവാ സഹാനുഭൂതി സംഭവിക്കുക. അല്ലാത്തവരിൽ സംഭവിക്കുന്നത് സിംപതിയായിരിക്കും. അത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമായിരിക്കും സിംപതി പ്രകടമാക്കുന്ന വ്യക്തിക്കും ആരോടാണോ അത് പ്രകടിപ്പിക്കുന്നത് അവരിലും സംഭവിക്കക.