സംരംഭകന്റെ സാമൂഹ്യ വിരുദ്ധമാകുന്ന ബാന്‍ഡടി

Glint Guru
Thu, 25-08-2016 02:59:02 PM ;

 

എറണാകുളം നഗരത്തിന്റ പ്രാന്തപ്രദേശത്തുള്ള ഗ്രാമം. ഇരുപതു പേർ ചേർന്ന ഓരോ ലക്ഷം രൂപ എടുത്ത് ഒരു പ്രൊവിഷണൽ സ്റ്റോർ തുടങ്ങി. ഏതാണ്ട് നഗങ്ങളിൽ കാണുന്നതു പോലെ. അത്ര വലുതൊന്നുമല്ല. എങ്കിലും സ്വന്തമായി അകത്തു കയറി ഇഷ്ടപ്രകാരം സാധനങ്ങൾ തിരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലുള്ളത്. രണ്ട് മണ്ഡലങ്ങളുടെ സംഗമ സ്ഥലത്താണ് ഈ സ്‌റ്റോർ. അതിനാൽ ഉദ്ഘാടനം രണ്ട് എം.എൽ.എമാർ കൂടിച്ചേർന്നാണ്. 2016 ചിങ്ങത്തിലെ നല്ലൊരു ദിവസമായിരുന്നു ഉദ്ഘാടനം. ഇതിന് നേതൃത്വം നൽകുന്നയാൾ വൈവിദ്ധ്യമാർന്ന ഒട്ടേറെ മേഖലകളിൽ പരിചയമുള്ളയാളാണ്. അതുപോലെ അസാധാരണായി ചിന്തിക്കുന്ന വ്യക്തിയും. ആ ചിന്താശേഷിയാണ് അദ്ദേഹത്തിലേക്ക് ഈ സംരംഭത്തിന്റെ നേതൃത്വം വന്നുചേരാൻ കാരണമായത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഇങ്ങനെ ഇരുപതു പേരെ അണിചേർത്ത് ഇത്തരമൊരു സംഗതിക്ക് രൂപം നൽകിയതു ഇദ്ദേഹം തന്നെ. വിവിധ മേഖലകളിൽ അദ്ദേഹത്തിന് അപാര പരിചയമുണ്ടായിട്ടും ഇതുവരെ ഒന്നും വൻ വിജയമായിരുന്നില്ല. ചെറിയ രീതിയിലെങ്കിലും വിജയമായിരുന്നെങ്കിൽ അദ്ദേഹം ഈ സംരംഭത്തിന് മുതിരുകയില്ലായിരുന്നു.

 

ഉദ്ഘാടന ദിവസം അദ്ദേഹം വ്യാപകമായി സുഹൃത്തുക്കളേയും നാട്ടുകാരെയുമൊക്കെ വിളിച്ചിട്ടുണ്ട്. ആ സുഹൃത്തുക്കളുടെ കൂട്ടത്തിൽ വൻ ഉദ്യോഗസ്ഥരും നേതാക്കളുമൊക്കെയുണ്ട്. ഉദ്ഘാടന ദിവസം സ്റ്റോറിന്റെ മുൻഭാഗം മുഴുവൻ അത്യാകർഷകമായ രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. അതിനെല്ലാം പുറമേ ബാൻഡുമായി എട്ടൊമ്പതു പേരെ നിർത്തിയിട്ടുണ്ട്. അവർ നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. ചെവിക്കല്ല് പൊട്ടുമാറ്. ആ സമയത്താണ് അദ്ദേഹത്തിന്റെ സുഹൃത്തായ ഒരുന്നത ഉദ്യോഗസ്ഥൻ ക്ഷണം സ്വീകരിച്ച് എത്തിയത്. കണ്ട മാത്രയിൽ ഈ സംരംഭകൻ സുഹൃത്തിനെ സ്വീകരിച്ചു. സുഹൃത്തും ഒന്നു ഞെട്ടി. കാരണം അത്രയ്ക്കാണ് ജനക്കൂട്ടം. കുശലം സംസാരിക്കുന്നതിനായി സുഹൃത്ത് ഈ സംരംഭകനെ നയിച്ചുകൊണ്ടു ഒരു നൂറു മീറ്റർ ദൂരേക്കു പോയി. ആദ്യമായി സുഹൃത്ത് സംരംഭകനോടു ചോദിച്ചത് ഈ ബാൻഡ് അടിയെക്കുറിച്ചാണ്. മേളം എന്നു പറയാൻ പറ്റില്ല. അത്രയ്ക്കാണ് അടി.

 

ചെവിക്കല്ലു പൊട്ടുന്ന ബാൻഡടിയുടെ ശബ്ദം ബോധപൂർവ്വം ഏർപ്പാടാക്കിയതാണെന്നാണ് സംരംഭകന്റെ മറുപടി. അതിനാൽ അതു കുറയ്ക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകൻ: അതേ, ഇരുപതു പേർ ചേർന്നു തുടങ്ങിയിരിക്കുന്ന ഏർപ്പാടാ ഇത്. അതുകൊണ്ട് ഈ ഇരുപതു പേരുടെ ബന്ധുക്കളും പിടക്കോഴിയും സഹിതം ഇവിടെ എത്തിയിട്ടുണ്ട്. അവരെല്ലാവരും കൂടി ഓരോ അഭിപ്രായം പറഞ്ഞു തുടങ്ങിയാൽ അതു ശരിയാവില്ല. അതുകൊണ്ട് അവരാരും തന്നെ വാ തുറക്കാതിരിക്കാൻ വേണ്ടി ചെയ്ത ഏർപ്പാടാ ബാൻഡ്. എത്ര ഉച്ചത്തിൽ സംസാരിച്ചാലും അവിടെ നിന്നു കേൾക്കില്ല.

സുഹൃത്ത്: (ചിരി അമർത്തിക്കൊണ്ട്) ഇതാരെങ്കിലും ഉപദേശിച്ചു തന്നതാണോ, ഈ തന്ത്രം.

സം: ഹയ് തനിക്കറിയില്ലേ, ഞാൻ ആരുടേയും ബുദ്ധി കടം വാങ്ങാറില്ല.

സു: അല്ല, ഈ സ്ഥലത്തു നിന്ന് ദിവസം എത്ര രൂപയുടെ ടേൺ ഓവറുണ്ടാകും. കുറച്ച് സ്ഥലമല്ലേ ഉള്ളു. ഇരുപതു പേർക്കായി വീതിക്കുമ്പോൾ ...

സം: അതല്ലേ ഗുട്ടൻസ്. വീതിക്കാനുണ്ടാവില്ല. അതാണ് ലക്ഷ്യം.

സു: എന്നുവെച്ചാൽ?

സം: അടുത്ത രണ്ടു വർഷം ഇത് നഷ്ടത്തിലോടിക്കുക എന്നതാണ് ലക്ഷ്യം.

സു: അപ്പോള്‍ ... മനസ്സിലാകുന്നില്ല!

സം: അതു വളരെ സിമ്പിളല്ലേ. രണ്ടു വർഷം നഷ്ടത്തിലോടുമ്പോ ഓരോരുത്തര് ഓഹരി ചോദിച്ചു തുടങ്ങും. ചോദിക്കുന്നവർക്കു കൊടുക്കും. അങ്ങനെ മൂന്നു നാല് പേരിലേക്ക് കൊണ്ടു വരണം. അതു കഴിഞ്ഞാൽ ലാഭത്തിലോടിക്കും. ഓഹരിയിട്ടവർക്ക് നഷ്ടമൊന്നുമുണ്ടാവില്ല. മുടക്കിയ പണം അതേപടി കിട്ടും. നമ്മക്ക് ഇതിങ്ങനെ സെറ്റപ്പ് ചെയ്യാൻ പലിശയില്ലാതെ പണം കിട്ടുന്നു.

സു: അത് ഓഹരിയിട്ടവർക്കറിയുമോ?

സം: അതെന്തൊരു ചോദ്യമാ. അതറിഞ്ഞാ ആരേലും കാശിറക്കുവോ?

സു: അങ്ങിനെയെങ്കിൽ പത്തൊൻപതു പേരേയും ഒഴിവാക്കിക്കൂടെ?

സം: അതു ശരിയാവില്ല. നമ്മടെ മേൽനോട്ടം മതി. ബാക്കി കാര്യങ്ങൾ ബാക്കിയുള്ളവരോടിച്ചോളും. അല്ലാതെ മുഴുവൻ സമയം നമുക്കിവിടെ കളയാൻ പറ്റുമോ?

 

എന്തായാലും ഈ സ്‌റ്റോർ 2018 വരെ അദ്ദേഹം പറഞ്ഞ രീതിയിലാണെങ്കിൽ അവിടെ നിലനിൽക്കില്ല. അദ്ദേഹത്തിന്റെ അസാധാരണ ശേഷിയിൽ അലസുന്ന മറ്റൊരു സംരംഭവും കൂടിയായി ഇതു കലാശിക്കും. ആറ് മാസം തന്നെ ബോധപൂർവ്വം നഷ്ടമായി കട പ്രവർത്തിപ്പിക്കുകയാണെങ്കിൽ കട നാശത്തിലേക്ക നീങ്ങും. കടം കുമിയുകയും ചെയ്യും. അപ്പോൾ തന്നെ അധിക മൂലധനാവശ്യം വേണ്ടി വരും. മാത്രമല്ല ഏതു സംരംഭവും മുന്നോട്ട് നീക്കിയില്ലെങ്കിൽ പരാജയപ്പെടും. സംശയത്തിന്റെ ആവശ്യമില്ല. ഇതു ബോധപൂർവ്വമായി നടത്തുന്ന വിശ്വാസ വഞ്ചനയാണ്. ഈ സംരംഭകനിൽ അസാധാരണ വൈഭവമല്ല മുന്തി നിൽക്കുന്നത്. മറിച്ച് കുറ്റകൃത്യവാസനയാണ്. ഈ കുറ്റകൃത്യവാസന സക്രിയമായിരിക്കുന്ന വ്യക്തിയിൽ അത് എപ്പോഴും ആ വ്യക്തിയെ നയിച്ചുകൊണ്ടിരിക്കും. കട നടത്തിപ്പിലും ശരിയായ നടത്തിപ്പിനു പകരം ഈ കുതന്ത്രങ്ങൾ നടപ്പിലാക്കും. കട പൂട്ടുമെന്നു മാത്രമല്ല ഇയാളും ഇയാളുടെ പങ്കുകാരും തമ്മിൽ ഏതു വിധത്തിൽ പിരിയുമെന്നും കണ്ടറിയേണ്ടതാണ്.

 

തനിക്കു മാത്രമേ ബുദ്ധിയുള്ളു എന്ന ചിന്തയാണ് ഈ സംരംഭകനെ നയിക്കുന്നത്. അതു തന്നെ ഏറ്റവും വലിയ അജ്ഞന്റെ സ്വഭാവമാണ്. ആ അജ്ഞതയാണ് അദ്ദേഹത്തിലെ കുറ്റവാസനയ്ക്ക് വളമായി മാറുന്നത്. ഇങ്ങനെയുള്ളവരുടെ പ്രവൃത്തി സാമൂഹികമായി ചെയ്യുന്ന ദോഷം വളരെ വലുതാണ്. വിശേഷിച്ചും ഗ്രാമപ്രദേശത്ത്. അയാളെ വിശ്വസിക്കാൻ ആ പ്രദേശത്തെ പത്തൊൻപതു പേർ തയ്യാറായി എന്നുള്ളത് അവരുടെ ഒരു പരിധി വരെയുള്ള നിഷ്‌കളങ്കതയാണ് കാണിക്കുന്നത്. ഈ സംരംഭം അസുഖകരാമയി മാറുന്നതോടെ കൂട്ടു ചേർന്നുള്ള സംരംഭങ്ങൾക്ക് മറ്റുള്ളവർ ഭാവിയിൽ ഇതിനെ ഉദാഹരണപ്പെടുത്തിക്കൊണ്ട് പിന്മാറും. അതു ചിലപ്പോൾ ഉദ്ദേശ ശുദ്ധിയോടെ തുടങ്ങാൻ  ശ്രമിക്കുന്നതായാൽ പോലും. ഇത്തരത്തിൽ കുറ്റവാസനയുള്ളവരുടെ പ്രവൃത്തിയുടെ ഫലമായി സഹകരണാടിസ്ഥാനത്തിലുള്ള സംരംഭങ്ങൾ പൊളിയുമെന്നുള്ളത് ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് സമൂഹത്തിന്റെ കൂട്ടായുള്ള പ്രവർത്തനങ്ങളെയെല്ലാം തന്നെ ആശയ തലത്തിൽ ദോഷകരമായി ബാധിക്കും.

 

ഈ സംരംഭകന് ഊർജ്ജമുണ്ട്. ആശയങ്ങളും വരുന്നുണ്ട്. എന്നാൽ തന്റെ കഴിവുകളിൽ തെല്ലും വിശ്വാസമില്ല. അതിനാൽ മറ്റുള്ളവരെ കബളിപ്പിക്കുക, അതുവഴി സ്വന്തം വിജയം നേടുക എന്ന ലക്ഷ്യത്തോടെ എല്ലാ പ്രവൃത്തികളിലും ഏർപ്പെടുന്നു. ആ മനോവ്യാപാരം അയാളെ കുറ്റകൃത്യവാസനയുള്ളവനാക്കി മാറ്റുന്നു. സ്വന്തം കഴിവിൽ വിശ്വാസമുള്ള വ്യക്തിയായിരുന്നുവെങ്കിൽ ഇരുപതു പേർ സഹകരിക്കാൻ തയ്യാറായ അവസരത്തെ വിജയകരമാക്കി ഇരുന്നൂറ് പേരെ അതുപോലെ മുന്നോട്ടിറക്കി സഹകരണാടിസ്ഥാനത്തിൽ വൻ സംരംഭങ്ങൾ ഒട്ടേറെ പേർക്കും നാട്ടിനും ഗുണമുണ്ടാകുന്ന രീതിയിൽ കെട്ടിപ്പെടുക്കുമായിരുന്നു. ഇവിടെ അതിന് വിപരീതമായ വ്യക്തിത്വമായതിനാലാണ് മേളമായി മാറേണ്ടിയിരുന്ന ബാൻഡ് സംഘത്തിന്റെ പ്രയോഗം അവിടെ കൂടി നിന്നവരെ ശല്യപ്പെടുത്താനുള്ള തന്ത്രമായി ഉപയോഗിച്ചതും. ആ ശല്യം തന്നെയാണ് ഇത്തരം വ്യക്തികൾ സമൂഹത്തിന്. അതിന്‍റെ പെരുമ്പറ തന്നെയായിരുന്നു ആ ബാൻഡടി.

Tags: