രണ്ട് അടുത്ത ബന്ധുക്കൾ. ഒരാൾ പ്രായത്തിൽ നന്നായി മൂത്തത്. അവർ തമ്മിൽ വളരെ അടുത്ത സൗഹൃദം. മൂത്ത ബന്ധുവിനാകട്ടെ, ഈ ഇളയ ബന്ധുവിനോട് വളരെയധികം കരുതലാണ്. ഇളയ ബന്ധുവിന് തിരിച്ചും അതുപോലെ. ഇടയ്ക്ക് വിദേശത്തൊക്കെ പോകുന്ന ആളാണ് മൂത്ത ബന്ധു. വിദേശത്തു പോയിവരുമ്പോൾ ഇദ്ദേഹം ഇളയ ബന്ധുവിന് വലിയ ബാഗുകൾ നിറയെയാണ് സമ്മാനങ്ങൾ കൊണ്ടുവരുന്നത്. ഇളയ ബന്ധുവിന്റെ കൈവശമിരിക്കുന്ന മിക്ക പുത്തൻ ഗാഡ്ജറ്റുകളും ഇവ്വിധം മൂത്ത ബന്ധുവിന്റെ സമ്മാനങ്ങളാണ്. നാട്ടിലുണ്ടെങ്കിൽ എവിടെ പോയാലും മൂത്ത ബന്ധുവിനൊപ്പം ഇളയ ബന്ധുവും ഉണ്ടാകും. മൂത്ത ബന്ധു പറയുന്നത് ഇളയ ബന്ധുവിന് വേദവാക്യമാണ്.
മൂത്ത ബന്ധുവിന് പക്ഷേ ഒരു സ്വഭാവമുണ്ട്. ഇളയ ബന്ധുവിന്റെ മുകളിൽ അധികാരമാണ്. അദ്ദേഹം കരുതുന്നത് അത് സ്നേഹത്തിന്റെ മറ്റൊരു പ്രകടനമാണെന്നാണ്. അതിനാൽ കുറച്ചു വാചകങ്ങൾ പോലും മൂത്ത ബന്ധു നേരാംവണ്ണം ഇളയ ബന്ധുവിനോട് പറയാറില്ല. അദ്ദേഹം മിക്കപ്പോഴും ജൂനിയർ ബന്ധുവിനെ ശാസിച്ചുകൊണ്ടിരിക്കും. വിശേഷിച്ചും മറ്റുള്ളവരുടെ മുന്നിൽ. എത്ര ദേഷ്യം പ്രകടിപ്പിക്കുന്നുവോ അത്രയക്ക് സ്നേഹമാണ് തനിക്കുള്ളതെന്ന് കാണിക്കാനെന്ന പോലെയാണ് അദ്ദേഹം ചൂടാവന്നത്. ചൂടാവുന്നതനുസരിച്ച് ഇളയ ബന്ധു ചിരിക്കുകയും അഷ്ടവക്രനെ അനുസ്മരിപ്പിക്കും വിധം ശരീരം വളച്ചൊടിക്കുകയുമൊക്കെ ചെയ്യും. വഴക്ക് കേട്ടില്ലെങ്കിൽ ഇളയ ബന്ധുവിന് വിഷമം പോലെയാണ്. കാരണം മൂത്ത ബന്ധുവിന് തന്നോടുള്ള സ്നേഹം കുറഞ്ഞു പോയോ എന്ന സംശയമുണ്ടാകും.
എല്ലാവർക്കും ഇഷ്ടമാണ് സ്നേഹിക്കപ്പെടാൻ. പക്ഷേ വിചാരിക്കുന്നതു പോലെ നടക്കുന്നില്ല. എല്ലാവരും ധരിക്കുന്നത് തങ്ങൾക്ക് സ്നേഹം എന്താണെന്ന് അറിയാമെന്നാണ്. വാസ്തവത്തിൽ അതിനെക്കുറിച്ച് പലരും അറിയാതെ പോകുന്നു. പലർക്കും സ്നേഹമെന്നത് കച്ചവടം പോലെയാണ്. തനിക്ക് സുഖിക്കുന്ന രീതിയിൽ പെരുമാറുന്നവരെല്ലാം തന്നോട് സ്നേഹമുള്ളവർ എന്നാണ് വയ്പ്. എപ്പോഴെങ്കിലും ഒരാൾ പ്രതീക്ഷിക്കുന്ന കണക്ക് മറ്റേയാൾ പെരുമാറിയില്ലെങ്കിൽ അവിടെ താളം തെറ്റുന്നു. പിന്നെ കണക്കെടുപ്പാണ്. താൻ അങ്ങോട്ട് ചെയ്തിട്ടുള്ളതിന്റെ. എന്നിട്ട് തന്നോട് പെരുമാറിയതിന്റെ. ഏതു ശത്രുതയുടെയും കഥയെടുത്താൽ കാണാൻ കഴിയുന്നത്, ഒരിക്കൽ വളരെ സൗഹൃദത്തിലായിരുന്നവരാണ് പിന്നീട് ബദ്ധശത്രുക്കളായി മാറുന്നതെന്നാണ്. പല കൊലപാതകങ്ങളുടെയും പിന്നിലും അതു കാണാം. അവർ മുൻപ് സ്നേഹിച്ചിരുന്നുവെങ്കിൽ എങ്ങനെ ഇതു സംഭവിക്കുന്നു? ഒരിക്കലും സംഭവിക്കില്ല. കച്ചവടത്തിൽ വന്ന നഷ്ടം. അത്രമാത്രം. ചിലപ്പോൾ ചിലർ പറയുന്നതു കേൾക്കാം, അയാളെ സ്നേഹിക്കുന്നതിന് പകരം വല്ല പട്ടിയെയും സ്നേഹിച്ചാൽ മതിയായിരുന്നുവെന്ന്. കാരണം പട്ടിക്കു നന്ദിയുണ്ട്.
വളരെ ആത്മാർഥമായ പ്രസ്താവനയാണത്. ഒരു നായയെ പോലെ തങ്ങളോട് പെരുമാറുന്നവരെയാണ് കൂടുതൽ പേർക്കും ഇഷ്ടം. എല്ലാവരും എല്ലാ നിമിഷവും സുഖം തേടിക്കൊണ്ടിരിക്കുന്നു. സുഹൃത്തുക്കളിൽ നിന്ന് സുഹൃത്തുക്കളും തേടുന്നത് അതാണ്. അല്ലാതെ ഒരാൾക്ക് മറ്റേയാളോടുള്ള നിരുപാധികമായ സ്നേഹം കൊണ്ടല്ല. വ്യക്തികൾക്ക് സ്വയം സ്നേഹിക്കാൻ കഴിയാതെ വരുമ്പോഴുള്ള ഗതികേടിൽ നിന്നാണ് ഈ മാനസികാവസ്ഥയിലേക്കു നീങ്ങുന്നത്. എപ്പോഴും അംഗീകാരം തേടുന്നത് സ്വയം എന്തോ ഇല്ല എന്ന തോന്നലിൽ നിന്നാണ്. അപ്പോൾ ഒരു സുഹൃത്തോ ബന്ധുവോ പരിഗണിക്കുമ്പോൾ ആ വ്യക്തി പരിഗണന അറിയുന്നു. അയാൾ അപ്രസക്തനല്ല എന്ന തോന്നൽ ഉണ്ടാകുന്നു. ആ തോന്നലിൽ സുഖം അനുഭവിക്കുന്നു. അത് എപ്പോഴും ആവശ്യപ്പെടുന്നതുകൊണ്ടാണ് ചില സുഹൃത്തുക്കൾ എപ്പോഴും പിരിയാതെ നടക്കുന്നത്. അങ്ങനെയുള്ള ചില സുഹൃത്തുക്കൾക്ക് തങ്ങളുടെ സുഹൃത്തു മറ്റുള്ളവരുമായി ചങ്ങാത്തം കൂടുന്നതു പോലും സഹിക്കില്ല. അങ്ങനെയുള്ള മറ്റു ചിലർ ഒരുമിച്ച് പൊതുസുഹൃത്തുക്കളെ സ്വീകരിക്കുന്ന പതിവുമുണ്ട്.
അധികാരം എന്നാൽ യോഗ്യതയാണ്, അവസരവും. എന്നാൽ നാം അധികാരത്തെ അധീശത്വ ഭാവവുമായി ബന്ധപ്പെടുത്തിക്കണ്ട് ശീലിച്ചുപോയി. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. അതിൽ നിന്ന് പുറത്തുകടക്കുക എന്നു പറയുന്നത് വളരെ പ്രയാസം പിടിച്ച പണിയാണ്. ഗർഭസ്ഥശിശുവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിരലിൽ ആ ഗർഭസ്ഥശിശു പിടിച്ചതിന്റെ ചിത്രം അടുത്തിടെ വളരെയധികം പ്രചാരത്തിലായതാണ്. ഗർഭാവസ്ഥയിൽ ആ കുട്ടി അനുഭവിച്ച മരണഭയം അഥവാ അരക്ഷിതാവസ്ഥയാണ് ആ കുഞ്ഞിനെക്കൊണ്ട് അങ്ങനെ പിടിപ്പിച്ചത്. ആ അവസ്ഥ എല്ലാ മനുഷ്യനിലുമുണ്ടാകും. ഏറ്റക്കുറച്ചിലുകളിൽ. എന്നാൽ മനുഷ്യന്റെ ഭാവമായ അല്ലെങ്കിൽ അവന്റെ ജാതിസ്വഭാവമായ മനുഷ്യത്വത്തിലേക്ക് നീങ്ങുന്നതോടു കൂടി അതിൽ മാറ്റം വരും. അപ്പോഴാണ് ഒരു വ്യക്തിക്ക് ഉയർച്ച സംഭവിക്കുന്നത്. അത് വ്യക്തിയുടെ ഉത്തരവാദിത്വമാണ്. അതല്ലാതെയുള്ള അധികാരപ്രേമമോ ആർത്തിയോ ഒക്കെ നിലനിൽപ്പിനു വേണ്ടിയുള്ള വിറളി പിടിച്ച ശ്രമങ്ങൾ മാത്രം.
മൂത്ത ബന്ധുവും ഇളയ ബന്ധുവും ഒരേ കാരണത്താൽ തന്നെയാണ് പരസ്പരം ആശ്രിത സ്വഭാവത്തോടെ സൗഹൃദം തുടരുന്നത്. അവരറിയാതെ അവരുടെ ഉള്ളിൽ സംഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ നിന്ന് രക്ഷ നേടാനുള്ള മാർഗ്ഗമായിട്ടാണ് അവർ ഈ ബന്ധത്തെ ഉപയോഗിക്കുന്നത്. ഉള്ളിൽ എന്തോ നിറയാതെ കിടക്കുന്നതുപോലെയുള്ള തോന്നൽ. അത് സമാധാനം കെടുത്തും. മരിക്കാൻ പോകുന്നവർ കച്ചിത്തുരുമ്പിൽ കയറിപ്പിടിക്കുന്നതുപോലെയുള്ള പിടുത്തമാണ് അവരും നടത്തുന്നത്. അല്ലാതെ ഒരാൾക്ക് മറ്റേയാളോട് സ്നേഹമുള്ളതുകൊണ്ടല്ല. അതറിയണമങ്കിൽ ഒരു വിദേശ യാത്ര കഴിഞ്ഞ് മൂത്ത ബന്ധു ഇളയ ബന്ധുവിന് സമ്മാനമില്ലാതെ വന്നാൽ മതി. അപ്പോൾ മുതൽ ഇളയ ബന്ധുവിൽ സംശയം തുടങ്ങും. ഒപ്പം ചെറിയ വേദനയും. തന്നോടുള്ള സ്നേഹത്തിലെ കുറവായിട്ടേ ഇളയ ബന്ധുവിന് അതു കാണാൻ കഴിയുകയുള്ളു. പിന്നെ മൂത്ത ബന്ധുവിന്റെ എല്ലാ നീക്കങ്ങളിലും ഇളയ ബന്ധു നോക്കുന്നത് തന്നോടുളള പെരുമാറ്റത്തിൽ മാറ്റം വന്നിട്ടുണ്ടോ എന്നായിരിക്കും. സ്വാഭാവികമായിട്ടും ഇളയ ബന്ധു എല്ല ഇടപഴകലിലും അതു ശ്രദ്ധിക്കുന്നതിനാൽ അത്തരം സന്ദർഭങ്ങൾ ഉണ്ടാവും. അതനുസരിച്ച് ഇളയ ബന്ധുവിന്റെ പെരുമാറ്റത്തിലും മാറ്റം വരും. തന്മൂലം, ഇത്രയും നാൾ സ്നേഹിക്കുകയും എന്തെല്ലാം എവിടുന്നെല്ലാം കൊണ്ടുക്കൊടുത്തിട്ടുള്ളവനാണ് താനെന്നും എന്ന നിലയ്ക്ക് ഇളയ ബന്ധുവിനെ മൂത്ത ബന്ധു നോക്കുവാന്‍ തുടങ്ങും. അത് അയാളുടെ ഉള്ളിൽ വേദനയുണ്ടാക്കുന്നു. വേദനയുണ്ടായാൽ അതിനു പരിഹാരമായി മിക്കവരും കാണുന്നത് തന്നെ വേദനിപ്പിച്ചയാളെ തിരികെ വേദനിപ്പിച്ച് വേദനയിൽ നിന്നു് പുറത്തു കടക്കുക എന്നതാണ്. കാരണം വേദന ആർക്കും സഹിക്കാൻ പറ്റില്ല. ഇതേ പ്രക്രിയ ഇളയ ബന്ധുവിലും ആരംഭിക്കുന്നു. ക്രമേണ ആ ബന്ധം തകരുന്നു.
എന്നാൽ തന്റെ ആവശ്യത്തിനല്ലാതെ തന്റെയുളളിൽ നിന്ന് കൊടുക്കുന്നു എന്ന വികാരത്തോടെ ആരെയെങ്കിലും സ്നേഹിക്കുകയും ഏതെങ്കിലും വസ്തുക്കൾ കാണുമ്പോൾ താൻ സ്നേഹിക്കുന്നവെരെ ഓർക്കുകയും അതവർക്കായി വാങ്ങി സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്യുമ്പോൾ അതു ചെയ്യുന്ന വ്യക്തി ഒരു സുഖം അറിയുന്നുണ്ടാകും. അതാണ് സമൃദ്ധിയുടെ സുഖം. ദാരിദ്ര്യത്തിൽ നിന്നുള്ള മോചനമാണത്. കാരണം ഉള്ളവനേ കൊടുക്കാൻ കഴിയൂ. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ കൊടുക്കുന്നതു മാത്രമാണ് കൊടുക്കൽ അല്ലെങ്കിൽ സമ്മാനം. അല്ലാതെയുള്ളതെല്ലാം സ്വന്തമായി വാങ്ങി കുത്തി നിറച്ച് പോരായ്മാബോധം ഇല്ലാതാക്കാൻ വേണ്ടി മാത്രം. ആലോചിച്ചാൽ മനസ്സിലാകുന്നതേ ഉള്ളു. അയാൾക്ക് ഞാൻ ഇന്നതു വാങ്ങിക്കൊടുത്തു. അയാൾ അതിന്റെ പേരിൽ എനിക്കും വാങ്ങിത്തരേണ്ടതാണ്. ഇതുകൊണ്ടാണ് യാചന മോശമായ കൃത്യമാണെന്നു പറയുന്നത്. തിരികെ പ്രതീക്ഷിച്ചുകൊണ്ടു സ്നേഹിക്കുന്നതും സമ്മാനം കൊടുക്കുന്നതുമെല്ലാം നല്ല ഒന്നാംതരം യാചന തന്നെ. മൂത്ത ബന്ധുവും ഇളയ ബന്ധുവും ഒന്നാം തരം യാചകർ.