ഓട്ടോറിക്ഷക്കാർ വെള്ളിമൂങ്ങ എന്ന് അനിഷ്ടത്തോടെ വിളിക്കുന്ന നാലുചക്ര ഓട്ടോ ടാക്സിയുടെ ഉടമയാണ് ബേബിച്ചൻ. നിർദ്ദിഷ്ട ഓട്ടോസ്റ്റാൻഡിൽ കിടക്കുന്നത് ബേബിച്ചന് ഇപ്പോഴും സുഗമമായിട്ടില്ല. എങ്കിലും ഫോൺ സൗകര്യമുള്ളതിനാൽ ബേബിച്ചന് യഥേഷ്ടം ഓട്ടമുണ്ട്. മുച്ചക്ര ഓട്ടോറിക്ഷാക്കാരുടെ എതിർപ്പുള്ളതിനാൽ ഫോൺവഴി വരുന്ന ആവശ്യങ്ങൾ ബേബിച്ചൻ കഴിവതും നിർവഹിക്കാറുമുണ്ട്. ഒരു ഞായറാഴ്ച ഉച്ചയോടടുക്കുന്ന നേരത്ത് ബേബിച്ചനുമായി പോകുന്ന സമയം. കൊച്ചി ഇൻഫോപാർക്കിനടുത്ത ഇടവഴികളിലൂടെയാണ് യാത്ര. അപ്പോൾ മൊബൈൽ ചിലച്ചു. നിർത്താതടിച്ചപ്പോൾ ബേബിച്ചൻ എടുത്തു. മറുപടിയിൽ നിന്ന് മനസ്സിലായി മറുതലയ്ക്കൽ ഭാര്യയാണെന്ന്. ബേബിച്ചൻ പെട്ടന്ന് ഉത്തരം പറഞ്ഞു. കൂട്ടത്തിൽ താൻ ഓട്ടത്തിലാണെന്നും അറിയിച്ചു. മറുതലയ്ക്കൽ നിന്നുള്ള സ്ത്രീശബ്ദം നേരിയതല്ലാത്ത തോതിൽ കേൾക്കുന്നുണ്ട്. അവർ വളരെ സാവധാനത്തിലും അൽപ്പം കൗതുകത്തിലും എന്തോ സംസാരിക്കുകയാണ്. ബേബിച്ചൻ താൻ നേരത്തേ പറഞ്ഞ മറുപടി ഒരിക്കൽ കൂടി ആവർത്തിച്ചു. എന്നിട്ടും മറുതലയ്ക്കൽ നിന്നുള്ള സംഭാഷണത്തിന് കുറവുണ്ടായില്ല. ബേബിച്ചൻ അലറി. ഞാൻ പറഞ്ഞില്ലേ വണ്ടി ഓടിക്കുകയാണെന്ന് എന്ന തുടക്കത്തോടെയാണ് ബേബിച്ചന്റെ അലർച്ച. അലർച്ചയുടെ ആഘാതത്തിൽ മറുതലയ്ക്കൽ നിന്നുള്ള മൊഴി മുങ്ങി. അലർച്ചയ്ക്കു ശേഷം ബേബിച്ചൻ ഫോണെടുത്തൊരെറിയല്‍. ഫോൺ എന്തായാലും അത് കിടന്നിരുന്ന സ്ഥലത്തു തന്നെ വന്നുവീണു. അതിനുശേഷം നാലുചക്രത്തിന്റെ വേഗക്രമത്തിലും എൻജിൻ ശബ്ദത്തിനും മാറ്റം വന്നു. ബേബിച്ചന്റെ ദേഷ്യം മുഴുവൻ വെള്ളിമൂങ്ങ പ്രകടിപ്പിച്ചു. ഏതെങ്കിലും ഇടവഴിയിൽ നിന്ന് മറ്റ് വാഹനങ്ങൾ അപ്രതീക്ഷിതമായി കയറിവന്നാൽ വേണമെങ്കിൽ അപകടമുണ്ടാകാം. അവ്വിധത്തിലാണ് ബേബിച്ചന്റെ ഓടിക്കൽ. ആളുടെ റേഡിയേറ്റർ തിളച്ചിരിക്കുകയാണ്.
അൽപ്പം കഴിഞ്ഞപ്പോൾ ചോദിച്ചു, ബേബിച്ചൻ ഇന്ന് പള്ളിയിൽ പോയില്ലേ എന്ന്. മറുപടി: ഇന്ന് പോകാൻ പറ്റീല്ല. രാവിലെ ഒരു റെയിൽവേ സ്റ്റേഷൻ ഓട്ടമുണ്ടായിരുന്നു. അതൊഴിവാക്കാൻ പറ്റാത്ത ഓട്ടമായിരുന്നു. ഓട്ടം കഴിഞ്ഞ് നേരത്തേ എത്തി. ഞങ്ങടെ പളളീല് രാവിലെ എട്ടിന് കുർബാന തുടങ്ങും. ഊഹും, ഞാൻ ഈ ഇടയ്ക്ക് കേറി പ്രാർഥിക്കാൻ പോവില്ല. പോകുവാണേ രാവിലെ തുടങ്ങും മുൻപേ പോയി തീരും വരെ ശാന്തമായി നിന്ന് കബറിങ്കലും പോയി പോരും. ഒരു പതിനൊന്നു മണിയോടെ വീട്ടിലെത്തും. അല്ലാതെ ചിലരുണ്ട് പകുതിയാവുമ്പോൾ വന്ന് ചേരും. അതു കാണുമ്പോൾ തന്നെ കലി വരും. ഇവരൊക്കെ പ്രാർഥിക്കാനല്ലേ സാറേ വരുന്നേ. പ്രാർഥിക്കുന്നതിന് ചില ചിട്ടകളൊക്കെയില്ലേ. അതിന് പറ്റത്തില്ലേ പോകരുത്. ഞാൻ ഒരു കാരണവശാലും ഇടയ്ക്ക് ചെന്ന് തുടങ്ങുന്ന പരിപാടിയേ ഇല്ല. ഇതുപോലെ മോശം ഏർപ്പാട് വേറെ ഇല്ല. അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ആരേയും കാണിക്കാനല്ലല്ലോ പ്രാർഥിക്കുന്നത്. ഇവരൊക്കെ വിചാരിക്കുന്നത് അങ്ങിനെ ചെയ്തില്ലേ എന്തേലും സംഭവിക്കുമെന്നാ. അങ്ങനെ ചെയ്യുമ്പോഴാ എന്തേലുമൊക്കെ സംഭവിക്കുന്നത്.
കുർബാനയ്ക്ക് ഇടയ്ക്ക് കയറുന്നവരുടെ നേർക്ക് തിരിഞ്ഞെങ്കിലും ബേബിച്ചന്റെ ദേഷ്യത്തില്‍ ഗണ്യമായ കുറവുണ്ടായി. എന്നിരുന്നാലും തന്റെ കുർബനകൊള്ളൽ രീതിയിലെ ശരിവിവരണത്തിനിടെ ബേബിച്ചൻ ഇടയ്ക്കിടയ്ക്ക് പിന്നിലേക്കുതിരിഞ്ഞ് മുഖത്തുനോക്കിയും സംസാരിച്ചു. ബേബിച്ചന്റെ നോട്ടം റോഡിൽ വീഴേണ്ടതുകൊണ്ട് അനുകൂലപ്രതികരണം ശബ്ദം കൊണ്ടും തലകുലുക്കിയും പ്രകടമാക്കി. അതു കണ്ടതിന്റെ സംതൃപ്തിയിൽ ബേബിച്ചൻ കൂടുതൽ സമയം പിന്നിലേക്ക് തിരിഞ്ഞിരുന്നു. വെള്ളിമൂങ്ങ സ്പീഡിൽ മുന്നോട്ടും.
ബേബിച്ചൻ ദൈവവിശ്വാസിയാണ്. കുടുംബസ്നേഹിയാണ്. പ്രാർഥനയിൽ നിഷ്ടയുള്ള ആളാണ്. യാത്രക്കാരോട് വളരെ സ്നേഹപൂർവ്വം പെരുമാറുന്ന വ്യക്തിയുമാണ്. അമിത ചാർജ്ജും ഈടാക്കാറില്ല. സാധാരണ ഓട്ടോറിക്ഷയുടെ അത്രപോലും ഇല്ലെന്ന് വേണമെങ്കിൽ പറയാം. പക്ഷേ ബേബിച്ചന് ചെറിയ ഒരു കാരണം മതി കോപം ജ്വലിക്കുന്നു. ബേബിച്ചന്റെ ഭാര്യ പള്ളിയിൽ പോയിട്ട് വന്ന് വിളിച്ചതാകാനിടയുണ്ട്. കാരണം മറുതലയ്ക്കൽ നിന്നുള്ള സംഭാഷണത്തിന്റെ താളക്രമം അത്ര സൗമ്യമായിരുന്നു. ഒരുപക്ഷേ അവർ വെറുതേ സന്തോഷം തോന്നിയപ്പോൾ പ്രത്യേകിച്ചു കാര്യമൊന്നുമില്ലാതെ തന്റെ കെട്ട്യോനെ ഒന്നു വിളിച്ചതാകാനും മതി. ബേബിച്ചൻ തലേ ആഴ്ച വെള്ളിമൂങ്ങയിൽ ഭാര്യയേയും മക്കളേയും കൊച്ചിയിലെ തന്റെ വീട്ടിൽ നിന്ന് മലമ്പുഴയ്ക്ക് വിനോദയാത്രയ്ക്കൊക്കെ കൊണ്ടുപോവുകയും ചെയ്തതാണ്. അതിന്റെ യാത്രാവിവരണത്തിനിടയിൽ ബേബിച്ചന്റെ പെമ്പറന്നോത്തി രാത്രിവരെയുള്ള ഭക്ഷണം തയ്യാറാക്കി എടുത്തതുമൂലം യാത്രയിലുണ്ടായ സുഖവും വയറിനു പ്രശ്നമുണ്ടാകാതിരുന്നതുമൊക്കെ ഒരു യാത്രയ്ക്കിടയിൽ വിശദീകരിച്ചതാണ്. അക്കൂട്ടത്തിൽ ഭാര്യയുടെ പാചകതാൽപ്പര്യവും പാചകവിരുതുമൊക്കെ പരാമർശിച്ച് ബേബിച്ചൻ ശരീരമാസകലം സുഖിക്കുന്നതുമൊക്കെ കണ്ടതാണ്. ആ ബേബിച്ചനാണ് ഭാര്യയുടെ സംഭാഷണം ഓട്ടത്തിനിടയിൽ അൽപ്പമൊന്നു കൂടിയപ്പോൾ ദേഷ്യം വന്നത്. ദേഷ്യം എന്നത് ബേബിച്ചന്റെ ഒപ്പമുള്ള ബാധ തന്നെയാണ്. ആ ബാധ അനുകൂല സാഹചര്യം വരുമ്പോൾ തലപൊക്കുന്നു. ഏതെങ്കിലുമൊരു കാര്യം കിട്ടണമെന്നേ ഉള്ളൂ. ഭാര്യയോടുള്ള ദേഷ്യം പള്ളിയിൽ പോയില്ലേ എന്ന ചോദ്യത്തിൽ തടഞ്ഞ് കുർബാന കൂടാൻ ഇടയ്ക്ക് വരുന്നവരിലേക്ക് ഞൊടിയിടയിൽ തിരിഞ്ഞു. ആരാണത്തരക്കാരെന്നുപോലും ബേബിച്ചനു നിശ്ചയമില്ല. എങ്കിലും, വ്യക്തമായി അറിയാത്ത അവരോടായി ബേബിച്ചന്റെ ദേഷ്യം.
വണ്ടി ഓടിക്കുമ്പോൾ ഇതിനുമുൻപും പലതവണ ഭാര്യയുടെ വിളി വന്നിട്ടുണ്ടാകാം. അപ്പോഴും ബേബിച്ചൻ പറഞ്ഞിട്ടുണ്ടാകും, വണ്ടിയോടിക്കുകയാണെന്ന്. വണ്ടിയോടിക്കുന്ന ബേബിച്ചന്റെ അവസ്ഥയല്ലല്ലോ വീട്ടിലിരിക്കുന്ന ഭാര്യയുടെ അവസ്ഥ. അവർ ചിലപ്പോൾ വീട്ടിൽ ഒറ്റയ്ക്കിരുന്ന് ബോറടിച്ചിട്ടാവാം ബേബിച്ചനെ വിളിക്കുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് വണ്ടി ഓടിക്കാൻ പാടില്ല. ട്രാഫിക് നിയമമനുസരിച്ച് അത് ശിക്ഷാർഹമാണ്. അതിനുമുപരി പല യാത്രക്കാരും അതിഷ്ടപ്പെടുന്നില്ലെന്ന് ബേബിച്ചന് അറിയാം. അതിനാൽ യാത്രക്കാർക്കുള്ളിൽ തന്നോടുണ്ടാകുന്ന ദേഷ്യം ബേബിച്ചൻ കാണുന്നുണ്ട്. അതിനാൽ വീട്ടിൽ നിന്നുള്ള വിളി കാര്യമുള്ളതല്ലെന്ന് മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉറക്കെത്തന്നെ ഫോൺ വയ്ക്കാൻ ഉത്തരവായിക്കൊണ്ട് ബേബിച്ചൻ സംസാരിച്ചത്. പിന്നിലിരിക്കുന്ന യാത്രക്കാരൻ തന്നെ കുറ്റം പറയരുത്. യാത്രക്കാരനേക്കാൾ വണ്ടിയോടിക്കുമ്പോൾ ഫോണില്‍ സംസാരിക്കാൻ പാടില്ല എന്നുള്ളതാണ് തന്റെ നയം എന്നുള്ളത് യാത്രക്കാരനെ അറിയിച്ച് അയാളുടെ തന്നോടുളള അനിഷ്ടം കുറയ്ക്കുക ഒരുദ്ദേശ്യം.
അതോടൊപ്പം തന്റെ ഭാര്യ തന്നെ മനസ്സിലാക്കുന്നില്ല എന്ന ധാരണ ബേബിച്ചന് തന്റെ ഭാര്യയെക്കുറിച്ച് ഉള്ളതായിത്തോന്നി. അതാണ് ആ ദേഷ്യം അത്രയ്ക്കും തിളച്ചത്. കാരണം ബേബിച്ചന് അപ്പോൾ സംസാരിക്കാൻ പാടില്ല. ഒപ്പം ബുദ്ധിമുട്ടും. അത് എത്ര പറഞ്ഞിട്ടും തന്റെ ഭാര്യ മനസ്സിലാക്കുന്നില്ല. അതിന്റെ കാരണമായി, അവർക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന ഉറച്ചുപോയ ധാരണ ബേബിച്ചന്റെ ഉള്ളിൽ ഒരു മുറിവായി ചോരയൊലിക്കാനാണിട. ഭാര്യ തന്നെ മനസ്സിലാക്കുന്നില്ലെന്ന് ഭര്‍ത്താവും അതേപോലെ തിരിച്ചും ചിന്തിക്കുമ്പോള്‍ ഭാര്യാഭർതൃബന്ധത്തിലുണ്ടാകുന്ന കശപിശകൾ ഊഹിക്കാവുന്നതേ ഉള്ളു. പരസ്പരം മനസ്സിലാക്കാൻ കഴിയുന്നില്ല എന്നു വച്ചാൽ സ്നേഹം സംഭവിക്കുന്നില്ല എന്നർഥം. ഭാര്യയും ഭർത്താവും തമ്മിൽ സ്നേഹം നശിച്ചാൽ പിന്നെ അവശേഷിക്കുന്നത് വെറും ഒപ്പിച്ചുപോകൽ. തന്റെ നേർക്ക് അലറിയ ബേബിച്ചനെക്കുറിച്ച് ഭാര്യയ്ക്കും സമാനമായ ധാരണയാവും ഉണ്ടാവുക. ഇത്തരത്തിലുള്ള ഓരോ മുഹൂർത്തവും ആ മുറിവിനെ കൂടുതൽ വലുതാക്കിക്കൊണ്ടിരിക്കുന്നു. രണ്ടുകൂട്ടരും കിട്ടുന്ന അവസരങ്ങളെല്ലാമുപയോഗിച്ച് പരസ്പരം മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നു. അതനുസരിച്ച് മുറിവും വലുതാകുന്നു. വേദനയുടെ ഇടവേളകളായി ഇവരുടെ ജീവിതം മാറുന്നു. മുറിവുണ്ടാക്കുന്ന വേദനയിൽ നിന്നാണ് ദേഷ്യം ഉടലെടുക്കുക. മുറിവുള്ള സ്ഥലത്ത് ചെറിയൊരു തട്ടലുണ്ടായാൽ മതി, അപ്പോഴുണ്ടാവുന്ന വേദന ഊഹിക്കാവുന്നതേ ഉള്ളു. ആ വേദനയാണ് ബേബിച്ചനിൽ പ്രകടമായത്.
അത്തരം മുറിവുകളുണക്കുകയൊക്കെയാണ് പള്ളിയില്‍ പോക്കിന്റേയും പ്രാർഥനയുടേയുമൊക്കെ ലക്ഷ്യം. ബേബിച്ചൻ തന്റെ മുറിവുണക്കാൻ ശ്രമിച്ചതാണ് കുർബാന കൊള്ളാൻ ഇടയ്ക്ക് കയറിവരുന്നവരോടുള്ള ദേഷ്യത്തിലൂടെ പ്രകടമാക്കിയത്. അവിടെ ബേബിച്ചൻ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു. പള്ളിയിൽ പോകാഞ്ഞതിന്റെ കുറ്റബോധം ആ വിശ്വാസിയെ അലട്ടി. അതിന് യുക്തമായ ഒരു കാരണം നിരത്തി സ്വയം ന്യായീകരിച്ച് കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പാഴ്ശ്രമം. തന്നെ വേദനിപ്പിക്കുന്നവരെ തിരികെ വേദനിപ്പിച്ച് സ്വയം വേദനയ്ക്ക് ശമനം കണ്ടെത്താനുള്ള ഉദ്യമം. സമയമുണ്ടെങ്കിൽ തുടക്കത്തിലേ കുർബാന കൊള്ളുന്നതാണ് നല്ലത്. ഇടയ്ക്ക് കയറിയതുകൊണ്ട് കുഴപ്പമൊന്നും സംഭവിക്കാനില്ല. സത്യക്രിസ്ത്യാനിയാണ് താനെന്ന് സ്വയം ബോധിക്കാനും മറ്റുള്ളവരെ ബോധിപ്പിക്കാനുമാണ് ബേബിച്ചൻ ശ്രമിക്കുന്നത്. അതേസമയം കാശിനോടുളള ആർത്തി കൊണ്ടല്ല പള്ളിയിൽ പോകേണ്ട സമയത്ത് ഓട്ടവുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോയതെന്നും ബോധിക്കുകയും ബോധ്യപ്പെടുത്തുകയും വേണം. പോകേണ്ട യാത്രക്കാരന്റെ ആവശ്യം കണക്കിലെടുത്താണ് അന്ന് ബേബിച്ചൻ ഓട്ടം പോയതെന്നാണ് കാരണം പറഞ്ഞത്. ഇതെല്ലാം വേദനയിൽ നിന്ന് രക്ഷപ്പെടാൻ ബേബിച്ചൻ സ്വയം ചെയ്യുന്ന കാര്യങ്ങൾ. പക്ഷേ ബേബിച്ചൻ ഇതൊന്നും അറിയുന്നില്ല. അതായത് ബേബിച്ചൻ ചെയ്യുന്നതെന്താണെന്ന് ബേബിച്ചനറിയുന്നില്ല. ബേബിച്ചൻ ഇതൊക്കെയാണ് ചെയ്യുന്നതെന്ന് സ്വയം അറിയുമ്പോഴാണ് ബേബിച്ചൻ ചെയ്യുന്നത് ബേബിച്ചൻ അറിയുന്നത്. അതിനെയാണ് യേശുദേവൻ പരിവർത്തനമെന്ന് വിളിച്ചത്. കുർബാനയുടെ ലക്ഷ്യവും അതുതന്നെ.