പ്രശംസാകെണിയിലെ എക്സ്പെര്‍ട്ട്സ്

Glint Guru
Fri, 31-01-2014 04:31:00 PM ;

office politics

 

സാറിന്റെയാ തീരുമാനം ഉഗ്രനായിരുന്നു, സാറ് ആ പറഞ്ഞത് ഗംഭീരമായി, സാറിന്റെ പ്രസന്റെഷൻ കലക്കി... എന്നിങ്ങനെയുള്ള പ്രശംസാ വാചകങ്ങൾ മിക്കപ്പോഴും ബോസ്സുമാർ കേൾക്കാറുണ്ട്. ഇതുണ്ടാവുക തന്റെ കീഴിൽ ജോലി ചെയ്യുന്നവരിൽ നിന്നാവും. ഇതു സ്ഥിരമായി കേൾക്കുന്നവർ  അൽപ്പം സൂക്ഷിക്കാവുന്നതാണ്. കാരണം അവർ നീതിയുക്തമല്ലാത്ത തീരുമാനമെടുക്കുന്ന സമയം അതിവിദൂരമല്ല. നീതിയുക്തമല്ലാത്ത തീരുമാനം എടുത്താലുണ്ടാവുന്ന ഭവിഷ്യത്ത് അനുഭവപ്പെടുക താൻ  പ്രവൃത്തിയെടുക്കുന്ന സ്ഥാപനത്തിന്റെ കാര്യക്ഷമതയിലും പിന്നീട് തനിക്കുമായിരിക്കും. പക്ഷേ ഇതൊരു വിഷമവൃത്തമാണ്. കാരണം അത്ര പെട്ടന്ന് ഈ സുഖിപ്പിക്കൽ വലയത്തിൽ നിന്ന് പുറത്തു ചാടുക പ്രയാസമാണ്. കാരണം ഏതെങ്കിലും ബോസ്സുമാര്‍ ഇത് കേൾക്കുന്നുവെങ്കിൽ അതിനർഥം അവരത് ഇഷ്ടപ്പെടുന്നു എന്നാണ്. പ്രശംസാവാചകങ്ങൾ ചൊരിയുന്ന കൂടെ  ജോലി ചെയ്യുന്നവർ അതി വിദഗ്ധരാണെന്നുള്ളതും ഇതില്‍ നിന്ന്‍ മനസിലാക്കണം.  അവർ തങ്ങളുടെ ബോസ്സിന്റെ ദൗർബല്യം എന്താണെന്ന് മനസ്സിലാക്കിയിരിക്കുന്നു. ആ മനസ്സിലാക്കലിന്റെ പ്രതിഫലനമാണ് ഇടയ്ക്കിടെയുള്ള സുഖിപ്പിക്കൽ. ഇവിടെ അപകടവും പതിയിരിക്കുന്നു. കാരണം, നല്ലതു കണ്ടാൽ നല്ലവാക്കു പറയുന്നത് നല്ലതാണ്. അത് അങ്ങനെ വേണം താനും. നന്മയുടെ രശ്മികൾ സമൂഹത്തിൽ വ്യാപിക്കുന്നതിന് അത് സഹായകമാകും. യഥാർഥത്തിൽ ഒരു നല്ല പ്രകടനം കണ്ടിട്ട് നന്നായി എന്ന് പ്രകടനം കാഴ്ചവച്ച വ്യക്തിയോട് പറയുന്നത് പുണ്യപ്രവൃത്തി തന്നെയാണ്. വീണ്ടും അതേ നിലവാരത്തിലോ അതിനു മേലേക്കോ പോകാനുള്ള  താൽപ്പര്യം അത് ആ വ്യക്തിയിൽ ജനിപ്പിക്കും. എന്നാൽ സുഖിപ്പിക്കൽ ലക്ഷ്യം വച്ചുകൊണ്ട് പറയുന്നവരുടെ ലക്ഷ്യം അതല്ല. അവരുടെ ലക്ഷ്യം പ്രാഥമികമായി തങ്ങൾക്ക് കുഴപ്പമൊന്നുമുണ്ടാകാതിരിക്കുക. രണ്ടാമത് തൊഴിൽപരമായ ഉന്നതി ബോസ്സിലൂടെ ലഭ്യമാക്കുക. അതായത് തികച്ചും തന്റേതായ സ്വാർഥ താൽപ്പര്യത്തിനുവേണ്ടി മറ്റൊരു വ്യക്തിയെ വിഡ്ഢിയാക്കുന്നു. ആ വിഡ്ഢിയാക്കലിൽ സമൂഹത്തിനും തീരുമാനമെടുക്കുന്ന വ്യക്തിക്കും ദോഷമായത് സംഭവിക്കുന്നു.

 

പ്രഗത്ഭരായ പല വ്യക്തികളും ഈ പ്രശംസാകെണിയിൽ പെട്ടുപോകാറുണ്ട്. നല്ല കഴിവുള്ളവരായിരിക്കുമ്പോൾ തന്നെ തന്റെ കഴിവിനെ പുകഴ്ത്തുന്നവർക്ക് വഴിവിട്ട് പല ആനുകൂല്യങ്ങളും നൽകുകയൊക്കെ പതിവാണ്. ഇരുകൂട്ടരുടേയും വ്യക്തിത്വത്തിൽ  കടന്നുകൂടിയിട്ടുള്ള പ്രത്യേകതയാണ് ഈ സുഖിക്കലിനും സുഖിപ്പിക്കലിനും കാരണമാകുന്നത്. ജൂനിയറിന്റെ കാര്യത്തിലാണെങ്കിൽ ആത്മവിശ്വാസമില്ലായ്മ, സ്വന്തം കഴിവിലുള്ള വിശ്വാസമില്ലായ്മ, പരിമിതത്വബോധം, അസുരക്ഷിതാവസ്ഥ, സ്വയം ബഹുമാനമില്ലായ്മ തുടങ്ങിയ ഒരുപിടി വികാരങ്ങളുടെ തടവറയിൽ കിടക്കുന്നതു കൊണ്ടാണ് ബോസ്സിനെ കയ്യിലെടുത്ത് കാര്യങ്ങൾ നേടാം എന്നുള്ള കണക്കുകൂട്ടൽ അവരിൽ പ്രാവർത്തികമാകുന്നത്.   ബോസ്സുമാരെ കാണുമ്പോൾ ഇവരുടെ മുഖഭാവം മാറുന്നു. ദാസ്യം, അടിമത്തഭാവം, ദൗർബല്യം എന്നിത്യാദി വികാരങ്ങൾ സ്വയം പ്രഖ്യാപിക്കുകയും എന്നാൽ അതെല്ലാമുള്ള അങ്ങയെ ഞാൻ ആരാധനയോടെ കാണുകയും ചെയ്യുന്നു എന്നാണ് ആ മുഖഭാവത്തിലൂടെ പ്രഖ്യാപിക്കുക. ശരിക്കും പറഞ്ഞാൽ ആ മുഖത്ത് മിന്നിമറയുന്നത് വാലാട്ടൽ തന്നെ.

 

ഇത് വൻ അപകടമാണ്. ഇങ്ങിനെയുള്ളവർ ബോസ്സിന്റെ കൃപാകടാക്ഷങ്ങളിൽ തൊഴിൽപ്പടി കയറിയെന്നിരിക്കും. ഓരോ പടി കയറുമ്പോഴും തന്റെ കഴിവിലല്ല, മറിച്ച് ബോസ്സിന്റെ അനുഗ്രഹത്താലാണ് കയറാൻ കഴിഞ്ഞതെന്നുള്ള ബോധം ശക്തമായിക്കൊണ്ടിരിക്കും. അതിനാൽ ബോസ്സിനെ പിന്നീട് കാണുമ്പോഴെല്ലാം മുഖം കൊണ്ട് മാത്രമല്ല ശരീരം കൊണ്ടുതന്നെ വാലാട്ടൽ പ്രകടമാക്കാൻ ശ്രമിക്കും. അതേ സുഖം തന്റെ കീഴിലുള്ളവരിൽ നിന്നും ഈ പുതിയ ബോസ്സ് പ്രതീക്ഷിക്കും. അങ്ങനെയുള്ള ഒരു വലയം തന്നെ സൃഷ്ടിച്ചെടുക്കാൻ ഇവർ ശ്രമിക്കും. അതുകൊണ്ടാണ് ചില സ്ഥാപനങ്ങളിൽ ഗ്രൂപ്പുകൾ രൂപീകൃതമാകുന്നത്. ആ ഗ്രൂപ്പിനുള്ളിൽ പെടുന്നവർക്ക് മാത്രമേ അത്തരം സ്ഥാപനങ്ങളിൽ മേൽഗതിയുണ്ടാവുകയുളളു. കഴിവുള്ളവരെ ഈ ഗ്രൂപ്പുകാരും ഗ്രൂപ്പ് തലവനും അംഗീകരിക്കുകയില്ല. കഴിവുള്ളവരാരെങ്കിലും ഏത് തസ്തികയിലാണെങ്കിലും വന്നുപെട്ടാൽ ഇവർക്ക് പേടിയുമാണ്. കാരണം അവർ ഏതെങ്കിലും വിധേന തങ്ങളെ കടത്തിവെട്ടി മുകളിലേക്ക് പൊയ്ക്കളയുമോ എന്ന പേടി. ആ പേടിയിൽ ഒന്നുകിൽ അവർ  കഴിവുണ്ടെന്നു തോന്നുന്നവരെ പുകച്ചു പുറത്തുചാടിക്കും. മിക്കവാറും കഴിവുള്ള അവർ അവിടം വിട്ട് പോയിരിക്കും. അങ്ങനെ അവരുടെ ഗ്രൂപ്പ് ശക്തിപ്രാപിക്കും. ആ ഗ്രൂപ്പിന്റെ ശക്തി തങ്ങളുടെ സ്ഥാപനത്തിന്റെ തന്നെ നാശമാണെന്ന് മാനേജ്‌മെന്റ് പോലും മനസ്സിലാക്കില്ല. കാരണം മാനേജ്‌മെന്റിനേയും പാട്ടിലാക്കാനുള്ള വാലാട്ടൽ വിദ്യ ഇവരുടെ കൈവശമുണ്ടാകും. അവരുടെ കഴിവ് മുഴുവൻ  ആ വിദ്യയിലായതിനാൽ അതിലുള്ള നൈപുണ്യം വലുതായിരിക്കും.

 

ഇങ്ങനെ പടികൾ കയറുന്നവർക്ക് സ്വയം ബഹുമാനം തീരെ ഉണ്ടാവില്ല. മാത്രമല്ല സ്വയം നിന്ദയും ഉണ്ടാവും. അത് അനേകം സ്വഭാവങ്ങളിലേക്ക് നയിക്കും. അമിത ഭക്ഷണം, അമിത മദ്യപാനം, താഴെയുള്ളവരോട് അകാരണമായി ദേഷ്യപ്പെടുക, എന്തിനും പേടിക്കുക എന്നിങ്ങനെയുളളവ. ഇത് ഇവരെ ക്രമേണ പല ശാരീരിക രോഗങ്ങൾക്കും അടിമയാക്കും. സ്വയം ബഹുമാനമില്ലാത്തതിനാൽ ഇവർക്ക് മറ്റുള്ളവരേയും ബഹുമാനിക്കുക പ്രയാസമാകും. ഇവർക്ക് പ്രധാനമായും രണ്ട് രീതിയിലുള്ള പെരുമാറ്റങ്ങൾ മാത്രമേ വശമുണ്ടാവുകയുള്ളു. ഒന്ന് തങ്ങൾക്ക് ഗുണമുണ്ടെന്ന്‍ തോന്നുന്നവരോട് വിധേയത്വവും അടിമത്തഭാവവും പ്രകടിപ്പിക്കുക, മറ്റൊന്ന് തങ്ങൾക്ക് താഴെയാണെന്ന്‍ തോന്നുവരോട് യജമാനഭാവത്തിൽ പെരുമാറുക. ഇത് പലരീതികളിൽ ഇവരുടെ വ്യക്തിജീവിതത്തിൽ ദോഷമായി പ്രതിഫലിക്കും. ഇങ്ങനെ തൊഴിലിന്റെ പടവുകൾ കയറുന്ന സ്ത്രീയായാലും പുരുഷനായാലും അവരുടെ കുടുംബാംഗങ്ങൾ വളരെ ദുഷ്‌കരമായ മാനസിക സംഘർഷങ്ങളിലൂടെയാവും കടന്നുപോവുക. അതിനുള്ള പ്രധാന കാരണം ഇവർക്ക് ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിലും  യുക്തമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വരും.  അതവരെ ഗാർഹിക പ്രശ്നങ്ങളിൽ പലപ്പോഴും തീ തീറ്റിക്കാൻ കാരണമായെന്നുമിരിക്കും. അതേസമയം പൊതുസമൂഹത്തിന്റെ മുന്നിൽ തങ്ങൾ ഒരു വിജയമാതൃകയായി സ്വയം ഉയർത്തിക്കാട്ടുന്നതിൽ ഇവർ വിജയിച്ചെന്നുമിരിക്കും.

Tags: