വിദ്യാസമ്പന്നയായ യുവതിക്ക് കലശലായ ഒരു പരാതി. എല്ലാ ദിവസവും അയല്‍വീട്ടിലെ ചേച്ചി ഉച്ച കഴിഞ്ഞ് വീട്ടിലെത്തും. എത്തിയാല്‍ പിന്നെ പരദൂഷണം. നാട്ടിലെ മിക്ക ആൾക്കാരുടെയും ചരിത്രം വിളമ്പും. വളരെ മാന്യമായി കഴിയുന്നവരെപ്പറ്റിയൊക്കെയാണ് പറയാറ്. ഈ വിദ്യാസമ്പന്ന യുവതി ഭർത്താവിന്റെ വീട്ടിലാണ്. വർഷങ്ങൾ എട്ടുപത്തു കഴിഞ്ഞതിനാല്‍ ഇപ്പറയുന്ന ആൾക്കാരെയൊക്കെ അറിയുകയും ചെയ്യാം. എന്നാല്‍ ചേച്ചിയാകട്ടെ ഭർത്താവിന്റെ ബന്ധുവുമാണ്. വിദ്യാസമ്പന്ന യുവതി എന്തെങ്കിലുമൊക്കെ വായിക്കാനൊരുങ്ങുമ്പോഴായിരിക്കും ദിവസവും ചേച്ചിയുടെ വരവ്.
ഭർത്താവുമായി വിഷയം ചർച്ച ചെയ്യുക പതിവായി. ഒരു വഴിയും മുന്നില്‍ തെളിഞ്ഞുകാണുന്നില്ല, ഈ മാരണത്തില്‍ നിന്നൊന്നു രക്ഷപ്പെടാൻ. ഏതെങ്കിലും വിധത്തില്‍ ചേച്ചിയോട് തനിക്ക് ഇതിഷ്ടമല്ലെന്നാങ്ങാനും പറഞ്ഞുകഴിഞ്ഞാല്‍ പണി കഴിഞ്ഞതു തന്നെ. നാടുമുഴുവൻ നാറ്റിക്കും. വിദ്യാസമ്പന്ന യുവതിക്കിപ്പോൾ തലവേദന വരെ വരാറുണ്ടത്രെ ചേച്ചീടെ നാട്ടുവിശേഷം കേട്ടുകേട്ട്. ചേച്ചീടെ മക്കളൊക്കെ വളരെ സമർഥർ. മൂന്ന്‍ പേരുണ്ട്. മൂത്ത മകൾ എഞ്ചിനീയറിംഗ് വിദ്യാർഥിനി. അമ്മയും മക്കളും തമ്മില്‍ വലിയ കൂട്ടാണ്. കാണുന്നവർക്ക് കൗതുകമുണർത്തുന്ന വിധമുള്ള ബന്ധം. മക്കളും അമ്മയുടെ ഈ പരദൂഷണ പ്രഭാവത്തെ വിദ്യാസമ്പന്നയുടെയടുത്ത്, 'ഈ അമ്മയുടെയൊരുകാര്യം, അമ്മയെക്കൊണ്ട് തോറ്റു' എന്നൊക്കെയുളള വിധത്തില്‍ പറയാറുണ്ട്. എന്നാലും അവർക്ക് തങ്ങളുടെ അമ്മയെ വലിയ സ്നേഹമാണ്.
ശ്വാസംമുട്ട് അങ്ങനെ നീണ്ടുപോയി. ഒരു ദിവസം ഭർത്താവ് ഭാര്യയോട് ചോദിച്ചു 'നിനക്ക് ഉച്ചയ്ക്ക് ഏറിവന്നാല്‍ ഒന്നോ ഒന്നരയോ മണിക്കൂറല്ലേ ചേച്ചിയെ സഹിക്കേണ്ടി വരുന്നുള്ളു. അവരുടെ മക്കൾ എപ്പോഴും ഇതു സഹിക്കുകയും അവർ അവരുടെ അമ്മയെ സ്നേഹിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടാണ്? ഒന്നാലോചിച്ചുനോക്കൂ'. ഭർത്താവിന്റെ ഈ ചോദ്യം ഭാര്യയെ പിടിച്ചുകുലുക്കിക്കളഞ്ഞു. അവർ തലപുകഞ്ഞ് ആലോചിച്ചു. അതെന്തുകൊണ്ടാണ്? ഭർത്താവു പറഞ്ഞത് ശരിയാണ്. അവർ അവസാനം കണ്ടെത്തി, വിദ്യാസമ്പന്നയ്ക്ക് ആ ചേച്ചിയോട് സ്നേഹമില്ലാത്തതിന്റെ പേരിലാണ്. അതുകാരണം അവരെ കാണുമ്പോൾ തന്നെ അവരെക്കുറിച്ച് ഇഷ്ടക്കേട് തോന്നുന്നു. അതാണ് കാരണം. അവരോട് സ്നേഹം തോന്നിയാല്‍ പ്രശ്‌നം കഴിഞ്ഞു.
വിദ്യാസമ്പന്ന പിന്നീട് ആ ചേച്ചിയെ സ്നേഹിച്ചോ ഇല്ലയോ എന്ന്‍ നിശ്ചയമില്ല. ഒരു കാര്യം ഉറപ്പാണ്, കെട്ടിയവന്റെ ചോദ്യം പുള്ളിക്കാരത്തിയെ കെട്ടിയിട്ടുകളഞ്ഞു. ഇവിടെ ചേച്ചി വെറും പാവം. അവർ ദിവസവും വളരെ പണിപ്പെട്ട് ശേഖരിക്കുന്ന പ്രാദേശികവാർത്തകൾ ബ്രേക്കിംഗ് ന്യൂസാക്കി കൗതുകപൂർവ്വം കേൾക്കാനിരിക്കുന്ന വിദ്യാസമ്പന്നയുടെ മുന്നില്‍ പ്രക്ഷേപണം ചെയ്യുന്നു. ആള് സ്വതന്ത്രയാകുന്നു. വീണ്ടും കാണും വരെ നമസ്‌കാരവും പറഞ്ഞ് കുശിയായി യാത്രയാവുന്നു. വായ്ക്കു രുചിയായി സംസാരിച്ചതിന്റെ സന്തോഷത്തില്‍.
വിദ്യാസമ്പന്നയ്ക്ക് ചേച്ചിയോട് സ്‌നേഹമില്ലെന്ന് അവർ കണ്ടെത്തിയത് ശരിയോ തെറ്റോ? ശരിയുമാണ് തെറ്റുമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ തെറ്റുതന്നെ. അപ്പോൾ ശരിയെന്തെന്നാവും. അതായത് വിദ്യാസമ്പന്നയ്ക്ക് അവരോടു തന്നെയാണ് സ്നേഹമില്ലാത്തത്. അവർ അവരെത്തന്നെയാണ് ചേച്ചിയുടെ സാന്നിധ്യത്തില്‍ തിരസ്‌ക്കരിക്കുന്നത്. വിദ്യാസമ്പന്നയുടെയുള്ളില്‍ ഇത്തരം പരദൂഷണം കേൾക്കാനുള്ള ആഗ്രഹം അബോധമനസ്സില്‍ കലശ്ശലായുണ്ട്. പക്ഷേ, താൻ വിദ്യാസമ്പന്നയാണ്. മാസ്റ്റർ ബിരുദധാരിണിയാണ്. ചേച്ചിയുടെ കണക്ക് പ്രീഡിഗ്രിയല്ല. തന്റെ മനോവ്യാപാരം വളരെ ഉയർന്ന നിലയിലാണ്. ഇത്യാദി ധാരണകളാണ് തന്നെക്കുറിച്ച് ഉള്ളില്‍ സ്വരൂപിച്ചുവച്ചിരിക്കുന്നത്. ഇത് ഓരോ ദിവസവും ചേച്ചിയെക്കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ 'എനിക്കീ പരദൂഷണം കേൾക്കല്‍ തീരെ സഹിക്കാൻ പറ്റില്ല' എന്നു പറയുകയും ചെയ്യാറുണ്ട്. പരദൂഷണം പറയുന്നത് മോശം സ്വഭാവമാണെന്നും അങ്ങിനെയുള്ളവർ മോശക്കാരാണെന്നുമുള്ള ധാരണ യുവതിയില്‍ സജീവം. അതേസമയം പരദൂഷണം മുഴുവൻ കേൾക്കുകയും പിന്നീട് ഏതെങ്കിലും സന്ദർഭങ്ങളില്‍ അതിലെ കഥാപാത്രങ്ങളെ പുറത്തുവച്ച് ഭർത്താവിനോടൊപ്പം കണ്ടാല്‍ ചേച്ചി പറഞ്ഞ കാര്യം അനുസ്മരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആൾക്കാരെ കാണുമ്പോള്‍ ഓരോന്നു ഓർത്തുപോകുന്നതാണ് ചേച്ചീടെ വാചകമടിയുടെ ഒരു കുഴപ്പമെന്നും വിദ്യാസമ്പന്ന പറയാറുണ്ട്.
തന്റെയുള്ളിലുള്ള പരദൂഷണപ്രിയയെ ചേച്ചിയിലൂടെ കാണുമ്പോൾ അബോധപൂർവമായി അതു ആസ്വദിക്കുകയും തന്നെക്കുറിച്ച് തനിക്കുള്ള ബോധമനസ്സിലെ ഉദാത്തധാരണമൂലം കേൾക്കുന്നതിനെ കേട്ടുകൊണ്ട് തള്ളിക്കളയുകയും ചെയ്യുന്നു. ഒരേ സമയം സ്വീകരിക്കലും തള്ളിക്കളയലും. ശക്തമായ അബോധമനസ്സിന്റെ പ്രിയവും ബോധമനസ്സിന്റെ തള്ളലും. രണ്ട് മനസ്സുകൾ തമ്മിലുള്ള ഏറ്റുമുട്ടല്‍. ഈ ഏറ്റുമുട്ടലാണ് ചിലപ്പോൾ ശാരീരികമായി വിദ്യാസമ്പന്നയെ അവശയാക്കുന്നതും തലവേദനയിലൂടെ അസ്വസ്ഥയാക്കുന്നതും. ചേച്ചിയെ കാണുമ്പോൾ യഥാർഥത്തില്‍ തന്നിലുള്ള തന്നെത്തന്നെയാണ് വിദ്യാസമ്പന്ന കാണുന്നത്. തന്റെ അസ്വീകാര്യമായ ആ വശത്തെയാണ് ചേച്ചിയെ തള്ളുന്നതിലൂടെ ചെയ്യുന്നത്. എത്ര തള്ളിയാലും നമ്മളിലെ നമ്മൾ പോവില്ലല്ലോ. സംഘട്ടനം ഫലം. യഥാർഥത്തില്‍ ഈ യുവതി ചേച്ചിയെ തന്നിലേക്ക് ആകർഷിക്കുകയാണ്. ഈ സംഘട്ടനം ചേച്ചി അനുഭവിക്കുന്നില്ല. അവരുടേതായ രീതിയില്‍ അവർ ആസ്വദിക്കുകയും ചെയ്യുന്നു.
അപ്പോള്‍ ഈ ചേച്ചിയെ എന്തു ചെയ്യാം. ഈ ചേച്ചി അയല്‍പക്കത്തെയല്ല. പക്കലുള്ളതു തന്നെ. അതിനാല്‍ ചേച്ചി പരദൂഷണം പറയുമ്പോൾ ആ മുഖത്ത് കാണുന്ന സുഖം എന്റെയുള്ളില്‍ ഞാനും അറിയുന്നില്ലേ എന്ന വിചാരത്തോടെ ചേച്ചി വരുമ്പോൾ ചേച്ചിയെ നോക്കിയാല്‍ ചേച്ചിയോട് സ്നേഹം തോന്നും. ആ സ്നേഹം സ്വയം സ്നേഹിക്കലാകും. കാരണം ചേച്ചി പക്കത്തല്ല, പക്കലാണല്ലോ. ഒരു കാര്യം കൂടി ഓർക്കാം. പക്കലുള്ള ചേച്ചിയെ സ്നേഹിക്കുന്നവർക്കേ പക്കത്തുള്ള ചേച്ചിയേയും സ്നേഹിക്കാൻ പറ്റുകയുള്ളു.