കടപ്ലാമറ്റത്തെ അപ്പച്ചന്റെ മാലാഖ

താരാ കൃഷ്ണൻ
Mon, 02-12-2013 03:40:00 PM ;

 

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് താര


''കടപ്ലാമറ്റത്തെ അപ്പച്ചനൊന്നു വീണു. ബാക്കിയൊള്ളവനു പണിയായീന്നു പറഞ്ഞാ മതിയല്ലോ.''

 

രണ്ടു കയ്യിലും ബിഗ്‌ഷോപ്പറും തൂക്കി കാറിനടുത്തേയ്ക്ക് ഓടുന്നതിനിടയിൽ അയൽക്കാരിയുടെ അടക്കം പറച്ചിൽ. ''ഏതേലും ഏജൻസിയിൽ നിന്നൊരുത്തിയെ ഇന്നുതന്നെ കിട്ടിയില്ലേ ദേ, നിങ്ങളെല്ലാം കൂടങ്ങു വന്നാ മതി, നമ്മളെയെടുത്തു കുടുംബക്കല്ലറേലോട്ടു വെയ്ക്കാൻ. അപ്പച്ചൻ ചികിത്സയൊക്കെ കഴിഞ്ഞ് കുതിരയെപ്പോലെ എണീറ്റിങ്ങുവരും. വയസ്സ് 85 ആയെന്നു പറഞ്ഞാലെന്നാ, എന്നാ ആരോഗ്യമാന്നേ! നമ്മടെ കാര്യം അതാണോ?''

 

അക്ഷമനായ ഭർത്താവിന്റെ രണ്ടാമത്തെ ഹോണടിയിൽ, ആളെക്കിട്ടാൻ പ്രാർത്ഥിച്ചോണേ, എന്നു വീണ്ടും ഓർമ്മിപ്പിച്ചവർ ഓടിപ്പോയി. മകന്റെ വീട്ടിൽ ഇടയ്ക്കു താമസത്തിനു വരുമ്പോൾ ഈ അപ്പച്ചനെ കണ്ടിട്ടുണ്ട്. കുട്ടിക്കാനത്തും വണ്ടിപ്പെരിയാറിലുമെല്ലാം കഷ്ടപ്പെട്ടു കാടുവെട്ടിപ്പിടിച്ചു തോട്ടങ്ങളുണ്ടാക്കിയ കരുത്തനും അധ്വാനിയുമായ തന്നെ, പ്രായത്തിനുപോലും തൊടാനാവില്ലെന്നൊരു വെല്ലുവിളി, ശരീരഭാഷയിലാകെ പുലർത്തുന്നയാൾ. ഇദ്ദേഹം ലാൻഡ് ചെയ്യുമ്പോൾ മുതൽ മരുമകൾ അസ്വസ്ഥയാകുകയും ദുഃശാഠ്യങ്ങളേയും കടുംപിടിത്തങ്ങളേയും കുറിച്ചുള്ള പായാരം പറച്ചിൽ തുടങ്ങുകയും ചെയ്യും. തനിക്കു 'പ്രാർത്ഥിച്ചു കിട്ടിയ' തങ്കപ്പെട്ട ജോലിക്കാരിയെ അപ്പച്ചൻ ഓടിച്ചു വിടുമോ എന്നൊരു ആശങ്കയും അടിയ്ക്കടി രേഖപ്പെടുത്തും. ഇതെല്ലാം കൊണ്ട് നേരിട്ട് ഒട്ടും അടുപ്പമില്ലെങ്കിലും ഞങ്ങൾക്കെല്ലാം സുപരിചിതനാണ് അദ്ദേഹം.

 

22fk kottayam sceneഅപ്പച്ചനു ഹോംനേഴ്‌സിനെ കിട്ടിക്കാണുമോ എന്നു ഇടയ്ക്ക്, ഒന്നു രണ്ടു വട്ടം ഓർത്തെങ്കിലും തിരക്കിയറിയാൻ കഴിഞ്ഞില്ല. പിന്നീട് അയൽക്കാരിയെ കാണുന്നത് ഒരാഴ്ച കഴിഞ്ഞാണ്. കാറിൽ നിന്നിറങ്ങി മാൻകുട്ടിയെപ്പോലെ തുള്ളിച്ചാടി വരുന്നതു കണ്ടപ്പൊഴേ തോന്നി സംഗതി ശരിയായിട്ടുണ്ടെന്ന്. ''ഹോ! എന്നാ പറയാനാ, അപ്പച്ചനു വേണ്ടിത്തന്നെ കർത്താവയച്ച ഒരു പെങ്കൊച്ചിനെ കിട്ടിയെന്നേ. കൊച്ചുപെണ്ണാ. പക്ഷേ അപ്പച്ചനെയെടുത്തു പൊക്കുന്ന പൊക്കു കാണണം. ആരേം കണ്ണിനു പിടിക്കാത്ത പുള്ളിക്കിപ്പം ആ കൊച്ചു മതി. പറഞ്ഞാ കേട്ടില്ലേൽ അവളു ചൂടാകുവേം ചെയ്യും. മക്കളേം മരുമക്കളേം വെറപ്പിക്കുന്ന പുള്ളി, വെറുതേക്കാരി പെണ്ണു പറയുന്ന കേട്ടു എല്ലാം ചെയ്യുന്ന കാണണം. അതിശയിച്ചു പോകും. ങാ, എന്നതായാലും നമ്മളു രക്ഷപ്പെട്ടു.''

 

എങ്ങുനിന്നോ വന്നൊരു ചെറിയ പെൺകുട്ടി, അപ്പച്ചനെ ശ്രദ്ധാപൂർവ്വം, സ്‌നേഹശാസനകളോടെ പരിചരിക്കുന്ന രംഗം ഇടയ്ക്കിടെ ഓർത്തുപോയി. അവർ പറഞ്ഞപോലെ, കർത്താവിങ്ങനെയൊരു മാലാഖയെ ഭൂമിയിലേക്കയച്ചില്ലായിരുന്നെങ്കിൽ ഉഗ്രപ്രതാപിയായിരുന്ന അപ്പച്ചന്റെ സ്ഥിതിയെന്താകുമായിരുന്നു? തന്റെ അധ്വാനത്തിലൂടെ മക്കളെയെല്ലാം തോട്ടമുടമകളും ധനാഢ്യരും അതുവഴി മാന്യന്മാരുമാക്കിയ മനുഷ്യനാണ്. കാടിനോടും കാട്ടുമൃഗങ്ങളോടുമുള്ള പോരാട്ടം അദ്ദേഹത്തെ കർക്കശക്കാരനാക്കിയിരിക്കാം. എങ്കിലും അദ്ദേഹം മക്കളെ സ്‌നേഹിച്ചിട്ടില്ലെന്നു പറയാൻ ആർക്കും കഴിയില്ല.

 

നന്ദികിട്ടാത്ത അധ്വാനം

 

കടപ്ലാമറ്റത്തെ അപ്പച്ചന്റെ മാത്രം കഥയല്ലിത്. നമ്മുടെ നാട്ടിലെ ഒരുപാട് അപ്പച്ചന്മാരും അമ്മച്ചിമാരും വീഴ്ചകളുടേയും മറവിരോഗത്തിന്റേയുമൊക്കെ ക്ലേശങ്ങൾ താണ്ടുന്നത് ഹോം നേഴ്‌സുമാരുടെ കരം പിടിച്ചാണ്. ഇക്കൂട്ടരൊരു ദിവസം പണിമുടക്കിയാൽ ഈ വൃദ്ധജനങ്ങൾ മുഴുവൻ ആയുസ്സു തീർന്നു കിട്ടാൻ പ്രാർത്ഥിച്ചു പോകും. ഹോം നേഴ്‌സുമാർക്കിടയിലെ ക്രിമിനലുകളേയും മോഷ്ടാക്കളേയും വേലക്കള്ളികളേയും മറക്കുന്നില്ല. എന്നാൽ പോലും ഇവരുടെ സേവനത്തിനു വിലയിടാനാവില്ല.

 

നമുക്കായി ജീവിച്ചവർക്കു ശുശ്രൂഷ നല്കാൻ നാം മടിച്ചു നില്ക്കുന്നിടത്താണ് ഈ കുട്ടികൾ അത് ഏറ്റെടുത്തു ചെയ്യുന്നത്.

 

തന്നെ എടുത്തുനടന്ന്, ചോറുവാരിത്തന്ന്, സ്‌നേഹം ചൊരിഞ്ഞു വളർത്തിയ അമ്മ, വീണു കിടന്നപ്പോൾ തിരിച്ചൊന്നും ചെയ്തുകൊടുക്കാനാവാതെ നിസ്സഹായയായി നില്‍ക്കേണ്ടിവന്ന സങ്കടം മുമ്പൊരിക്കൽ ഒരു സുഹൃത്തു പങ്കുവെച്ചു. അമ്മയെ പരിചരിച്ച സ്ത്രീയോടുള്ള കടപ്പാട് എത്ര ജന്മം കഴിഞ്ഞാലും തീരില്ലെന്നവർ പറഞ്ഞു. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കിടയിൽ പൊട്ടിക്കരയുന്ന ഹോം നേഴ്‌സിന്റെ ചിത്രം എന്നും തന്നെ വേട്ടയാടുമെന്നും ഒരുകാലത്തും അവരെ മറക്കാനാവില്ലെന്നും പറഞ്ഞ സുഹൃത്തിനോട് രണ്ടു കൊല്ലം കഴിഞ്ഞ് അവരേക്കുറിച്ചു ചോദിച്ചപ്പോൾ കേട്ടത്, ഓ, അവരാ ഏജൻസി വിട്ടുപോയി, ഒന്നു രണ്ടു വട്ടം അവരുടെ മൊബൈൽ നമ്പറിൽ വിളിച്ചു നോക്കി. എടുത്തില്ല. നമ്പറു മാറിയതായിരിക്കും എന്നാണ്. ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേയ്ക്ക്, ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേയ്ക്ക് ജീവിതം അടിയ്ക്കടി പറിച്ചുമാറ്റേണ്ടി വരുന്ന ഇവർക്ക് നന്ദിയും സ്‌നേഹവും കിട്ടാക്കനിയാണ്. കാശു കൊടുക്കുന്നതല്ലേ, നോക്കിയാലെന്താ? എന്തൊരു തോന്നലാണു മിക്ക വീട്ടുകാർക്കും. ഇവർക്കു കൊടുക്കുന്ന പണം വളരെക്കൂടുതലാണെന്നൊരു ധാരണയുമുണ്ട്. പക്ഷേ, ഓരോ രോഗിയേയും പരിചരിക്കുമ്പോൾ സ്വന്തം ആരോഗ്യം അപകടപ്പെടുത്തിയാണവർ അതു ചെയ്യുന്നത്. മക്കളും മരുമക്കളും അച്ഛനമ്മമാരെ ശുശ്രൂഷിക്കാൻ മടിക്കുന്നതെന്തു കൊണ്ടാണ്? അങ്ങനെ ചെയ്യുമ്പോൾ തങ്ങൾക്കു നടുവ് വെട്ടും, കാലിൽ നീരുവരും, എല്ലിനു തേയ്മാനം വരും, ഇതെല്ലാം കൊണ്ടല്ലേ? വിസർജ്യവസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള മടിയും സമയക്കുറവും മറ്റൊരു പ്രശ്‌നമാണ്. നമുക്കായി ജീവിച്ചവർക്കു ശുശ്രൂഷ നല്കാൻ നാം മടിച്ചു നില്ക്കുന്നിടത്താണ് ഈ കുട്ടികൾ അത് ഏറ്റെടുത്തു ചെയ്യുന്നത്. ദാരിദ്ര്യമായിരിക്കാം അവരുടെ പ്രേരണാശക്തി. എങ്കിലും മറ്റൊരു തൊഴിൽ തേടാതെ അവർ നമ്മുടെ അച്ഛനമ്മമാർക്കു കൂട്ടാകാൻ എത്തുന്നില്ലേ? നന്ദിവാക്കുപോലും തിരിച്ചു കിട്ടില്ലെന്ന അറിവോടെ തന്നെ.

 

അപ്പൂപ്പനാളു സെക്‌സിയാന്നെ!

 

കുറച്ചു നാൾ മുമ്പൊരു സുഹൃത്തിന്റെ കാലൊടിഞ്ഞു കിടക്കുന്ന അമ്മായി അപ്പനെ സന്ദർശിക്കാൻ പോയി. സുസ്‌മേരവദനനായി കക്ഷി അങ്ങനെ കിടക്കുകയാണ്. ഒടിവു പറ്റിക്കിടക്കുന്ന വൃദ്ധരെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും കാറ്റിൽ പറത്തി കാണാനെത്തിയ സ്ത്രീകളോടെല്ലാം ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. യാത്ര പറയാൻ നേരം, ''നിന്റെ ഇൻ-ലോ, കൊള്ളാമല്ലോ, യാതൊരു മൂശേട്ടത്തരവുമില്ലലോ'' എന്നൊരു കോംപ്ലിമെന്റ് സ്വാഭാവികം. ഉടനെ ശബ്ദം താഴ്ത്തി ഹോം നേഴ്‌സിന്റെ മറുപടി, ''അയ്യോ ആന്റിക്ക് അറിയാഞ്ഞിട്ടാ. ഈ അപ്പൂപ്പനാളു സെക്‌സിയാ. കൊച്ചു മകളുടെ പ്രായമൊള്ള എന്റടുത്ത് എന്തെല്ലാം തോന്ന്യാസമാ കാണിക്കുവേം പറയുവേം ചെയ്യുന്നതെന്നറിയാവോ? പുവർ ഹോമിൽ നില്ക്കുവാ എന്റെ രണ്ടു പിള്ളാര്. വേറൊരു വഴീം കാണാഞ്ഞിട്ടാ ആന്റീ.'' വിളറിപ്പോയ സുഹൃത്ത് പുറത്തിറങ്ങി വന്നു പറഞ്ഞ കഥ കേട്ടപ്പോഴാണ് ആ പെണ്ണ് അനുഭവിക്കുന്ന ബുദ്ധിമുട്ടു മനസ്സിലായത്. സ്ത്രീവിഷയത്തിൽ പണ്ടേ അല്പം പരുങ്ങലുള്ള ആളാണത്രേ. വയസ്സായപ്പോൾ ധൈര്യവും കൂടി. പുള്ളിക്കാരനെ നോക്കാൻ സ്ത്രീകളെ നിർത്തരുതെന്നു പല ബന്ധുക്കളും മുന്നറിയിപ്പു നല്കിയതാണ്. പക്ഷേ പുരുഷ ഹോം നേഴ്‌സുമാരെക്കിട്ടാനുള്ള ബുദ്ധിമുട്ടും അത്തരക്കാരെ വീടിനുള്ളിൽ കയറ്റിത്താമസിപ്പിക്കുന്നതിലെ റിസ്‌ക്കും ഓർത്ത് ഈ തീക്കളിക്കു പോയതാണ്. ഒത്തുവന്ന അവസരം മുതലാക്കി പുള്ളി വാർധക്യം അടിച്ചുപൊളിക്കുമ്പോൾ അദ്ദേഹത്തിന്റെ മകനും മരുമകളും ഹോം നേഴ്‌സിന്റെ മുഖത്തു നോക്കാൻ മടിച്ചു തലകുനിച്ചു പോകുന്നു.

home nursing

 

പ്രായാധിക്യം പലരുടേയും സ്വഭാവം തന്നെ മാറ്റിമറിക്കുന്നു. തങ്കപ്പെട്ട പലരും ദുർവ്വാശിക്കാരും അവനവനിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമാകുന്നു. തന്റെ സുഖസൗകര്യം, ആരോഗ്യം ഇതിലൊന്നും മുമ്പൊരു ശ്രദ്ധയുമില്ലാതിരുന്നവർ, അവശരാകുന്നതോടെ ഇതിലൊക്കെ മാത്രം താല്പര്യമുള്ളവരാകുന്നു. സ്വന്തം മക്കളും മരുമക്കളും വരെ തന്റെ പണവും മറ്റും മോഷ്ടിക്കുന്നതായി ആരോപിക്കുന്നവരും കുറവല്ല. ഇവരുടെ ഈ മാറ്റം ഉൾക്കൊള്ളാൻ വീട്ടിലുള്ളവർക്കുപോലും ബുദ്ധിമുട്ടാണ്. ഇത്തരക്കാരെയാണ് യാതൊരു മുൻപരിചയവുമില്ലാത്ത ഈ പെൺകുട്ടികൾ പരിചരിക്കുന്നത്.

 

പ്രണാമം

 

മറവിരോഗത്തിന്റെ പിടിയിൽ പെട്ട അമ്മയെ, കഴിഞ്ഞ പത്തുവർഷക്കാലമായി കുറവൊന്നും വരാതെ, തീർത്തും മാതൃകാപരമായി പരിചരിക്കുന്ന ഒരു മകളേയും മരുമകനേയും അറിയാം. രണ്ടുപേരും റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥരാണ്. രണ്ടാൾക്കും അറുപത്തിയഞ്ചിനടുത്ത് പ്രായവുമുണ്ട്. അത്രയ്ക്കു പ്രായമെത്താത്ത മക്കൾ പോലും അച്ഛനമ്മമാരെ ശുശ്രൂഷിക്കാൻ ഹോം നേഴ്‌സുമാർക്കായി നെട്ടോട്ടമോടുമ്പോൾ, വേറിട്ടു നില്ക്കുന്ന ഈ ദമ്പതികൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു!

Tags: