പുകയുന്ന പെൺമനം

താര കൃഷ്ണൻ
Fri, 18-10-2013 12:00:00 PM ;
thara krishnan സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് താര കൃഷ്ണന്‍

''ഈ മഞ്ജുവാര്യർ ഞങ്ങടെ കുടുംബം കലക്കുന്ന മട്ടാ''

         

ചെറിയൊരു ഫാമിലി ഗെറ്റുഗദർ വേളയിൽ 16-കാരൻ പയ്യന്റെ വെളിപ്പെടുത്തൽ. ആദ്യമൊന്നു പകച്ചെങ്കിലും ഇന്നു 'ചിലതെല്ലാം' വീണുകിട്ടുമെന്ന പ്രതീക്ഷയോടെ മിക്കവരും അവനു ചുറ്റുംകൂടി. പരദൂഷണം വളരെ ഗോപ്യമായി ചെയ്യേണ്ടതാണെന്നും പരകാര്യതാല്പര്യം പുറത്തറിയിക്കാതെ സൂക്ഷിക്കേണ്ടതാണെന്നും ഉറച്ചു വിശ്വസിക്കുന്ന ഒന്നു രണ്ടു ബുദ്ധിജീവിക്കുടുംബങ്ങൾ മാത്രം അല്പം അകന്ന്, എന്നാൽ കാര്യങ്ങൾ കേൾക്കാൻ പാകത്തിന് സുരക്ഷിതദൂരം പാലിച്ചു നിന്നു. എൽ.കെ.ജി പരുവം തൊട്ട് 'നാക്കിനെല്ലില്ലാത്തവൻ' എന്ന ദുഷ്‌പേരു കേൾപ്പിച്ച ചെറുക്കനാണ്. അതുകൊണ്ടാവാം അവന്റെ അച്ഛനുമമ്മയും മാനഹാനി ഭയന്നു വിളറി നില്ക്കുകയാണ്.

 

അങ്കിൾമാർക്കും ആന്റിമാർക്കും നടുവിൽ ഹീറോയായി നിന്നവൻ തുടരുന്നു... ''അമ്മ പഴയ യൂണിവേഴ്‌സിറ്റി കലാതിലകമാണെന്ന കാര്യം നിങ്ങളിൽ എത്രപേർക്കറിയാം?'' സ്ത്രീകൾക്ക് മിക്കവർക്കും അറിയാം. പക്ഷേ പുരുഷന്മാർക്കു പലർക്കും അതൊരു പുതിയ അറിവായിരുന്നു. ''ങാ, ഇതു തന്നെ കാര്യം'' നാടകീയമായി കൈകൾ ഇരുവശത്തേയ്ക്കും വിടർത്തി നിന്നു പ്രകടനം തുടരുകയാണു പയ്യൻ. ''അച്ഛൻ അമ്മയെ അടുക്കളയിൽ തളച്ചിട്ടു, അംഗീകാരം, പ്രശസ്തി, പണം, സർവ്വോപരി ആത്മസുഖം - എല്ലാം  നശിപ്പിച്ചു. പാവം അമ്മ, അതൊന്നും തിരിച്ചറിയാതെ ജീവിക്കുകയായിരുന്നു. ഇപ്പോ, ദാ, മഞ്ജുവാര്യർ അമ്മേടെ കണ്ണു തുറപ്പിച്ചു അതോടെ എന്നാ പറ്റി? അച്ഛനും എനിക്കും ഞങ്ങടെ കണ്ണങ്ങടഞ്ഞാ മതിയെന്നായി. അതാ വീട്ടിലെ സ്ഥിതി.'' ആകെയൊന്നു ചവിട്ടിക്കുഴച്ചതിന്റെ ത്രില്ലിൽ അവൻ പറഞ്ഞുനിർത്തി.

 

സുഹൃത്തിന്റെ വീട്ടിൽ എന്തൊക്കെയോ പുകയുന്നുണ്ടെന്ന അറിവിൽ അങ്കിൾമാരും ആന്റിമാരും സംപ്രീതരായി. തികച്ചും അപ്രതീക്ഷിതമായി, അത്തരമൊരു വേദിയിൽ തന്റെ ആത്മസംഘർഷങ്ങൾ വെളിപ്പെട്ടു പോയതിന്റെ പരുങ്ങല്‍, അവന്റെ അമ്മയുടെ വെറും ചിരിയിലുണ്ട്. കുറ്റാരോപിതനായ ഭർത്താവാകട്ടെ, പല ന്യായങ്ങളും (കലാജീവിതം തുടരേണ്ടെന്നു തീരുമാനിച്ചതു ഭാര്യതന്നെയായിരുന്നു എന്നതുൾപ്പെടെ) വിളമ്പുന്നുണ്ട്. ഇടയ്ക്കിടെ വെറുതെ പൊട്ടിച്ചിരിക്കുന്നുമുണ്ട്. മകന്റെ ഭാഗത്തേയ്ക്കു രണ്ടാളും നോക്കുന്നേയില്ല. പക്ഷേ ആ രാത്രി, അവനും അവർക്കും ശുഭരാത്രിയാവില്ല എന്നുറപ്പ്.

 

 

മഞ്ജുവാര്യർ സിൻഡ്രോം

 

വിജയം തേടുന്ന ഒരു സാധാരണ മനുഷ്യനെ മോഹിപ്പിക്കുന്ന കാര്യങ്ങൾ മൂന്നാണ്- പേര്, പ്രശസ്തി, ധനം. മുമ്പ് കേരളത്തിലെ സാഹചര്യങ്ങളിലെങ്കിലും, ഇത് പുരുഷന്റെ മാത്രം സ്വപ്നങ്ങളായിരുന്നു. ഇന്നതല്ല. ആണിനേക്കാൾ വാശിയോടെ പെണ്ണ് നെഞ്ചേറ്റുന്ന ലക്ഷ്യങ്ങളാണിവ. ചെറുപ്പത്തിലേ ആ ട്രാക്കിൽ വളർന്നുവരുന്ന പുതുതലമുറയ്ക്കു പ്രശ്‌നമില്ല. ലക്ഷ്യബോധത്തോടെ മുന്നേറിയാൽ മാത്രം മതി. എന്നാൽ ചെറുപ്പം പിന്നിട്ടുകൊണ്ടിരിക്കുന്നവരുടെ സ്ഥിതിയതല്ല. അവർക്കു കുട്ടിക്കാലത്തു കിട്ടിയ ഉപദേശങ്ങളും പരിശീലനവുമെല്ലാം നല്ല കുടുംബിനിയാകാനും അതിനായി ത്യാഗം ചെയ്യാനുമായിരുന്നു. അതവർ ആവുംമട്ടിൽ ശേലായിത്തന്നെ ചെയ്തുപോരുന്നു. പക്ഷേ, ഇതിനിടയിൽ കൺമുന്നിൽ കനിവില്ലാതെ മാറിമറിഞ്ഞ കാലമാണു ചതിച്ചത്. 'സ്വന്തമായി ഒരിടം' നേടിയ സ്ത്രീക്ക്, ഇന്ന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയും കുടുംബത്തിനകത്തുള്ള മേൽക്കയ്യും അതിനു കഴിയാതെപോയ സ്ത്രീകളിൽ കടുത്ത നിരാശയും ചിന്താക്കുഴപ്പവുമുണ്ടാക്കുന്നുണ്ടെന്നു വേണം കരുതാൻ.

 

കുടുംബ സാഹചര്യങ്ങൾ ആവശ്യപ്പെട്ട ഒത്തുതീർപ്പുകൾക്കു വഴങ്ങിയതാണ് വ്യക്തിയെന്ന നിലയിൽ തന്റെ വളർച്ചയ്ക്കു തടയിട്ടതെന്നാണ് മിക്ക സ്ത്രീകളും കരുതുന്നത്. പണ്ട് കലാരംഗത്തും മറ്റും ഒന്നിച്ചു പ്രവർത്തിച്ചിരുന്ന കൂട്ടുകാരികൾ ടിവിയിലും സിനിമയിലുമെല്ലാം വന്നുപോകുമ്പോൾ, അവരെ ആളുകൾ തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോൾ, പഴയ അധ്യാപകരോ ബന്ധുക്കളോ സുഹൃത്തുക്കളോ, 'ഹോ! നീ ആരാകാനുള്ളതായിരുന്നു. യോഗമില്ലാതെ പോയി' എന്നു പരിതപിക്കുമ്പോൾ, സർവ്വോപരി താനും വളരാൻ പൊട്ടൻഷ്യൽ ഉള്ള വ്യക്തിയായിരുന്നു എന്നതു മറന്നു വീട്ടിലുള്ളവർ തന്നെ പെരുമാറുമ്പോൾ ഒക്കെ ഈ അലട്ടൽ അവരിൽ വളർന്നുകൊണ്ടേയിരിക്കുന്നു. നാല്പതുകളുടെ മധ്യത്തോടെ തന്റെ നല്ല കാലം കടന്നുപോകുന്നു എന്ന ആധികൂടിയാകുമ്പോൾ ആദ്യം പറഞ്ഞ കുട്ടിയുടെ അമ്മയുടെ സ്ഥിതിയിലാകുന്നു പലരും.

 

സ്വന്തം സിംഹാസനം ഒഴിച്ചിട്ടുപോയ മഞ്ജുവാര്യർക്കു തിരിച്ചു വരാൻ ബുദ്ധിമുട്ടില്ല. കാരണം അവിടെ മറ്റാരേയും മലയാളി ഇരുത്തിയിട്ടില്ല. എന്നാൽ മേൽവിലാസമുണ്ടാകുംമുമ്പേ പണി നിർത്തിപ്പോയവർക്ക് ഈ കാലം കഠിനമാണ്. എവിടെനിന്നു തുടങ്ങണമെന്നറിയില്ല. പാഴായിപ്പോയ കാലവും പറന്നുപോയ യൗവ്വനവും മുന്നിൽ പല്ലിളിച്ചു നില്ക്കുകയല്ലേ? മഞ്ജുവാര്യർ ചില സമയം അവർക്കു പ്രചോദനവും അല്ലാത്തപ്പോൾ നിരാശയും സമ്മാനിക്കുന്ന പ്രതീകമാകുന്നു. വീടിനുള്ളിലെ കലാപങ്ങളായി ഇടയ്ക്കിടെ ആ നിരാശ പുറത്തേയ്‌ക്കൊഴുകുന്നു. അല്പസ്വല്പം പ്രതിഭയും കലാവാസനയും സർഗ്ഗശക്തിയുമൊക്കെയുള്ള സ്ത്രീകളുടെ കഥയാണിത്. ഇനി ഇത്തരം കഴിവുകളൊന്നുമില്ലാത്ത തികച്ചും സാധാരണക്കാരുടെ സ്ഥിതിയോ?

 

 

വീടിന്റെ വിളക്ക്

 

സ്ഥിരമായി എരിഞ്ഞുകൊണ്ടിരിക്കുന്നതിനാലാവും ഇങ്ങനെ വിളിക്കുന്നതെന്നാണ് അമ്പതുകാരിയായ വീട്ടമ്മ പറഞ്ഞത്. പ്രീഡിഗ്രി കഴിഞ്ഞയുടൻ കല്യാണം. വീട്ടുകാരെ കുറ്റം പറയാനാവില്ല. മകളെ ഡോക്ടറാക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചയാളായിരുന്നു അച്ഛൻ. അതിനായി അടുത്ത പട്ടണത്തിലെ കോൺവെന്റിലാക്കി. ഹോസ്റ്റലിലിരുന്ന് മകൾ വീട്ടിലെ മുറിയും അമ്മയുണ്ടാക്കുന്ന കറികളും ഓർത്ത് തേങ്ങി. പത്തിലെ റിസൽട്ട് കണ്ടപ്പോൾ വീട്ടുകാർക്കു മനസ്സിലായി വെറുതേ സമയം പാഴാക്കേണ്ടതില്ലെന്ന്. കോളേജിൽ വിട്ടു. ഒപ്പം കല്യാണാലോചനകളും. ഏറ്റവും നല്ലതെന്നു തോന്നിയത് നടത്തി. കുടുംബജീവിതം അല്ലലില്ലാതെ പോകുമ്പോഴും തന്റെ ജീവിതം അർത്ഥരഹിതമായിപ്പോയെന്ന നിരാശയിലാണവർ. തന്റെ മകളെ പഠിപ്പിച്ച് ഏറ്റവും ഉയരത്തിലെത്തിക്കണമെന്ന മോഹവും അതിനുള്ള ശ്രമവുമാണ് ഇന്ന് അവരെ നയിക്കുന്നത്.

 

വീട്ടിൽ അത്യാവശ്യം സൗകര്യങ്ങളുണ്ടായിരുന്നു. നിറയെ ആഭരണങ്ങളൊക്കെയിട്ട് ഒരു കല്യാണം കഴിക്കുക എന്നതിനപ്പുറം ബോധമൊന്നും അന്നില്ലായിരുന്നെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയുടെ സാക്ഷ്യം. പത്തുപതിനഞ്ചു വർഷത്തോളം ഒന്നുമറിഞ്ഞില്ല. കുട്ടികൾ വലുതായി, തിരക്കെല്ലാം കുറഞ്ഞപ്പോഴാണ് തിരിച്ചറിവുകൾ ജാഥ തുടങ്ങിയത്. സ്വന്തമായി തൊഴിൽ കണ്ടെത്താതിരുന്നതു മണ്ടത്തരമായി എന്ന തോന്നൽ ശക്തമാകുന്നത്, മക്കളുടെ ചില കൊച്ചാക്കലുകൾ കൂടി കേൾക്കുമ്പോഴാണത്രേ!

 

വേണ്ടത്ര വിദ്യാഭ്യാസം നേടിയിട്ടും ജോലിക്കു പോകാതിരുന്നവരും കുട്ടികളെ നോക്കാൻ ഉണ്ടായിരുന്ന ജോലി കളഞ്ഞവരും പഠിപ്പിനനുസ്സരിച്ച പണി കിട്ടിയില്ലെന്നു പരിതപിക്കുന്നവരും എല്ലാം ഇന്നൊരു പുനരാലോചനയുടെ പാതയിലാണെന്നു കാണാം. ഭർത്താവ് എത്ര നല്ലവനായാലും, എത്രതന്നെ ഉയരത്തിലെത്തിയ ആളായാലും, അദ്ദേഹത്തിന്റെ ഭാര്യ എന്ന മേൽവിലാസത്തിൽ മാത്രം ഒതുങ്ങേണ്ടി വരുന്നത് അവരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്. വീട്ടിനുള്ളിലെ ജോലികളേയും ഉത്തരവാദിത്തത്തേയും വിലകുറച്ചു കാണുന്ന കുടുംബം കൂടിയാണെങ്കിൽ പറയാനുമില്ല. അടിച്ചമർത്തപ്പെടുന്ന രോഷവും അസംതൃപ്തിയും നടുവേദന, കാലുവേദന, തലവേദനകളായി പ്രത്യക്ഷപ്പെട്ട് അവരുടെ കുടുംബസമാധാനം തകർത്തുകൊണ്ടേയിരിക്കും.

 

ഗാമയുടെ പല്ലടച്ച ഡെന്റിസ്റ്റ്

 

തന്റെ ജീവിതത്തിൽ പൂർണ്ണസംതൃപ്തിയുണ്ടെന്നു പറയുന്ന സ്ത്രീകൾ വളരെ കുറവ്. അവരിലേറെയും ഏതെങ്കിലും രംഗത്തു വിജയിച്ച പ്രൊഫഷനലുകളാണ് എന്നതാണു രസകരം. മലബാറിൽ നിന്നൊരു വനിതാ ഡെന്റിസ്റ്റിന്റെ കാര്യം നോക്കാം. തന്റെ തൊഴിലിൽ വളരെ മികവു പുലർത്തുന്നയാൾ. സമീപ പ്രദേശങ്ങളിലെ മുഴുവൻ ആളുകളുടേയും ദന്താരോഗ്യത്തിന്റെ ടെണ്ടർ, ദൈവം ഇവർക്കാണു കൊടുത്തിരിക്കുന്നത്. ഇവരുടെ തൊഴിൽ മിടുക്കു സൂചിപ്പിക്കാൻ സുഹൃത്തുക്കൾ പറയുന്ന ഒരു തമാശയുണ്ട്. പണ്ട് കാപ്പാടു വന്നിറങ്ങിയ വാസ്‌കോഡഗാമയുടെ വായിലെ മേൽനിരയിലെ രണ്ടു പ്രീമോളാർസിനു റൂട്ട് കനാൽ ചെയ്തതും താഴത്തെ റോയിലെ ഒരു മോളാറിനു ക്രൗണിട്ടതും ഇവരാണെന്ന്. ഇതുപറഞ്ഞത് പ്രൊഫഷനിൽ അവർക്കുള്ള അധീശത്വം സൂചിപ്പിക്കാനാണ്. ഇവരുടെ പ്രൊഫഷണൽ മികവും സൗന്ദര്യവും സർവ്വാത്മനാ അംഗീകരിക്കുന്ന ഭർത്താവും കൂടിയായപ്പോൾ രണ്ടാമതൊരാലോചന കൂടാതെ താൻ ജീവിതത്തിൽ പൂർണ്ണതൃപ്തയാണെന്നിവർക്കു പറയാൻ കഴിയുന്നു.

 

സാമ്പത്തിക സ്വാശ്രയത്വം, അംഗീകാരം

 

ചെറുപ്പം കടന്നുപോകുന്ന സ്ത്രീകളെ അലട്ടുന്ന ഒരേയൊരു പ്രശ്‌നം ഇതാണോ എന്നു ചോദിച്ചാൽ, അതല്ലതന്നെ. എന്നാൽ ഇതൊരു ഗൗരവമുള്ള പ്രശ്‌നം തന്നെയാണ്. സമൂഹത്തിന്റേയും അതുവഴി കുടുംബത്തിന്റേയും അംഗീകാരം മിക്കവരുടേയും സ്വപ്നമാണ്. ഓരോ കൊച്ചു കൊച്ചാവശ്യങ്ങൾക്കും ഭർത്താവിനോട് പണം ചോദിക്കണമെന്ന ബുദ്ധിമുട്ട് ഒരുവശത്ത്. പലർക്കും പെണ്മക്കൾ ചോദിക്കുന്നതെല്ലാം സ്വന്തം കയ്യിൽ നിന്നു കാശെടുത്തു വാങ്ങിക്കൊടുക്കാനാവാത്തതിലാണ് ഏറെ ദുഃഖം. ഭർത്താവൊരു 'കണക്കപ്പിള്ള' കൂടിയാണെങ്കിൽ പറയാനുമില്ല.

 

ഇവിടെ, സ്ത്രീകളിങ്ങനെ ഉരുകിത്തീരേണ്ട കാര്യമുണ്ടോ എന്നു ചിന്തിക്കുകയല്ലേ വേണ്ടത്? പ്രായം ഒന്നിനും തടസ്സമേയല്ല. അമ്പതു വയസ്സിനു ശേഷം വിജയകരമായി സ്ഥാപനങ്ങൾ കെട്ടിപ്പടുത്തവരും കലാരംഗത്തു മികവു കാട്ടിയവരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരം മാതൃകകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു പ്രവർത്തിച്ചു തുടങ്ങാം. ഒറ്റയടിക്കു ലോകം കീഴ്‌മേൽ മറിക്കണമെന്നു മോഹിക്കാതിരുന്നാൽ മാത്രം മതി.