ഓടുന്ന കാറിലിരുന്നു പൊട്ടുതൊടുമ്പോള്‍

Glint Guru
Sun, 04-08-2013 08:00:00 PM ;

ഓടുന്ന കാറിലിരുന്ന് പൊട്ടുതൊടുക എളുപ്പമാണോ? ചോദ്യത്തിനുത്തരം ആപേക്ഷികം. ശീലമായാല്‍ എളുപ്പം. അല്ലെങ്കില്‍ ബുദ്ധിമുട്ട്. പൊട്ട് ചിലപ്പോള്‍ വട്ടത്തിലുദ്ദേശിക്കുന്നത് ഗോപിയായെന്നിരിക്കും. കുട്ടികളേയും സ്‌കൂളിലേക്ക് പറഞ്ഞുവിട്ടിട്ട് തിടുക്കത്തില്‍ ഓഫീസിലേക്കു പോകാന്‍ ഭര്‍ത്താവിനൊപ്പം കാറില്‍ കയറുന്ന വീട്ടമ്മ. ചിലപ്പോള്‍ മുടിചീകലും ഒരുങ്ങലുമൊക്കെ കാറിലിരുന്നാകും. ഒരു ദിവസം പൊട്ട്‌ മുന്‍കൂട്ടി തൊടാന്‍ വിട്ടുപോയി. എല്ലാ സംവിധാനങ്ങളും കാറിന്റെ ഡാഷ്‌ബോഡിലുണ്ട്. അതെടുത്ത് സഞ്ചാരത്തിനിടയില്‍ കണ്ണാടി നോക്കിക്കൊണ്ട് പൊട്ടുതൊടാന്‍ ശ്രമം നടത്തി. ഇടത്തരം വട്ടമാണ് പൊട്ട്. ഒട്ടുപൊട്ടിനോട് തീരെ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് ചാന്തുപൊട്ട് പ്രയോഗിക്കുന്നത്. കണ്ണാടിയില്‍ നോക്കി ഓടുന്ന വണ്ടിയിലിരുന്ന് പൊട്ടുതൊടാനുള്ള ഉന്നം പിടിച്ചു. കൈ നെറ്റിയുടെ നടുവില്‍ ചെല്ലുമ്പോള്‍ ഉന്നം പിഴയ്ക്കുന്നു. അബദ്ധവശാല്‍ ഉന്നം പിഴച്ചാല്‍ നെറ്റിയില്‍ മുഴുവനാകും. പലതവണ നോക്കി. ഉന്നം ശരിയാകുന്നില്ല. ഒടുവില്‍ പകുതി ആത്മഗതമായും പകുതി ഭര്‍ത്താവു കേള്‍ക്കാനായും പറഞ്ഞു, "ഓ എനിക്ക് കാറിലിരുന്ന് പറ്റുന്നില്ല". അതു പറയുന്നതിനോടൊപ്പം ശ്രമവും നടന്നുകൊണ്ടിരുന്നു. ഇടയ്ക്ക് വീണ്ടും തനിക്ക് പറ്റില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു.

 

വളരെ നിസ്സാരമായ കാര്യമാണ്. എങ്കിലും വളരെ പ്രസക്തവുമാണ്. മഹത്തായ സിദ്ധിയുള്ളവരുടെപോലും ആ കഴിവ് പൂര്‍ണ്ണമായി പ്രകടിതമാകാതിരിക്കാന്‍ ഈ സമീപനം കാരണമാകും. അത് ആ വ്യക്തിക്കും സമൂഹത്തിനും നഷ്ടമാണ്. ദോഷവുമാണ്. കാരണം ഇത് സ്വഭാവത്തിന്റെ ഭാഗമായി മാറുന്നതിനാല്‍ ബന്ധങ്ങളിലും  ഇടപെടലുകളിലുമൊക്കെ ഒരു  പ്രേരകമായി ഇതു പ്രവര്‍ത്തിക്കും.

 

ഒരു പൊട്ടിടുക അത്ര വലിയ കാര്യമൊന്നുമില്ല. ഒരു നിമിഷം എവിടെയെങ്കിലും സൗകര്യപ്രദമായി  കാറൊന്നു നിര്‍ത്തിത്തരാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത അരസികന്മാരായ ഭര്‍ത്താക്കന്മാര്‍ ഉണ്ടാവുക പ്രയാസമാണ്. അത്ര അരസികന്മാരാണെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല. അപ്പോള്‍ നല്ലത് പൊട്ടിടാതെ പോകുന്നതായിരിക്കും. എന്നാലും എത്ര ബോറനാണെങ്കിലും ഈയൊരാവശ്യം പറഞ്ഞാല്‍ ചെയ്തുകൊടുക്കാതിരിക്കാനാവില്ല. കാരണം ആവശ്യം സൗന്ദര്യാത്മകതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. അല്ലെങ്കില്‍ ഓടുന്ന കാറിലിരുന്ന് പൊട്ടിടാന്‍ ശ്രമിക്കില്ലായിരുന്നു. ഓടുന്ന കാറിലിരുന്ന് പൊട്ടിടാന്‍ പറ്റുന്നില്ല എന്നുറപ്പുണ്ടെങ്കില്‍ അതിന് തുനിയരുത്. ആദ്യം ശ്രമിച്ചുനോക്കുമ്പോള്‍ പറ്റിയില്ലെങ്കില്‍, പറ്റില്ലെന്നുറപ്പുണ്ടെങ്കില്‍ ആ ശ്രമം ഉപേക്ഷിക്കുക. അത് തിരിച്ചറിയാന്‍ ഒരു വിഷമവുമില്ല. അതിനു ശ്രമിക്കുമ്പോള്‍, പറ്റാതാവുമ്പോള്‍ മനസ്സ് അസ്വസ്ഥതമാകും. ആ അസ്വസ്ഥത ശരീരമാകെ അനുഭവപ്പെടുകയും ചെയ്യും. അങ്ങിനെ സമയോചിതമായി ആ ശ്രമം ഉപേക്ഷിക്കുന്നത് വ്യക്തിയുടെ കഴിവിനെ ശക്തമാക്കും. ഉചിതമായ സമയങ്ങളില്‍ തനിക്കും  മറ്റുള്ളവര്‍ക്കും യോജ്യമായ തീരുമാനമെടുക്കാന്‍ ഈ ശീലം ആ വ്യക്തിയെ പര്യാപ്തമാക്കും. ആണായാലും പെണ്ണായാലും ആപ്പീസറായാലും പ്യൂണായാലും തന്റേയും തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് തീരുമാനങ്ങളാണ്. തീരുമാനങ്ങളിലുണ്ടാകുന്ന പാളിച്ചകളാണ് പിന്നീട് വേദനയായി, ദേഷ്യമായി, കോപമായി, അക്രമമായി, യുദ്ധമായി രംഗപ്രവേശം ചെയ്യുന്നത്.

 

ഓടുന്ന കാറിലിരുന്ന് പൊട്ടിടാന്‍ പറ്റുന്നില്ല എന്നറിഞ്ഞ് വീണ്ടും വീണ്ടും അതിനു ശ്രമിക്കുന്നത് ഒരിടത്തേക്ക് ഒരു വഴിമാത്രം കാണുന്ന ശീലത്തിന്റെ പ്രതിഫലനവുമാണ്. ഒരു സാഹചര്യത്തില്‍ ഒട്ടേറെ സാധ്യതകളുണ്ട്. അവയില്‍ ചിലത് പരിചിതമല്ലാത്തതായിരിക്കും. അനേകം വഴികള്‍ അവശേഷിക്കുന്നു. ഒരു വഴിയേ കാണുന്നുള്ളുവെങ്കില്‍ അതു പറ്റുന്നില്ല എന്നുറപ്പാക്കുന്നു. അത് ഉറക്കെ സ്വയം പറയുന്നു. സ്വയം ആവര്‍ത്തിച്ചു പറയുന്നതിന് ( Self Affirmation) ശക്തി  വളരെ കൂടുതലാണ്. ആവര്‍ത്തിച്ചുപറയുന്നത് ഒരു സോഫ്റ്റ് വെയര്‍പോലെ നമ്മുടെ ഉപബോധമനസ്സില്‍ നിക്ഷേപിക്കപ്പെടും. പിന്നെ ആ സോഫ്റ്റ് വെയറായിരിക്കും കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഇവിടെ ആവര്‍ത്തിച്ചു പറയുന്നു എനിക്ക് പറ്റില്ല എന്ന്. എന്നിട്ട് വീണ്ടും ശ്രമിക്കുന്നു; പറ്റുന്നില്ല. തന്റെ നിഗമനം എനിക്ക് പറ്റുന്നില്ല എന്നത് ശരിയാണെന്ന് മനസ്സിലാക്കുന്നു. രഹസ്യമായി  ആ ശരികണ്ടെത്തലില്‍ താന്‍ ശരിയാണെന്നുള്ള സുഖം അനുഭവിക്കുകയും ചെയ്യുന്നു. ഇത് തന്നെക്കൊണ്ട് പറ്റാവുന്ന കാര്യങ്ങള്‍ പറ്റുന്നില്ല എന്ന് വിലപിക്കാനുള്ള  താല്‍പ്പര്യം ജനിപ്പിക്കും. അത് കഴിവില്ലായ്മയെ വര്‍ധിപ്പിക്കും. മറ്റുള്ളവരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്ന ശീലം വരും. അതു കിട്ടാതെവരുമ്പോള്‍ ഞാന്‍ തഴയപ്പെടുവെന്നു പരാതി വരും. പരാതി പിന്നെ വേദന, ദുഖം, ദേഷ്യം, … അങ്ങിനെ നീണ്ടു പോകുന്നു.  അതറിയണമെങ്കില്‍ ഭര്‍ത്താവൊന്നു പറഞ്ഞാല്‍ മതി, ശ്രമിച്ചുനോക്കൂ എന്ന്. അവര്‍ വീണ്ടും  വെപ്രാളത്തോടെ പരിശ്രമിക്കും. ശരീരത്തിലെ കോശങ്ങള്‍ പരിമിതത്വബോധത്താല്‍ ചുരുങ്ങി  ശക്തി നഷ്ടമാകുമ്പോള്‍ ആ ദൗര്‍ബല്യതയില്‍ ഏറ്റവും സൂക്ഷ്മമായ ശ്രദ്ധവേണ്ട പണിചെയ്യാന്‍ നിയോഗിക്കപ്പെടുമ്പോള്‍ ശരീരം അനുഭവിക്കുന്ന ഒരു വിറയലുണ്ട്. അതാണ് സ്ട്രഗ്ഗിള്‍ - അഥവാ വെപ്രാളപ്പെടുക. അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നുള്ളതിലെ ശ്രദ്ധയും പോകുന്നു. ചുരുക്കത്തില്‍ ശ്രദ്ധമുഴുവന്‍ നഷ്ടമാകുന്നു.

 

ചാന്തുകൊണ്ട് പൊട്ടിടുന്നതിനും കണ്ണെഴുതുന്നതിനും ഒരുപാട് ശാസ്ത്രീയ ഗുണങ്ങളുണ്ട്. മനശ്ശാസ്ത്രപരമായി  സ്ത്രീ  ഏര്‍പ്പെടുന്ന ചിന്ന മെഡിറ്റേഷനാണ് ചാന്തുപൊട്ടുകൊണ്ടുള്ള പൊട്ടിടീല്‍. ഒരു ചെറിയ കോലം വരയ്ക്കല്‍. ആ സമയം മനസ്സും ശരീരവും ഒന്നാകുന്നു. ഏകാഗ്രത. അതാണ് യോഗം. (ആ ഫലം ഒട്ടിപ്പുപൊട്ടിടുമ്പോള്‍ കിട്ടുകയുമില്ല. വേണമെങ്കില്‍ അലര്‍ജിയും വരാം.) പറ്റാത്ത പണിയില്‍ നിന്ന് അതറിഞ്ഞു പിന്മാറുക എന്നത് ഏറ്റവും വലിയ അറിവാണ്. അത് ദൗര്‍ബല്യമല്ല. ശക്തിയാണ്. തന്നോടും മറ്റുള്ളവരോടും സമൂഹത്തോടും കാട്ടുന്ന ഏറ്റവും വലിയ സ്‌നേഹമാണ്.

 

നമ്മുടെ വീട്ടമ്മയ്ക്ക് ചെയ്യാവുന്ന മറ്റൊരു കാര്യം ഓടുന്ന കാറിലിരുന്ന് പൊട്ടിടുക എന്നുള്ളതാണ്. അവര്‍ക്ക് അതിന് കഴിവുണ്ട്. രണ്ടായാലും അങ്ങിടുക. വട്ടം ഗോപിയായെങ്കില്‍ തുടച്ചു കളയുക. തുടയ്ക്കുന്ന കൂട്ടത്തില്‍ ഗോപിയെ വട്ടമാക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. ഈ ശ്രമം ഈ വീട്ടമ്മ ചെയ്യുകായാണെങ്കില്‍ "എനിക്കു പറ്റില്ലാ" വൈറസ്സിനെ ഒഴിവാക്കി, റീഫോര്‍മാറ്റ് ചെയ്ത് ഒരു ആന്റീവൈറസ്സിനെ ഇടുന്ന ഫലം കിട്ടും. അവര്‍ക്ക് ആ കഴിവുണ്ട്. അതുകൊണ്ടാണ് അതിനവര്‍ ശ്രമിക്കുന്നത്. എന്നാല്‍ നേരത്തേ തുടങ്ങിയ തിടുക്കത്തിന്റെ തുടര്‍ച്ചയായി  ശ്രമിച്ചപ്പോള്‍ പറ്റാതിരുന്നതാണ്. ആ തിടുക്കത്തില്‍ പൊട്ടിടാന്‍ പറ്റാതെ വന്നതിന്, ഓടുന്ന കാറിന്റെ ചലനം എന്ന ഉഗ്രന്‍ ഒരു മുടന്തന്‍ ന്യായം കണ്ടെത്തി. തിടുക്കം അല്ലെങ്കില്‍ ധൃതി എന്ന അവസ്ഥയെ സ്‌നേഹത്തോടെ കുറച്ചുകൊണ്ടുവരുന്നതിനും ഓടുന്ന കാറിലെ പൊട്ടിടീല്‍ സഹായിക്കും. കാരണം ഓഫീസില്‍ എത്തും വരെ അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വിശ്രമിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ശാന്തമായി മുഖമൊക്കെയൊന്നു നോക്കി പൊട്ടിടേണ്ട സ്ഥലമൊക്കെയൊന്ന് സ്‌നേഹത്തോടെ ചെറുപുഞ്ചിരിയോടെ നോക്കി ചാന്ത് അടുത്തു കൊണ്ടുവന്നാല്‍ അറിയാതെ തന്നെ പൊട്ടായിക്കോളും. വട്ടമാണെങ്കില്‍ വട്ടം; ഗോപിയാണെങ്കില്‍ ഗോപി. എണ്‍പത്തിനാലാം വയസ്സിലും ട്രെയിനില്‍ സഞ്ചരിക്കുന്ന വേളയില്‍ ഇ.എം.എസ്സ് നമ്പൂതിരിപ്പാട് ഓടുന്ന വണ്ടിയില്‍ വെറും ബ്ലേഡ് മാത്രം ഉപയോഗിച്ച് ഷേവു ചെയ്യുമായിരുന്നു. ജയില്‍വാസത്തിനിടയിലാണ് അദ്ദേഹം ബ്ലേഡ് മാത്രം ഉപയോഗിച്ച് ഷേവ് ചെയ്യാന്‍ പഠിച്ചത്. യാത്ര പതിവായപ്പോള്‍ രാവിലത്തെ ശീലം വണ്ടിയിലും തുടര്‍ന്നു. അത് എണ്‍പത്തിനാലാം വയസ്സിലും ബുദ്ധിമുട്ടില്ലാതെ അദ്ദേഹം ചെയ്തു.

Tags: