സര്‍ക്കാറിന്റെ ഉദ്യോഗസ്ഥ ബന്ധം

പി. രാജന്‍
Saturday, April 29, 2017 - 11:10am

pinarayi vijayan

 

ഉദ്യോഗസ്ഥരെ കൊണ്ട് വേണം ഒരു സര്‍ക്കാറിന് ഭരണം നടത്താന്‍. അതുകൊണ്ട് ബുദ്ധിയുള്ള രാഷ്ട്രീയ നേതൃത്വം ഒരിക്കലും അവരെ സര്‍ക്കാറിന് വിരുദ്ധരാക്കുകയില്ല. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്ന മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരന്‍. അദ്ദേഹം പ്രതിപക്ഷത്തായിരുന്നപ്പോള്‍ പോലും ഉദ്യോഗസ്ഥ മേധാവികള്‍ അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. അതിന്റെ കാരണം, ഒരിക്കലും തന്നെ മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗസ്ഥ മേധാവികളെ ശാസിക്കുകയോ അപമാനിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരാണ് എന്ന്‍ കണ്ടാല്‍ അദ്ദേഹം അവരെ, ഇംഗ്ലീഷില്‍ kicking upstairs എന്ന്‍ പറയുന്ന രീതിയില്‍, തക്കതായ ലാവണത്തില്‍ നിയമിക്കുമായിരുന്നു. അവര്‍ക്ക് അധികാരം കുറവായിരിക്കാമെങ്കിലും ഒട്ടും അപമാനം സഹിക്കേണ്ടി വരുമായിരുന്നില്ല. അതൊരു ഭരണാധികാരിയുടെ ലക്ഷണമാണ്. മറിച്ച്, ഒരുതരം അപകര്‍ഷതാബോധത്തിന്റെ പേരില്‍ ഞാനാണ് മുഖ്യമന്ത്രി എന്ന്‍ അഹങ്കരിക്കുകയും അവരെ പരസ്യമായി ജനങ്ങളുടെ മുന്നില്‍ ആക്ഷേപിക്കുകയും ചെയ്താല്‍ എന്ത് തന്നെയായാലും അധികകാലം ഭരണം സുഗമമായി നടത്താന്‍ പറ്റില്ല.

 

ഇത് പിണറായി വിജയന്‍ മനസിലാക്കേണ്ടതായിരുന്നു. അദ്ദേഹം അധികാരത്തില്‍ വന്ന ഉടനെ സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ താന്താങ്ങളുടെ ജോലി നിര്‍വ്വഹിക്കണമെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, വളരെ പെട്ടെന്നു തന്നെ അദ്ദേഹം അവരുടെ ഇടയില്‍ അനഭിമതനായി. ഒരുപരിധിവരെ അതിന് കാരണം അവരുടെ സംഘടനകളാണ് എന്നിരുന്നാലും ഭരണത്തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അതില്‍ കുറെയൊക്കെ ഉത്തരവാദികളാണ്.

 

ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന നളിനി നെറ്റൊയുടെ ഒരു റിപ്പോര്‍ട്ട് വാങ്ങിയാണ് ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന്‍ സര്‍ക്കാര്‍ നീക്കിയതെന്ന് വ്യക്തമാണ്. നേരത്തെ എഴുതിയതില്‍ നിന്ന്‍ വിപരീതമായി തന്നെപ്പോലെ തന്നെയുള്ള ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് എഴുതിക്കൊടുക്കാന്‍ നളിനി നെറ്റോ തയ്യാറായി എന്നത് ഒട്ടും പ്രശംസനീയമായ കാര്യമല്ല. പക്ഷെ, മനസിലാക്കേണ്ട മറ്റൊരു കാര്യം, പ്രാരാബ്ധങ്ങളും ഉദ്യോഗക്കയറ്റത്തിന് താല്‍പ്പര്യവുമുള്ള ആളുകള്‍ രാഷ്ട്രീയ നേതൃത്വത്തിന് പലപ്പോഴും വഴങ്ങി നില്‍ക്കേണ്ടി വരാറുണ്ട്. വിരമിക്കാന്‍ നേരത്ത് അപമാനിതരായി ജോലിയില്‍ നിന്ന്‍ പോകണം എന്നാഗ്രഹിക്കാത്തതും ഒരു കാരണമാണ്. പ്രത്യേകിച്ചും തന്നെപ്പോലെ തന്നെ അഭിമാനം ഉദ്യോഗസ്ഥര്‍ക്കും ഉണ്ട് എന്ന്‍ കരുതാത്ത രാഷ്ട്രീയ നേതൃത്വം ഉള്ളപ്പോള്‍ അങ്ങനെ വഴങ്ങേണ്ടി വരും. സെന്‍കുമാറിനെ പോലെ അവസാനം വരെ നിയമപോരാട്ടം നടത്താന്‍, അദ്ദേഹം തന്നെ ചൂണ്ടിക്കാണിച്ച പോലെ, ജീവിതപ്രാരാബ്ധങ്ങളില്‍ കഴിയുന്ന മറ്റെല്ലാ ഉദ്യോഗസ്ഥര്‍ക്കും സാധിക്കണമെന്നില്ല. അതുകൊണ്ട് അവരെക്കൂടി ബഹുമാനിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വം. നിയമപരമായല്ലാതെ ഒരു കാര്യം ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കരുത്.

tp senkumar, nalini netto

 

രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പലപ്പോഴും മറ്റ് താല്‍പ്പര്യങ്ങളുടെ പേരില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നും ഉപകാരം ചെയ്ത ആളുകളെ സഹായിക്കണമെന്നും കാണും. അത് ചെയ്‌താല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ചിലപ്പോള്‍ രക്ഷപ്പെടാന്‍ കഴിഞ്ഞെന്നു വരും. അതേസമയം, ഉദ്യോഗസ്ഥര്‍ക്ക് ചിലപ്പോള്‍ പെന്‍ഷന്‍ കിട്ടാത്ത അവസ്ഥയും വരും. അതുകൊണ്ട് നിയമം നോക്കിയിട്ടേ ഒരു കാര്യം നടപ്പാക്കാവൂ. നിയമം ഒക്കെ അങ്ങനെ കിടക്കും, ഞാന്‍ പറയുന്ന പോലെ ചെയ്‌താല്‍ മതിയെന്നൊക്കെ പറഞ്ഞ മന്ത്രിമാര്‍ ഇവിടെയുണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യ ഭരണം നടത്തണം എന്നാഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് അങ്ങനെ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇപ്പോള്‍ ഒരു സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ നിയമനത്തില്‍ മന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കേണ്ടി വന്നതിന്റെ പേരില്‍ അഴിമതിക്കേസില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം അത് വാസ്തവത്തില്‍ അഴിമതിയാണോ എന്നത് തന്നെ സംശയമാണ്. സ്വജനപക്ഷപാതം തീര്‍ച്ചയായും ഭരണരംഗത്ത് സ്വാഗതാര്‍ഹമായ കാര്യമല്ല. യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്‌താല്‍ അദ്ദേഹവും കുറ്റവാളിയാണ് എന്ന്‍ നിയമദൃഷ്ട്യാ പറയാവുന്നതാണ്. പക്ഷെ, അങ്ങനെയല്ലാതെ എങ്ങനെയാണ് ആ മന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കാനാകുക? തന്റേടമുള്ള ഒരാള്‍ക്ക് ഏറിവന്നാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണം എന്നെഴുതാം.

 

ഈ വിഷയത്തില്‍ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ കാര്യത്തിലും അഴിമതി ആരോപണം നിയമപരമായി നിലനില്‍ക്കുന്നതാണോ എന്നതില്‍ തന്നെ സംശയമുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലൂടെ തനിക്കോ മറ്റൊരാള്‍ക്കോ സാമ്പത്തിക ലാഭമുണ്ടാക്കുക എന്ന കുറ്റമാണ് പ്രസക്തമായ നിയമത്തില്‍ പറയുന്നത്. ഇവിടെ മന്ത്രിക്ക് പ്രത്യേക ലാഭമില്ല. നിയമിക്കപ്പെട്ടയാള്‍ക്ക് സാമ്പത്തിക ലാഭമുണ്ട് എന്ന്‍ വാദിക്കാം. എന്നാല്‍, അയാള്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിക്കുകയാണ് ചെയ്യുന്നത്. അത് അഴിമതി നിരോധന നിയമത്തിലെ pecuniary advantage എന്ന്‍ പറയുന്നതിന് കീഴില്‍ വരുമോ എന്ന്‍ സംശയിക്കാവുന്നതാണ്. ഇതൊക്കെ വിജിലന്‍സ് ആലോചിച്ച് ചെയ്യേണ്ടതാണ്. ഒരാളുടെ പേരില്‍ വെറുതെ അഴിമതി ആരോപണം നടത്തി അയാളുടെ ഉദ്യോഗക്കയറ്റം നിഷേധിക്കാന്‍ ഇടവരുത്തുന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ്. കേരളത്തിലെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പി.ജെ തോമസിന് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ആയി നിയമിക്കപ്പെട്ടിട്ടും ആ സ്ഥാനം നഷ്ടപ്പെട്ടത് വാസ്തവത്തില്‍ അര്‍ഹമല്ലാത്ത ഒരു കേസിന്റെ പരിണിത ഫലമാണ്. അദ്ദേഹം സത്യസന്ധനാണെന്ന് അറിയാത്ത ഒരാളില്ല. പക്ഷെ, 20 വര്‍ഷം കഴിഞ്ഞിട്ടും അവസാനിക്കാത്ത ഒരു കേസില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നതിനാല്‍ പ്രതിയാക്കപ്പെട്ടതിന്റെ ഇത്തരത്തിലുള്ള ഒരു പരിണിത ഫലം ദയനീയമാണ്. കുടുംബവും അഭിമാനവും ഒക്കെയുള്ള ആളുകള്‍ക്ക് തന്റെ സേവനകാലത്തിന്റെ അവസാനത്തില്‍ ഈ രീതിയില്‍ കഴിയേണ്ടി വരുന്നത് ദുര്‍ഭരണം തന്നെയാണ്. ഇതിന് ഇട കൊടുക്കാത്തതായിരിക്കണം രാഷ്ട്രീയ നേതൃത്വങ്ങള്‍.

 

നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും ചെയ്യാന്‍ ഉദ്യോഗസ്ഥരും തയ്യാറാകരുത്. ഐ.എ.എസുകാരുടെ സംഘടനയ്ക്കൊക്കെ നിയമവിരുദ്ധമായി ചെയ്യാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിക്കുന്ന കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയുടെയോ മുഖ്യമന്ത്രിയുടെ തന്നെയോ ശ്രദ്ധയില്‍ പെടുത്താം. എന്നിരുന്നാല്‍ തന്നെയും ‘ഞാനാണോ ഭരണം നടത്തുന്നത്, അതോ താനാണോ’ എന്നൊക്കെ ഐ.എ.എസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് മര്യാദയുള്ള പ്രവൃത്തിയല്ല. പിണറായി വിജയന്റെ ഭരണം നല്ല രീതിയിലാണ് പോകുന്നതെന്ന് തുടക്കത്തില്‍ വിചാരിച്ച എന്നെപ്പോലും വളരെയധികം, നിരാശപ്പെടുത്തി എന്ന്‍ പറയുന്നില്ലെങ്കിലും, വേദനിപ്പിക്കുന്നുണ്ട് ഇന്നത്തെ രീതിയില്‍. ഇത്ര പെട്ടെന്ന് തന്നെ അദ്ദേഹം ഐ.എ.എസ് ഉദ്യോഗസ്ഥരെ മുഴുവന്‍ വെറുപ്പിക്കുകയും കാര്യങ്ങള്‍ വേഗം നടപ്പാക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയും ചെയ്തത് ഖേദകരമാണ്.   


p rajan മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് പി. രാജന്‍                                                        

  

   

Tags: