കാശ്മീരിൽ പന്ത്രണ്ടാം ക്ലാസ്സുകാരിലൂടെ തെളിയുന്ന മുഖ്യധാരാ മനസ്സും ജീവിതവും

Glint Staff

Thursday, November 17, 2016 - 2:06pm

 

കാശ്മീരിൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെഴുതാൻ 95 ശതമാനം കുട്ടികളും സ്‌കൂളുകളിൽ ഹാജരായത് വളരെ ശക്തമായ സൂചനയാണ്. മുഖ്യധാരയിലുള്ളവർക്ക് ജീവിക്കണം എന്നതിന്റെ ശക്തമായ പ്രഖ്യാപനമാണത്. ഈ വികാരത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പഠിക്കേണ്ടതും അതനുസരിച്ച് പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന പക്ഷം അക്രമത്തിന്റെ മാർഗ്ഗത്തിലൂടെയല്ലാതെ എന്നാൽ അതിശക്തമായി ന്യൂനപക്ഷത്തിന്റെ മേൽക്കോയ്മയിൽ നിന്ന് കാശ്മീരിനെ മുക്തമാക്കാനുള്ള ശക്തിയെ പുറത്തുകൊണ്ടുവരാൻ കഴിയും. ആ നിശ്ചയദാർഢ്യമാണ് അവിടുത്തെ 95 ശതമാനം കൗമാരക്കാരും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെഴുതാനെത്തിച്ചത്. ഈ 95 ശതമാനത്തിന്റെ രക്ഷിതാക്കളേയും കാണുമ്പോഴാണ് കാശ്മീരിന്റെ മുഖ്യധാരയെ വ്യക്തമായി കാണാൻ കഴിയുന്നത്.

 

കാശ്മീർ ജനത ന്യൂനപക്ഷത്തിന്റെ പിടിയിൽ കിടന്നു പിടയുന്നു. തീവ്രവാദ ചിന്താഗതികളോട് ചേർന്നു നിൽക്കുന്ന യുവാക്കളാണ് ആ ന്യൂനപക്ഷം. പുറമേ നിന്നു കിട്ടുന്ന സഹായങ്ങളും കോപ്പുകളും അതിനോടൊപ്പം നിർദ്ദേശങ്ങളും ഏറ്റുവാങ്ങി വെറും കളിപ്പാവകളാകുന്നു, ഈ ന്യൂനപക്ഷം. അവർ സൃഷ്ടിക്കുന്ന അക്രമങ്ങളെ നേരിടാൻ പട്ടാളവും പോലീസും. ഇതിനിടയിൽ കിടന്നു ഞെരുങ്ങുകയാണ് മുഖ്യധാരാ കാശ്മീർ ജീവിതം. ഭൂരിഭാഗം വരുന്ന കാശ്മീരികൾക്ക് തങ്ങളുടെ മുന്നിലുള്ള മുഖ്യ പ്രശ്‌നം ഇന്ത്യയോ പാകിസ്ഥാനോ ഒന്നുമല്ല. അവരിപ്പോൾ ജീവിതം വഴിമുട്ടിയ അവസ്ഥയിലെത്തി നിൽക്കുന്നു. സമാധാനപ്രിയരും ശാന്തരുമാണവർ. എല്ലാ വർഷവും ഏപ്രിൽ മുതൽ സെപ്തംബര്‍ വരെ ശ്രീനഗറിൽ എത്തുന്ന വിനോദസഞ്ചാരികളാണ് കാശ്മീരികളുടെ ഏക ലക്ഷ്യം. ഈ കാലഘട്ടത്തിലാണ് ഒന്നാംതരം കുങ്കുമപ്പൂവും പഷ്മിനാര്‍ പട്ടുകളും വിറ്റ് കാശ്മീരികൾ ഒരു വർഷത്തേക്ക് ഉപജീവനത്തിനുള്ള കരുതലുണ്ടാക്കുന്നത്.

 

പതിനയ്യായിരത്തോളം അമർനാഥ് യാത്രികരാണ് പ്രതിവർഷം അതിലൂടെ കടന്നു പോകുന്നത്. പൂജാസാധനങ്ങള്‍ വിറ്റും സേവനങ്ങള്‍ നല്‍കിയും പുലരുന്ന അയ്യായിരത്തോളം കാശ്മീരികളുടെ ആശ്രയം. ഇക്കുറി അയ്യായിരം പോയിട്ട് അമ്പതു പേർക്കു പോലും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായില്ല. അതുപോലെ ദാൽ തടാകത്തെ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും. ഹൗസ് ബോട്ടുകളും ഷിക്കാരകളുമെല്ലാം കരയ്ക്കു ചേർത്ത് കെട്ടിക്കൂട്ടിയിട്ടിരിക്കുന്നു. മൂവായിരത്തോളം രൂപയാണ് തോണി പോലുള്ള ഷിക്കാരകൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക്. എന്നാൽ അഞ്ഞൂറു രൂപയ്ക്കു പോലും പോകാൻ തയ്യാറായി വല്ലപ്പോഴും അവിടെയെത്തുന്നവരുടെ പിന്നാലെ നിഷ്‌കളങ്കമായ ചിരിയുമായി കാശ്മീരികളെത്തുന്നു.

 

ബുർഹാൻ വാനിയുടെ വധത്തിനു ശേഷം ജൂലൈ മുതൽ താഴ്‌വരയിൽ മുറിയില്ലാതെ ബന്ദാണ്. അടുത്തിടെ അവിടെ അകപ്പെട്ടു പോയ മലയാളി പങ്കുവെച്ച കാര്യങ്ങൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥികൾ പരീക്ഷയെഴുതാൻ കാണിച്ച നിശ്ചയദാർഢ്യവുമായി ചേർത്തു വായിക്കാവുന്നതാണ്. പകൽ മുഴുവൻ അക്രമങ്ങൾ കൊണ്ട് നിറയുന്നു. രാത്രി പത്തു മുതൽ രാവിലെ മൂന്നു വരെയാണ് അവിടെയെത്തപ്പെടുന്നവർക്ക് പുറത്തിറങ്ങാനുള്ള അനുമതി. രാത്രിയിൽ ഈ സമയത്താണ് കഴിഞ്ഞ നാല് മാസമായി കാശ്മീർ ജീവിക്കുന്നത്. തടഞ്ഞിടപ്പെട്ട വാഹനങ്ങൾ എവിടെയും കാണാം. രാത്രിയിൽ തദ്ദേശവാസികൾ ആ വാഹനത്തിനടുത്തേക്ക് വന്ന് അവിടെ അകപ്പെട്ടവരുടെ ക്ഷേമം അന്വേഷിക്കുന്നതും അവരുടെ മുഖത്ത് പ്രകടമാകുന്ന സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാവവും കാണുമ്പോഴാണ്  പുറത്തു നിന്ന് കാശ്മീരിനെ കുറിച്ച് സംഭരിച്ചുവച്ച അഭിപ്രായങ്ങൾ തകർന്നടിയുന്നത്. അദ്ദേഹം പറയുന്നു - രാത്രിയിൽ തദ്ദേശവാസികൾ വന്ന് അവിടെ അകപ്പെട്ടവർക്ക് ഭക്ഷണം വേണമോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. അതിനു പുറമേ അവർ അരക്ഷിതാവസ്ഥയിലായ അപരിചിതരെ ഒരു മടിയുമില്ലാതെ തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും കിടക്കാൻ അവസരം നൽകുകയും ചെയ്യുന്നു. അപരിചിതരിലുള്ള അവരുടെ വിശ്വാസം അവർണ്ണനീയമാണ്. ചിലപ്പോൾ മൂന്നും നാലും ദിവസമൊക്കെ അവർ അപരിചിതർക്ക് ആതിഥേയത്വം നൽകുന്നു. അപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളുമായി മാറുന്നു. അവർക്ക് ഇന്ത്യയും പാകിസ്ഥാനുമൊന്നുമല്ല പ്രശ്‌നം. ഉപജീവനം മാത്രമാണ്. - ഇതു പറഞ്ഞുകൊണ്ടു നിന്നപ്പോൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു വിളി വന്നു. അത് അദ്ദേഹത്തിന് ആതിഥ്യം നൽകിയ വീട്ടുടമയുടേതായിരുന്നു. വെറുതേ സൗഹൃദം പങ്കുവെയ്ക്കാൻ വേണ്ടിയാണ് അയാൾ വിളിച്ചത്.

 

ഒട്ടേറെ കാശ്മീരി യുവാക്കൾ കേരളമുൾപ്പെടെയുളള സ്ഥലങ്ങളിൽ വന്ന് ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയെടുത്തിട്ടുണ്ട്. അവർക്ക് തങ്ങളുടെ നാട്ടിൽ ചെന്ന് ഒന്നും ചെയ്യാനില്ല. അവരും കുങ്കുമപ്പൂവും പഷ്മിനാറുമൊക്കെ വിറ്റ് ജീവിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ ടൂറിസം നിലച്ചതോടെ അതും പറ്റാതായി വന്നു. കുറച്ചു പേർ തങ്ങളുടെ ഉൽപ്പന്നങ്ങളുമായി ദില്ലി, ലഖ്‌നോ എന്നിവിടങ്ങളിലൊക്കെയെത്തി അത്യാവശ്യം സമ്പാദിച്ച് മടങ്ങുന്നുണ്ട്. ഇതിനേക്കാളൊക്കെ ഗതികേട് പാക് അധീന കാശ്മീരിൽ നിന്നും കാശ്മീരിലെത്തുന്നവരുടെ അവസ്ഥയാണ്. പാക് അധീന കാശ്മീരിൽ നിന്ന് കുങ്കുമവും പഷ്മിനാറുമായി നുഴഞ്ഞുകയറി കാശ്മീരിൽ കൊണ്ടുവന്ന് വിറ്റ് മടങ്ങിയിരുന്നു അവർ. അവരും ഇപ്പോൾ ഗതികേടിലാണ്. പാക് അധീന കാശ്മീരിൽ നിന്നെത്തുന്നവർ പറയുന്നത് കർഫ്യൂവിന്റെ പശ്ചാത്തലത്തിലും കാശ്മീർ സ്വർഗ്ഗം തന്നെയാണെന്നാണ്. കാരണം പാക് അധീനകാശ്മീരിൽ  ഉപജീവനത്തിന് ഏക മാർഗ്ഗം യുവാക്കൾ തീവ്രവാദി ക്യാമ്പുകളിൽ ചേരുക എന്നതു മാത്രമാണ്. അങ്ങിനെയെങ്കിൽ പട്ടാളം അവരുടെ വീട്ടുകാർക്ക് ചെറിയ തുക നൽകും. ഈ യാഥാർഥ്യങ്ങളാണ് മുഖ്യധാരയെ തീവ്രവാദത്തിൽ നിന്നകറ്റി നിർത്തുന്നതെന്നും ഈ മലയാളി നിരീക്ഷിക്കുന്നു.

 

മലയുടെ മുകളിലെത്തുമ്പോൾ മനുഷ്യൻ ശാന്തനാകും. ആ ശാന്തത തന്നെയാണ് കാശ്മീരികളുടെ മുഖത്തും അവരുടെ സ്‌നേഹത്തിലും നിഴലിക്കുന്നതെന്നും ഈ മലയാളി പറയുന്നു. ആ ശാന്തതയിൽ സമതലത്തിലെ ജനങ്ങളുടെ കണക്കുകൂട്ടലോ കുതികാൽ വെട്ടലോ നിക്ഷിപ്ത താൽപ്പര്യ അജണ്ടയോ ഒന്നും അവരനുഭവിക്കുന്നില്ല. അവർക്ക് ശാന്തമായി ജീവിക്കണം. ആ ജീവനത്തിനുള്ള ഉപാധിയും വേണം. മനസ്സിലും പുരയിലും കുങ്കുമപ്പൂവും പട്ടും നിറച്ചു വച്ചുകൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്ന ഭൂരിപക്ഷം ഈ കൊടിയ ദുരിതത്തിൽ പോലും ശുഭാപ്തിവിശ്വാസത്തെ കളയുന്നില്ല. ഒരു പഷ്മിനാർ പട്ടിന്റെ വില ചോദിച്ചപ്പോൾ ഒരു കാശ്മീരി പറഞ്ഞത് ഈ മലയാളി ആവർത്തിച്ചു. പട്ടിന്റെ വില ആയിരം രൂപ. തൊള്ളായിരത്തിയമ്പതു രൂപ ഡിസ്‌കൗണ്ട്. അതിനാൽ അമ്പതു രൂപ തന്നാൽ മതിയെന്നു പറഞ്ഞാണ് വ്യാപാരി ഷാൾ ഈ മലയാളിക്ക് നീട്ടിയത്. 

Tags: