ഇന്ന് ഇന്ത്യയിൽ ബി.ജെ.പി സർക്കാരിനെതിരെ ശക്തിയോടെ മുഴങ്ങുന്ന ഏക ശബ്ദം ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന്റേതാണ്. അദ്ദേഹം ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു, പ്രഖ്യാപനങ്ങൾ നടത്തുന്നു. തനിക്ക് അധ്യാപക വൃത്തിയിൽ പ്രവേശിക്കാനാണ് താല്‍പ്പര്യം എന്ന് മുൻപു പറഞ്ഞ കനയ്യ, ഇപ്പോൾ പറയുന്നു, വിദ്യാർഥി ജീവിതം കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന്. ഇടതുരാഷ്ട്രീയത്തില്‍ ഇപ്പോള്‍ കനയ്യ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്, വിശേഷിച്ചും കേരളത്തിൽ, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ ആക്ഷേപിച്ചും അപ്രസക്തനുമാക്കിക്കൊണ്ടാണ്.
കോൺഗ്രസ്സും രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാർട്ടികളും നേതാക്കളും സമാനമായ അവസ്ഥയിൽ ദുർബലമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിരോധം സൃഷ്ടിക്കാൻ പര്യാപ്തമെന്ന് കരുതപ്പെടുന്ന ബിംബം പോലെ കനയ്യ കുമാർ പൊന്തി വരുന്നത്. രാഷ്ട്രീയ ലക്ഷ്യം കനയ്യയിൽ സംഭവിച്ചു കഴിഞ്ഞു. ഇതിന്റെ പിന്നിൽ കനയ്യ മാത്രവുമായിരിക്കില്ല. പ്രതിപക്ഷത്തുള്ള മുഴുവൻ ശക്തികളെയും അണിനിരത്തി വ്യക്തമായി ശത്രുവിനെ ലക്ഷ്യം വച്ചുള്ള പോരാട്ടത്തിനാണ് കനയ്യ തയ്യാറെടുക്കുന്നത്. യുദ്ധം ചെയ്യുമ്പോൾ ശത്രുവാരാണെന്നും എവിടെയാണ് ഉന്നം വയ്‌ക്കേണ്ടതെന്നും വ്യക്തമായി അറിയണം. ഫാസിസം-ഹിറ്റ്‌ലര്‍ എന്ന ബിംബസൃഷ്ടിയിലൂടെ ബി.ജെ.പിയേയും മോദിയേയും ലക്ഷ്യമിട്ടുകൊണ്ടാണ് കനയ്യ നീങ്ങുന്നത്. അതിൽ അവ്യക്തത വന്നാൽ യുദ്ധം, ഉന്നം പിഴച്ചു പോകും. ആ യുദ്ധത്തിൽ ഫാസിസത്തിനെതിരെ അണി നിരക്കുന്നവരെ ഒന്നിപ്പിച്ച് നിർത്തി ശക്തിയാർജ്ജിക്കുക എന്നത് ഒരു സാമാന്യ തന്ത്രമാണ്. അങ്ങനെയുള്ള കേന്ദ്രീകരണത്തെ തുരങ്കം വയ്ക്കുന്നവരെ തുരത്തുക അല്ലെങ്കിൽ നിർവ്വീര്യമാക്കുക എന്നതും യോദ്ധാവിൽ ഉണ്ടായിരിക്കേണ്ട ഗുണമാണ്. അതാണ് കൽക്കത്തയിൽ നടന്ന എ.ഐ.എസ്.എഫ് കൺവെൻഷനിൽ കനയ്യ കുമാർ പേരു പറഞ്ഞില്ലെങ്കിലും ആക്ഷേപഹാസ്യ രൂപത്തിൽ പ്രകാശ് കാരാട്ടിനോട് പോരാട്ടം മതിയായെങ്കിൽ ന്യൂയോർക്കിൽ പോയി വിശ്രമിക്കാൻ ഉപദേശിച്ചിരിക്കുന്നത്.
ബംഗാളിൽ സി.പി.ഐ.എം മരണശയ്യയിൽ ആയതും പ്രകാശ് കാരാട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണ്. ജ്യോതിബസു വിശേഷിപ്പിച്ച ‘ചരിത്രപരമായ മണ്ടത്തര’ത്തിന്റെ അനാവരണ കാലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീതാറാം യെച്ചൂരിയുടെ മുൻകൈയ്യിൽ ബംഗാളിൽ സി.പി.ഐ.എം നേതൃത്വം നൽകുന്ന ഇടതുപക്ഷം കോൺഗ്രസ്സുമായി കൈ കോർത്തതിനെ ശക്തിയായി എതിർത്തതും പ്രകാശ് കാരാട്ടാണ്. തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏൽക്കേണ്ടി വന്നതിനാൽ യെച്ചൂരിക്ക് നിശബ്ദനാകേണ്ടിയും വന്നു. ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള ഒന്നിച്ചുനിന്നുള്ള പോരാട്ടമെന്ന നിലപാടിൽ ഊന്നിക്കൊണ്ടാണ് യെച്ചൂരി കോൺഗ്രസ്സ് സഖ്യത്തിലേക്ക് നീങ്ങിയത്. ബംഗാളിലെ പരാജയവും കേരളത്തിലെ വിജയവുമാണ് പ്രകാശ് കാരാട്ടിന് യച്ചൂരിയെ നിശബ്ദനാക്കാൻ ലഭിച്ച അവസരം. എപ്പോഴും അവ്യക്തമായ പ്രബന്ധ സമാനവും അപ്രായോഗികവും പഴഞ്ചനുമായ അമൂർത്ത ആശയങ്ങളില്‍ വ്യാപരിക്കുന്ന പ്രകാശ് കാരാട്ട് ഇന്ത്യൻ രാഷ്ടീയ ഭൂമികയിൽ സ്വാധീന ശക്തിയല്ലെങ്കിലും സി.പി.ഐ.എം ആശയപരമായി ആ സ്ഥാനത്ത് തുടരുന്നുണ്ട്. യെച്ചൂരിയെ നിശബ്ദനാക്കി പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തിന്റെ പാതയിലൂടെ നീങ്ങുന്ന പാർട്ടി ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ ഒന്നിക്കലിന് വിഘാതമുണ്ടാക്കും. ഈ പശ്ചാത്തലത്തിലാണ് ബംഗാളിൽ വച്ച് കനയ്യ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ബി.ജെ.പി ഫാസിസ്റ്റ് പാർട്ടിയല്ല, മറിച്ച് സമഗ്രാധിപത്യ സ്വഭാവമുള്ള പാർട്ടിയാണ് എന്ന അവ്യക്തവും അമൂർത്തവുമായ നിലപാടാണ് പ്രകാശ് കാരാട്ടിന്റേത്. അങ്ങനെയൊരു നിലപാടു തന്നെ സി.പി.ഐ.എമ്മിനുള്ളിലെ ചേരിതിരിവാണ് സൂചിപ്പിക്കുന്നത്. കാരണം പാർട്ടി സെക്രട്ടറി യെച്ചൂരിയുടേത് കനയ്യ കുമാറിന്റെ അതേ കാഴ്ചപ്പാടാണ്.
നരേന്ദ്ര മോദിയെന്ന നേതാവിനെ എല്ലാ അർഥത്തിലും അതേ നാണയത്തിൽ പൊതുവേദികളിൽ നേരിടാൻ ശേഷിയുള്ള ഒരേ ഒരു വ്യക്തി ഇന്ന് കനയ്യയാണ്. അതു പരമാവധി മുതലെടുത്ത് വിശാല ഐക്യത്തിലൂടെ രാഷ്ട്രീയ മുന്നേറ്റം നടത്താൻ തന്നെയാണ് കനയ്യയും അദ്ദേഹത്തിന്റെ പിന്നിലെ ശക്തികളും ശ്രമിക്കുന്നത്. കനയ്യയുടെ കൽക്കത്താ പ്രസ്താവന സി.പി.ഐ.എമ്മിനെ വിഷമവൃത്തത്തിലാക്കുന്നു. കാരണം മോദി ഫാസിസ്റ്റല്ലെന്ന മൃദു സമീപനമാണ് സി.പി.ഐ.എം എടുക്കുന്നതെന്നുള്ള അവസ്ഥ. പ്രകാശ് കാരാട്ടിന്റെ ശക്തിയായ കേരള ഘടകത്തിനും അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഇപ്പോൾ തന്നെ കേരളത്തിൽ പ്രതിപക്ഷമെന്നത് ഫലത്തിൽ ബി.ജെ.പി ആയിട്ടുണ്ട്. കോൺഗ്രസ്സ് ശിഥിലമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഭാവിയിൽ സി.പി.ഐ.എം പ്രകാശ് കാരാട്ടിന്റെ സമീപനത്തോട് പിൻപറ്റി നീങ്ങുകയാണെങ്കിൽ അതിന്റെ നേട്ടമുണ്ടാക്കുക ബി.ജെ.പിയാകുമെന്നുള്ളതിൽ സംശയമില്ല. പോരാട്ടവീര്യവും നിഷേധാത്മകതയുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഊർജ്ജം പകർന്നിട്ടുള്ളത്. സി.പി.ഐ.എമ്മിന് അതിന്റെ പേരിൽ പുത്തൻ തലമുറയെ ആകർഷിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല ഉള്ളവരെ കൂടെ നിർത്താനും പറ്റുന്നില്ല. ആ പശ്ചാത്തലത്തിലാണ് സി.പിഐയുടെ ഭാഗത്തു നിന്ന് കനയ്യ കുമാറിലൂടെ പോരാട്ടമൂർത്തിയെ അവതരിപ്പിക്കുന്നതും പുത്തൻ രാഷ്ട്രീയ സമീപനത്തിന് മുന്നൊരുക്കങ്ങൾ നടത്തുന്നതും. ആ നിലയ്ക്ക് മറ്റാരേക്കാളും സി.പി.എമ്മിന് കനയ്യ കുമാർ കേരളത്തിലും ഒരു ഭീഷണിയായേക്കാനാണ് സാധ്യത.