Skip to main content
കാരക്കാസ്

chavez mural in caracass

 

മുന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഷാവേസിന്റെ പിന്‍ഗാമി നിക്കോളാസ് മദുരോയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ കാരക്കാസില്‍ പ്രകടനം നടത്തി. അതേസമയം, ആയിരക്കണക്കിന് പേര്‍ ജനപ്രിയ  പ്രസിഡന്റിന്റെ ഓര്‍മ പുതുക്കി ദു:ഖാചരണ ചടങ്ങുകളിലും പങ്കെടുത്തു. ക്യൂബ പ്രസിഡന്റ് റൌള്‍ കാസ്ത്രോ, ബൊളിവിയ പ്രസിഡന്റ് ഇവോ മൊറാലസ്, നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ എന്നിവര്‍ അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കാരക്കാസില്‍ എത്തിയിട്ടുണ്ട്.

 

തുടര്‍ച്ചയായി 14 വര്‍ഷം വെനിസ്വലയുടെ പ്രസിഡന്റായിരുന്ന ഹുഗോ ഷാവേസ് അര്‍ബുദ രോഗബാധയെ തുടര്‍ന്ന്‍ 2013 മാര്‍ച്ച് അഞ്ചിനാണ് അന്തരിച്ചത്. ഔദ്യോഗിക ചരമ വാര്‍ഷിക പരിപാടികള്‍ ബുധനാഴ്ച നടന്നു. പ്രക്ഷോഭകാരികളെ സഹായിക്കുന്നു എന്നാരോപിച്ച് പനാമയുമായുള്ള രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുന്നതായി മദുരോ പറഞ്ഞു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അനുസ്മരണ പരിപാടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

നമ്മെ നമുക്കു കാണിച്ചുതന്ന ഷാവെസ്

 

നമ്മെ നമുക്കു കാണിച്ചുതന്ന ഷാവെസ്ഷാവേസിന്റെ മരണത്തെ തുടര്‍ന്ന്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഷാവേസിന്റെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്ന മദുരോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബൊളിവേറിയന്‍ വിപ്ലവം എന്ന് ഷാവേസ് വിശേഷിപ്പിച്ച തൊഴിലാളി വര്‍ഗ്ഗ ആഭിമുഖ്യമുള്ള ജനപ്രിയ പരിപാടികള്‍ തുടരുമെന്ന വാഗ്ദാനത്തോടെയാണ് മദുരോ അധികാരമേറ്റത്. എന്നാല്‍, ഇത് ഷാവേസിന്റെ കാലത്തെന്ന പോലെ മധ്യവര്‍ഗ്ഗ ജനതയുടെ എതിര്‍പ്പിന് ഇടയാക്കുകയായിരുന്നു. അതേസമയം, രാജ്യത്തെ തൊഴിലാളി – ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ മദുരോ സര്‍ക്കാറിന് ശക്തമായ പിന്തുണയുണ്ട്.

 

നമ്മെ നമുക്കു കാണിച്ചുതന്ന ഷാവെസ്

മദുരോ സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിപക്ഷ പ്രക്ഷോഭം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പവും സാധനങ്ങളുടെ ദൌര്‍ലഭ്യവും വര്‍ധിച്ച കുറ്റകൃത്യ നിരക്കുകളും ഒന്നര പതിറ്റാണ്ടായി തുടരുന്ന ഇടതുനയങ്ങളുടെ ഫലമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഫെബ്രുവരി ആദ്യം രാജ്യത്തിന്റെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് തലസ്ഥാനമായ കാരക്കാസിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതിനകം 18 പേര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്.