വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. സി.എന്‍.ആര്‍ റാവുവിനും ഐതിഹാസിക ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചു. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന്‍ ഇരുവരും ബഹുമതി ഏറ്റുവാങ്ങി.
ഭാരതരത്നം ലഭിക്കുന്ന ആദ്യ കായികതാരമാണ് സച്ചിന്‍. ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 40-കാരനായ സച്ചിന്‍. കഴിഞ്ഞ നവംബര്‍ 16-ന് തന്റെ ഇരുനൂറാം ടെസ്റ്റ് കളിച്ച് സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന്‍ വിരമിച്ച വേളയിലാണ് ഇരുവര്‍ക്കുമുള്ള ബഹുമതി പ്രഖ്യാപിച്ചത്.
1954-ല്‍ ഏര്‍പ്പെടുത്തിയ ബഹുമതിയ്ക്ക് ഇതുവരെ അര്‍ഹരായ 41 വ്യക്തികളുടെ നിരയിലേക്കാണ് റാവുവും സച്ചിനും ചേരുന്നത്. 79-കാരനായ ചിന്താമണി നാഗേശ രാമചന്ദ്ര റാവു ലോകമെങ്ങും ആദരിക്കപ്പെടുന്ന രസതന്ത്ര ശാസ്ത്രജ്ഞനാണ്. 1,400-ല്‍ അധികം ഗവേഷണ പ്രബന്ധങ്ങളും 45 പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. നോബല്‍ ജേതാവ് സി.വി രാമനും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനും ശേഷം ഭാരതരത്നത്തിന് അര്‍ഹനാകുന്ന മൂന്നാമത്തെ ശാസ്ത്രജ്ഞനാണ് റാവു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതിയുടെ തലവനാണ് റാവു ഇപ്പോള്‍.
തന്റെ 16 വയസില്‍ ആരംഭിച്ച് 24 വര്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ് ജീവിതത്തില്‍ സച്ചിന്റെ നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. സച്ചിന് ഭാരതരത്നം നല്‍കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന്‍ കായികതാരങ്ങളേയും ഭാരതരത്നത്തിന് പരിഗണിക്കുന്ന വിധം നിബന്ധനകള്‍ തിരുത്തിയിരുന്നു. നിലവില്‍ രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളില്‍ ഒരാളാണ് സച്ചിന്‍.
2009-ല്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷിയ്ക്ക് നല്‍കിയതിന് ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരതരത്നം പ്രഖ്യാപിച്ചത്. ആദ്യ കായിക ഭാരതരത്നം ഇന്ത്യയുടെ ഹോക്കിമാന്ത്രികനായി അറിയപ്പെട്ടിരുന്ന ധ്യാന്‍ ചന്ദിന് മരണാനന്തര ബഹുമതിയായി നല്‍കണമെന്നും ഇതിനിടയില്‍ ആവശ്യമുയര്‍ന്നിരുന്നു.