ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ച് ചൈന -ബംഗ്ലാദേശ് ചങ്ങാത്തം
ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനസ് ചൈനയ്ക്ക് ചുവന്ന പരവതാനി വിരിച്ചു കഴിഞ്ഞു. സൌരോർജ്ജ പദ്ധതികൾ ബംഗ്ലാദേശിലേക്ക് മാറ്റിസ്ഥാപിക്കാൻ ചൈനയോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. അതിനു പുറമേ വിശാലമായ തലങ്ങളിൽ ചൈനയുമായി സഹകരണത്തിന് തയ്യാറെടുക്കുകയാണെന്ന് യൂനസ് വ്യക്തമായ സൂചനയും നൽകി.
ബംഗ്ലാദേശിലെ അട്ടിമറിയുടെ പിന്നിൽ ചൈന തന്നെയാണെന്ന് സംശയിക്കാനുള്ള അവസരമാണ് പുതിയ നീക്കങ്ങൾ വെളിപ്പെടുത്തുന്നത്. ഇന്ത്യയുമായി 4090 കിലോമീറ്റർ ദൂരമാണ് ബംഗ്ലാദേശ് അതിർത്തി പങ്കിടുന്നത്. ബംഗ്ലാദേശ് ഭരണകൂടമാറ്റം ഉണ്ടാകുന്നതുവരെ
സൌഹൃദരാജ്യമായിരുന്നതിനാൽ ബംഗ്ലാദേശ് അതിർത്തി ഒരു വിധ ഭീഷണിയും ഇന്ത്യയ്ക്ക് ഉയർത്തിയിരുന്നില്ല. അതിനാൽ തന്നെ പാകിസ്ഥാനുമായി പങ്കിടുന്ന അതിർത്തിപോലെയുള്ള അതി ജാഗ്രതയുള്ള കാവൽ ഇവിടെ വേണ്ടി വന്നിരുന്നില്ല. എന്നാൽ ചൈന ബംഗ്ലാദേശുമായി ചങ്ങാത്തമുണ്ടാക്കുന്നതോടെ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര അതിർത്തിയായ ഇതും ഇന്ത്യയ്ക്ക് അതീവ ജാഗ്രതയിലേക്ക് കൊണ്ടുവരികയേ നിവൃത്തിയുള്ളു.