Skip to main content
ധാക്ക

abdul qadar molla1971-ല്‍ പാകിസ്താനില്‍ നിന്നുള്ള രക്തരൂഷിത സ്വാതന്ത്ര്യസമരത്തില്‍ ചെയ്ത യുദ്ധക്കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ല (65)യെ തൂക്കിക്കൊന്നു. വ്യാഴാഴ്ച പ്രാദേശികസമയം രാത്രി 10-ന് ധാക്കയിലെ സെന്‍ട്രല്‍ ജയിലിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. 

 

ബുധനാഴ്ച നടപ്പിലാക്കാനിരുന്ന വധശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് തള്ളിയിരുന്നു. തുടര്‍ന്ന് ഏതാനും മണിക്കൂറില്‍ ശിക്ഷ നടപ്പാക്കുകയായിരുന്നു. ഭാര്യയും കുട്ടികളും വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് മൊല്ലയെ സന്ദര്‍ശിച്ചു. രാജ്യത്തെ ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് മൊല്ല പറഞ്ഞതായി മകന്‍ ഹസന്‍ ജമീല്‍ അറിയിച്ചു.

 

സ്വാതന്ത്ര്യസമരകാലത്ത് പാകിസ്താനെ അനുകൂലിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെയാളാണ് മൊല്ല. സംഘടനയുടെ മറ്റ് നാല് നേതാക്കള്‍ക്കുകൂടി യുദ്ധക്കുറ്റങ്ങളുടെ വിചാരണയ്ക്കായി പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്.

 

1971-ല്‍ മൊല്ലയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലപാതകം, ബലാത്സംഗം തുടങ്ങിയവ യുദ്ധക്കുറ്റങ്ങളാണെന്ന് പ്രത്യേക ട്രൈബ്യൂണല്‍ ഫെബ്രുവരി 5-ന് വിധിച്ചിരുന്നു. എന്നാല്‍, ട്രൈബ്യൂണല്‍ നല്‍കിയ ജീവപര്യന്തം തടവിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതിയാണ് സെപ്തംബര്‍ 17-ന് മൊല്ലയ്ക്ക് വധശിക്ഷ നല്‍കിയത്. മൊല്ലയുടെ നേതൃത്വത്തിലുള്ള സ്വകാര്യ സൈന്യം നടത്തിയ അക്രമങ്ങളില്‍ 350-ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ പ്രധാന സഖ്യകക്ഷിയാണ് ജമാഅത്തെ ഇസ്ലാമി. വധശിക്ഷ നടപ്പാക്കിയാല്‍ ‘കടുത്ത പ്രത്യാഘാതങ്ങള്‍’ നേരിടേണ്ടി വരുമെന്ന് ജമാഅത്തെ ഇസ്ലാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രീം കോടതി വധശിക്ഷ ശരിവെച്ചതിന് പിന്നാലെ ഒട്ടേറെ നഗരങ്ങളില്‍ ജമാഅത്തെ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. അതേസമയം, മതനിരപേക്ഷ പ്രക്ഷോഭകര്‍ മൊല്ലയെ തൂക്കിലേറ്റിയതില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ചൊവാഴ്ച രാത്രി മുതല്‍ ഇവര്‍ ധാക്കയിലെ ഷാബാഗ് ചത്വരത്തില്‍ തമ്പടിച്ച് കഴിയുകയാണ്.

 

ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായിരുന്ന മൊല്ലയുടെ വിചാരണ ബംഗ്ലാദേശില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു. ‘കശാപ്പുകാരന്‍ മൊല്ല’ എന്ന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന മൊല്ലയുടെ ജീവപര്യന്തം വിധിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിയമഭേദഗതി കൊണ്ടുവന്നാണ് സര്‍ക്കാര്‍ ശിക്ഷ വര്‍ധിപ്പിക്കുന്നതിനായി അപ്പീല്‍ നല്‍കിയത്. മൊല്ലയ്ക്ക് സെപ്തംബര്‍ 17-ന് സുപ്രീം കോടതി വധശിക്ഷ വിധിച്ചപ്പോഴും ജമാഅത്തെയുടെ നേതൃത്വത്തില്‍ പ്രതിഷേധവും അക്രമവും അരങ്ങേറിയിരുന്നു.