പട്ടിണിക്കിട്ടു ഗാസയിൽ വംശഹത്യ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വംശവെറി ഹിറ്റ്ലറുടെ ക്രൂരതയെ കടത്തിവെട്ടുന്നു. ഹിറ്റ്ലർ പോലും ചെയ്യാത്ത ക്രൂരതയാണ് ഗാസയിൽ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നത്. ജൂതർക്ക് മാത്രമല്ല മനുഷ്യവംശത്തിന് തന്നെ അപമാനകരമായ സംഭവവികാസങ്ങളാണ് ഗാസയിൽ നടക്കുന്നത്.
ഒരു ദിവസം 600 ലോറി ഭക്ഷണസാധനങ്ങൾ എത്തിയെങ്കിൽ മാത്രമേ ഒരു നേരത്തെയെങ്കിലും ഭക്ഷണം അവിടെയുള്ളവർക്ക് കഴിക്കാൻ പറ്റു. ഇപ്പോൾ ചില യൂറോപ്യൻ രാജ്യങ്ങൾ ഭക്ഷണ വിതരണവുമായി എത്തിയിട്ടുണ്ടെങ്കിലും പരമാവധി എത്തുന്ന ലോറികൾ 67.
ഇങ്ങനെ എത്തുന്ന ലോറികളുടെ മുന്നിലേക്ക് തടിച്ചുകൂടിയെത്തുന്ന പട്ടിണി കോലങ്ങളുടെ നേർക്ക് ഇസ്രയേൽ പട്ടാളം വെടിവെച്ചും ബോംബിട്ടും കൊന്നത് 1200ഓളം പേരെ . പട്ടിണി മൂലവും പോഷകാഹാരക്കുറവും മൂലവും മരിക്കുന്ന കുട്ടികളുടെയും മറ്റും ചിത്രം രണ്ടാം ലോകമഹായുദ്ധത്തെയും കടത്തിവെട്ടുന്നു.
ഈ ക്രൂരതയുടെ പിന്നിലുള്ള കരങ്ങൾ അമേരിക്കയാണെന്ന് കാണുമ്പോഴാണ് ഇതിൻറെ യഥാർത്ഥ ചിത്രം വെളിവാകുന്നത്. ലോകത്തെ മുഴുവൻ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും ഒക്കെ ചാടിവീണ് ശബ്ദം ഉയർത്തുകയും വിധികൾ പ്രസ്താവിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അമേരിക്ക ഇത്തരം നടപടികളെ മറച്ചുവെക്കാനുള്ള ഉപാധികളായിട്ടാണ് അവയൊക്കെ പ്രയോഗിക്കുന്നത്.
പട്ടിണിക്കിട്ട് കൊല്ലുമ്പോൾ ഇസ്രയേൽ സൈന്യത്തിന് വെടിയുണ്ട പോലും നഷ്ടമാകുന്നില്ല. മനുഷ്യ ചരിത്രത്തിൽ ഇത്രയും നീചമായ വംശഹത്യ ഒരിക്കലും ഇതുവരെ നടന്നിട്ടില്ല.
