Skip to main content

എന്തുകൊണ്ട് വിഎസിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ ഇത്രയധികം സ്ത്രീകൾ

Glint Staff
Malayali women in despair
Glint Staff


വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയവരിൽ അഭൂതപൂർവ്വമായി സ്ത്രീ ജനങ്ങൾ . അവരിൽ മുത്തശ്ശിമാർ മുതൽ ചെറിയ പെൺകുട്ടികൾ വരെ . അതും എല്ലാ തുറകളിൽ നിന്നും ഉള്ളവർ . രാഷ്ട്രീയത്തിൽ താല്പര്യമില്ലാത്തവരാണ് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന യുവതി യുവാക്കൾ എന്ന പൊതു ധാരണയെ തിരുത്തിയാണ് കഴക്കൂട്ടത്ത് കണ്ട യുവതികൾ. അവരുടെ മുഖത്ത് നിഴലിച്ച ആവേശവും ആർജ്ജവവും കേരളത്തെ പഠിക്കേണ്ടവർ അതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്.
       എന്തുകൊണ്ട് സ്ത്രീകൾ ഇത്രയധികം സ്വമേധയാ വിഎസിനെ കാണാനായി എത്തി? ഇതാണ് പഠന വിഷയമാക്കേണ്ടത്. അതിൻറെ കാരണം അന്വേഷിക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകളിലേക്ക് വിഎസ് കടന്നുചെന്നത് തിരിച്ചറിയാൻ കഴിയുക. സ്ത്രീകളുടെ വിഷയങ്ങൾ ശ്രദ്ധിച്ച ഒരു പക്ഷേ കേരളത്തിലെ ഏക രാഷ്ട്രീയ നേതാവായിരിക്കണം വിഎസ് അച്യുതാനന്ദൻ .  കേരളത്തിൽ  തങ്ങളെ ശ്രദ്ധിക്കുകയും തങ്ങൾക്ക് രക്ഷാകവചം തീർക്കുകയും ചെയ്യുന്ന ഒരു ശക്തിയായി കേരളത്തിലെ സ്ത്രീകൾ വിഎസിനെ കണ്ടു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് കേരളത്തിലെ സ്ത്രീകളിൽ നിലനിൽക്കുന്ന അരക്ഷിതത്വബോധമാണ്. ഇതിൻറെ കാരണമെന്ത്? അതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹികവും വ്യക്തിപരവും മനശാസ്ത്രപരവുമായ കാരണങ്ങൾ എന്തൊക്കെ? എന്തുകൊണ്ട് വിഎസിനെ നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികൾ പോലും ആവേശത്തോടെ വന്നു? ചാനലുകാർ ആ കുട്ടികളോട് ചോദിക്കുമ്പോൾ അവർ പറയുന്നു, തങ്ങൾ തങ്ങളുടെ അമ്മമാരിൽ നിന്ന് വിഎസിനെക്കുറിച്ച് കേട്ടു. ചാനലുകളിലൂടെ കണ്ടു. 

      ഒരു കൗമാരക്കാരി പെൺകുട്ടി പറയുന്നു, വിഎസ് ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് പേടിക്കാതെ പുറത്തിറങ്ങി നടക്കാമായിരുന്നു. അങ്ങനൊരു നേതാവ് ഇപ്പോൾ ഇല്ലാതായി. ഈ മഴ നനയുന്നതും മണിക്കൂറുകൾ ക്യൂ നിൽക്കുന്നതും തനിക്കൊരു വിഷയമല്ല മറിച്ച് അഭിമാനമാണെന്നും ആ പെൺകുട്ടി പറയുന്നു.
    ഒരു സമൂഹം പുരോഗമനം ആണോ ആരോഗ്യകരമാണോ എന്ന് തിരിച്ചറിയുന്നതിന് ആ സമൂഹത്തിലെ സ്ത്രീകളിലേക്കാണ് നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ വിഎസിനോട് കേരളത്തിലെ സ്ത്രീകൾ ചൊരിഞ്ഞ സ്നേഹം കാണിക്കുന്നത് ആന്തരികമായി വളരെയധികം പിന്നോക്കാവസ്ഥയിലാണ് കേരളത്തിലെ സ്ത്രീകൾ എന്നാണ് . ഇത് ഒരു സമൂഹം എന്ന നിലയിൽ വളരെ ഗുരുതരമായ വിഷയമാണ്. ഇന്ന് കേരള സമൂഹത്തിൽ കാണുന്ന സകല അനാരോഗ്യ സംഭവങ്ങളുടെയും കാരണവും ഇതുതന്നെയാണ്. അതുകൊണ്ടാണ് ഇത് പഠനവിധേയം ആക്കേണ്ടത്.