കാലെടുത്തു വായിൽ വയ്ക്കല്ലേ, രമേശേ!
പുട്ട് യുവർ ഫുട്ട് ഇൻ യുവർ മൌത്ത് എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. കാലെടുത്തു വായിൽ വയ്ക്കുകയെന്നു വേണമെങ്കിൽ പരിഭാഷപ്പെടുത്താം. നമ്മുടെ നാടൻ ഭാഷയിലാണെങ്കിൽ ചാണകത്തിൽ ചിവിട്ടിയെന്നോ, അമേധ്യത്തിൽ ചവിട്ടിയെന്നോ പറയുന്നതു പോലെയൊരു അവസ്ഥ. വേണ്ടാത്തത് വേണ്ടാത്ത സമയത്തു പറയുക എന്നു വേണമെങ്കിലും പറയാം. ഇതിൽ അഗ്രഗണ്യരായി മാറിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളിൽ പലരും.
ലോക്സഭയിലെ പ്രതിപക്ഷനേതാവു കൂടിയായ രാഹുൽ ഗാന്ധി മാത്രമല്ല, പാർട്ടി വക്താക്കളായ ജയ്റാം രമേശും പവൻ ഖേരയും സുപ്രിയാ ശ്രീനേതും ഷമാ മുഹമ്മദും അടക്കം പലനേതാക്കളും ഇക്കൂട്ടത്തിലുണ്ടെന്നതാണ് വിചിത്രം. മണിശങ്കർ അയ്യരും സാം പിത്രോദയുമാണ് അവരുടെ റോൾ മോഡൽ. ഇരുവരും ഉണ്ടാക്കിയിട്ടുള്ള പൊല്ലാപ്പ് ചില്ലറയല്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യൻ ചരിത്രത്തിൽ മഹത്തായൊരു സ്ഥാനമുണ്ട്. അതിനേക്കാൾ വലിയൊരു സ്ഥാനം ഇന്നും ഇന്ത്യൻ ജനതയുടെ ഹൃദയത്തിലുണ്ട്. പക്ഷേ സമീപകാല സംഭവങ്ങൾ പലതും പാർട്ടിയുടെ പഴയകാല ചരിത്രത്തേയും പ്രൌഡിയേയും പ്രതാപത്തേയും മഹത്വത്തെയും തള്ളിപ്പറയുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണല്ലോ കോൺഗ്രസിന്റെ പ്രഖ്യാപിതശത്രു. ഏതുവിധേനെയും എത്രയും വേഗം മോദിയെ നിലംപരിശാക്കുകയെന്ന ഒറ്റച്ചിന്തയിൽ, ഡോൺ ക്വിക്സോട്ടിനേപ്പോലെ ചാടിവീണു സ്വയം നാണം കെടുന്ന ഈ വക്താക്കൾ, ഇതൊന്നും പാർട്ടിയുടെ ഇമേജ് മെച്ചപ്പെടുത്തുന്നില്ലെന്നു മനസ്സിലാക്കുന്നില്ല. കവലപ്രസംഗങ്ങളിൽ നടത്താവുന്ന പരാമർശങ്ങളല്ല, ജനം പാർട്ടി വക്താക്കളിൽനിന്നു പ്രതീക്ഷിക്കുന്നത്. നയവും നിലപാടും ബലമാക്കി നടത്തുന്ന വാക്സാമർത്ഥ്യത്തിലാണ് അവരുടെ ബൌദ്ധികമികവും പാർട്ടിയുടെ പ്രതിബദ്ധതയും പ്രകടമാവുക. എന്നാൽ അതൊന്നും ഇന്നു കാണാനേയില്ല. ആദ്യകാല കോൺഗ്രസിന്റെ നിഴൽ മാത്രമാണിന്നുള്ള കോൺഗ്രസ്.
സാം പിത്രോദയും മണിശങ്കർ അയ്യറും നടത്തിയ വിവാദപ്രസ്താവനകൾ പാർട്ടിക്ക് എത്രയധികം ക്ഷീണം ചെയ്തിട്ടുണ്ടെന്ന് മറക്കാൻ സമയമായിട്ടില്ലെങ്കിലും അതേ ശൈലി പിന്തുടരുന്നവർ ഇപ്പോഴുമുണ്ട്. ഏഐസീസീ പുനസ്സംഘടന വരുമ്പോൾ ഉള്ളതു പോകാതിരിക്കാനും മെച്ചപ്പെട്ടതെന്തെങ്കിലും കിട്ടാനുമായുള്ള കിടമൽസരമാണ് വക്താക്കൾക്കിടയിൽ നടക്കുന്നതെന്നു തോന്നും ജയ്റാം രമേശിന്റേയും പവൻ ഖേരയുടേയും സുപ്രിയ ശ്രീനേതിന്റെയും പ്രകടനം കാണുമ്പോൾ.
തലയില്ലാത്ത മോദിയെന്നു തോന്നിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു സ്കോർ ചെയ്യാൻ നോക്കിയ സുപ്രിയയ്ക്ക് അതു പിൻവലിക്കേണ്ടിവന്നു. പഹൽഗാം ഭീകരാക്രമണസമയത്ത് കോൺഗ്രസ് നേതാക്കൾ പല തരത്തിലുള്ള പ്രസ്താവനകൾ നടത്തുകയും അതെല്ലാം പാക്കിസ്ഥാൻ മുതലാക്കുകയും ചെയ്തപ്പോൾ, കോൺഗ്രസ് പ്രസിഡന്റോ പ്രതിപക്ഷനേതാവോ ചുമതലപ്പെടുത്തുന്നവരോ അല്ലാതെ ആരും പ്രസ്താവന നടത്തരുതെന്ന് പാർട്ടിക്കു താക്കീതു ചെയ്യേണ്ടിവന്നു.
ജയ്റാം രമേശും പവൻ ഖേരയും ഉദിത് രാജും ഷമാ മുഹമ്മദും അടക്കം എത്രയോ പേരാണ് ഇങ്ങനെ തിരുത്തുകയോ പിൻവലിക്കുകയോ ചെയ്യുന്ന പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. ഹജ്ജ് തീർത്ഥാടനകാലത്ത് ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് സൌദി അറേബ്യ വീസ നിഷേധിച്ചു, ജി7 സമ്മേളനത്തിലേക്ക് മോദിയെ ക്ഷണിച്ചിട്ടില്ല, ട്രംപ് ഇടപെട്ടാണ് ഇന്ത്യ-പാക്ക് യുദ്ധം നിർത്തിയത് തുടങ്ങി തെറ്റെന്നു പിന്നീട് തെളിഞ്ഞ പ്രസ്താവനകൾ എത്രയോ ആണ് ഇവർ നടത്തിയിട്ടുള്ളത്. രോഹിത് ശർമയെ ബോഡിഷെയ്മിങ് നടത്തിയ ഷമാ മുഹമ്മദിനും പോസ്റ്റ് പിൻവലിക്കേണ്ടിവന്നു.
തുർക്കി ബോയ്ക്കോട്ട് സംബന്ധിച്ച ചോദ്യം ചോദിച്ചപ്പോൾ കൃത്യമായ മറുപടി പറയാനാവാതെ അങ്ങോട്ടുമിങ്ങോട്ടും മൈക്ക് തള്ളുന്ന ജയ്റാം രമേശും പവൻ ഖേരയും ഓർമിപ്പിച്ചത് കേരളത്തിൽ വി. ഡി. സതീശനും കെ. സുധാകരനും ഇതേരീതിയിൽ ചെയ്തതാണ്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന സതീശന്റെ പ്രസ്താവനയും കോൺഗ്രസിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന പണിയായിപ്പോയി. ഇനി അതു തിരുത്തുമോ എന്നറിയാൻ കാത്തിരിക്കാം.
ഒടുവിൽ ഒന്നു കൂടിപ്പറയട്ടെ. വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു മടിയിൽ വച്ചെന്ന് ഒരു പ്രയോഗവും കേരളത്തിലുണ്ട്. അക്കാര്യത്തിൽ മൽസരിക്കുന്നവരാണ് പല കോൺഗ്രസ് നേതാക്കളും.
