Skip to main content

ആവർത്തന വിരസത വിളംബരം ചെയ്ത തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ്

ഏപ്രിൽ 24ന് കേരളത്തിലെ ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതുവരെ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിംഗ് പരിശോധിച്ചാൽ മനസ്സിലാകുന്നത്, പതിറ്റാണ്ടുകളായി തുടർന്നു പോന്ന രീതികളുടെ ആവർത്തനമാണ്. കേരള സമൂഹം മുൻഗണന നൽകേണ്ട ഒരു അജണ്ടയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് സഹായകമാകുന്ന റിപ്പോർട്ടിംഗ് നടത്തുന്നതിന് മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല.

            അതുപോലെതന്നെ ശാസ്ത്രീയ വീക്ഷണത്തോടുകൂടി വിവിധ മുന്നണികളും പാർട്ടികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തെ വിശകലനം ചെയ്യുന്നതിന്, അല്ലെങ്കിൽ ആ പ്രചാരണത്തിന്റെ സ്വഭാവം പ്രകടമാക്കുന്ന രീതിയിലുള്ള റിപ്പോർട്ടിംഗ് നടത്തുന്നതിലും കേരളത്തിലെ മാധ്യമങ്ങൾ പരാജയപ്പെട്ടു. 

          പുതിയ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നു, അവർ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെയും പ്രവർത്തനത്തെയും എങ്ങനെ വിലയിരുത്തുന്നു , അരുടെ ചിന്ത ഏത് ദിശയിലേക്കാണ് നീങ്ങുന്നു, അവരിലെ രാഷ്ട്രീയ അവബോധം എത്രമാത്രമുണ്ട്, അവരുടെ പ്രതീക്ഷകൾ ഇത്തരത്തിൽ  ആഴത്തിലുള്ള റിപ്പോർട്ട് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. എന്നാൽ ഇതിനെയൊക്കെ സ്പർശിക്കുന്ന വിധത്തിലുള്ള ഉപരിപ്ലവ റിപ്പോർട്ടിങ്ങുകളിലൂടെ മാധ്യമങ്ങൾ കടന്നു പോവുകയും ചെയ്തു. വിശേഷിച്ചും ചാനലുകൾ .ചാനലുകൾ പ്രാധാന്യം കൊടുത്തത് എങ്ങനെ ഒരു ആകർഷകപരിപാടി നിർമ്മിക്കാം എന്നുള്ളതിനായിരുന്നു. അതാകട്ടെ അവർ കൽപ്പിക്കുന്ന ചില പൈങ്കിളി സൂത്രപ്പണികളിലൂടെ .മിക്ക പരിപാടികളും അതുകൊണ്ടുതന്നെ അരോചകമായി . 

       ഓരോ തെരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയ പാർട്ടികളുടെ മികവ് പരിശോധിക്കപ്പെടുന്നത് പോലെ മാധ്യമങ്ങളുടെ ശേഷിയും ശക്തിയും സർഗാത്മകതയും പരീക്ഷിക്കപ്പെടുകയാണ് .ഇക്കുറി നാം കണ്ടത് വളരെ ദയനീയമായി പരാജയപ്പെടുന്ന മാധ്യമ പ്രവർത്തനത്തെ .